പ്ലാസ്റ്റിക്കില്‍ നിന്നും പാവങ്ങള്‍ക്കായി അവശ്യവസ്തുക്കള്‍ നിര്‍മ്മിക്കുന്ന മുത്തശ്ശി

    വാര്‍ദ്ധക്യമായാല്‍ പിന്നെ വിശ്രമത്തിന്റെ കാലമാണ് എന്ന് വിശ്വസിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. മക്കളും പേരക്കുട്ടികളും ഒക്കെയായി ജീവിതം അതിന്റെ ഉള്ളറകളില്‍ ആസ്വദിക്കുന്നവരെ അതിശയിപ്പിച്ചു കൊണ്ട് തന്റെ വാര്‍ധക്യം അത് പാവങ്ങള്‍ക്കായി മാറ്റി വെച്ച ഒരു മുത്തശിയുണ്ട്. മുസൂരി. വാര്‍ദ്ധക്യം വീട്ടില്‍ കഴിഞ്ഞു കൂടാനല്ല എന്ന് ഉറച്ചു വിശ്വസിച്ചു കൊണ്ട് തനിക്കു ചെയ്യാന്‍ കഴിയുന്ന ചെറിയ കാര്യങ്ങളിലൂടെ ഒരു സമൂഹത്തിനു താങ്ങാവുകയാണ് ഇവര്‍.

    തന്റെ കയ്യില്‍ കിട്ടുന്ന വസ്തുക്കളെ അത് എത്ര മോശമായാലും അതിനെ കാഴ്ച്ചക്കാരന് ഇഷ്ടമാകുന്ന തരത്തില്‍ രൂപപ്പെടുത്തുവാന്‍ കഴിവുള്ള വ്യക്തിയാണ്, മോസൂരി. വാര്‍ധക്യത്തിന്റെ സമയങ്ങള്‍ വെറുതെ ഇരുന്നു മുഷിയണ്ടല്ലോ എന്തെങ്കിലും ചെയ്യാം എന്നാലോചിച്ച് ഇരിക്കുമ്പോഴാണ് തെരുവുകളിലും മറ്റും കിടന്നു ഉറങ്ങുന്നവരിലേയ്ക്ക് മുത്തശിയുടെ കണ്ണുകള്‍ പതിയുന്നത്. അവര്‍ക്കായി എന്ത് ചെയ്യും എന്ന ആലോചനയും തന്റെ സ്വതസിദ്ധമായ കഴിവുകളും ഒന്ന് ചേര്‍ന്നപ്പോള്‍ അത് അനേകര്‍ക്ക് തുണയായി മാറുകയായിരുന്നു.

    അവര്‍ക്കായി തന്റെ മുന്നില്‍ എത്തുന്ന പ്ലാസ്റ്റിക്കില്‍ നിന്നും മുത്തശി അവശ്യവസ്തുക്കള്‍ ഉണ്ടാക്കി തുടങ്ങി. മോസൂരി മുത്തശിയോടൊപ്പം സുമനസുകളായ കുറച്ച് ആള്‍ക്കാരും ഒത്തുചേര്‍ന്നു. ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് സാധനങ്ങള്‍ ഉപയോഗിച്ച് പ്ലാസ്റ്റിക് ബാഗുകള്‍ ഉണ്ടാക്കുവാന്‍ അവര്‍ പഠിച്ചു. അത് മനോഹരമായ രീതിയില്‍ ഉണ്ടാക്കി ആവശ്യക്കാര്‍ക്കായി വിതരണം ചെയ്തു. അങ്ങനെ പോകുന്നതിനിടയിലാണ് കൊടും ശൈത്യവും മറ്റും തെരുവുകളില്‍ കഴിയുന്നവരെ എത്രത്തോളം ബാധിക്കുന്നുണ്ടെന്ന് അവര്‍ തിരിച്ചറിയുന്നത്.

    വീടില്ല, കയറിക്കടക്കാന്‍ ഒരു സ്ഥലമില്ല. ഈ അവസ്ഥയില്‍ അവര്‍ക്കായി കട്ടിയുള്ള പുതപ്പുകളും മറ്റും നിര്‍മ്മിച്ചാലോ എന്ന് മുത്തശി കൂടെയുള്ളവരോട് ചോദിച്ചു. അവര്‍ക്ക് പൂര്‍ണ്ണ സമ്മതം. അങ്ങനെ ഉപേക്ഷിക്കപ്പെടുന്നതും ഉപയോഗിക്കാന്‍ കഴിയുന്നതുമായ സാധനങ്ങളില്‍ നിന്ന് തലയിണകളും പുതപ്പുകളും നിര്‍മ്മിച്ചു തുടങ്ങി. ഇന്ന് കെന്‍സാസ് നഗരത്തില്‍ ആയിരത്തോളം ആളുകള്‍ക്ക് പുതപ്പുകളും മറ്റും നല്‍കുവാന്‍ മുത്തശിയുടെ നേതൃത്വത്തില്‍ അവര്‍ക്ക് കഴിയുന്നു.

    പ്രായമായില്ലേ ഇനി ഒന്ന് വിശ്രമിച്ചു കൂടെ എന്ന് മുത്തശിയുടെ പക്കല്‍ പലരും ചോദിക്കും. അപ്പോഴൊക്കെ ഒരു ചെറു ചിരി സമ്മാനിച്ചു അവര്‍ പറയും ‘ദൈവം അല്‍പം സമയമേ തന്നിട്ടുള്ളു, വിശ്രമിക്കാന്‍ സമയമില്ല, ചെയ്തു തീര്‍ക്കാന്‍ ഒരുപാട് കാര്യങ്ങള്‍ ഉണ്ടെന്ന്.’ മോസൂരി മുത്തശി തന്റെ വാര്‍ധക്യത്തിലും ആക്ടീവാണ്. പ്രായത്തിന് ഒരാളുടെ ശരീരത്തില്‍ ചുളിവുകള്‍ വീഴ്ത്താന്‍ കഴിയും. എന്നാല്‍ മനസിനോ ആത്മവിശ്വാസത്തിനോ ഒരിക്കലും ചുളിവു വീഴ്ത്താന്‍ കഴിയില്ല എന്ന് ഓര്‍മ്മപ്പെടുത്തികൊണ്ട് മൊസൂരി മുത്തശി തന്റെ യാത്രയും ദൗത്യവും തുടരുകയാണ്.

    വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.