കോമഡി ഉത്സവത്തില്‍ പാടി തകര്‍ത്ത ‘ബിഗ്‌ മ്യൂസിക്കൽ ഫാദര്‍’

കോമഡി ഉത്സവം എന്ന ഫ്ലവേഴ്സ് ചാനലിലെ പരിപാടിയില്‍ ജഡ്ജസും സ്റ്റുഡിയോയിലെത്തിയ പ്രേക്ഷകരും എഴുന്നേറ്റുനിന്നു കൈ അടിച്ചു. ജഡ്ജസായ ടിനി ടോമും ഗിന്നസ് പക്രുവും ബിജുക്കുട്ടനും അഭിനന്ദനങ്ങള്‍ കൊണ്ട് അദ്ദേഹത്തെ പൊതിഞ്ഞു. ളോഹയിട്ട്, ഫ്ലോറില്‍ വളരെ കൂള്‍ ആയി എന്നാല്‍ അതീവ സുന്ദരമായി പാടിയ ആ വൈദികനെ മലയാളി സമുഹത്തിന് നേരത്തെ അറിയാമായിരുന്നു-  ഫാ. വില്‍സണ്‍ മേച്ചേരില്‍ എം.സി.ബി.എസ്.

സംഗീതമേ അമര സല്ലാപമേ, എന്തേ കണ്ണന് കറുപ്പു നിറം, ഞാന്‍ ഉറങ്ങാന്‍ പോകും മുമ്പായി എന്നീ മൂന്നു ഗാനങ്ങളാണ് ഫാദര്‍ പാടിയത്. ഫ്ലവേഴ്സില്‍ പാടും മുന്‍പ് ഈ അച്ചന്റെ പാട്ട് യൂ ട്യൂബില്‍ ഹിറ്റ്‌ ആയിരുന്നു. അതിനും മുന്‍പ് അദ്ദേഹം തിരുവന്തപുരത്തെ സ്വാതിതിരുന്നാള്‍ സംഗീത കോളേജില്‍ നിന്ന് ഒന്നാം റാങ്ക് നേടി പാസ്സായിരുന്നു.

“സംഗീതമേ അപര സല്ലാപമേ” എന്ന് തുടങ്ങുന്ന ഗാനം ആലപിക്കുന്ന ഒരു വൈദികന്റെ വീഡിയോയിലൂടെയാണ് സമൂഹം ഫാ. വില്‍സണ്‍ മേച്ചേരിലിനെ അറിയുന്നത്. പാട്ടു ഫേസ്ബുക്കിൽ അപ്ലോഡ് ചെയ്തു ദിവസങ്ങള്‍ക്കകം 5 ലക്ഷത്തിലധികം ആളുകളാണ് കണ്ടത്; അഭിനന്ദനവുമായി എത്തിയത്.

തന്റെ സഹോദരിയുടെ കല്യാണവേദിയില്‍ വച്ച് ഒരു തമാശക്ക്‌ പാടിയ പാട്ടാണെങ്കിലും ആ പാട്ടിന്റെ പുറകില്‍ സംഗീതത്തെ ഒരുപാട് സ്നേഹിച്ച ഒരു മനസുണ്ട്. സംഗീതത്തെ കരഗതമാക്കുന്നതിനായി അദ്ദേഹം നേരിട്ട തടസങ്ങളുണ്ട്. ആ തടസങ്ങളില്‍ തളരാതെ കൂടെ നിന്ന്, പാട്ടിനെ സ്നേഹിക്കാന്‍ പ്രേരിപ്പിച്ച  ഒരു പറ്റം അധ്യാപകരോടുള്ള സ്നേഹവും കടപ്പാടുമുണ്ട്.

ഇതു വില്‍സണ്‍ മേച്ചേരില്‍ എന്ന സംഗീതത്തെ സ്നേഹിച്ച വൈദികന്റെ ജീവിതം. തിരുവന്തപുരത്തെ സ്വാതിതിരുന്നാള്‍ സംഗീത കോളേജില്‍ നിന്ന് ചരിത്യത്തിലാദ്യമായി   ഒന്നാം റാങ്ക് നേടി പാസ്സാകുന്ന വൈദികന്‍ എന്ന ബഹുമതി നേടുമ്പോള്‍ പറയത്തക്ക സംഗീത പാരമ്പര്യമോ കുലമഹിമയോ ഒന്നും അദ്ദേഹത്തിനു ഉണ്ടായിരുന്നില്ല. കൈമുതലായി ഉണ്ടായിരുന്നത് ജന്മസിദ്ധമായ കഴിവുകള്‍ മാത്രമായിരുന്നു.

സംഗീതത്തിന്റെ വഴികളിലേക്കുള്ള കടന്നു വരവ് 

മേച്ചേരില്‍ സേവ്യറിന്റെയും ലില്ലിക്കുട്ടിയുടെയും നാലുമക്കളില്‍ മൂത്തവനായി ജനിച്ച ഫാ. വില്‍സന്റെ  ജീവിതത്തിലേക്ക് സംഗീതത്തിന്റെ വിത്തുകള്‍ പാകിയത്‌ അമ്മയുടെയും മുത്തശിയുടെയും മടിയില്‍ കിടന്നു കേട്ട താരാട്ടുപാട്ടുകളായിരുന്നു. ചെറുപ്പത്തില്‍ കുഞ്ഞു വില്‍സണ്‍ന്റെ ഹൃദയത്തില്‍ കോറിയിട്ട ദൈവികതയുടെയും സംഗീതത്തിന്റെയും വരികളായിരുന്നു ‘ഞാനുറങ്ങാന്‍ പോകും മുന്‍പായി’ എന്ന് തുടങ്ങുന്ന ഗാനം. ബാല്യത്തില്‍ അമ്മയില്‍ നിന്ന് കേട്ട പാട്ടുകളില്‍ നിന്ന് സംഗീതത്തെ സ്നേഹിച്ചു തുടങ്ങിയ അദ്ദേഹത്തത്തെ പാട്ടിന്റെ വഴികളില്‍ ഉറപ്പിച്ചു നിര്‍ത്തിയത് പള്ളിയിലെ ക്വയര്‍ ഗ്രൂപ്പിലുള്ള സജീവ സാന്നിധ്യമായിരുന്നു.

തന്റെ വീട്ടിലെ പഴയ റേഡിയോയ്ക്ക് മുന്നില്‍ യേശുദാസിന്റെ പാട്ടുകള്‍ക്കായി കാത്തിരിക്കുമായിരുന്നു ചെറുപ്പത്തില്‍ അദ്ദേഹം. ആ പാട്ടുകളില്‍ നിന്ന് ശാസ്ത്രീയ സംഗീതത്തെ ഇഷ്ട്ടപെട്ടു തുടങ്ങിയ കുഞ്ഞു വില്‍സനു പക്ഷെ അതിനുള്ള സാഹചര്യങ്ങള്‍ ലഭ്യമായിരുന്നില്ല. അറിയാവുന്ന പാട്ടുകളുടെ പിന്‍ബലത്തില്‍ മുന്നോട്ട് പോയ അദ്ദേഹത്തിന്‍റെ ജീവിതം മാറി മാറിമറിയുന്നതു വൈദികനാകാനുള്ള തീരുമാനത്തിലൂടെയാണ്.

സംഗീതപ്രതിഭയെ കണ്ടെത്തിയ സെമിനാരി ജീവിതം

വൈദികനാകാനുള്ള അതിയായ ആഗ്രഹം അദ്ദേഹത്തെ എത്തിച്ചത് MCBS സന്യാസസമൂഹത്തിലാണ്. സംഗീതത്തിലുള്ള അദ്ദേഹത്തിന്റെ പ്രാവിണ്യം തിരിച്ചറിഞ്ഞ MCBS സഭയും കുര്യാക്കോസ് മൂഞ്ഞേലിയച്ചനും അദ്ദേഹത്തെ സംഗീതത്തില്‍ തുടര്‍ പഠനം നടത്തുവാന്‍ പ്രചോദിപ്പിച്ചു. ആ തീരുമാനമാണ് സ്വാതിതിരുനാള്‍ സംഗീത കോളേജിലേക്കുള്ള വാതില്‍ തുറന്നത്. എന്നാല്‍ ആ യാത്ര അത്ര എളുപ്പമായിരുന്നില്ല. ഒരു വൈദിക വിദ്യാര്‍ഥി എന്ന നിലയിലും നിലവില്‍ ഒരു ഡിഗ്രി ഉള്ള വ്യക്തി എന്ന നിലയിലും കോളേജില്‍ അഡ്മിഷന്‍ ലഭിക്കുന്നതിനു നിരവധി തടസങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഈ സമയങ്ങളിലോക്കെയും യൂണിവേഴ്സിറ്റിയിലെ വൈസ് ചാന്‍സിലറായിരുന്ന ജാന്‍സി ജെയിംസിലൂടെയും മാറ്റും ദൈവം അച്ചന്റെ സംഗീത മോഹങ്ങള്‍ക്ക് തുണയാവുകയയിരുന്നു.

സംഗീതത്തിന്റെ ലാളിത്യം മനസിലാക്കിയ  സ്വാതിതിരുനാള്‍ സംഗീത കോളജ് 

തടസങ്ങളെ അതിജീവിച്ചു സംഗീത കലാലയത്തിന്റെ പടികള്‍ കടന്നെത്തിയ വില്‍സണച്ചനെ കാത്തിരുന്നത് പല തടസങ്ങളായിരുന്നു. വ്യക്ത്യമായ സംഗീത പാരമ്പര്യമോ അടിസ്ഥാനങ്ങളോ ഇല്ലാതിരുന്ന അദ്ദേഹത്തിന് ഭാരതീയ ശാസ്തീയ സംഗീതത്തിലെ 73 -ഓളം വരുന്ന രാഗങ്ങളും ലയങ്ങളും മനസിലാക്കുക എന്നത് അത്ര എളുപ്പമല്ലായിരുന്നില്ല. തന്റെ ഈ അവസ്ഥയില്‍ സ്വന്തം വീട്ടില്‍ വിളിച്ചിരുത്തി സംഗീതത്തിന്റെ ആദ്യപാഠങ്ങള്‍ പഠിപ്പിച്ചു കൊടുക്കുവാന്‍ അദ്ദേഹത്തിന്റെ അധ്യാപകര്‍ കാണിച്ച ആത്മാര്‍ത്ഥതയ്ക്കു മുന്നില്‍ ശിരസു നമിക്കുകയാണ് വില്‍സണച്ചന്‍. അധ്യാപകരായിരുന്ന നടരാജന്‍ സാര്‍, ജയറാം സാര്‍, ആലപ്പി ശ്രീകുമാര്‍, വി. പി. സുനില്‍ ഇവരുടെ പിന്‍ബലമാണ് വില്‍സണച്ചനെ സംഗീതത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലാന്‍ സഹായിച്ചത്.

സംഗീത കോളജില്‍ ആലപിച്ച പാട്ടുകളെക്കാളും അവിടെ നിന്ന് ലഭിച്ച കലാപ്രതിഭാ പട്ടത്തെക്കാളും അച്ചനു ഓര്‍ക്കാനിഷ്ടം ആ കോളേജു പകര്‍ന്നു നല്‍കിയ മത സൗഹാര്‍ദ്ദത്തിന്റെ മൂല്യങ്ങളായിരുന്നു. ജാതിക്കും മതത്തിനും വര്‍ഗ്ഗത്തിനും അപ്പുറം നിന്നുകൊണ്ട് സംഗീതത്തെ മനസിലാക്കുന്നതിനും മനുഷ്യരെല്ലാവരും ഒന്നാണെന്നും ഉള്ള ചിന്തയിലേക്ക് നയിക്കുന്നതിനും ഈ കലാലയ ജീവിതം അച്ചനെ സഹായിച്ചു.

ഇപ്പോള്‍ ഓസ്ട്രിയയില്‍ സംഗീതത്തിന്റെ ഉപരി പഠനത്തിലായിരിക്കുന്ന അച്ചന് ഭാരതത്തിലെ സംഗീത രംഗത്ത്‌ കൂടുതല്‍ പരീക്ഷണങ്ങളും പഠനങ്ങളും നടക്കുന്നില്ല എന്ന പരിഭവമാണുള്ളത്. ഭരതീയ ശാസ്ത്രീയ സംഗീത൦ അമ്പലങ്ങളെ ചുറ്റി വളര്‍ന്നപ്പോള്‍ പാശ്ചാത്യ സംഗീത൦ പള്ളികളെ കേന്ദ്രീകരിച്ചാണ് വളര്‍ന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

വൈറലായ ദൃശ്യത്തെ കുറിച്ച്

തന്റെ സഹോദരിയുടെ കല്യാണത്തിനു പാടിയ പാട്ടാണ് ഫേസ്ബുക്കിൽ 6  ലക്ഷത്തോളം ആളുകളിലേക്ക്‌ എത്തിയത്.

തനിക്കു ലഭിച്ച സ്വീകരണത്തില്‍ അഭിമാനിക്കുന്നുണ്ടെങ്കിലും തന്റെ പാട്ടിലൂടെ മതേതരത്വത്തിന്റെതായാ സന്ദേശവും അതിലൂടെ ക്രിസ്തു സാക്ഷ്യവും പകരാനായതിന്റെ സന്തോഷത്തിലാണ് അദ്ദേഹം. സംഗീത വഴികളിലൂടെ സമത്വത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം പകര്‍ന്നുകൊണ്ട് അദ്ദേഹം യാത്ര തുടരുകയാണ്.

സോബ് എന്ന അനാഥ കുട്ടികളെ സംഗീതം സൗജന്യമായി പഠിപ്പിക്കുന്ന പ്രസ്ഥാനം വില്‍സണച്ചന്‍ തുടങ്ങിയതാണ്. ഇപ്പോള്‍ സോബ് പ്രവര്‍ത്തിക്കുന്നത് തിരുവനന്തപുരം കലാഗ്രാമത്തില്‍ ആണ്.

മരിയ ജോസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.