ദൈവം തന്റെ മണവാട്ടിയാകുവാൻ മരണത്തിൽ നിന്നും മാറ്റി നിർത്തിയ കന്യാസ്ത്രി: സിസ്റ്റർ മേരി ജിയന്ന തോൺബി

ദൈവത്തിനു ചില പദ്ധതികളുണ്ട്. മനുഷ്യന് പോലും അജ്ഞാതമായത്. അത്തരത്തിൽ മരണത്തിൽ നിന്നും രക്ഷിച്ചു തന്റെ മണവാട്ടിയാകുവാൻ ദൈവം തിരഞ്ഞെടുത്ത ഒരു പെൺകുട്ടി. മേരി ജിയന്ന തോൺബി. നാളുകൾക്കിപ്പുറം ക്രൈസ്‌തവ വിശ്വാസം സ്വീകരിച്ചു ഒരു കന്യാസ്ത്രിയായി മാറിയ അവർ തന്റെ ജീവിതത്തിൽ ദൈവം നടത്തിയ അപ്രതീക്ഷിത ഇടപെടലുകളെ കുറിച്ച് സംസാരിക്കുകയാണ് .

ഇരുപത് വർഷം മുൻപ് 1999 ഏപ്രിൽ 20 നാണ് എല്ലാം മാറിമറിഞ്ഞത്. “ദൈവം ഉണ്ടോ ഇല്ലയോ എന്നോ ദൈവത്തിന് എൻ്റെ മേൽ വലിയ പദ്ധതി ഉണ്ടായിരുന്നു എന്നോ അന്നെനിക്കറിയില്ലായിരുന്നു.”  സിസ്റ്റർ മേരി ജിയന്ന പറയുന്നു. ഹൈസ്‌കൂളിൽ പഠിക്കുന്നതിന്റെ രണ്ടാം വർഷം ഉച്ചയ്ക്ക് എല്ലാ ദിവസവും ലൈബ്രറിയിൽ പോകുന്ന ശീലം അവൾക്കുണ്ടായിരുന്നു. ഏകദേശം രണ്ട് മണിക്കൂറോളം അവിടെ ചെലവഴിക്കുവാൻ ഒരു കൂട്ടുകാരിയും അവളുടെ കൂട്ടിനുണ്ടായിരുന്നു.

ഒരു ദിവസം ഉച്ചയ്ക്ക് സ്കൂളിൽ നിന്നും പുറത്തു എവിടെയെങ്കിലും പോകുവാൻ ഉള്ളിൽ ഭയങ്കര പ്രേരണ തോന്നി. എന്നും ലൈബ്രറിയിൽ പോകുന്ന ആ സമയം എന്തുകൊണ്ടാണ് പോകാത്തതെന്ന് കൂട്ടുകാരി അന്വേഷിച്ചപ്പോൾ “ഇന്നെന്തോ താത്പര്യമില്ല” എന്നവൾ മറുപടി പറഞ്ഞു. അവളെയും കൂട്ടി സ്വന്തം കാറിൽ കൂട്ടുകാരിയുമൊന്നിച്ചു പോകുമ്പോൾ സ്കൂളിൽ നിന്നും കുറെ കുട്ടികൾ പുറത്തേയ്ക്ക് പോകുന്നത് കണ്ടു. കാര്യം അന്വേഷിച്ചറിഞ്ഞ അവർ ഞെട്ടിപ്പോയി. കാരണം, രണ്ട് കുട്ടികൾ സ്‌കൂളിൽ വെടിവയ്പ്പ് നടത്തി എന്നും ആ വെടിവെയ്പ്പിൽ 13 പേർ കൊല്ലപ്പെടുകയും 20 ൽ അധികംപേർക്ക് പരിക്കേൽക്കുകയും ചെയ്‌തു എന്നും അവർ വെളിപ്പെടുത്തി. ആ കൊലപാതകത്തിൽ ഇരയായ ഭൂരിഭാഗവും പേർ ഇവർ സ്ഥിരം ഇരിക്കുന്ന ആ ലൈബ്രറിയിൽ ഉള്ളവർ ആയിരുന്നു. മറ്റേതെങ്കിലും ദിവസമായിരുന്നെങ്കിൽ താനും അതിൽ പെടുമായിരുന്നു എന്ന സത്യം ഞെട്ടലോടെ അവൾ മനസിലാക്കി.

എന്തുകൊണ്ടാണ് ഞാൻ അന്നുമാത്രം അവിടെ പോകാതിരുന്നത്? അല്ലെങ്കിൽ ഞാനും അതിൽ പെട്ടുപോകുമായിരുന്നു. “ദൈവത്തിന് എന്റെമേൽ വലിയ പദ്ധതി ഉണ്ട്” എന്ന് ആരോ എന്നോട് സംസാരിക്കുന്നതായി ആ സമയം ഞാൻ കേട്ടു.  സിസ്റ്റർ മേരി പറയുന്നു.

ദൈവം ഉണ്ടെന്ന തിരിച്ചറിവിലേക്ക് ഞാൻ പതിയെ അടുക്കുകയായിരുന്നു. എന്നാൽ ദൈവത്തിൽ എനിക്ക് അന്നും വിശ്വാസമില്ലായിരുന്നു. എന്തുകൊണ്ട് എന്നെ ആ വലിയ അപകടത്തിൽ നിന്നും മാറ്റി നിർത്തി. ഈ ചിന്ത അവളെ സദാ അലട്ടിക്കൊണ്ടിരുന്നു. ദൈവ വിശ്വാസത്തെക്കുറിച്ചുള്ള നിരവധി സംശയങ്ങൾ അവളെ അലട്ടി. എന്നാൽ ഒന്നിനും വ്യക്തമായ ഉത്തരങ്ങൾ ഇല്ലായിരുന്നു. മനസ്സിൽ യാതൊരു സമാധാനവുമില്ല. പതിയെ അവൾ മദ്യപാന ശീലം ആരംഭിച്ചു. പാർട്ടികൾക്കൊക്കെ പോകും. എന്നാൽ ഒന്നിലും അവൾക്ക് സംതൃപ്തി കണ്ടെത്തുവാൻ സാധിച്ചില്ല. എല്ലാ പ്രതീക്ഷകളും അസ്തമിച്ച് ഹൃദയം നിരാശയുടെ കൂരിരുട്ടിൽ അകപ്പെട്ട അവസ്ഥ.

ഒട്ടും മുൻപോട്ട് പോകാൻ കഴിയാത്ത അവസ്ഥയിൽ ആയിരിക്കുമ്പോൾ ഒരു സുഹൃത്ത് അവളെ അടുത്തുള്ള ഒരു കത്തോലിക്കാ പള്ളിയിലേക്ക് ക്ഷണിച്ചു. പള്ളിയിൽ വന്നയുടനെ അവളെ അവിടെയെല്ലാം പരിചയപ്പെടുത്തി. “എന്നെ അതിയായി സ്നേഹിക്കുന്ന ഒരു ദൈവത്തെക്കുറിച്ച് എൻ്റെ സുഹൃത്ത് എന്നോട് സംസാരിക്കുവാൻ തുടങ്ങി.” മേരി ജിയെന്ന പറയുന്നു.

താമസിയാതെ ചില സത്യങ്ങൾ അവൾ തിരിച്ചറിഞ്ഞു. ദൈവത്തിന് തൻ്റെമേൽ വലിയ പദ്ധതി ഉണ്ടെന്നും ആ വെടിവയ്പ്  അപകടത്തിൽ നിന്നും ദൈവം തന്നെ രക്ഷിച്ചത് ആ പദ്ധതിയുടെ ഭാഗമാണെന്നും അവൾ മനസിലാക്കി. ദൈവം അവളെ സ്നേഹിക്കുന്നുണ്ടെന്നും അവിടുത്തെ സാദൃശ്യത്തിലാണ് അവൾ സൃഷ്ടിക്കപ്പെട്ടതെന്നും കൂട്ടുകാരി അവൾക്ക് പറഞ്ഞു കൊടുത്തു. അങ്ങനെ മേരി ജിയെന്ന ദൈവത്തിന് തൻ്റെ മേലുള്ള പദ്ധതിയോട് യെസ് പറയുവാൻ തീരുമാനമെടുത്തു.

അങ്ങനെ അവൾ ഫ്രാൻസിസ്കൻ യൂണിവേഴ്സിറ്റിയിൽ ചേർന്ന് ഉപരിപഠനം ആരംഭിച്ചു. വീട്ടുകാർ എതിർക്കുമെന്ന് അവൾ ഭയപ്പെട്ടെങ്കിലും അവർ അവൾക്ക് അനുകൂല നിലപാടിലായിരുന്നു. വിശ്വാസ ജീവിതത്തിലേക്കുള്ള അവളുടെ കടന്നുവരവിനെ മാതാപിതാക്കൾ സന്തോഷത്തോടെ അനുകൂലിച്ചു. അവൾക്ക് 19 വയസുള്ളപ്പോൾ അങ്ങനെ മേരി ജിയെന്ന കത്തോലിക്കാ വിശ്വാസം സ്വീകരിച്ചു. സെൻറ് പോൾ കത്തീഡ്രലിൽ പ്രാർത്ഥിച്ചുകൊണ്ടിരിക്കുമ്പോൾ സന്യാസ ദൈവവിളി സ്വീകരിക്കുവാനുള്ള അഭിവാഞ്ജ അവളിൽ ശക്തമായി.

നിരന്തരമായ ധ്യാനത്തിന്റെയും പ്രാർത്ഥനയുടെയും ഒടുവിൽ ഫ്രാൻസിസ്‌ക്കൻ ധ്യാനാത്മക മിഷനറി സിസ്റ്റേഴ്സ് എന്ന കോൺഗ്രിഗേഷനിൽ സന്യാസിനിയാകുവാൻ അവൾ തീരുമാനിച്ചു. ആ തീരുമാനം ഉറപ്പുള്ളതായിരുന്നു. അങ്ങനെ 2018 ആഗസ്റ്റ് 4 സിസ്റ്റർ മേരി ജിയെന്ന നിത്യവ്രതം സ്വീകരിച്ചു. കൊളംബിയെൻ ദുരന്തത്തിൽ അനേകർ മരിച്ചു. എന്നാൽ അതിലൂടെയും ക്രിസ്തുവിന്റെ രക്ഷ പകരുവാൻ ദൈവം തിരുമനസായി എന്ന് അവൾ ഉറച്ചു വിശ്വസിക്കുന്നു. മരണത്തിലൂടെയും ദൈവത്തിന് ജീവൻ പുറപ്പെടുവിക്കുവാൻ സാധിക്കുമെന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു. സിസ്റ്റർ മേരി ജിയെന്ന പറഞ്ഞു.

ഈ ലോകത്തിൽ ദൈവത്തിൽ മാത്രമേ യഥാർത്ഥ സന്തോഷം അനുഭവിക്കുവാൻ സാധിക്കുകയുള്ളു. ആ രക്ഷയെ അനുഭവിക്കുവാൻ ഇന്ന് എനിക്ക് സാധിക്കുന്നു. നിറഞ്ഞ നന്ദിയോടെയും സന്തോഷത്തോടെയും സിസ്റ്റർ പറയുന്നു. ജീവിതത്തിൽ ഏത് സാഹചര്യത്തിലും ദൈവം ഇടപെടുന്നു എന്ന വിശ്വാസം നമ്മിൽ ഉറപ്പിക്കുന്നതാണ് സിസ്റ്റർ മേരി ജിയന്ന തോൺബിയുടെ ജീവിതാനുഭവം.