ദൈവത്തിന്റെ സ്വന്തം ഡോക്ടര്‍

ഗൈഡോ ഷെയ്‌ഫർ. മാതാപിതാക്കളുടെ പൊന്നോമനപുത്രൻ. സ്വത്തും സുഖങ്ങളും അവർ തന്റെ മകനായി ഒരുക്കി വെച്ചിരുന്നു. എന്നാൽ ലോകത്തിന്റെ വഴികളല്ല ദൈവത്തിന്റെ വഴികളാണ് തനിക്കുമുന്നിൽ തുറന്നു കിടക്കുന്നത് എന്ന് മനസിലാക്കിയ അവൻ ഒരു വൈദികനാകുവാൻ ആഗ്രഹിച്ചു. ആ ദൗത്യത്തിനിടയിൽ ഈ ലോകത്തിലെ കടമ തീർത്ത്  ദൈവത്തിന്റെ സന്നിധിയിലേക്ക് യാത്രയായി. ഒരു ഡോക്ടറില്‍ നിന്നു വൈദികനിലേക്കുള്ള യാത്രയ്ക്കിടയിൽ അദ്ദേഹം ചെയ്ത നന്മകളെ അംഗീകരിച്ചു സഭ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു.

വളരെ ചെറുപ്പത്തിൽ മുതലേ ഗൈഡോ ഷെയ്‌ഫർ മാതാവിന്റെ ഭക്തനായിരുന്നു. ഈ ലോകത്തിന്റേതായ പ്രതിസന്ധികളിൽ പരിശുദ്ധ കന്യാമറിയം തനിക്കു അഭയമായി നിൽക്കും എന്ന ഉറപ്പിൽ നിന്ന് കൊണ്ടാണ് അവൻ തനിക്കു പഠിക്കുന്നതിനു ക്രൈസ്തവ സഭയുടെ പേരിലുള്ള വിദ്യാലയം തിരഞ്ഞെടുത്തത്. പഠനശേഷം പിതാവിന്റെ പാത പിന്തുടർന്ന് വൈദ്യപഠനത്തിനായി ചേർന്നു. പഠനം പൂർത്തിയാക്കി മടങ്ങിയെത്തിയ മകന് മാതാപിതാക്കൾ സ്വന്തമായി ഒരു ക്ലിനിക് ഇട്ടു കൊടുക്കാൻ തീരുമാനിച്ചു. ഈ കാര്യം അവർ ഗൈഡോയുടെ അടുത്ത് പറഞ്ഞെങ്കിലും അവൻ ഒഴിഞ്ഞു മാറുകയായിരുന്നു. അവന്റെ ചിന്ത മുഴുവൻ ആരോരുമില്ലാത്ത പാവങ്ങളിലായിരുന്നു.

ഒളിമ്പിക്സിനും ലോക യുവജനോത്സവത്തിനും വേദിയായ ബ്രസീലിലെ കൊപ്പക്കപ്പാനോ കടല്‍ത്തീരത്തിനടുത്തായിരുന്നു ഗൈഡോയുടെ വീട്. അതിനാൽ തന്നെ അദ്ദേഹം ഭൂരിഭാഗം സമയവും കടൽ തീരത്തെ പാവങ്ങളോടൊപ്പം ആയിരിക്കുവാൻ ശ്രമിച്ചിരുന്നു. തന്നെയുമല്ല പാവങ്ങളെ ശുശ്രൂഷിക്കുന്ന മദർ തെരേസ സിസ്റ്റർമാരുടെ കൂടെ ആയിരുന്നു അദ്ദേഹം. ഒരിക്കൽ സിസ്റ്റർമാരോടൊപ്പം ആയിരിക്കുമ്പോൾ ഒരു പാവപ്പെട്ട ഭിക്ഷക്കാരൻ നിലവിളിക്കുന്നത് കാണാൻ ഇടയായി. ഗൈഡോ ഉടനെ ഓടിച്ചെന്നു അയാളെ കെട്ടിപിടിച്ചു. അയാൾ മെല്ലെ ശാന്തമായി.  വാക്കിലും  പ്രവർത്തിയിലും നടപ്പിലും എല്ലാം ഗൈഡോ ഈശോയെ പോലെ ആയിരുന്നു. പ്രാർത്ഥിച്ചു കൊണ്ട് ഗൈഡോ കുറിച്ച് നൽകിയ മരുന്നുകൾ എല്ലാം ആളുകളിൽ വലിയ മാറ്റം ഉളവാക്കി. വർഷങ്ങളായി മാറാതെ കിടന്നിരുന്ന രോഗങ്ങൾ വരെ ഗൈഡോയുടെ നിസാരമരുന്നുകളാൽ ഭേദമായി. ഇതു അദ്ദേഹത്തിൻറെ പ്രശസ്തി വർധിപ്പിച്ചു.

അങ്ങനെ മുന്നോട്ട് പോകുന്നതിനിടയിലാണ് ഗൈഡോ തന്റെ ദൈവവിളി തിരിച്ചറിയുന്നത്. ദൈവത്താൽ പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ടവനാണ് താൻ എന്ന തിരിച്ചറിവ് അവനെ ഒരു വൈദികനാകുവാൻ പ്രേരിപ്പിച്ചു. എന്നാൽ മാതാപിതാക്കൾ അതിനെ ശക്തിയായി എതിർത്തു. എന്നാൽ ദൈവ സ്നേഹം അവനെ പ്രേരിപ്പിച്ചു കൊണ്ടിരുന്നു. എതിർപ്പുകൾ വകവയ്ക്കാതെ അവൻ സെമിനാരിയിൽ ചേർന്നു. സെമിനാരി വിദ്യാർത്ഥികൾക്ക് എന്നും അവൻ ഒരു മാതൃകയായിരുന്നു. ദൈവത്തിന്റെ മണമുള്ളവൻ എന്നാണ് അവർ അവനെ വിശേഷിപ്പിച്ചിരുന്നത്. ഒടുവിൽ തന്റെ എളിയ ജീവിതത്തിലൂടെ ലോകത്തിനു നൽകാവുന്ന എല്ലാ നന്മകളും നൽകി അവൻ യാത്രയായപ്പോൾ കണ്ണീർ വാർത്തു കരഞ്ഞത്  സെമിനാരി വിദ്യാർത്ഥികൾ മാത്രമല്ല, ഒരു നാട് മൊത്തം ആയിരുന്നു. തങ്ങളുടെ മകൻ ചെയ്ത നന്മ നിറഞ്ഞ പ്രവർത്തികൾ എന്തായിരുന്നു എന്ന് മാതാപിതാക്കൾ മനസിലാക്കിയത് അവന്റെ വിലാപയാത്രയിലായിരുന്നു.

ഒരു പുരോഹിതനായി കുർബാനയർപ്പിക്കേണ്ട ബലിപീഠം അന്ത്യ ചുംബനം നൽകുന്നതിനായി കാത്തു നിന്നു. നീ വൈദികനായില്ലെങ്കിലും ദൈവത്തിനു മുന്നിൽ ഞങ്ങളുടെ മധ്യസ്ഥനാണെന്നു ഞങ്ങൾ തിരിച്ചറിയുന്നു എന്നാണ് ആണ് അവിടുത്തെ കർദിനാൾ പറഞ്ഞത് . പാവങ്ങളോടൊപ്പം ആയിരിക്കുവാൻ ആഗ്രഹിച്ച ആ മനസിന്റെ നന്മകളെ അംഗീകരിച്ച സഭ അദ്ദേഹത്തെ ദൈവദാസനായി ഉയർത്തി. ഇന്ന് വിശുദ്ധ പദവിയിലേക്കുള്ള  യാത്രയിലാണ് അദ്ദേഹം. ലോകത്തിന്റെ മാർഗ്ഗം അന്വേഷിക്കുന്നവർക്കു മുന്നിൽ മറ്റെല്ലാം ദൈവത്തിനായി മാറ്റിവെച്ചുകൊണ്ട് ജീവിച്ച അദ്ദേഹത്തിന്റെ ജീവിതം  മാതൃകയാവുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.