എലിസബത്തിന്റെയും മറിയത്തിന്റെയും കണ്ടുമുട്ടല്‍

എലിസബത്തിന് ‘സ്തുതിയു’ടെ കവിതാവിഷ്ക്കാരമായിരുന്നുവെങ്കില്‍ മറിയത്തിനത് സ്തോത്രത്തി’ന്റെ സംഗീതമായി ഒഴുകി. ദൈവാനുഭവങ്ങള്‍ സ്തുതിയായും സ്തോത്രമായും ഒഴുകാന്‍ ‘കൂടിവരവ്’ ഒരു നിമിത്തവുമായി.

മറിയത്തിന്റെ എലിസബത്തുമായുള്ള സന്ദര്‍ശനം അഥവാ ‘കൂടിവരവാണ്’ ഇന്നത്തെ ചിന്ത. വൈകാരിക ബന്ധവും തുടര്‍ന്നുള്ള സന്ദര്‍ശനവും ആത്മീയസംഗീതത്തിന്റെ ശക്തമായ നീരൊഴുക്ക് സൃഷ്ടിച്ചു. ഇത് രക്ഷയുടെ വാതിലിലൂടെ ഒഴുകിയ ആത്മീയനിര്‍വൃതിയുടെ തെളിനീരാണ്.

നമ്മുടെ വ്യക്തിജീവിതത്തിലും ഇതുപോലെ ഒരുപാട് വൈകാരിക ബന്ധങ്ങളുണ്ടാകാം, സന്ദര്‍ശനങ്ങളുണ്ടാകാം, കൂടിവരവുകളാകാം…. എല്ലാം സൃഷ്ടിക്കേണ്ടത് ഇതുപോലെ ആത്മീയതയുടെ കൊച്ചരുവികളാണ്. നമ്മുടെ എല്ലാ സന്ദര്‍ശനങ്ങളുടേയും ഫലം ആത്മീയസന്തോഷത്തിന്റെ, കൃതജ്ഞതയുടെ സംഗീതമായി മാറണം.

ഒരുപാടു കാലങ്ങള്‍ക്കുശേഷം പല കരകള്‍താണ്ടി എത്തിയതാണ് മറിയം. കണ്ടമാത്രയില്‍ വെച്ചുണ്ടാക്കി കൊടുക്കുന്നതിലുപരിയായി തിരിച്ചറിഞ്ഞ ദൈവസാന്നിദ്ധ്യത്തെ ബോധ്യപ്പെട്ട് പ്രകീര്‍ത്തിക്കുകയാണ് എലിസബത്ത്. നമ്മുടെ പല കൂടിവരവുകളുടേയം അപചയത്തിന് കാരണം ഭക്ഷണപാനീയത്തിന് നാം കൊടുക്കുന്ന അമിതപ്രാധാന്യമാണ്. എലിസബത്തിന്റെയും മറിയത്തിന്റെയും കണ്ടുമുട്ടല്‍ ദൈവാനുഭവം പങ്കുവയ്ക്കുന്നതിന്റെ ആഘോഷമായിരുന്നെങ്കില്‍… ആത്മീയതയെ ഉദ്ദീപിപ്പിക്കുന്ന നിമിഷങ്ങളായിരുന്നെങ്കില്‍, ഇന്നത് ഭൗതിക താല്‍പര്യങ്ങളെ ഉദ്ദീപിപ്പിക്കുന്നവയുടെ പങ്കുവയ്ക്കലിന്റേയും പങ്കുപറ്റലിന്റേയുമൊക്കെ ആഘോഷങ്ങളായി മാറുന്നു.

ഇത് കാലക്രമത്തില്‍ കുടുംബബന്ധങ്ങളില്‍ സൃഷ്ടിക്കുന്ന സങ്കീര്‍ണ്ണതകള്‍ക്കും ശിഥിലീകരണത്തിനും കാരണമാകുന്നുവെന്നും നാം അറിയുന്നേയില്ല. എന്തിനേറെ ഞായറാഴ്ചകളിലെ തിരുബലിക്കുള്ള കൂടിവരവുകളില്‍ പോലും ആത്മീയതയുടെ നീരൊഴുക്കുണ്ടാകാറില്ല. കൃതജ്ഞതയില്ല. സ്തുതിയും സ്തോത്രവും ട്യൂണില്‍ മാത്രം…. വീണ്ടും…. വന്നതുപോലെ പുറത്തേക്ക്…. പലപ്പോഴും നിരാശയോടെ….
ഒന്നും കിട്ടിയിട്ടുമില്ല, ഒന്നും കൊടുക്കാനുമില്ല. പലരോടും “കൊടുക്കാതെ വാങ്ങണം” എന്ന മനോഭാവത്തോടെ. മറിയം – എലിസബത്ത് കൂടിവരവില്‍ നാം കണ്ടെത്തിയ ആത്മീയഅന്തരീക്ഷം ഇന്ന് നമ്മുടെ പല ക്രിസ്തീയ കൂടിവരവുകളിലും അന്യമായി.

എനിക്ക് നഷ്ടപ്പെടുമോ എന്നുള്ളതാണ് നമ്മെ എന്നും ആകുലചിത്തനാക്കുന്നത്. ആകാശത്തിലെ പറവകള്‍, വിതയ്ക്കുന്നില്ല, കൊയ്യുന്നുമില്ല, കളപ്പുരകളില്‍ ഒന്നും ശേഖരിക്കുന്നുമില്ല. പക്ഷെ അവയെന്നും ആനന്ദഗീതം പാടുന്നു. പക്ഷേ ഞാന്‍ എന്നും അസ്വസ്ഥനാണ്.

ഇതിന് പ്രതിവിധി ക്രിസ്തു മാത്രം. “ഒന്നുമല്ലാതിരുന്ന എന്നെ എന്തോ ആക്കിയതും ക്രിസ്തു, ഒന്നുമില്ലാതിരുന്ന എനിക്ക് എല്ലാം നല്‍കിയതും ക്രിസ്തു.” ഈ ബോധ്യം എന്റെ അന്തരാത്മാവില്‍ ഒരു കവിതയായി മാറണം. അവിടെ ക്രിസ്തു എനിക്കായി രക്ഷയുടെ നീര്‍ച്ചാല്‍ ഒഴുക്കും.

നമ്മുടെ വൈകാരിക ബന്ധങ്ങളും സന്ദര്‍ശനങ്ങളും കൂടിവരവുകളുമൊക്കെ മറിയവും എലിസബത്തും അനുഭവിച്ച രക്ഷ എന്ന പുണ്യനദിയിലേക്കുള്ള ചാലക അരുവികളായി മാറട്ടെ. ഇവിടെ നമുക്ക് ക്രിസ്തുവില്‍ പങ്കുവയ്ക്കാം. പങ്കുപറ്റാം. മറിയത്തെ പോലെ നമുക്കും പാടാം… “ഞാനൊന്നുമല്ല…. ഞാനെല്ലാമാണ്… എനിക്കൊന്നുമില്ല… എനിക്ക് എല്ലാമുണ്ട്….”

ഫാ. സാമുവേല്‍ പുതുപ്പാടി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.