സമൂഹം ഇല്ലാതാക്കാൻ പറഞ്ഞ ആ ‘കുഞ്ഞ്’ ഇന്ന് വൈദികനാണ്; ജീവന്റെ സംരക്ഷകനാണ്

“അന്ന് ചുറ്റുമുള്ളവർ എല്ലാവരും എന്റെ അമ്മയോട് പറഞ്ഞു ‘ഈ കുഞ്ഞിനെ കളയാൻ.’ എന്നാൽ, അമ്മ അതിന് തയ്യാറായിരുന്നില്ല. തയ്യാറായിരുന്നെങ്കിൽ ഇന്ന് ഈ സാക്ഷ്യം പറയുവാൻ നിങ്ങൾക്കു മുമ്പിൽ ഞാൻ ഉണ്ടാകുമായിരുന്നില്ല” – ഫാ. ആൽഫർ അന്റോണിയോ വെലസ് തന്റെ ജീവിതത്തെക്കുറിച്ച് പറഞ്ഞു തുടങ്ങിയത് ഇങ്ങനെയാണ്‌. ഈ വാക്കുകൾക്കു പിന്നിൽ ഒരു അമ്മയുടെ ത്യാഗം ഉണ്ടായിരുന്നു; സഹനം ഉണ്ടായിരുന്നു. ഒരു അമ്മയുടെ സഹനവും വിശ്വാസവും മക്കളെ വിശുദ്ധിയിലേയ്ക്ക് നയിക്കും എന്നതിന് ഉദാഹരണമാണ് ഈ വൈദികന്റെ ജീവിതം.

ദുരിതങ്ങളുടെ തീച്ചൂളയിലും മകനെ ചേർത്തുപിടിച്ച അമ്മ

ഒരു പെൺകുട്ടിയെ സംബന്ധിച്ചിടത്തോളം വിവാഹം, കുടുംബജീവിതം ഇതൊക്കെ അവളുടെ സ്വപ്നമാണ്. മറ്റു കുട്ടികളെപ്പോലെ തന്നെ വിവാഹജീവിതം സ്വപ്നം കണ്ടുകൊണ്ട് ജീവിക്കുമ്പോഴാണ് അവളുടെ ജീവിതത്തിൽ ഇരുൾ പടർത്തി ഒരു സംഘം ആളുകൾ കടന്നുവരുന്നത്. കൂടെ ജോലി ചെയ്യുന്നവർ. ഒരു പാർട്ടിക്കിടെ ആ പെൺകുട്ടി ക്രൂരമായി പീഡിപ്പിക്കപ്പെട്ടു. ആ ഒരു ഷോക്കിൽ നിന്നും സാധാരണ ജീവിതത്തിലേയ്ക്ക് തിരികെ എത്തിയപ്പോഴേയ്ക്കും അവൾ തിരിച്ചറിഞ്ഞു, തന്റെ ഉദരത്തിൽ ഒരു ജീവൻ വളരുന്നുണ്ട് എന്ന്. ചുറ്റും ഇരുൾ നിറഞ്ഞ അവസ്ഥ. എന്തു ചെയ്യണം എന്നറിയില്ല. സഹതപിക്കാൻ  ധാരാളം ആളുകൾ ചുറ്റുമുണ്ടെങ്കിലും ആരിൽ നിന്നും ഒരു ആശ്വാസം ലഭിച്ചിരുന്നില്ല. ഈ അവസ്ഥയിൽ അവൾ തന്റെ ദൈവത്തിലേയ്ക്ക് തിരഞ്ഞു.

“എന്റെ അമ്മ വളരെ വിശ്വാസിയായിരുന്നു. വിശുദ്ധയായിരുന്നു. ആ നിമിഷം അമ്മയുടെ ഉള്ളിലുണ്ടായിരുന്ന എല്ലാ ആകുലതകളെയും വേദനകളെയും അമ്മ ദൈവത്തിന് സമർപ്പിച്ചു. വേദനിപ്പിക്കുന്ന അവസ്ഥകൾക്കിടയിലും ദൈവത്തിന്റെ അത്ഭുതം, ഒരു ജീവൻ തന്റെ ഉദരത്തിൽ വളരുന്നുണ്ട് എന്ന് മനസിലാക്കി, ആ ഒരു ബോധ്യത്തിലേയ്ക്ക് വന്നു. സമൂഹത്തിൽ പലരും പറഞ്ഞു ‘ആ കുഞ്ഞിനെ കളഞ്ഞേക്കാൻ.’ എന്നാലും അമ്മയ്ക്ക് അതിന് മനസ് വന്നില്ല. അമ്മ പറഞ്ഞു: ‘ഈ കുഞ്ഞിനെ കളയാൻ പറ്റില്ലാന്ന്.’ വീട്ടുകാർക്ക് അത് വലിയ കുറച്ചിലായി തോന്നി. നാണക്കേട് ഒഴിവാക്കാനായി ഭാര്യ മരിച്ച ഒരാളെക്കൊണ്ട് അമ്മയുടെ കല്യാണം നിർബന്ധിച്ച് നടത്തി. അതും വലിയ ഒരു സഹനമായി മാറുകയായിരുന്നു. തനിക്ക് എന്തൊക്കെ സംഭവിച്ചാലും അതൊന്നും തന്റെ മകന്റെ ജീവന് ഒരു തടസ്സമാകാതിരിക്കുവാൻ ആ അമ്മ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

ദൈവത്തിലേയ്ക്കുള്ള വഴികാട്ടിയായ വൈദികൻ

അമ്മയുടെ പൂർണ്ണ പിന്തുണയുണ്ടായിരുന്നു എങ്കിലും സാഹചര്യങ്ങൾ ഒന്നും ആൽഫറിന് അനുകൂലമായിരുന്നില്ല. പലരും, തന്നെ അനാഥാലയത്തിൽ ഏൽപ്പിക്കുവാനും ദത്തു നൽകുവാനും ഒക്കെ ആവശ്യപ്പെട്ടു. എന്നെ കൊണ്ടുപോകാൻ തയ്യാറായി ചിലർ വന്നു. എങ്കിലും അമ്മ അതിനൊന്നും ഒരുക്കമായിരുന്നില്ല. പലപ്പോഴും ഇത്തരം സാഹചര്യങ്ങൾ എന്നെ വേട്ടയാടിയിരുന്നു. ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. അദ്ദേഹം ആ സമയത്തെ തന്റെ അനുഭവത്തെക്കുറിച്ച് പറഞ്ഞു.

“എന്തിനു ദൈവമേ, എന്നോട് നീ ഇത് ചെയ്തു?” ഈ ചോദ്യമായിരുന്നു അദ്ദേഹത്തെ നയിച്ചുകൊണ്ടിരുന്നത്. ഒരിക്കൽ സങ്കടം സഹിക്കാതായപ്പോൾ ദൈവത്തോട് പരാതി പറയുവാൻ ഒരു ദേവാലയത്തിൽ ചെന്നിരുന്നു. ആ ദേവാലയ സന്ദർശനമാണ് അദ്ദേഹത്തിന്റെ ജീവിതത്തെ മാറ്റിമറിച്ചത്. അന്ന് ദിവത്തെ ഏറെ പഴിച്ചു കൊണ്ടിരിക്കെയാണ് അദ്ദേഹത്തിന്റെ പക്കൽ ഒരു വൈദികൻ വന്നിരുന്നത്. ആൽഫറിന്റെ ജീവിതം മനസിലാക്കിയ അദ്ദേഹം വളരെ ലളിതമായ ഒരു പരിഹാരം നിർദ്ദേശിച്ചു. “ഇനി മുതൽ നീ, എനിക്ക് എന്തുകൊണ്ട് എങ്ങനെ സംഭവിച്ചു എന്ന് ദൈവത്തോട് ചോദിക്കരുത്. മറിച്ച്, ഇത് എങ്ങനെ അവസാനിക്കും എന്നു ചോദിക്കുക.” വളരെ അത്ഭുതം എന്നു തോന്നിപ്പിച്ച മറുപടി. ഇങ്ങനെ പ്രാർത്ഥിച്ചാൽ ദൈവം തന്റെ പ്രശ്നങ്ങൾ പരിഹരിക്കുമോ എന്ന നിഷ്കളങ്ക ചോദ്യത്തിനു മറുപടിയായി ആ വൈദികൻ ഒന്നുകൂടെ വെളിപ്പെടുത്തി. “മഹത്തായ കാര്യങ്ങൾ ചെയ്യാൻ ദൈവം നമ്മെ വിളിക്കുന്നത് വ്യത്യസ്തമായ രീതിയിലാണ്. ആ വിളി നാം തിരിച്ചറിയണം. നമ്മെ ദൈവത്തിലേയ്ക്ക് എത്തിക്കുന്നതിന് പല അവസരങ്ങളും ഉപയോഗിക്കാം. അവയെ തികഞ്ഞ ബോധ്യത്തോടെ സ്വീകരിക്കുവാൻ നമുക്ക് കഴിയണം.”

എന്തു തന്നെയായാലും ആ ഉത്തരം അത് അദ്ദേഹത്തിന്റെയുള്ളിൽ ഒരു ശാന്തത കൊണ്ടുവന്നു. പതിയെപ്പതിയെ, ദൈവത്തിന് തന്നെക്കുറിച്ചുള്ള പദ്ധതിയെക്കുറിച്ച് ചിന്തിക്കുവാനും അത് വെളിപ്പെടുത്തി കിട്ടുവാനും അവൻ പ്രാർത്ഥിച്ചു തുടങ്ങി. അങ്ങനെ ഇരിക്കുമ്പോൾ ദൈവനിയോഗം പോലെ ഒരു പുസ്തകം മുന്നിൽ പെട്ടു – ദൈവത്തിന്റെ വിളി സ്വീകരിക്കാതെ ഒഴിഞ്ഞുനടന്ന ഒരു വ്യക്തി. ആ വ്യക്തിക്കായി എല്ലാം ചെയ്തുകൊടുക്കുന്ന സ്നേഹനിധിയായ ദൈവം! പുസ്തകത്തിലെ ആ ചിത്രം അവനെ വല്ലാതെ ആകർഷിച്ചു. അവൻ ആ ദൈവത്തെ മനസ്സിൽ പതിപ്പിച്ചു. ദൈവത്തിനായി ജീവിതം മാറ്റിവച്ചു. അങ്ങനെ ഒരു വൈദികനായി മാറി.

അദ്ദേഹത്തെക്കുറിച്ചുള്ള ദൈവത്തിന്റെ പദ്ധതി അവിടം കൊണ്ടും തീർന്നില്ല. ആ വൈദികൻ ഒരിക്കൽ, തന്റെ ജീവൻ ഭൂമിയിലെത്തിക്കാൻ അമ്മയെ സഹായിച്ച ദൈവത്തി നന്ദി പറഞ്ഞുകൊണ്ട് ജീവന്റെ സംരക്ഷണത്തിനായി പോരാടിത്തുടങ്ങി. ഇന്ന് അതിക്രമങ്ങൾക്ക് ഇരയാകുന്ന കുട്ടികളെ സംരക്ഷിക്കുവാനും അവരുടെ ജീവിതം ശോഭനമാക്കുവാനുമുള്ള ശ്രമത്തിലാണ് അദ്ദേഹം. ദൈവം തനിക്ക് ജീവൻ നൽകി. ആ ജീവൻ അനേകരുടെ ജീവിതത്തിന് കാരണമായി തീരുന്നു. അത്ര തന്നെ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.