മരിയൻ കഥകൾ 11

വി. അല്‍ബത്തോസ് ഒരു വൈദിക വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് അദ്ദേഹത്തിന് പരിശുദ്ധ കന്യകയോടു അതിയായ ഭക്തി ഉണ്ടായിരുന്നു. എന്നാല്‍ കുറെക്കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന് പഠനത്തില്‍ വലിയ ബുദ്ധിമുട്ടനുഭവപ്പെട്ടു. കൂടാതെ ഡൊമിനിക്കന്‍ സന്യാസ സഭാംഗമായ അദ്ദേഹം സന്യാസ ജീവിതം പരിത്യജിച്ചു പോകുവാന്‍ തീരുമാനിച്ചു. ഒരു ദിവസം പ. കന്യക അദ്ദേഹത്തിന് പ്രത്യക്ഷപ്പെട്ട് അദ്ദേഹത്തോട് ഇപ്രകാരം അരുളിച്ചെയ്തു. മകനേ, നീ ഈ സന്യാസത്തില്‍ നിലനില്‍ക്കുക. നിനക്ക് സന്യാസ ജീവിതം നയിക്കുന്നതിനുള്ള എല്ലാ അനുഗ്രഹങ്ങളും ഞാന്‍ എന്റെ ദിവ്യകുമാരനില്‍ നിന്നും പ്രാപിച്ചു നല്‍കുന്നതാണ്.

വി. അല്‍ബത്തോസ് തത്ഫലമായി സന്യാസ ജീവിതം തുടര്‍ന്നു നയിക്കുവാന്‍ തീരുമാനിച്ചു. അദ്ദേഹം പിന്നീട് വലിയ ഒരു മരിയ ഭക്തനായിത്തീര്‍ന്നു. പഠിക്കുവാന്‍ വളരെ വിഷമിച്ചിരുന്ന അദ്ദേഹം അഗാധ പണ്ഡിതനായി. ലോകം ദര്‍ശിച്ചിട്ടുള്ളതിലേക്ക് ഏറ്റം കഴിവു തികഞ്ഞ വി. തോമസ്‌ അക്വിനാസിന്റെ ഗുരുഭൂതനാകാനുള്ള ഭാഗധേയവും അദ്ദേഹത്തിന് സിദ്ധിച്ചു. മരിയശാസ്ത്രത്തിന്റെ മല്‍പാന്‍ എന്നാണ് വിശുദ്ധന്‍ അറിയപ്പെടുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.