കൊറോണ നിരീക്ഷണ വിവരങ്ങള്‍ തത്സമയം: ‘ഹെല്‍ത്തി കോട്ടയം’ ആപ്ലിക്കേഷനുമായി കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി കോളേജ്

ജില്ലയില്‍ കൊറോണ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ആരൊക്കെ? അവര്‍ ഏത് മേഖലകളില്‍? ഏറ്റവുമൊടുവില്‍ നിരീക്ഷണത്തില്‍ പ്രവേശിപ്പിക്കപ്പെട്ടത് ആര്? ഓരോരുത്തരുടെയും ഇന്നത്തെ സ്ഥിതി എന്ത്? പഴുതുകളടച്ചുള്ള പ്രതിരോധം ഉറപ്പാക്കാന്‍ ജാഗ്രത പുലര്‍ത്തുന്ന കോട്ടയം ജില്ലാ ഭരണകൂടത്തിനും ആരോഗ്യ വകുപ്പിനും ഈ വിവരങ്ങളെല്ലാം കണ്ടെത്താന്‍ വേണ്ടത് ഏതാനും നിമിഷങ്ങള്‍ മാത്രം.

ഗ്രാമീണ മേഖലകളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ മുതല്‍ ജില്ലാ കളക്ടര്‍ വരെയുള്ളവരെ ബന്ധിപ്പിച്ചുകൊണ്ടുള്ള ഹെല്‍ത്തി കോട്ടയം മൊബൈല്‍ ആപ്ലിക്കേഷനാണ് മുന്‍കരുതലിന്‍റെ ഭാഗമായുള്ള നിരീക്ഷണ പ്രവര്‍ത്തനങ്ങളുടെ ഗതിവേഗം വര്‍ധിപ്പിക്കുന്നത്. ജില്ലാ ഭരണകൂടത്തിനുവേണ്ടി കാഞ്ഞിരപ്പള്ളി രൂപതയുടെ അമല്‍ ജ്യോതി എന്‍ജിനീയറിംഗ് കോളേജിലെ കമ്പ്യൂട്ടര്‍ എന്‍ജിനീയറിംഗ് വിഭാഗം മേധാവി പ്രൊഫ. മനോജ് ടി. ജോയിയുടെ നേതൃത്വത്തില്‍ ജിസ് ജോ മാത്യു, ജോയൽ ജോസഫ്, ജസ്റ്റിൻ മോൻസി, ജിതിൻ കെ ജോസ്, ഷാന ജെയിംസ്, ഷാൻ ഷാജി, ജോയൽ ജോൺ കണ്ടത്തിൽ എന്നീ അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്നാണ് ഈ ആപ്ലിക്കേഷന്‍ വികസിപ്പിച്ചെടുത്തത്. അസിസ്റ്റന്‍റ് കളക്ടര്‍ ശിഖ സുരേന്ദ്രന്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു.

വെബ്സൈറ്റിലും മൊബൈല്‍ ആപ്ലിക്കേഷനിലും ലഭ്യമായ ഹെല്‍ത്തി കോട്ടയം രോഗ പ്രതിരോധ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് മാത്രം ഉപയോഗിക്കാവുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഫീല്‍ഡ് തല ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സ്വന്തം ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് മൊബൈല്‍ ആപ്ലിക്കേഷനില്‍ ലോഗ് ഇന്‍ ചെയ്യാം.

ഇവര്‍ നല്‍കുന്ന വിവരങ്ങള്‍ അതത് മേഖലയിലെ സര്‍ക്കാര്‍ ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസര്‍ പരിശോധിച്ച് അംഗീകരിച്ചാലുടന്‍ ജില്ലാ കളക്ടര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ലഭ്യമാകും. ക്വാറന്‍റയിനില്‍ കഴിയുന്നവരുടെ പേര്, വിലാസം, പ്രായം, ഫോണ്‍ നമ്പര്‍, ക്വാറന്‍റയിന്‍ തുടങ്ങിയ ദിവസം, വിദേശത്തു പോയവരാണെങ്കില്‍ സന്ദര്‍ശിച്ച രാജ്യം, ഇന്നത്തെ സ്ഥിതി, സാമ്പിള്‍ ശേഖരണത്തിന്‍റെ വിവരങ്ങള്‍ തുടങ്ങിയ ഇതില്‍ ഉണ്ടാകും.

പുതിയതായി ക്വാറന്‍റയിനിലോ ആശുപത്രി നിരീക്ഷണത്തിലോ പ്രവേശിപ്പിക്കപ്പെടുന്നവരുടെയും സാമ്പിള്‍ ശേഖരിക്കുന്നവരുടെയുമൊക്കെ വിവരങ്ങള്‍ തത്സമയം കളക്ടറേറ്റിലും ജില്ലാ മെഡിക്കല്‍ ഓഫീസിലും ലഭ്യമാക്കാന്‍ ഈ സംവിധാനം സഹായകമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസും ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. വ്യാസ് സുകുമാരനും പറഞ്ഞു.

നിരീക്ഷണത്തില്‍ കഴിയുന്നയാളെ ആവശ്യമെങ്കില്‍ ആപ്ലിക്കേഷനില്‍നിന്നുതന്നെ നേരിട്ട് ഫോണില്‍ ബന്ധപ്പെടുകയും ചെയ്യാം. നിരീക്ഷണത്തില്‍ കഴിയുന്നവരുടെ മേഖലകള്‍ തിരിച്ചറിയുന്നതിനായി ജിയോ മാപ്പിംഗ് സംവിധാനവുമുണ്ട്.