പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 1 – വി. പത്രോസ് [1 – 64 (68)]

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

അപ്പസ്തോല സംഘത്തലവനും അന്ത്യോഖ്യയിലെയും റോമിലെയും സഭാസ്ഥാപകനും ആദ്യ മാർപാപ്പയുമായ പത്രോസ്, ഗലീലയിലെ ബത്‌സയ്ദായിൽ നിന്നുള്ള യോനായുടെ മകനാണ്. സഹോദരൻ അന്ത്രയോസുമൊത്ത് ഗലീലക്കടലിൽ വല വീശിക്കൊണ്ടിരിക്കുമ്പോഴാണ് “എന്നെ അനുഗമിക്കുക; ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കാം” (മത്തായി 4:19) എന്ന വിളി യേശുവിൽ നിന്നും ലഭിക്കുന്നത്. ഹീബ്രു ഭാഷയിൽ അദ്ദേഹത്തിന്റെ പേര് ശിമയോൻ (שמעון) എന്നായിരുന്നു. ‘പാറ’ എന്നർത്ഥം വരുന്ന ‘കേപ്പാ’ (כאפא) എന്ന അറമായ നാമം യേശു പിന്നീട് പത്രോസിന് നൽകുന്നു. കേപ്പാ എന്ന വാക്കിന്റെ ഗ്രീക്ക് പദമാണ് പത്രോസ് (Πέτρος). പത്രോസ് വിവാഹിതനായിരുന്നു എന്നതിന് വിശുദ്ധ ഗ്രന്ഥത്തിൽ പല സൂചനകളുമുണ്ട് (മർക്കോ. 1:29–31; 1 കോരി 9:5).

ആദ്യം വിളിച്ച പത്രോസിനെ (മത്തായി 4:18–19) യേശുക്രിസ്തു തന്നെയാണ് അപ്പസ്തോല തലവനായി നിയമിക്കുന്നത് (മത്തായി 16:18). ഈ പ്രാമുഖ്യം വെളിവാക്കുന്ന നിരവധി സംഭവങ്ങൾ വിശുദ്ധ ഗ്രന്ഥത്തിലുടനീളം കാണാം (മത്തായി 16:13–19; ലൂക്കോ. 22:31–32; യോഹ. 21:15–19). എല്ലായിടത്തും ഒന്നാമതായി പേരു പരാമർശിക്കപ്പെടുന്ന (മർക്കോ. 3:16–19; മത്തായി 10:1–4; ലൂക്കോ. 6:12–16) പത്രോസ് തന്നെയാണ് എല്ലാവർക്കും വേണ്ടി സംസാരിക്കുന്നവനും (മർക്കോ. 8:29; മത്തായി 18:21; ലൂക്കോ. 12:41; യോഹ. 6:67–69). യേശുവിനെ തള്ളിപ്പറയുന്നതുൾപ്പെടെയുള്ള പത്രോസിന്റെ വലുതായ ചില വീഴ്ചകളും സുവിശേഷത്തിൽ പരാമർശിക്കപ്പെടുന്നു (മർക്കോ. 14:66–72). എന്നാൽ ക്രിസ്തുവിനുവേണ്ടി ജീവൻ സമർപ്പിക്കുന്നതിന്റെ ഉദാത്തമാതൃകയായാണ് പത്രോസ് ചരിത്രത്തിൽ അറിയപ്പെടുന്നത്. പത്രോസിന്റെ പ്രാമുഖ്യത്തിന്റെ മറ്റൊരു ഉദാഹരണമാണ് ചരിത്രത്തിൽ ഒരു മാർപാപ്പയും പത്രോസ് എന്ന പേര് സ്വീകരിക്കുന്നില്ല എന്നത് (ജോൺ ഇരുപത്തിയൊന്നാമനും സേർജിയൂസ് നാലാമനും തിരഞ്ഞെടുക്കപ്പെടുന്നതിന് മുൻപ് ഈ പേരുണ്ടായിരുന്നു).

അന്ത്യോഖ്യയിൽ നിന്ന് കോറിന്തോസ് വഴി റോമിലെത്തി സുവിശേഷം പ്രസംഗിക്കുന്ന പത്രോസ് നീറോ ചക്രവർത്തിയുടെ ഭരണകാലത്ത് എ.ഡി. 64-ൽ തലകീഴായി കുരിശുമരണം വരിക്കുന്നു. പത്രോസിനെ അടക്കിയിരിക്കുന്ന കല്ലറയ്ക്കു മുകളിലാണ് വത്തിക്കാനിലെ പത്രോസിന്റെ ബസിലിക്കയിലെ പ്രധാന അൾത്താര. പത്രോസിന്റെ പേരിൽ പുതിയ നിയമഗ്രന്ഥത്തിൽ രണ്ടു ലേഖനങ്ങളുമുണ്ട്. സ്വർഗ്ഗരാജ്യത്തിന്റെ താക്കോലുകൾ പത്രോസിന് നൽകുമെന്ന യേശുവിന്റെ വാക്കുകളിൽ നിന്നാണ് താക്കോലേന്തിയ പത്രോസിന്റെ ചിത്രം രൂപപ്പെട്ടിരിക്കുന്നത്. വി. അഗസ്തീനോസ് പറയുന്നത്, പത്രോസിലൂടെ സഭ മുഴുവനും സ്വർഗ്ഗരാജ്യത്തിന്റെ താക്കോൽ ഏറ്റുവാങ്ങിയിരിക്കുന്നുവെന്നാണ്. പത്രോസിന്റെ പരമാധികാരം വെളിവാക്കുന്ന സിംഹാസന സ്ഥാപന തിരുനാൾ ഫെബ്രുവരി 22-നും പത്രോസ്-പൗലോസ് ശ്ലീഹന്മാരുടെ പ്രധാന തിരുനാൾ സംയുക്തമായി ജൂൺ 29-നും സഭ കൊണ്ടാടുന്നു.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.