ദൈവം കഷ്ടപ്പാടുകൾക്കിടയിലാണ് പ്രവർത്തിക്കുന്നത്: കോവിഡ് രോഗമുക്തി നേടിയ വൈദികന്റെ അനുഭവം

ദൈവം, ജീവിതത്തിൽ സഹനങ്ങളും പ്രതിസന്ധികളും അനുവദിക്കുന്നത് ദൈവത്തിന്റെ കരുതൽ നമ്മിൽ പ്രകടമാക്കുന്നതിനായിട്ടാണെന്നു വെളിപ്പെടുത്തി കോവിഡ് രോഗത്തിൽ നിന്നും മുക്തി നേടിയ മെക്സിക്കൻ വൈദികൻ. ഫാ. അന്റോണിയോ പെരെസ് ഹെർണാണ്ടസ് എന്ന വൈദികനാണ് തന്റെ കൊറോണ കാലം പകർന്ന ദൈവാനുഭവത്തെക്കുറിച്ചു പങ്കുവയ്ക്കുന്നത്.

“കൊറോണ ബാധിച്ച് ഞാൻ ആശുപത്രിയിൽ അഡ്മിറ്റ് ആകുമ്പോൾ എന്റെ റൂമിൽ വേറെ രോഗികളും ഉണ്ടായിരുന്നു. ഞാൻ ചികിത്സയിൽ ആയിരിക്കുമ്പോൾ തന്നെ അടുത്ത ബെഡുകളിൽ ഉണ്ടായിരുന്നവരില്‍ പലരും മരണമടഞ്ഞു. വേറെ പലർ അവിടെ വന്നു.” തന്റെ ആശുപത്രി ജീവിതത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞുതുടങ്ങിയത് ഇങ്ങനെയാണ്. മൊത്തത്തിൽ ഒരു മരണത്തിന്റെ ഗന്ധമുള്ള കോവിഡ് ചികിത്സയുടെ ദിനങ്ങൾ. അതിനിടയിൽ ദൈവത്തിന്റെ സന്നിധിയിലേയ്ക്ക് ഞാൻ വിളിക്കപ്പെടുന്ന ഘട്ടവും വന്നു.

“ഇതാ ഞാൻ, അങ്ങ് എന്നെ വിളിക്കണമെങ്കിൽ ഞാൻ തയ്യാറാണ്;  എന്നെ ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഞാനും തയ്യാറാണ്. എങ്കിലും എന്റെ കൂടെ എന്നെപ്പോലെ രോഗം ബാധിച്ച ഈ സഹോദരർക്ക് ആശ്വാസം പകരാന്‍ നീ എന്നെ ശക്തനാക്കണം” എന്ന് ആ നിമിഷങ്ങളിൽ അദ്ദേഹം പ്രാർത്ഥിച്ചു. ആ പ്രാർത്ഥനയ്ക്കുശേഷം മനസ് ഒന്ന് ഫ്രീ ആയി. സ്നേഹിക്കുന്ന ദൈവത്തിന്റെ സാന്നിധ്യം തന്നെ വലയം ചെയ്യുന്നതായി അച്ചന് അനുഭവിക്കാൻ തുടങ്ങി. രോഗത്തിന്റെ അവസ്ഥയിലും തന്നെത്തന്നെ ഒരു വൈദികനാണെന്നു പരിചയപ്പെടുത്താനും ആത്മീയകാര്യങ്ങളിൽ നിർദ്ദേശം നൽകുവാനും ശ്രമിച്ചു. നമ്മെ എല്ലാവരെയും ദൈവത്തിനു വേണം എന്ന് ഓർമ്മപ്പെടുത്തിക്കൊണ്ട് രോഗികളായ മറ്റുള്ളവർക്ക് ആദ്ദേഹം ധൈര്യം പകർന്നു; അന്ത്യകൂദാശ നൽകി.

പലരും കൂദാശ സ്വീകരിച്ചശേഷം മരണമടയുന്നതിന് അച്ചൻ സാക്ഷിയായി. സ്വയം പ്രാർത്ഥിച്ചും മറ്റുള്ളവരെ പ്രാർത്ഥിപ്പിച്ചും ആ ചികിത്സാസമയം കടന്നുപോയി. മരണത്തെ മുഖാമുഖം കണ്ടുവെങ്കിലും ദൈവത്തിലുള്ള ആഴമായ വിശ്വാസത്തിന്റെ ഫലമായി പതിയെ ജീവിതത്തിലേയ്ക്ക് പിച്ചവച്ചു തുടങ്ങി. അദ്ദേഹം അവിടെ നിന്നും മടങ്ങിയപ്പോൾ പലരും പറഞ്ഞു, ഞങ്ങൾ അച്ചനെ മിസ് ചെയ്യും എന്ന്. എന്നാൽ അച്ചൻ അവരോടു പറഞ്ഞു: “ഞാൻ പോവുകയാണ്. ഇന്നുമുതൽ ദൈവം നിങ്ങൾക്കൊപ്പം ഉണ്ടാകും. അവൻ ഒരിക്കലും നിങ്ങളെ വിട്ടുപോവുകയില്ല.”

ചുരുക്കത്തിൽ ഈ രോഗം, അനേകരെ ദൈവത്തിലേയ്ക്ക് നയിക്കുന്നതിനായി ദൈവം തന്നതാണെന്നു വിശ്വസിക്കുകയാണ് അച്ചൻ. ഒപ്പം ജീവിതത്തിൽ ഏതാണ് പ്രധാനപ്പെട്ടത്, ഏതാണ് അപ്രധാനമായത് എന്ന് തിരിച്ചറിയുന്നതിനുള്ള അവസരം കൂടിയാണ് ഇത് എന്ന് അച്ചൻ പറയുന്നു.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.