വിഷാദ രോഗത്തിൽ നിന്നും രക്ഷപെടണമോ? ഈ നിർദേശങ്ങൾ പാലിക്കൂ

ഇന്ന് പ്രായഭേദമന്യേ വ്യക്തികളെ അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് വിഷാദ രോഗം അഥവാ ഡിപ്രെഷൻ. അനാവശ്യമായ ആകുലതകളിലേയ്ക്കും അതുവഴി നിരാശയിലേക്കും കടന്നുപോകുവാൻ ഇത്തരം മാനസിക അവസ്ഥ ഇടയാക്കുന്നു. കൗമാര പ്രായക്കാരെ മുതൽ വൃദ്ധരായ ആളുകളെ വരെ അലട്ടാവുന്ന വലിയ ഒരു പ്രശ്നമാണ് ഇത്. അതിസങ്കീർണ്ണം എന്ന് തോന്നാമെങ്കിലും വിശ്വാസ ജീവിതത്തിൽ ആഴപ്പെട്ട ഒരാൾക്ക് ഇത്തരം മാനസിക അവസ്ഥകളെ അതിജീവിക്കുവാൻ എളുപ്പം സാധിക്കും.

ആഴ്ചയിലൊരിക്കലെങ്കിലും പള്ളിയിൽ പോകുന്ന കൗമാരക്കാർക്കിടയിൽ  വിഷാദരോഗത്തിന്റെ സാധ്യത 20% മാത്രമാണെന്ന് പഠനങ്ങൾ തെളിക്കുന്നു. ജീവിതത്തിലെ പ്രശ്നങ്ങൾ അല്ല നമ്മെ വിഷാദ രോഗത്തിലേക്ക് തള്ളിവിടുന്നത്, മറിച്ച് പ്രശ്നങ്ങളെ അഭിമുഖീകരിക്കുവാൻ സാധിക്കാത്ത മാനസിക അവസ്ഥയാണ് നമ്മെ നിരാശയിലേയ്ക് നയിക്കുന്നത്. മാനസിക ബലം നമ്മിൽ രൂപപ്പെടണമെങ്കിൽ നാം വിശ്വാസജീവിതത്തിൽ ശക്തി പ്രാപിച്ചവർ ആയിരിക്കണം.

ദൈവത്തെ കൂടാതെ ഒന്നും ചെയ്യുവാൻ നമുക്ക് സാധിക്കില്ല. ദൈവം നമ്മുടെ കൂടെയുണ്ട് എന്നുള്ള ബോധ്യത്തോടെ ജീവിക്കുന്ന വ്യക്തിക്ക് മാറിമാറി വരുന്ന മാനസിക അവസ്ഥകളെ നിയന്ത്രിക്കുവാൻ സാധിക്കും. അതിനായി വിശ്വാസപരമായ അഞ്ചു കാര്യങ്ങളിലുള്ള പരിശീലനം നമ്മെ സഹായിക്കും. അവ താഴെ കൊടുക്കുന്നു.

1. പരമാവധി ദിവസങ്ങളിൽ വിശുദ്ധ കുർബാനയിൽ സംബന്ധിക്കുക

സാധിക്കുന്ന ദിവസങ്ങളിലെല്ലാം വിശുദ്ധ കുർബാനയിൽ പങ്കെടുക്കുക. ഞായറാഴ്ച കുർബാന ഒരിക്കലും ഒഴിവാക്കരുത്. എല്ലാം നൽകി നമ്മെ അനുഗ്രഹിച്ച ദൈവത്തിന് നന്ദി പ്രകാശിപ്പിക്കുവാനുള്ള അവസരമാണ് ഓരോ വിശുദ്ധ ബലിയും. നമ്മുടെ സങ്കടങ്ങൾ നമ്മിൽ തന്നെ നിലനിർത്താതെ അത് ദൈവത്തോട് പറഞ്ഞു കൊണ്ട് അവിടുത്തെ സഹായം യാചിക്കുന്ന നിമിഷമാണ് വിശുദ്ധ കുർബാനയുടെ സമയം. കുർബാനയിൽ ചങ്കുപൊട്ടി നിലവിളിക്കുന്നവരുടെ യാചന ദൈവം കേൾക്കുക തന്നെ ചെയ്യും. അതിനാൽ സ്വർഗീയമായ നന്മകൾ പ്രധാനം ചെയ്യുന്ന വിശുദ്ധ ബലിയിൽ പങ്കുകൊള്ളാൻ പരമാവധി ശ്രമിക്കുക.

2. പള്ളിയിലെ സംഘടനാ പ്രവർത്തനത്തിന്റെ ഭാഗമാകുക  

ഇടവക ദേവാലയത്തിലെ സംഘടനാ പ്രവർത്തനത്തിന്റെ ഭാഗമാകുക. അതിൻ്റെ പ്രവർത്തന മേഖലകളിലും സന്നദ്ധ പ്രവർത്തനങ്ങളിലും എല്ലാം പങ്കെടുക്കുന്നത് വഴി നമ്മെ അലട്ടുന്ന പ്രശ്നങ്ങളിൽ നിന്നും പുറത്തുകടക്കുവാൻ സാധിക്കും. മനസിനെ കൂടുതൽ ഉണർവുള്ളതും ഊർജ്ജസ്വലവും ആക്കുവാൻ ഇത് സഹായിക്കുന്നു.

3. പ്രാർത്ഥനയോടെ ദിവസം ആരംഭിക്കുക

എല്ലാ ദിവസവും ക്രൂശിത രൂപത്തിൻ്റെ മുൻപിൽ അല്പസമയം നിശബ്തമായി ചിലവൊഴിക്കുക. ഹൃദയത്തെ അലട്ടുന്ന പ്രശ്നങ്ങൾ അവിടെ ആയിരുന്നു കൊണ്ട് ഒരു പേപ്പറിൽ എഴുതുക. ക്രൂശിതന് സമർപ്പിക്കുക. അതിനുശേഷം ദൈവത്തെ സ്തുതിക്കുവാനും നന്ദി പറയുവാനുമായി കുറച്ചു സമയം ചിലവിടുക.

4. ദിവസം മുഴുവനും ചെറിയ പ്രാർത്ഥന ഉരുവിടുവാൻ ശ്രമിക്കുക

ചെറിയ പ്രാർത്ഥനകൾ ദിവസം മുഴുവനും ഉരുവിടുവാൻ പരിശ്രമിക്കുക. അത് നമ്മിൽ ദൈവവിചാരം നിറയുവാനും അതുവഴി നമ്മെ അലട്ടുന്ന പ്രശ്നങ്ങളിൽ നിന്നു മോചനം നേടുവാനും സാധിക്കും. ‘കർത്താവേ കരുണയായിരിക്കണമേ’, ‘ഈശോയെ ഞാൻ നിന്നെ സ്നേഹിക്കുന്നു’, ‘അങ്ങ് എൻ്റെ സഹായമായിരിക്കണമേ’ എന്നിങ്ങനെയുള്ള പ്രാർത്ഥനകൾ ഉരുവിടുന്നത് നല്ലതാണ്.

5. എനിക്ക് ഇന്ന് എത്രമാത്രം മറ്റുള്ളവരെ സ്നേഹിക്കുവാൻ സാധിച്ചു?

സ്വന്തം പ്രശ്നങ്ങളിൽ നിന്നും പുറത്ത് കടന്ന് മറ്റുള്ളവരെ സ്നേഹിക്കുവാൻ പരിശ്രമിക്കുക. എനിക്ക് ഇന്ന് എത്രമാത്രം മറ്റുള്ളവരെ സ്നേഹിക്കുവാൻ സാധിച്ചു എന്ന് ഓരോ ദിവസവും ആത്മശോധന ചെയ്യുക. കുറവുകൾ നികത്തുക. ഇത് നമ്മുടെ വ്യത്യസ്ത മാനസിക അവസ്ഥകളെ ഒരു പരിധിവരെ നിയന്ത്രിക്കുവാൻ സഹായിക്കും. അങ്ങനെ നമ്മിലേക്ക്‌ തന്നെ ഒതുങ്ങിക്കൂടാതെ മറ്റുള്ളവരോടൊപ്പം ചേർന്ന് ഊർജ്ജ്വസ്വലമായ ഒരു ജീവിതം നയിക്കാം.