വള്ളത്തില്‍ അരിയുമായി ഒരച്ചന്‍

കാലവര്‍ഷം ദുരിതം വിതച്ച കുട്ടനാടില്‍ തന്റെ പ്രവര്‍ത്തിപാത കൂടുതല്‍ വ്യക്തമാക്കുകയാണ്  ഫാദര്‍ രാജീവ്‌ ജോസഫ്‌

“നീ എന്താടി ഒന്നും തിന്നാത്തെ?” അവര്‍ സ്നേഹം നിറഞ്ഞ ശാസനയോടെ ചോദിച്ചു. “നല്ല അടി വെച്ച് തരും, പെണ്ണെ,” അവര്‍ തുടര്‍ന്നു. വെള്ളി കെട്ടിയ അവരുടെ മുടിയിഴകള്‍ ഈര്‍പ്പം നിറഞ്ഞ മുഖത്ത് ഒട്ടിപിടിച്ചു. ചുളിവുകള്‍ നിറഞ്ഞ മുഖത്തെ ചിരി കാണാന്‍ ഇത്രയേറെ ഭംഗിയുണ്ടോ എന്ന് ആരുമൊന്നു ചിന്തിച്ചു പോകും.

അവരുടെ ശാസന കേട്ടാണ് അദ്ദേഹം അങ്ങോട്ട്‌ എത്തുന്നത്. അദ്ദേഹത്തിന്റെ മുഖത്ത് സംശയം നിഴലിച്ചു. ആരാണ് ഇവിടെ? ആരോടാണ് ഇവര്‍ സംസാരിച്ചത്? അമ്മച്ചിയെന്ന് വിളിച്ചുകൊണ്ടാണ് ഫാദര്‍ രാജീവ്‌ ജോസഫ്‌ വള്ളം തുഴഞ്ഞു എത്തിയത്. ത്രേസ്സിയാമ്മേ എന്ന് എല്ലാവരും സ്നേഹപൂര്‍വ്വം വിളിക്കുന്ന 70 കഴിഞ്ഞ വയോധിക അവിടെ ഒറ്റയ്ക്കാണ് താമസം. വള്ളം അടുത്ത് എത്തിയപ്പോഴാണ് കാര്യം മനസിലായത്. ആരുമില്ലെന്നൊക്കെ നാട്ടുകാര്‍ക്ക് മാത്രം തോന്നുന്നതാണ്. അമ്മച്ചിയുടെ കുറെ ‘അഭയാര്‍ഥി മക്കള്‍’ അവിടെയുണ്ട്! പൂച്ചകളാണ് ഏറെയും! ഒന്ന് രണ്ടു പട്ടികളുമുണ്ട്. അവരെ ഭക്ഷണം കഴിപ്പിക്കുന്ന തത്രപ്പാടിലാണ് അവര്‍. ഒരു മകള്‍ ഉണ്ടെങ്കിലും, അഭിമാനിയായ ആ വയോധിക തന്റെ കുഞ്ഞു കൂരയുടെ സമീപം  ചില്ലറ കൃഷിയും ചെയ്താണ് കഴിഞ്ഞു പോന്നത്.

കേരളത്തിന്‍റെ നെല്ലറയായ കുട്ടനാട് ഒരുപക്ഷേ, അത്രെയും ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഒരു പ്രദേശം തന്നെയാണ്. ഗൃഹാതുരത്വത്തിനും അപ്പുറം പേമാരിയില്‍ മുങ്ങിയപ്പോഴും പലരും തങ്ങളുടെ വീടുകള്‍ വിട്ടു പോകാന്‍ ഇഷ്ടപ്പെടുന്നില്ല.

ദിവസങ്ങളായി തുടരുന്ന കനത്ത മഴയില്‍ മധ്യ കേരളംമുങ്ങിയപ്പോള്‍ ഏറെ  ബാധിച്ചത് ആലപ്പുഴ അടങ്ങുന്ന കുട്ടനാടന്‍ പ്രദേശങ്ങളെയാണ്. കണ്ടംകരിയിലെ സെന്റ്‌ ജോസഫ്‌ പള്ളിയുടെ നേതൃത്വത്തില്‍ ഫാ. രാജീവ്, മഴ ബാധിച്ച പ്രദേശങ്ങളില്‍ തന്റെ പ്രവര്‍ത്തനങ്ങള്‍ തുടരുമ്പോഴാണ് ഒറ്റപ്പെട്ട വയോധികയെക്കുറിച്ച്, അവരുടെ അയല്‍വക്കക്കാരായ ആളുകളില്‍ നിന്ന് അറിയുന്നത്. ശക്തമായി പെയ്യുന്ന മഴയില്‍ അവരുടെ വീട് മുഴുവന്‍ വെള്ളം കയറിയിരുന്നു. ഉയര്‍ത്തി വെച്ചിരിക്കുന്ന കട്ടിലിലാണ് സാധനങ്ങള്‍, അതിന്റെ ഒരു മൂലയില്‍ തന്നെ ഉറക്കവും.  ഭക്ഷണം പാകം ചെയ്യാന്‍ കഴിയാവുന്ന അവസ്ഥയാണെങ്കിലും അവശ്യ സാധനങ്ങളായ അരിയും മറ്റും തീര്‍ന്ന അവസ്ഥ.

അവസ്ഥ കണ്ടു മടങ്ങിയ ഫാ. രാജീവ്‌, കുറച്ചു സാധനങ്ങളുമായി തിരികെ എത്തി. കുറച്ച് അവര്‍ക്ക് നല്‍കുകയും ബാക്കി കുറച്ചു അയല്‍ക്കാരേ ഏല്പിക്കുകയും ചെയ്തു. വ്യക്തിപരമായി ചെയ്യാന്‍ കഴിയുന്ന സഹായം സഭയുടെ സഹായങ്ങള്‍ക്ക് പുറമേ ചെയ്തു വരികയാണ് ഈ വൈദികന്‍.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.