ഒരു അത്ഭുതമൊക്കെ ആഗ്രഹിക്കാത്തവരായി ആരുണ്ട്?

കുറിച്ചി മൈനര്‍ സെമിനാരിയില്‍ പഠിക്കുന്ന കാലത്ത് ഡോര്‍മെറ്ററിയിലെ ക്യൂബിക്കളിലാണ് ഉറങ്ങിയിരുന്നത്. ഓരോ ബാച്ചിനും ഓരോ ഡോര്‍മെറ്ററി. വലിയ മരിയഭക്തനായ ഒരു ബാച്ച്‌മേറ്റായിരുന്നു എന്റെ ക്യൂബിക്കിളിന്റെ എതിര്‍വശത്തു താമസിച്ചിരുന്നത്. നിദ്രയ്ക്കു മുമ്പ് ദീര്‍ഘനേരം മുട്ടുകുത്തി കണ്ണുകളടച്ച് പ്രാര്‍ത്ഥന ചൊല്ലി എനിക്കുതന്നെ മാതൃകയായ ഒരു വ്യക്തി. എന്നാല്‍, പ്രാര്‍ത്ഥനാവേളയില്‍ ഓരോ അഞ്ചു മിനിട്ടും ഇടവിട്ട് കണ്ണുകള്‍ തുറന്ന് മാതാവിന്റെ കൊച്ചുരൂപത്തിലേയ്ക്ക് നോക്കുന്ന ഒരു പതിവ് അദ്ദേഹത്തിനുണ്ടായിരുന്നു. ഒരിക്കല്‍ കാര്യം തിരക്കിയപ്പോള്‍ അദ്ദേഹം പറഞ്ഞത് ഇപ്രകാരമാണ്: “മാതാവ് വെല്ലോം പ്രത്യക്ഷപ്പെട്ടോന്നു നോക്കുന്നതാണ്…”

ഒരു അത്ഭുതമൊക്കെ ആഗ്രഹിക്കാത്തവരായി നമ്മുടെ ഇടയില്‍ ആരുണ്ട്. നമ്മള്‍ ഇഷ്ടപ്പെടുന്ന വ്യക്തികളെ അടുത്തുകാണാനും സംസാരിക്കാനും കിട്ടുന്നത് നല്ല കാര്യമല്ലേ? അതുകൊണ്ടായിരിക്കാം കഴിഞ്ഞ ദിവസം ലോകം മുഴുവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയോടൊപ്പം പ്രാര്‍ത്ഥനയിലായിരുന്ന സമയം വത്തിക്കാനിലെ വി. പത്രോസിന്റെ ചത്വരത്തിന്റെ മുകളില്‍ നീലാകാശത്ത് മേഘങ്ങള്‍ക്കിടയില്‍ മാതാവിന്റെ രൂപം ദര്‍ശിച്ചുവെന്ന് ഒരു വ്യക്തി അവകാശപ്പെട്ടതും അത് വൈറലാക്കിയതും.

പിന്നെ ഫോട്ടോഷോപ്പില്‍ അവഗാഹം നേടിയവരുടെ ഊഴമായി. അതില്‍ ചിലര്‍ ഫാത്തിമാ മാതാവിനെയും ചിലര്‍ ഗ്വാഡലൂപയിലെ മാതാവിനെയും മറ്റുചിലര്‍ ലൂര്‍ദ്ദ് മാതാവിനെയും യഥേഷ്ടം വെട്ടിയൊട്ടിച്ച് സൈഡോക്കെ ബ്ലര്‍ ചെയ്ത് നല്ല കളര്‍ഫുളാക്കി. പിന്നെ ഫേസ്ബുക്ക്, വാട്ട്‌സ്ആപ്പ് എന്നുവേണ്ട സകലമാനം സോഷ്യല്‍ മീഡിയകളിലും ഈ ചിത്രങ്ങള്‍ പരക്കാന്‍ നിമിഷങ്ങളെ വേണ്ടിവന്നുളളു. ലോകത്തിലെ ഏറ്റവും വലിയ അത്ഭുതമായ വിശുദ്ധ കുര്‍ബാനയുടെ മുമ്പില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ മുട്ടുകുത്തി പ്രാര്‍ത്ഥിക്കുമ്പോഴാണ് ഇതെല്ലാം സംഭവിച്ചത് എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം.

വിശ്വാസവും പ്രാര്‍ത്ഥനയും ക്രിസ്തീയജീവിതത്തിലെ അവിഭാജ്യഘടകങ്ങളാണ്. പ്രാര്‍ത്ഥനയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ മനസ്സിലേയ്ക്ക് പലപ്പോഴും കടന്നുവരുന്ന ചിത്രം, മൊബൈല്‍ ഫോണിന്റെ വരവോടെ നമ്മുടെയൊക്കെ വീടുകളിലെ ഏതോ കോണില്‍ ഒതുങ്ങാന്‍ വിധിക്കപ്പെട്ട ലാന്‍ഡ് ഫോണിനെയാണ്. കാരണം, പ്രാര്‍ത്ഥന ഒരു ലാന്‍ഡ് ഫോണ്‍ കോള്‍ പോലെയാണ്. അങ്ങേത്തലയ്ക്കലുള്ള വ്യക്തിയെ കാണുന്നില്ലെങ്കിലും അവിടെ ഒരു വ്യക്തിയുണ്ട്, എന്നെ ശ്രവിക്കുന്നുണ്ട്, എന്നോട് സംസാരിക്കുന്നുണ്ട് എന്നൊരു വിശ്വാസം ആ സംഭാഷണത്തിലുടനീളമുണ്ട്. കാണപ്പെടാത്ത ദൈവവുമായുളള ഒരു സ്‌നേഹസംഭാഷണമാണല്ലോ പ്രാര്‍ത്ഥന. “വിശ്വാസം എന്നത് പ്രത്യാശിക്കുന്നവ ലഭിക്കുമെന്ന ഉറപ്പും കാണപ്പെടാത്തവ ഉണ്ട് എന്ന ബോധ്യവുമാണ്” (ഹെബ്രാ. 11:1). ചുരുക്കത്തില്‍ പറഞ്ഞാല്‍, മറുവശത്ത് ദൈവവും മാതാവും വിശുദ്ധരും നമ്മുടെ സംഭാഷണം കേള്‍ക്കുന്നുണ്ട് എന്ന വിശ്വാസം പ്രാര്‍ത്ഥനയില്‍ അത്യന്താപേക്ഷികമാണ്.

എന്നാല്‍, ഇപ്പോള്‍ പലരും പ്രാര്‍ത്ഥന സ്‌കൈപ്പ് വീഡിയോ കോളും വാട്ട്‌സ്ആപ്പ്‌ കോളും പോലെയാകണം എന്ന് നിര്‍ബന്ധം പിടിക്കുകയാണ്. മറുവശത്തുളള വ്യക്തി പ്രത്യക്ഷപ്പെടണം., മുഖം കാണിക്കണം അല്ലെങ്കില്‍ ദര്‍ശനം നല്‍കണം എന്നൊക്കെയുളള വല്ലാത്തൊരു നിര്‍ബന്ധം ഉളളതുപോലെ. ഇങ്ങനെ ശാഠ്യം പിടിച്ച തോമാശ്ലീഹായോട് ഈശോ പറഞ്ഞത് ഓര്‍ക്കുന്നുണ്ടല്ലോ… “നീ എന്നെ കണ്ടതുകൊണ്ട് വിശ്വസിച്ചു; കാണാതെ വിശ്വസിക്കുന്നവര്‍ ഭാഗ്യവാന്മാര്‍” (യോഹ. 20:29).

നമ്മുടെ വിശ്വാസത്തെ കൂടുതല്‍ സ്ഥിരപ്പെടുത്താനും ലോകത്തിന് ചില മുന്നറിയിപ്പുകള്‍ നല്‍കാനും ദൈവം തിരുമനസ്സായി ചില അത്ഭുതങ്ങള്‍ ഈ ലോകത്തില്‍ നടന്നിട്ടുണ്ട്. ഫാത്തിമായിലും ലൂര്‍ദ്ദിലുമൊക്കെ നടന്ന അത്ഭുതങ്ങള്‍ ഇതിനുദാഹരണങ്ങളാണ്. എന്നാല്‍, വര്‍ഷങ്ങള്‍ നീണ്ട പഠനങ്ങള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും വിചിന്തനങ്ങള്‍ക്കും ശേഷമാണല്ലോ ഓരോ കാലഘട്ടത്തിലെയും മാര്‍പാപ്പമാര്‍ അവയെല്ലാം ഔദ്യോഗികമായി അംഗീകരിച്ചത്. സഭയുടെ വിശ്വാസത്തിനും സാമാന്യയുക്തിക്കും നിരക്കാത്ത ‘അത്ഭുതങ്ങളെ’ക്കുറിച്ചുളള വാര്‍ത്തകള്‍ ഒരുപക്ഷേ, സഭാവിരുദ്ധരുടെയും സാത്താന്‍സേവക്കാരുടെയും കുടിലതന്ത്രങ്ങളുടെ ഭാഗമായിരിക്കാം! അത്തരം വ്യാജവാര്‍ത്തകള്‍ വ്യാപകമായി പ്രചരിപ്പിച്ചതിനുശേഷം സഭയെ ആക്രമിക്കാനും വിശ്വാസത്തെ താഴ്ത്തിക്കെട്ടാനും അവര്‍ തന്നെ പിന്നീട് അവ ഉപയോഗിച്ചേക്കാം! ഈ വസ്തുത തിരിച്ചറിഞ്ഞ്, വിശ്വാസികള്‍ കൂടുതല്‍ ജാഗരൂകരായിരിക്കേണ്ട സമയമാണിത്.

സാമൂഹ്യമാധ്യമങ്ങളിലെ ഭക്തഗ്രൂപ്പുകളില്‍ അംഗമാകുന്നതിനു മുമ്പേ അവയുടെ ആധികാരികത ഉറപ്പുവരുത്തേണ്ടിയിരിക്കുന്നു. കൂടാതെ, സാമൂഹ്യമാധ്യമങ്ങളിലെ ‘അത്ഭുതങ്ങളുടെ’ പിറകെ പോകാതെ തിരുസഭാമാതാവ് അംഗീകരിച്ച അത്ഭുതങ്ങളെ സ്വീകരിക്കുകയും പഠനങ്ങളെ ഉള്‍കൊളളുകയും ചെയ്യേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണ്. വ്യാജവാര്‍ത്തകള്‍ക്കു പകരം സഭയുടെ ഔദ്യോഗികപഠനങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ കൂടുതല്‍ പ്രചരിപ്പിക്കുവാനും ശ്രദ്ധിക്കാം.

ഫാ. മാത്യു മുര്യങ്കരി (ജിന്റോ)