ഇത് കടുത്ത മനുഷ്യാവകാശ ലംഘനമാണ്; സ്ത്രീത്വത്തെ അപമാനിക്കലാണ്

ഫാ. ജെസ്റ്റിന്‍ കാഞ്ഞൂത്തറ MCBS

ഒരു വൈദികന്‍ രൂക്ഷമായ ഭാഷയില്‍ എഴുതേണ്ടതുണ്ടോ, എന്ന ചോദ്യം ഞാന്‍ കുറച്ചു വര്‍ഷങ്ങളായി കേള്‍ക്കാന്‍ തുടങ്ങിയതാണ്. എന്നാല്‍, കുറുക്കനെ കുറുക്കനെന്നു വിളിക്കാന്‍ ധൈര്യം കാണിക്കുകയും കളവു കാണിച്ചവനെതിരെ ചാട്ടവാറെടുക്കുകയും ചെയ്ത നസ്രായന്റെ അനുയായിക്ക് വാക്കും ചാട്ടവാറും അകറ്റിനിര്‍ത്തപ്പെടേണ്ടതായ കാര്യങ്ങളല്ല എന്നതാണ് എന്റെ പക്ഷം. മാത്രമല്ല, ഭരണകൂടത്തിന്റെ അനീതിക്കും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കുമെതിരെ അക്രമരഹിതമായ സമരായുധമെന്ന നിലയില്‍ വാക്കിന്റെ അനന്തസാധ്യതകളെക്കുറിച്ചു ചിന്തിക്കുന്ന ഒരാളെന്ന രീതിയില്‍ എഴുതപ്പെട്ടവയെക്കാള്‍ എഴുതപ്പെടാനിരിക്കുന്ന വാക്കുകളുടെ മൂര്‍ച്ചയാണ് എന്റെ ചിന്ത. ഭരണകൂടത്തിന്റെ മൗനാനുവാദത്തോടെ പച്ചയായ മനുഷ്യാവകാശ ലംഘനങ്ങള്‍ ഇവിടെ നടത്തപ്പെടുമ്പോള്‍ വാക്ക് ചിലരുടെയെല്ലാം ഭയപ്പാടായി മാറുന്നത് കാലം ആവശ്യപ്പെടുന്ന ശരിയാണ്.

ഒരു സന്യാസാര്‍ത്ഥിനിയുടെ മരണവും തുടര്‍ന്നുള്ള ചര്‍ച്ചകളും സംവാദങ്ങളും വെറുമൊരു സൈബര്‍ ചര്‍ച്ചയെന്ന അലസഭാവത്തില്‍ എടുക്കാനാണ് പലര്‍ക്കും താല്പര്യം. എന്നാല്‍, ഇവിടെ നടന്നത് പച്ചയായ മനുഷ്യാവകാശ ലംഘനം തന്നെയാണ്. സഭയെ ആക്രമിക്കാന്‍വേണ്ടി മൃതദേഹത്തിന് അര്‍ഹിക്കുന്ന മാന്യത പോലും നല്‍കാതെ അശ്ലീലകഥകള്‍ മെനഞ്ഞതും മൃതദേഹത്തിന്റെ വീഡിയോ പുറത്തുവിട്ടതും മനുഷ്യത്വരഹിതമായ അപരാധം തന്നെയാണ്. ഈ തെറ്റുകള്‍ സംഭവിക്കാന്‍ പാടില്ലാത്തവരില്‍ നിന്നുണ്ടായിട്ടും അതിനെതിരെ ഭരണകൂടം നടപടിയെടുക്കാതിരുന്നത്, അധികാരത്തിലിരിക്കുന്നവര്‍ ഇത്തരം അധാര്‍മ്മിക നടപടികള്‍ക്ക് എത്രമാത്രം അനുകൂലമായ നിലപാടാണെടുക്കുന്നത് എന്നതിന്റെ വ്യക്തമായ സൂചനയാണ്.

ഒരു വാര്‍ത്താ ചാനലില്‍ വന്ന അക്ഷരത്തെറ്റ് വ്യാജമായുണ്ടാക്കി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചെന്ന കുറ്റത്തിന് പ്രതികളെ അറസ്റ്റ് ചെയ്യാന്‍ നിയമപാലകര്‍ക്ക് അധികസമയം വേണ്ടിവന്നിരുന്നില്ല. എന്നാല്‍, മരിച്ചുകിടക്കുന്ന പെണ്‍കുട്ടിയുടെ മാന്യതയിലേയ്ക്ക് ചെളിവാരിയെറിഞ്ഞവരെ പിടികൂടാന്‍ നിയമപാലകര്‍ക്കും ഭരണകൂടത്തിനും ഇതുവരെ സാധിച്ചിട്ടില്ല. ഒരു മാധ്യമ കോര്‍പ്പറേറ്റും ന്യൂനപക്ഷ മതസമൂഹവും തമ്മിലുള്ള അന്തരം സാധാരണക്കാരെ സംബന്ധിച്ച് നിസ്സാര കാര്യമാകാം. എന്നാല്‍, ഭരണകൂടത്തിന് അങ്ങനെയല്ല എന്ന് ഈ ഉദാഹരണം വ്യക്തമാക്കുന്നുണ്ട്.

ഏതാനും ദിനങ്ങള്‍ക്കു മുമ്പ് ക്രിക്കറ്റ് കളിക്കിടെ കൂട്ടുകാരനെ കൊല ചെയ്ത കുട്ടികളുടെ വീഡിയോ പുറത്തുവിട്ടവര്‍ക്കെതിരെ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ നടപടിയെടുക്കുകയും മാധ്യമങ്ങള്‍ വാര്‍ത്തയാക്കുകയും ചെയ്തു. എന്നാല്‍, മരിച്ചുകിടന്ന ഒരു പെണ്‍കുട്ടിയുടെ കാര്യത്തില്‍ നടപടികളെടുക്കാനും സംസാരിക്കാനും ഉത്തരവാദിത്വപ്പെട്ടവര്‍ ഇതുവരെയും നിശബ്ദരാണ്. ഇത് ജനാധിപത്യ സമൂഹത്തില്‍ ചെറിയ മനുഷ്യര്‍ അനുഭവിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചും അനീതിയെക്കുറിച്ചും ഏറെ നാളുകളായി നമ്മള്‍ പറഞ്ഞുകൊണ്ടിരിക്കുന്നതിലെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം മാത്രമാണ്. ഇനിയും തുടരും എന്നുതന്നെയാണ് ഇവ നല്‍കുന്ന സൂചനയും.

അതിവേഗം പൂര്‍ത്തിയാക്കാവുന്ന നിയമനടപടികള്‍ മരവിപ്പിച്ചു നിര്‍ത്തുകയും പകരം ഊഹാപോഹങ്ങള്‍ വാര്‍ത്തകളാകാന്‍ അനുവദിക്കുകയും ചെയ്യുന്നത് എന്തിനെന്ന് വ്യക്തമായ ബോധ്യമുണ്ട്. ചില വിഷജന്തുക്കളെ സാമൂഹ്യമാധ്യമങ്ങളില്‍ കെട്ടഴിച്ചു വിടുന്നത് ആരാണെന്നും അറിയാം. ദുര്‍ബ്ബലരെന്നു കരുതി ആക്രമിച്ചു കടന്നുകയറാമെന്നും മനുഷ്യാവകാശ ലംഘനങ്ങള്‍ പതിവാക്കാമെന്നുമാണ് പൊതുധാരണയെങ്കില്‍, ഞങ്ങളുടെ വാക്കിന്റെ കൂടം നിങ്ങളുടെ ശിരസ്സിനു മുകളില്‍ ഉയര്‍ന്നുതന്നെ നില്‍പ്പുണ്ട് എന്നു തന്നെയാണ് പറയാനുള്ളത്.

ഞങ്ങളുടെ സ്വരം ഇനിയും ഉയരും. അനീതി നിങ്ങളുടെ ആയുധമാണെങ്കില്‍ വാക്ക് ഞങ്ങള്‍ക്ക് പ്രതിരോധവും ചെറുത്തുനില്പ്പും‍ ജീവിക്കാനുള്ള പോരാട്ടത്തിലെ സ്വരവുമാണ്. കാറ്റ് അതിനിഷ്ടമുള്ളിടത്തേയ്ക്ക് വീശുന്നു, അതിന്റെ ശബ്ദം നീ കേള്‍ക്കുന്നു. എന്നാല്‍, അത് എവിടെ നിന്ന് വരുന്നെന്നോ എവിടേയ്ക്ക് പോകുന്നെന്നോ നീ അറിയുന്നില്ല (യോഹ. 3:8). ഞങ്ങളുടെ ഭാവിതലമുറയ്ക്ക് സമാധാനമായി ജീവിക്കാനുള്ള അവസ്ഥ സാധിച്ചെടുക്കുന്നതുവരെ അതിജീവനത്തിനുള്ള ഈ ചെറുത്തുനില്‍പ്പ് ഞങ്ങള്‍ തുടരും. സാധാരണ മനുഷ്യന്‍ ജീവിക്കുമ്പോഴും മരണശേഷവും ലഭിക്കേണ്ടതായ മനുഷ്യത്വപരമായ അവകാശത്തെക്കുറിച്ച് യാചിക്കുകയല്ല, ചോദിക്കുക തന്നെയാണ് ചെയ്യുന്നത്. ഈ തലമുറ അവകാശത്തിനുവേണ്ടി കൈനീട്ടി നിന്നവരാണെന്ന് ഭാവിതലമുറയിലുള്ളവര്‍ നമ്മെക്കുറിച്ചു പറയുന്ന കാലത്ത് നാം ശ്മശാനഭൂമിയില്‍ കിടന്ന് അനുഭവിക്കുന്ന അപമാനഭാരത്തേക്കാള്‍ നല്ലത് മരണം തന്നെയാണ്.

ഈ തലമുറ ഒരു കിണറ്റിന്‍കര മൂലം അനുഭവിക്കുന്ന നൊമ്പരം അടുത്ത തലമുറയ്ക്കുണ്ടാകരുത് എന്ന് സഭാനേതൃത്വവും ഉറപ്പാക്കണം. സഭാസമൂഹത്തില്‍ നിന്ന് രാഷ്ട്രത്തിന് സംഭാവനകളും സഹായസഹകരണങ്ങളും നല്‍കുന്നതോടൊപ്പം ഭരണകൂടത്തില്‍ നിന്ന് നമ്മുടെ ജനത്തിനു ലഭിക്കേണ്ടതായ ആനുകൂല്യങ്ങളും അവകാശങ്ങളും നേടിക്കൊടുക്കുക എന്നതും നമ്മുടെ ഉത്തരവാദിത്വമാണെന്ന് നാം മനസ്സിലാക്കണം. കൃത്യമായ നിലപാടുകള്‍ സമയാസമയങ്ങളില്‍ നമുക്ക് സ്വീകരിക്കാന്‍ സാധിച്ചാല്‍ നമ്മുടെ ജനം എന്നും നമ്മുടെ കൂടെയുണ്ടാകും എന്ന് ഉറപ്പാണ്.

അതുകൊണ്ട് നിവര്‍ന്നു നിന്നുതന്നെ നാം ചോദിക്കണം, നമ്മുടെയും ഭാവിതലമുറയുടെയും ജീവനും മാനത്തിനും വേണ്ടിയുള്ള അവകാശത്തിനു വേണ്ടിയാണ് നാം ചോദിക്കുന്നത് എന്ന ചങ്കുറപ്പോടെ തന്നെ ചോദിക്കണം. ഒരു മൃതദേഹവും ഇനി പൊതുസമൂഹത്തിന് മുമ്പില്‍ നഗ്നമാക്കപ്പെടരുത് എന്ന നിര്‍ബന്ധബുദ്ധിയോടെ നാം ഇത് ആവശ്യപ്പെടണം. അപമാനിക്കപ്പെട്ട മൃതദേഹത്തിന് ഇപ്പോള്‍ സ്വരമില്ല. അതിനാല്‍ ആ പെണ്‍കുട്ടിയുടെ സ്വരവും കണ്ണ്‌നീരുമായി നിന്ന് നാം വേണം നീതി നേടിയെടുക്കാന്‍. ഇതിന് മനഃസാക്ഷിയുള്ള മനുഷ്യരെന്നു പറയുന്നവരെല്ലാം ഒരുമിച്ചുകൂടണം. ഇങ്ങനെ ഒരുമിച്ചു ചേരുന്നവരെല്ലാം ചിതറിക്കപ്പെടാതെ ഒന്നുചേര്‍ന്നു നില്‍ക്കണമെന്നും അവരോടൊപ്പം ഞാനും ഉറച്ചുനില്‍പ്പുണ്ടെന്നും ഇതിനാല്‍ അറിയിക്കുന്നു. അതുപോലെ, മന്ദോഷ്ണത എന്നത് വൃത്തികെട്ട ഒരു ഇടപാടാണെന്ന് എല്ലായിടങ്ങളിലുമിരുന്ന് ഉറക്കം തൂങ്ങുന്നവരും മനസ്സിലാക്കിയാല്‍ നല്ലതാണ്. നീതി ഉറപ്പിക്കപ്പെടുക തന്നെ വേണം. ശരിയായ മാര്‍ഗ്ഗങ്ങളിലൂടെ തന്നെ നമുക്കതിന് സാധിക്കുക തന്നെ ചെയ്യും.

ഫാ. ജസ്റ്റിന്‍ കാഞ്ഞൂത്തറ MCBS

1 COMMENT

  1. A very strong warning, dear Father. Go ahead with your sharp words till they topple the thrones of the mighty, and convert the perverted sadists who vomit their own malice. How poisoned are those cowardly unconscientious criminals! God Almighty enlighten them.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.