കുറ്റിക്കലച്ചൻ നമ്മുടെ കാലഘട്ടത്തിലെ പ്രവാചകൻ: തട്ടിൽ പിതാവ്

ബഹു. ജോർജ് കുറ്റിക്കലച്ചന്റെ മരണ വാർത്തയറിഞ്ഞു ഷംസാബാദു രൂപതയുടെ മെത്രാനും കുറ്റിക്കലച്ചന്റെ സുഹൃത്തുമായിരുന്ന മാർ റാഫേൽ തട്ടിൽ ഇംഗ്ലീഷ് ഭാഷായിൽ അയച്ച സന്ദേശത്തിന്റെ മലയാള വിവർത്തനം.

പ്രിയ സഹോദരങ്ങളെ,

ദിവ്യകാരുണ്യ മിഷനറി സഭാംഗവും ആകാശപ്പറവുകളുടെ കൂട്ടുകാർ (FBA) എന്ന ആത്മീയ പ്രസ്ഥാനത്തിന്റെ സ്ഥാപകനുമായ ബഹുമാനപ്പെട്ട ജോർജ് കുറ്റിക്കലച്ചന്റെ നിര്യാണത്തിൽ അഗാധമായ അനുശോചനം ഞങ്ങൾ രേഖപ്പെടുത്തുന്നു.

ത്രിശ്യൂർ അതിരൂപതാ മെത്രാപ്പോലീത്താ ആയിരുന്ന മാർ ജോസഫ് കുണ്ടുകുളം പിതാവിന്റെ സഹായത്തോടെ ആകാശപ്പറവുകളുടെ ആദ്യ ആശ്രമായ ചെന്നായിപ്പാറയിലുള്ള ദിവ്യഹൃദയാശ്രമം ആരംഭിക്കുന്ന കാലം മുതലേ എനിക്കു അച്ചനെ തല്ലതുപോലെ അറിയാം.

ദൈവവിളിയോട് എന്നും ആത്മാർത്ഥത പുലർത്തുകയും, വ്യക്തിപരമായും സമൂലമായും ക്രിസ്തുവിനെ തീക്ഷ്ണതയോടെ അനുഗമിക്കാൻ ആഗ്രഹിക്കുകയും ചെയ്ത വ്യക്തിയാണ് ബഹു. കുറ്റിക്കലച്ചൻ. പ്രസംഗിച്ചപോലെ ജീവിച്ച വ്യക്തി. ധാരാളിത്വത്തിന്റെയും സുഖലോലുപതയുടെയും കാലഘട്ടത്തിൽ വിപ്ലവാത്മകമായ ഒരു ജീവിത ശൈലി കുറ്റിക്കല്ലൻ നമുക്കു തന്നു. നമ്മുടെ കാലഘട്ടത്തിലെ ഒരു പ്രവാചകനായിരുന്നു കുറ്റിക്കലച്ചനെന്നു ഞാൻ വിശ്വസിക്കുന്നു.

സ്വന്തം അമ്മയെപ്പോലെ സീറോ മലബാർ സഭയെ അദ്ദേഹം സ്നേഹിച്ചു. തന്റെ അസുഖം പോലും വകവയ്ക്കാതെ അവസാനം ഹൈദരബാദിൽ വന്നപ്പോൾ ബൈബിൾ കൺവെൻഷൻ നടക്കുന്ന ഗ്രൗണ്ടിലെത്തി ഒരു പ്രവാചകനെപ്പോലെ അദ്ദേഹം എന്നോടു പറഞ്ഞു “വൈകാതെ സീറോ മലബാർ സഭയ്ക്കു ആൾ ഇന്ത്യാ ജൂറീസ്ഡിക്ഷൻ (All India Jurisdiction) ലഭിക്കുമെന്ന്.” ഈ നിയോഗത്തിനു വേണ്ടി തന്റെ വേദനകളും സഹനങ്ങളും കാഴ്ചവെച്ചു കൊള്ളാമെന്നു കുറ്റിക്കലച്ചൻ എനിക്കു ഉറപ്പു നൽകി.

ഒക്ടോബർ പത്താം തീയതി ഫ്രാൻസീസ് പാപ്പ ഷംസാബാദ് രൂപതയ്ക്കു (Eparchy of Shamshabad) അനുമതി നൽകിയതോടെ ആ പ്രവചനം പൂർത്തിയായി. 2018 ജനുവരി ഏഴിനു ഹൈദരബാദിൽ നടക്കുന്ന പുതിയ രൂപതയുടെ ഉദ്ഘാടനത്തിനു സംബന്ധിക്കാൻ ടിക്കറ്റു ബുക്കുചെയ്ത വ്യക്തിയാണ് കുറ്റിക്കലച്ചൻ. കുറ്റിക്കലച്ചനോടു ഞങ്ങൾ ഒത്തിരി കടപ്പെട്ടിരിക്കുന്നു.

ബഹു. ജോർജ് കുറ്റിക്കലച്ചാ നന്ദി.
അങ്ങു സ്വർഗ്ഗത്തിലായിരിക്കുമ്പോൾ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ.
അച്ചന്റെ ആത്മാവ് നിത്യ ശാന്തി അനുഭവിക്കട്ടെ.

തട്ടിൽ പിതാവ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.