അനുഗ്രഹീതയായ പരിശുദ്ധ അമ്മ

പരിശുദ്ധ ദൈവമാതാവിന്റെ സ്വര്‍ഗ്ഗാരോപണത്തെക്കുറിച്ചുള്ള ഗ്രീക്ക് ഭാഷ്യം വിശുദ്ധ യോഹന്നാന്റെ പേരിലാണ് അറിയപ്പെടുന്നത്. പരിശുദ്ധ അമ്മ എപ്പോള്‍ എവിടെവച്ച് സ്വര്‍ഗ്ഗാരോപിതയായി എന്ന് ആ പാരമ്പര്യം സ്പഷ്ടമായി പറയുന്നുണ്ട്. പരിശുദ്ധ അമ്മയുടെ സ്വര്‍ഗ്ഗാരോപണത്തിന് ശ്ലീഹന്മാരെല്ലാവരും സാക്ഷികളായിരുന്നു. അവരെ എല്ലാവരേയും അനുഗ്രഹിച്ചതിനുശേഷം അവര്‍ സ്വര്‍ഗ്ഗാരോപിതയാവുകയാണ്. അപ്പോള്‍ സ്വര്‍ഗ്ഗത്തില്‍നിന്ന് ഇങ്ങനെയൊരു സ്വരം ഉണ്ടായി എന്ന്, ആ പാരമ്പര്യം സാക്ഷ്യപ്പെടുത്തുന്നു. “നീ സ്ത്രീകളില്‍ അനുഗ്രഹീതയാകുന്നു” എന്ന്. ഈ ആശംസാവാക്യം തന്നെയാണ് എലിസബത്ത് മറിയത്തെ കണ്ടപ്പോള്‍ പറഞ്ഞതും, “നീ സ്ത്രീകളില്‍ അനുഗ്രഹീതയാണ്”(ലൂക്ക 1: 42). അപ്പോള്‍, ജീവിച്ചിരുന്നപ്പോഴും സ്വര്‍ഗ്ഗാരോപണം ചെയ്തതിനു ശേഷവും പരിശുദ്ധ അമ്മ മറ്റുള്ളവരാല്‍ വിശേഷിപ്പിക്കപ്പെടുന്നത് ‘അനുഗ്രഹീത’ എന്ന പേരിലാണ്.

തീര്‍ച്ചയായും അമ്മ അനുഗ്രഹീതയായിരുന്നു. ദൈവപുത്രന് ഭൂമിയില്‍ വന്നു പിറക്കാനുള്ള വേദിയായി തിരഞ്ഞെടുക്കപ്പെട്ടവരില്‍ അവള്‍ അനുഗ്രഹീതയാണ്. ദൈവപുത്രന്റെ അമ്മ ആയതിനാല്‍ അവള്‍ അനുഗ്രഹീതയാണ്. കാനായിലെ കല്യാണഭവനത്തില്‍ അവള്‍ അനുഗ്രഹമായി മാറുകയാണ്. മാനവകുലത്തിനുവേണ്ടിയുള്ള സ്വപുത്രന്റെ ജീവിതയാഗത്തിന് സാക്ഷിയാകാന്‍ ഭാഗ്യം ലഭിച്ചതുകൊണ്ട് അവള്‍ അനുഗ്രഹീതയാണ്. നിന്നെ വഹിച്ച ഉദരവും പാലൂട്ടിയ പയോധരങ്ങളും ഭാഗ്യമുള്ളവ എന്നു ജനം പറഞ്ഞപ്പോള്‍ അവളുടെ അനുഗ്രഹീത എന്ന പദവി ഒന്നുകൂടി പ്രബലമായി. സ്വന്തം മകന്‍ സ്വര്‍ഗ്ഗാരോഹണം ചെയ്ത വാര്‍ത്തയറിഞ്ഞ ഒരമ്മ എന്ന നിലയില്‍ അവള്‍ അനുഗ്രഹീതയാണ്.

പരിശുദ്ധ അമ്മയുടെ ജീവിതം ധ്യാനവിഷയമാക്കുമ്പോള്‍, അനുഗ്രഹീതമായൊരു ജന്മമായിരുന്നു അമ്മയുടേത് എന്നു കണ്ടെത്താനാകും. “നീ സ്ത്രീകളില്‍ അനുഗ്രഹീത’ എന്ന വിശേഷണം അമ്മയ്ക്ക് തികച്ചും അനുയോജ്യം. ഈ അനുഗ്രഹീത എന്ന പദവിയിലെത്തിച്ചേരാന്‍ അമ്മ കടന്നുപോയ കനല്‍വഴികളെക്കുറിച്ചും ധ്യാനിക്കുക ഉചിതമാണ്. ‘ദിവ്യഗര്‍ഭം’ വഹിക്കേണ്ടിവന്ന ഒരു യഹൂദ കന്യകയുടെ സങ്കടം, ഉണ്ണിക്ക് പിറക്കാന്‍ ഒരു നല്ല സ്ഥലം കണ്ടെത്താന്‍ കഴിയാത്ത അമ്മയുടെ വേവലാതി, മകനെ കൊല്ലുമോ എന്നു പേടിച്ച് പലായനം ചെയ്യുന്ന അവളുടെ അവസ്ഥ, പ്രായപൂര്‍ത്തിയാകുമ്പോള്‍ തന്നെവിട്ട് ജനമദ്ധ്യത്തിലേക്ക് മകന്‍ നടന്നു നീങ്ങുന്നതു കാണുന്ന അമ്മയുടെ വ്യസനം, ആള്‍ക്കാര്‍ മകനെ കുറ്റം പറയുന്നതും എതിര്‍ക്കുന്നതും കാണേണ്ടിവരുന്ന അമ്മയുടെ മന:പ്രയാസം, ഒടുവില്‍ സ്വന്തം കണ്‍മുമ്പില്‍വച്ച് മകനെ കൊല്ലുന്നതു കാണുമ്പോള്‍ ഹൃദയം പിളര്‍ന്ന വേദനയുമായി നിശ്ചലമായി നില്‍ക്കുന്ന അമ്മ – ഇതുപോലെ, ജീവിതം മുഴുവന്‍ കഷ്ടപ്പാടുകളുടെ വഴികളിലൂടെ നടന്നു നീങ്ങിയാണ് അമ്മ അനുഗ്രഹീതയായത്.

അനുഗ്രഹീതമാവാന്‍ അഗ്നിപരീക്ഷണങ്ങളിലൂടെ കടന്നുപോവേണ്ടതാണ്. അഗ്നിശുദ്ധിചെയ്താലേ അനുഗ്രഹീതമാവൂ. കണ്ണീരിന്റെയും കഥനത്തിന്റെയും കഷ്ടപ്പാടിന്റെയും കാര്‍മേഘാവൃതമായ ആകാശത്തിന്റെ കീഴിലൂടെ നടന്നാലേ അനുഗ്രഹീത എന്ന പദവിയില്‍ എത്താന്‍ പറ്റുകയുള്ളൂ.

നമ്മളും അനുഗ്രഹീതരാണ്. ഒരു തരത്തില്‍ പറഞ്ഞാല്‍ അനുഗ്രഹം അവകാശമായി ലഭിച്ചവരാണ് നമ്മള്‍. പക്ഷേ നമുക്കു ലഭിച്ചിരിക്കുന്ന അനുഗ്രഹീതര്‍ എന്ന പദവി നിലനിര്‍ത്തണമെങ്കില്‍ മുള്ളുകള്‍ നിറഞ്ഞ വഴിയിലൂടെ നമ്മള്‍ യാത്ര ചെയ്യണം. കഷ്ടപ്പാടുകള്‍ വരുമ്പോള്‍ പതറരുത്, പിന്തിരിഞ്ഞു പോവരുത്, പിന്മാറരുത്. ഒത്തിരി പ്രശ്നങ്ങളും പ്രതിസന്ധികളും നമുക്കുണ്ടാവും. പക്ഷേ ഒന്നിന്റെ മുമ്പിലും പരാജയപ്പെടരുത്.

പരിശുദ്ധ അമ്മയെ എലിസബത്ത് ‘അനുഗ്രഹീത’ എന്ന് അതിസംബോധന ചെയ്തിട്ട്, വീണ്ടും അവള്‍ അനുഗ്രഹീത എന്നു കേള്‍ക്കുന്നത് സ്വര്‍ഗ്ഗാരോപണ സമയത്താണ്. അതുവരെയുള്ള കാലഘട്ടം അവള്‍ക്ക് കഷ്ടപ്പാടുകളുടേതായിരുന്നു. അമ്മ അതിനെ അതിജീവിച്ചു. പ്രതിസന്ധികളെ തരണം ചെയ്തതുകൊണ്ട് വീണ്ടും അനുഗ്രഹീത എന്ന പേര് അവള്‍ക്ക് കേള്‍ക്കാനിടയായി.

നമ്മളും അനുഗ്രഹീതരാവുന്നതും അതില്‍ നിലനില്‍ക്കുന്നതും ഇതുപോലെ പ്രതിസന്ധികളെയും പ്രശ്നങ്ങളെയും അതിജീവിച്ചാണ്. ജി. എസ്. കല്‍ജോ തന്റെ ഒരു കഥാപാത്രത്തെക്കൊണ്ട് ഇങ്ങനെ പറയിപ്പിക്കുന്നുണ്ട്. “നിന്നെ എപ്പോഴും അനുഗ്രഹീത (Blessed) എന്നു വിളിക്കാനാണ് എനിക്ക് ഇഷ്ടം. പക്ഷേ പ്രതിസന്ധികളില്‍ പതറുന്ന നിന്നെ എങ്ങനെ ഞാന്‍ അങ്ങനെ വിളിക്കും. അതിനാല്‍ ഇനിമേല്‍ പ്രതിസന്ധികളോടുള്ള നിന്റെ പ്രതികരണം അനുസരിച്ചേ ഞാന്‍ നിന്നെ അഭിസംബോധന ചെയ്യൂ.”

പ്രിയപ്പെട്ടവരേ, അമ്മയേപ്പോലെ നാമും അനുഗ്രഹീതരാണ്. അതില്‍ നമുക്ക് നിലനില്‍ക്കാം.

ജി. കടൂപ്പാറയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.