പാപ്പായുടെ ചാക്രികലേഖനം ‘ഫ്രത്തേല്ലി തൂത്തി’ ഇനി റഷ്യന്‍ ഭാഷയിലും

ഫ്രാന്‍സിസ് പാപ്പായുടെ പുതിയ ചാക്രികലേഖനമായ ‘ഫ്രത്തേല്ലി തൂത്തി’യുടെ റഷ്യന്‍ പരിഭാഷ മാര്‍ച്ച് 3-ന് പ്രകാശിതമാകും. മോസ്‌കൊയിലെ ‘പൊക്രോവ്‌സ്‌ക്കിയെ വൊറോത്ത’ സാംസ്‌കാരിക കേന്ദ്രത്തില്‍ വച്ചായിരിക്കും പ്രകാശന ചടങ്ങ്.

റഷ്യന്‍ ഫെഡറേഷനിലെ മുസ്ലീങ്ങളുടെ ആദ്ധ്യാത്മിക നേതൃത്വത്തിന്റെ തലവനായ ഇസ്ലാം നിയമപണ്ഡിതന്‍ ഷെയ്ക് റവില്‍ ഗൈനുത്ദിന്‍, അന്നാട്ടിലെ അപ്പസ്‌തോലിക് നുണ്‍ഷ്യൊ ആര്‍ച്ച്ബിഷപ്പ് ജൊവാന്നി ദ അനിയേല്ലൊ, മോസ്‌കൊയിലെ ദൈവമാതാ അതിരൂപതയുടെ ആര്‍ച്ചുബിഷപ്പ് പാവൊളൊ പെത്സി എന്നിവര്‍ സംയുക്തമായിട്ടാണ് പ്രകാശനകര്‍മ്മം നിര്‍വ്വഹിക്കുക.

ഫ്രാന്‍സിസ് പാപ്പായുടെ മൂന്നാമത്തേതായ ചാക്രികലേഖനം ‘ഫ്രത്തേല്ലി തൂത്തി’ സാഹോദര്യത്തെയും സാമൂഹ്യസൗഹൃദത്തെയും അധികരിച്ചുള്ളതാണ്. 2020 ഒക്ടോബര്‍ 3-ന് ഇറ്റലിയിലെ അസ്സീസി പട്ടണത്തില്‍ വി. ഫ്രാന്‍സിസ് അസ്സീസിയുടെ കബറിടത്തിങ്കല്‍ വച്ച് പാപ്പാ ഒപ്പുവച്ച ഈ ചാക്രികലേഖനം, തൊട്ടടുത്ത ദിവസം അതായത് ഒക്ടോബര്‍ 4-ന് വി. ഫ്രാന്‍സിസ് അസ്സീസിയുടെ തിരുനാള്‍ ദിനത്തിലാണ് വത്തിക്കാനില്‍ പ്രകാശനം ചെയ്തത്.

കടപ്പാട്: വത്തിക്കാന്‍ ന്യൂസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.