പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 86 – ജോൺ VII (650-707)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 705 മാർച്ച് 1 മുതൽ 707 ഒക്ടോബർ 8 വരെ സഭയ്ക്ക് നേതൃത്വം നൽകിയ മാർപാപ്പയാണ് ജോൺ ഏഴാമൻ. ഇറ്റലിയിലെ തെക്കൻ ഭാഗത്തുള്ള കലാബ്രിയായിലെ റൊസ്സാനോ എന്ന പ്രദേശത്താണ് ജോൺ ഏഴാമൻ മാർപാപ്പയുടെ ജനനം. അദ്ദേഹത്തിന്റെ മാതാപിതാക്കൾ ഗ്രീസിൽ നിന്നുള്ള പ്ലേറ്റോയും ബ്ലാത്തയും ആയിരുന്നു. മാർപാപ്പയുടെ പിതാവ് പ്ലേറ്റോ അക്കാലത്തെ റോമിലെ ഏറ്റം അറിയപ്പെടുന്ന വ്യക്തി ആയിരുന്നു. ബൈസന്റൈൻ ചക്രവർത്തിയുടെ റോമിലെ പാലത്തീന കുന്നിലുള്ള ഭവനങ്ങളുടെ കാര്യവിചാരിപ്പുകാരന്‍ എന്ന നിലയിൽ എല്ലാവരാലും ബഹുമാനിക്കപ്പെട്ട ഒരു ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. ചരിത്രത്തിൽ ബൈസന്റൈൻ ഉദ്യോഗത്തിലുള്ള ആളുടെ കുടുംബത്തിൽ നിന്നും വരുന്ന ആദ്യ മാർപാപ്പയാണ് ജോൺ ഏഴാമൻ. തിരഞ്ഞെടുക്കപ്പെട്ട ദിവസം തന്നെ മാർപാപ്പയുടെ സ്ഥാനാരോഹണവും നടന്നു എന്ന് ചരിത്രരേഖകൾ സാക്ഷിക്കുന്നു.

ജോൺ ഏഴാമൻ മാർപാപ്പയ്ക്ക് അക്കാലത്ത് ഇറ്റലിയുടെ നല്ലൊരു ഭാഗം പ്രദേശങ്ങളുടെയും ഭരണത്തിലായിരുന്ന ലൊംബാർഡുകളുമായി ഊഷ്മള ബന്ധമുണ്ടായിരുന്നു. ഇത് സഭയുടെ നന്മക്കായി അദ്ദേഹം വിനിയോഗിച്ചു. തത്ഫലമായി സഭയുടെ പിടിച്ചെടുത്ത പല സ്വത്തുക്കളും തിരികെ കൊടുക്കുന്നതിന് ലൊംബാർഡുകളുടെ രാജാവ് സന്നദ്ധനായി. അതേ സമയം ജസ്റ്റീനിയൻ രണ്ടാമൻ ചക്രവർത്തിയുമായി അത്ര സുഖകരമായ ബന്ധം ഈ സമയത്ത് മാർപാപ്പയ്ക്ക് ഉണ്ടായിരുന്നില്ല. അതിന്റെ കാരണമായി പറയപ്പെടുന്നത് ബൈസന്റൈൻ നിയമങ്ങൾ റോമൻ സഭയുടെമേൽ നടപ്പാക്കാനുള്ള ചക്രവർത്തിയുടെയും പാത്രിയർക്കീസിന്റെയും പരിശ്രമങ്ങളെ മാർപാപ്പ എതിർത്തു എന്നതാണ്.

കലയെയും സംസ്കാരത്തെയും അകമഴിഞ്ഞ് പ്രോത്സാഹിപ്പിച്ചിരുന്ന നയമായിരുന്നു ജോൺ ഏഴാമൻ മാർപാപ്പയുടേത്. റോമിലുള്ള പല ദേവാലയങ്ങളുടെയും നിർമ്മിതിക്ക് മാർപാപ്പ നേതൃത്വം നല്‍കി. ഇക്കാലയളവിൽ ഇറ്റലിയുടെ നിയന്ത്രണത്തിന്റെ മേൽക്കോയ്മ നേടുന്നതിനായി വ്യത്യസ്തങ്ങളായ മൂന്ന് അധികാരകേന്ദ്രങ്ങൾ പ്രവർത്തിച്ചു. ലൊംബാർഡുകൾ രാഷ്ട്രീയ മേൽക്കോയ്മയ്ക്കും, സഭ ആത്മീയനിയന്ത്രണത്തിനും, ബൈസന്റൈൻ സാമ്രാജ്യം രാഷ്ട്രീയവും ആത്മീയവുമായ അധികാരത്തിനായും മത്സരിച്ചു. ലൊംബാർഡുകളുമായി നല്ല ബന്ധത്തിലായത് ഇറ്റലിയിൽ സഭയുടെ നിലനിൽപ്പിനെയും വളർച്ചയെയും സഹായിച്ചുവെങ്കിലും ബൈസന്റൈൻ സാമ്രാജ്യവുമായുള്ള ബന്ധത്തെ ദുർബലപ്പെടുത്തി. അതിനാലായിരിക്കണം “ലീബർ പൊന്തിഫിക്കാലിസ്” മാർപാപ്പയുടെ “മാനുഷിക ബലഹീനതകളെ” വിമർശനവിധേയമാക്കുന്നത്. എ.ഡി. 707 ഒക്ടോബർ 17 -ന് അന്തരിച്ച ജോൺ ഏഴാമൻ മാർപാപ്പയെ വി. പത്രോസിന്റെ ബസിലിക്കയോട് ചേർന്നുള്ള പരിശുദ്ധ അമ്മയുടെ നാമത്തിലുള്ള ചാപ്പലിലാണ് അടക്കിയിരിക്കുന്നത്.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.