കടലാസില്‍ എഴുതിയ ബിബിനച്ചന്‍ 

[avatar user=”Sumam” size=”thumbnail” align=”right”]സുമം തോമസ്‌[/avatar]

മലയാളികള്‍ അറിയാത്ത ഒരു രഹസ്യമുണ്ട്! മലയാളത്തിലെ നമ്പര്‍ വണ്‍ ഫേസ്ബുക്ക് പേജുകളില്‍ ഒന്നായ ‘കടലാസി’ ന്റെ ശില്പി ഒരു നവവൈദികനാണ് – ഫാ. ബിബിന്‍ ഏഴുപ്ലാക്കല്‍.

”എല്ലാവര്‍ക്കുമുണ്ട് സ്വപ്നങ്ങള്‍
ചിലതിനൊക്കെ ചിറകു മുളയ്ക്കും…
ചിലതൊക്കെ മാഞ്ഞുപോകും…!
എന്റെ ഏറ്റവും വലിയ സ്വപ്നം ഈ ഡിസംബര്‍ 28-ന് യാഥാര്‍ത്ഥ്യമാകുകയാണ്,
ഞാന്‍ ഒരു പുരോഹിതനാകുകയാണ്.
എന്റെ ഈ സ്വപ്നത്തിലേക്ക് നിങ്ങള്‍ക്ക് ഹൃദയം നിറഞ്ഞ സ്വാഗതം.
വരണം… അനുഗ്രഹിക്കണം…”

കഴിഞ്ഞ നവംബര്‍ 26-നാണ് കടലാസ് എന്ന ഫേസ്ബുക്ക് പേജിന്റെ അഡ്മിനായ ബിബിന്‍ ഏഴുപ്ലാക്കലിന്റെ പ്രൊഫൈല്‍ പേജില്‍ ഈ സ്റ്റാറ്റസ് പ്രത്യക്ഷപ്പെടുന്നത്. രണ്ട് വര്‍ഷങ്ങളായി നാല് വരികളില്‍ നമ്മളിലേക്കെത്തുന്ന ‘കടലാസ്’ എന്ന ഫേസ്ബുക്ക് പേജിന്റെ അഡ്മിന്‍ ഒരു പുരോഹിതനാണെന്ന് ഭൂരിപക്ഷം പേരും അറിയുന്നത് അപ്പോഴാണ്! ”എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ക്ക് മാത്രമേ ഞാന്‍ ഒരു പുരോഹിതനാണെന്ന് അറിയൂ. ദിവ്യകാരുണ്യ സഭാംഗമാണ് ഞാന്‍. ഡിസംബര്‍-28 നായിരുന്നു എന്റെ പൗരോഹിത്യ സ്വീകരണം. ഒരു വൈദികന്‍ എന്ന നിലയില്‍ നിന്ന് മതപരമായ യാതൊരു വിധ വരികളും ഇതില്‍ ഉപയോഗിക്കുന്നില്ല. അതിനായി ഞാന്‍ ശ്രമിക്കാറുമില്ല. മാനുഷികമായ, നന്മ നിറഞ്ഞ നല്ല എഴുത്തിനെ പ്രോത്സാഹിപ്പിക്കുക അതാണ് കടലാസ് എന്ന പേജ് കൊണ്ട് ഉദ്ദേശിക്കുന്നത്” ഫാദര്‍ ബിബിന്റെ വാക്കുകള്‍. കലാകാരന്‍മാരെ വളര്‍ത്തുക എന്നാണ് കടലാസ് അതിന്റെ ദൗത്യമായി ഏറ്റെടുത്തിരിക്കുന്നത്.

3

‘ഒളിച്ചു വയ്ക്കാനല്ല, വിളിച്ചു പറയാനുള്ളതാണ് കല’ എന്നാണ് കടലാസിന്റെ കവര്‍ചിത്രം പറയുന്നത്. കടലാസില്‍ നമുക്ക് എന്തും എഴുതാം. പ്രണയവും വിരഹവും സങ്കടവും ചിരിയും ബന്ധങ്ങളും ബാല്യവും മുത്തശ്ശിയും പ്രകൃതിയും എല്ലാമെല്ലാം ഈ പേജില്‍ നിറയുന്നുണ്ട്. നല്ല ചിന്തകളാണ് ഈ പേജിന്റെ രാഷ്ട്രീയം. അതിനാല്‍ നമ്മുടെ മുഖ്യധാരാ രാഷ്ട്രീയം കടലാസിന്റെ പടി കടന്നു വരുന്നില്ല. നവമാധ്യമത്തെ നന്മയുടെ വാക്കുകളില്‍ സംഗ്രഹിക്കുന്ന കാഴ്ചയാണ് കടലാസ് എന്ന പേജിലൂടെ ഫാദര്‍ ബിബിന്‍ ഏഴുപ്ലാക്കല്‍ എന്ന വൈദികന്‍ നമുക്ക് കാണിച്ചു തരുന്നത്. ജീവിതത്തിന്റെ എല്ലാ മേഖലകളെയും സ്പര്‍ശിച്ചിട്ടുള്ളതാണ് കടലാസിലെ വരികള്‍. ലൈക്ക് കൊടുക്കുമ്പോള്‍ തന്നെ ഷെയര്‍ ബട്ടണിലേക്കും കൈകളെ എത്തിക്കാന്‍ കഴിയുക എന്നത് നവമാധ്യമ ലോകത്തെ ഒരു ചെറിയ കാര്യമല്ലല്ലോ?

നോട്ട് ക്ഷാമത്തിന്റെ ഈ കാലത്ത് അജിത് കുമാര്‍ ആര്‍. എന്ന കവി കടലാസിന്റെ പേജില്‍ ഇങ്ങനെ എഴുതി ‘നോട്ടുള്ളവന്‍ നോട്ടപ്പുള്ളിയായി, ചില്ലറയുള്ളവന്‍ ചില്ലറക്കാരനല്ലാതായി’! വായിച്ചവര്‍ ഒരു നിമിഷം ചിന്തിച്ചിട്ട് അടുത്ത ഫോട്ടോയിലെക്ക് മൗസ്‌ക്ലിക്ക് ചെയ്തു. ‘ടൈംടേബിള്‍ നേരത്തെ കിട്ടാത്ത കൊല്ലപ്പരീക്ഷയാണ് മരണ’മെന്ന് സ്വാതി എഴുതുമ്പോള്‍, ‘ലേബര്‍ റൂമിലെ നഴ്‌സ് വിചാരിച്ചാല്‍ മാറിപ്പോകുന്ന ഒരു പഴന്തുണിയാണ് മതം’ എന്ന് ജിംഷാദ് എഴുതുമ്പോള്‍ ഇവയെല്ലാം വായനക്കപ്പുറമുളള ചിന്തയുടെ ലോകമാണ് തുറന്ന് തരുന്നത്.

ആദ്യം സ്വന്തം പേജില്‍ തന്നെയാണ് രചനകള്‍ ഡിസൈന്‍ ചെയ്ത് പോസ്റ്റ് ചെയ്തിരുന്നതെന്ന് ഫാദര്‍ ബിബിന്‍. രചനകള്‍ക്ക് ലഭിച്ച സ്വീകാര്യതയാണ് പേജ് എന്ന ആശയത്തിലേക്ക് എത്താനുള്ള കാരണം. ആദ്യമായി നാല് വരികള്‍ ഡിസൈന്‍ ചെയ് പോസ്റ്റ് ചെയ്തപ്പോള്‍ കിട്ടിയ പ്രതികരണവും കൂട്ടുകാരുടെ പ്രോത്സാഹനവും ഈ പേജിന്റെ കാരണങ്ങളിലൊന്നാണെന്ന് അദ്ദേഹം സ്‌നേഹത്തോടെ കൂട്ടിച്ചേര്‍ക്കുന്നു. 2014-ലെ കേരളപ്പിറവി ദിനത്തിലാണ് കടലാസിന്റെ പേജ് ആദ്യമായി വായനക്കാരിലെത്തിയത്. 2016 പൂര്‍ത്തിയാകുമ്പോള്‍ രണ്ടര ലക്ഷം വായനക്കാരെയാണ് കടലാസ് നേടിയെടുത്തത്.

ഇത്രയധികം വായനക്കാരുളള ഈ പേജ് ഒരുങ്ങിയിറങ്ങുന്നത് ഒറ്റയൊരാളുടെ പരിശ്രമത്തിലാണ് എന്നറിയുമ്പോഴാണ് നമ്മള്‍ അത്ഭുതപ്പെട്ട് പോകുന്നത്. കടലാസ് എന്നത് ഒരു ടീം വര്‍ക്കല്ല. വരികള്‍ തിരഞ്ഞെടുക്കുന്നതും പേജ് ഡിസൈന്‍ ചെയ്യുന്നതും പോസ്റ്റ് ചെയ്യുന്നതും അച്ചന്‍ തന്നെ. ഫാദര്‍ ബിബിന്റെ ഈ ഒറ്റയാള്‍ മുന്നേറ്റം ഒരാള്‍ക്ക് എത്രമാത്രം നന്മ ചെയ്യാന്‍ സാധിക്കും എന്നതിന്റെ അടയാളമാണ്. തീര്‍ച്ചയായും വായിക്കുന്നവരെ ഇത് പ്രചോദിപ്പിക്കേണ്ടതാണ്.

സെമിനാരിയില്‍ പഠിക്കുന്ന സമയത്താണ് അദ്ദേഹം ഡിസൈനിംഗ് പഠിക്കുന്നത്. എഴുത്തിനോടുള്ള ഇഷ്ടം പണ്ടേ ഉണ്ടായിരുന്നു. ഇത് രണ്ടും കൂടിച്ചര്‍ന്നപ്പോള്‍ ഒരേസമയം കാഴ്ചയുടെയും വായനയുടെയും വേറിട്ട അനുഭവമായി മാറി. ”ഇതിനെയൊരു വിപ്ലവമെന്ന രീതിയില്‍ സമീപിക്കാനോ പറയാനോ ഞാന്‍ തയ്യാറല്ല. എന്നെക്കൊണ്ട് സാധിക്കുന്ന വിധത്തില്‍ സമൂഹത്തിലേക്ക് നന്മയുടെ ഒരു വാക്കെങ്കിലും പകര്‍ന്ന് നല്‍കാന്‍ എനിക്കായാല്‍ അത്രയും സന്തോഷം.” അച്ചന്റെ വാക്കുകളില്‍ വിനയം നിറയുന്നു. ഒ.വി. വിജയന്റെ ആരാധകനാണ് ബിബിനച്ചന്‍; ഇഷ്ടപുസ്തകം ഗുരുസാഗരം. ഒപ്പം ഹൈക്കു കവിതകളും വായനയില്‍ ഉള്‍പ്പെടുത്താറുണ്ട്.

2 lifeday kadaasss

കുഞ്ഞുണ്ണി മാഷിന്റെ കുഞ്ഞു കവിതകളും പത്മരാജന്റെ ഉളളുലയ്ക്കുന്ന വരികളും കടലാസ് ചിത്രങ്ങളായി വായനക്കാരിലേക്ക് എത്തിച്ചിട്ടുണ്ട്. സമൂഹത്തോട് എങ്ങനെ സംവദിക്കണമെന്ന് തീര്‍ച്ചയുള്ള ഒരാളുടെ കടലാസ് വിപ്ലവമാണിത്. മലയാളികള്‍ ഒന്നടങ്കം ഏറ്റെടുത്ത ഷെയര്‍ ചാറ്റ് ആപ്പ് അവരുടെ ടീഷര്‍ട്ടുകളില്‍ അച്ചടിച്ചത് കടലാസിലെ വരികളായിരുന്നു. അതുപോലെ കടലാസിലെ എല്ലാ പോസ്റ്റുകളും അയ്യായിരത്തിലേറെ ലൈക്കുകളിലൂടെയാണ് ഓരോ ദിവസവും കടന്നു പോകുന്നത്.

കടലാസ് ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ നവംബര്‍ 1-ന് അച്ചന്‍ പൂനയിലായിരുന്നു. അന്ന് തെരുവില്‍ കഴിയുന്ന എല്ലാവര്‍ക്കും ഭക്ഷണം നല്‍കി വാങ്ങിയാണ് കടലാസ് ഒന്നാം പിറന്നാള്‍ ആഘോഷിച്ചതെന്ന് അച്ചന്‍ അഭിമാനത്തോടെ ഓര്‍ത്തെടുക്കുന്നു. പെരുമ്പാവൂര്‍ സ്വദേശിയായ ഫാദര്‍ ബിബിന്‍ തന്റെ വൈദിക പഠനം പൂര്‍ത്തിയാക്കിയത് പൂന പേപ്പല്‍ സെമിനാരിയിലായിരുന്നു.

ഇതുവരെ കാണാത്ത ഡിസൈനിംഗിലൂടെ നല്ല ചിന്താശകലങ്ങള്‍ വായനക്കാരിലേക്ക് എത്തിക്കുക എന്നതാണ് ഈ പേജിന്റെ ലക്ഷ്യമെന്ന് ഫാദര്‍ ബിബിന്‍ പറയുന്നു. സമൂഹത്തെ പ്രത്യേകിച്ച് യുവജനങ്ങളെ സ്വാധീനിക്കാന്‍ നവമാധ്യമങ്ങള്‍ക്ക് അപാരമായ കഴിവുണ്ട്. ഈ അവസരത്തില്‍ ഫേസ്ബുക്ക് പോലെയുളള ഒരു നവമാധ്യമത്തെ എങ്ങനെ നല്ല രീതിയില്‍ ഉപയോഗപ്പെടുത്താം എന്ന ചിന്തയില്‍ നിന്നാണ് കടലാസ് എന്ന പേജ് തുടങ്ങുന്നതെന്നാണ് ഇദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. അനവധി പുതിയ എഴുത്തുകാര്‍ക്ക് ഇടം നല്‍കാന്‍ കഴിഞ്ഞു എന്നതാണ് ഈ പേജിന്റെ ഏറ്റവും വലിയ നന്മ. അതുപോലെ തന്നെ വായനയ്ക്ക് ഒരു പുതിയ ദിശ നല്‍കാനും കഴിയുന്നു.

കടലാസിന് കടലായുസ്സുണ്ടാകട്ടെ എന്നായിരുന്നു തിരക്കഥാകൃത്ത് ഉണ്ണി ആര്‍ ന്റെ ആശംസ. ജോയ് മാത്യു, സുസ്‌മേഷ് ചന്ദ്രോത്ത് എന്നിവരും കടലാസിന് ആശംസ നേര്‍ന്നിരുന്നു. ദിനംപ്രതി വര്‍ദ്ധിക്കുന്ന വായനക്കാര്‍ ഈ പേജിന്റെ സ്വീകാര്യതയെയാണ് വിളിച്ച് പറയുന്നത്. ”ഈ പേജ് കുറച്ചു കൂടി ജനകീയമാക്കാനുള്ള പദ്ധതിയിലാണ് ഞാന്‍. സാധാരണക്കാരനിലേക്ക് കൂടി വായനയെ എത്തിക്കുക എന്നതാണ് അടുത്ത ലക്ഷ്യം.” കലയെ ഒളിച്ചു വയ്ക്കാതെ വിളിച്ചു പറയാന്‍ അനവധി പേര്‍ മുന്നോട്ട് വരുന്നു എന്നതാണ് പേജിനെ വീണ്ടും ജനകീയമാക്കുന്നത്.

https://www.facebook.com/kadalaass/

സുമം തോമസ്‌

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.