ജപമാല രാജ്ഞി: സമാധാനത്തിന്റെ റാണി

ജോസ് ക്ലെമെന്റ്

”സാത്താനെതിരെയുള്ള ചമ്മട്ടിയടിയാണ് ജപമാല” – അഡ്രിയന്‍ ആറാമന്‍ പാപ്പ

ധ്യാനകേന്ദ്രങ്ങള്‍ വര്‍ധിക്കുന്നു. വചനശുശ്രൂഷകള്‍ പെരുകുന്നു. കൃപകള്‍ വര്‍ഷിച്ച് വചനത്തിന്റെ പെരുമഴയുമായി ഡിവൈന്‍ ചാനലുകള്‍ 24 മണിക്കൂറും സന്ദേശങ്ങളും സാക്ഷ്യങ്ങളും അത്ഭുത രോഗശാന്തിയുടെ നിറം മങ്ങാത്ത കാഴ്ചകളും പ്രക്ഷേപണം ചെയ്യുന്നു. ആയിരങ്ങള്‍ മാനസാന്തരത്തിന്റെ വഴിയിലെത്തുന്നു. വചനം മനഃപാഠം ഉരുവിടുന്നവരുടെ സംഖ്യ വര്‍ധിച്ചിരിക്കുന്നു. ഇതൊക്കെ ശുഭസൂചനകളാകുമ്പോഴും ഇവിടെ ബന്ധങ്ങള്‍ ആഴമില്ലാത്തതായി പരിണമിച്ചുകൊണ്ടിരിക്കുന്നു. ആത്മീയതയിലും ഇതനുഭവപ്പെടുന്നുണ്ട്. ബാഹ്യമായ പ്രകടനങ്ങള്‍ക്കപ്പുറത്ത് ആന്തരികമായ മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ടോയെന്നത് ചോദ്യശരമായി അവശേഷിക്കുന്നു. കുടുംബങ്ങളിലും സമൂഹത്തിലും രാജ്യത്തും സമാധാനത്തിന്റെ ശുഭ്രപതാക പാറിപ്പറക്കാതെയാകുന്നു. ഭീകരവാദവും തീവ്രവാദ വിധ്വംസക പ്രവര്‍ത്തനങ്ങളും വര്‍ധിക്കുന്നു. ഇവിടെയാണ് സമാധാന റാണിയായ ജപമാല രാജ്ഞിയുടെ ഒളിമങ്ങാത്ത മാതൃത്വം കുടചൂടുന്നത്.

നിരീശ്വരനായ ജീന്‍പോള്‍ സാര്‍ത്രേ ജപമാലരാജ്ഞിയെക്കുറിച്ച് പറഞ്ഞതിപ്രകാരമാണ്: ”മറിയത്തിന്റെ ചിത്രത്തില്‍ ഞാന്‍ കാണാന്‍ ആഗ്രഹിക്കുന്നത് ഒരേയൊരു മനുഷ്യസ്ത്രീയുടെ മുഖത്ത് ഒരിക്കല്‍ മാത്രം പ്രത്യക്ഷപ്പെട്ട വിസ്മയനീയമായ വശ്യതയാണ്. കാരണം, യേശു തന്റെ മകനാണ്. തന്റെ മാംസത്തിന്റെ മാംസം, രക്തത്തിന്റെ രക്തം, ഉദരത്തിന്റെ ഫലം. അവിടുന്ന് ദൈവമാണെന്ന കാര്യം അങ്ങനെയിരിക്കുമ്പോള്‍ അവള്‍ മറന്നുപോകുന്നു. അവള്‍ അവനെ കോരിയെടുത്ത് മാറോടണച്ച് മോനോട് മന്ത്രിക്കുന്നു: ‘എന്റെ മോനേ.’ ചിലപ്പോള്‍ പെട്ടെന്ന് അനുസ്മരിക്കുന്നു, ‘ഇത് ദൈവമാണ്’. അവളുടെ സങ്കല്പങ്ങള്‍ക്കും അതീതമാണവിടുന്ന്. അതേ സമയം തന്റെ അരുമ മകനാണവന്‍. ദൈവത്തെ വേറൊരു സ്ത്രീക്കും ഇതുപോലെ ലഭിച്ചിട്ടില്ല. ദൈവത്തെ കൈകളിലെടുത്ത് ഉമ്മവയ്ക്കാന്‍ ഭാഗ്യം ലഭിച്ചവള്‍.” ഒരു നിരീശ്വരചിന്തകന് പരിശുദ്ധ മറിയത്തിന്റെ ചിത്രത്തില്‍ കാണാന്‍ കഴിഞ്ഞ രൂപഭാവങ്ങളാണിത്. നിരീശ്വര ചിന്തകന് ഇങ്ങനെ ചിന്തിക്കാന്‍, സങ്കല്പിക്കാന്‍ കഴിഞ്ഞെങ്കില്‍ ഈശ്വരവിശ്വാസികളായ, ജപമാല ഭക്തരായവര്‍ ഈ അമ്മയില്‍ കാണേണ്ട രൂപം എത്രയോ ഔന്നത്യമേറിയതായിരിക്കണം.

സകലതലമുറകളും മറിയത്തെ ഭാഗ്യവതിയെന്നു വിളിക്കുമെന്ന പ്രവചനം അക്ഷരാര്‍ത്ഥത്തില്‍ ഇന്നും തുടരുകയാണ്. മറിയം ഭാഗ്യവതിയായത് ജന്മപാപരഹിതയായി ജനിച്ച് ജീവിച്ചതുകൊണ്ടല്ല. ദൈവത്തിന്റെ അമ്മയാകാന്‍ സാധിച്ചതുകൊണ്ടാണ്. മറിയത്തിന്റെ മാതൃത്വം ഒരു വെല്ലുവിളിയായിരുന്നു. സ്‌നേഹിച്ചു മരിക്കാനായി വിളിക്കപ്പെട്ടതായിരുന്നു മറിയത്തിന്റെ മാതൃത്വം. ഈ മാതൃത്വമാണ് തന്റെ സ്‌നേഹത്തിലൂടെ മക്കളെ അടുപ്പിച്ച് രക്ഷയിലേക്ക് നയിക്കുന്നത്. രക്ഷയ്ക്കുള്ള അടയാളവും ആയുധവും ആഭരണവുമാണ് അമ്മ നല്‍കിയ ജപമാല. ഈ ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുന്ന ഒരുവനെപ്പോലും അമ്മ കൈവെടിയുന്നില്ല. കലഹങ്ങള്‍ക്കും അസമാധാനങ്ങള്‍ക്കും മേലെ സമാധാനത്തിന്റെ റാണിയായി ഈ സ്വര്‍ഗീയ അമ്മ എന്നും എക്കാലത്തും പരിലസിക്കുന്നു. അതുകൊണ്ടാണ് രക്ഷയുടെ മൂന്നാം സഹസ്രാബ്ദത്തിലും അമ്മയുടെ പ്രത്യക്ഷ ദര്‍ശനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നത്.

യുദ്ധത്തിന്റെ കെടുതികളിലമര്‍ന്ന ലോകത്തെ അതില്‍ നിന്ന് മോചിപ്പിച്ച് സമാധാനത്തിന്റെ വെള്ളി വെളിച്ചം വിതറാന്‍ സമാധാന റാണിയായ മറിയത്തിന്റെ മാധ്യസ്ഥ്യം തേടിക്കൊണ്ട് 1954-ല്‍ പന്ത്രണ്ടാം പീയൂസ് പാപ്പാ ആദ്യ മരിയന്‍ വല്‍സരം പ്രഖ്യാപിച്ചു. വീണ്ടും 1987-ല്‍ ലോകസമാധാനത്തിനായി വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പായും മരിയന്‍ വല്‍സരം പ്രഖ്യാപിച്ചു. രണ്ടാം മരിയന്‍ വല്‍സരത്തിന്റെ ആരംഭം കുറിച്ചുകൊണ്ട് ഈ വിശുദ്ധ പാപ്പാ ‘രക്ഷകന്റെ മാതാവ്’ എന്ന പേരില്‍ ഒരു ചാക്രിക ലേഖനവും പുറപ്പെടുവിക്കുകയുണ്ടായി. അതില്‍ രക്ഷാകര ചരിത്രത്തില്‍ മറിയത്തിന്റെ സ്ഥാനമെന്തെന്ന് വളരെ വ്യക്തമായി പ്രതിപാദിച്ചിരിക്കുന്നു. മറിയത്തിന്റെ മാതൃത്വത്തെക്കുറിച്ചുള്ള സുന്ദരമായ ഒരു കാവ്യമാണ് ‘രക്ഷകന്റെ മാതാവ്.’

മറിയത്തിന്റെ മാതൃത്വം വിളിച്ചോതുന്ന മറ്റൊരു യാഥാര്‍ത്ഥ്യം മാതാപിതാക്കളുടെ പ്രത്യേകിച്ച് അമ്മമാരുടെ മാതൃകാ ജീവിതത്തിന്റെ മാസ്മര ശക്തിയാണ്. ലോകത്തെ മാറ്റിമറിച്ചിട്ടുള്ള മഹാന്മാരെ സൃഷ്ടിച്ചിട്ടുള്ളത് ധീരരായ അമ്മമാരാണ്. ഭാവിതലമുറയുടെ കടിഞ്ഞാണ്‍ അമ്മമാരുടെ കൈകളിലാണ്. മഹാനായ ചെസ്റ്റര്‍ട്ടന്‍ പറഞ്ഞു: ”എനിക്കുള്ളതും ഉണ്ടാകാനിരിക്കുന്നതുമായ എല്ലാറ്റിനും ഞാനെന്റെ മാലാഖയായ അമ്മയോട് കടപ്പെട്ടിരിക്കുന്നു.” ആംഗലേയ സാഹിത്യകാരനായ തോമസ് കാര്‍ലൈന്‍ പറഞ്ഞു: ”ലോകത്തിലുള്ള എല്ലാ സ്ത്രീകളില്‍ നിന്നും ഒരാളെ തിരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ ഞാനെന്റെ അമ്മയെ തന്നെ തിരഞ്ഞെടുക്കും.” ഇന്ന് നാം ആദരവോടെ വണങ്ങുന്ന നമ്മുടെ സ്വര്‍ഗ്ഗീയ മധ്യസ്ഥരായ വിശുദ്ധ കൊച്ചുത്രേസ്യയും, മരിയാ ഗൊരേറ്റിയും, ഡോണ്‍ ബോസ്‌കോയും, അഗസ്റ്റിനുമൊക്കെ അമ്മമാരുടെ കൈകളില്‍ പിടിച്ചുകൊണ്ടാണ് വിശുദ്ധിയുടെ പടവുകള്‍ ചവുട്ടിക്കയറിയത്.

ദൈവപുത്രന് ഭൂമിയിലേക്കിറങ്ങി വരാന്‍ ദൈവം തീര്‍ത്ത കോവണിയാണ് മറിയം. പക്ഷേ മറിയത്തെ വെറുമൊരു മാധ്യമമാക്കാന്‍ ദൈവം ആഗ്രഹിച്ചില്ല. ഒരു സ്ത്രീ, ഒരു ഭാര്യ, ഒരു കുടുംബിനി, ഒരമ്മ എന്നീ നിലകളില്‍ നന്മകള്‍ കൊണ്ടവളെ നിറച്ചു. മറിയം കുടുംബത്തിന്റെ കിരീടമാണ്, സൗന്ദര്യമാണ്. കുടുംബത്തിന്റെ അനുഗ്രഹമാണ്. ഒരു സ്ത്രീയ്‌ക്കെടുത്തണിയാന്‍ അനര്‍ഘങ്ങളായ സ്വര്‍ഗീയ മുത്തുകള്‍കൊണ്ട് കോര്‍ത്തുണ്ടാക്കിയ സുന്ദരമായ ഒരു ഹാരമാണ്; ജപമാലയാണ് മറിയം. ഓരോ ജപമാലയിലും കാണാന്‍ കഴിയുന്നത് മറിയത്തിന്റെ രൂപവും ഭാവവുമാണ്. സമാധാനത്തിന്റെ ഈ റാണി പാഷണ്ഡതകള്‍ക്കും പ്രകൃതിദുരന്തങ്ങള്‍ക്കും മാനുഷിക തിന്മകള്‍ക്കുമെതിരെ സമാധാനത്തിന്റെ ഇളംതെന്നലും സംരക്ഷകയും ശാന്തിദൂതയുമായിത്തീരുന്നു. ആവര്‍ത്തിച്ചാവര്‍ത്തിച്ച് ജപിച്ചുകൊണ്ടിരിക്കുന്ന ‘നന്മനിറഞ്ഞ മറിയമായ ഈ അമ്മ’ തന്നെ വിളിച്ചപേക്ഷിക്കുന്ന ഒരുവനിലും നന്മ വര്‍ഷിക്കാതിരിക്കില്ല. ഇരുളടഞ്ഞ വഴികള്‍ക്കു മീതെ വെളിച്ചം വിതറുന്ന ലൈറ്റ് ഹൗസാണ് പരിശുദ്ധ മറിയം.

ജോസ് ക്ലെമെന്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.