ഇതാ മുഖ്യമന്ത്രി ഞങ്ങളുടെ പങ്കുകൾ ചേർത്തുവച്ച മുപ്പതിനായിരം രൂപ

ക്ലിന്റൺ എൻ. സി. ഡാമിയൻ

കഴിഞ്ഞ ആഴ്ചയിലായിരുന്നു  കേരള സർക്കാർ തിരുവനന്തപുരം കനകക്കുന്ന് നിശാഗന്ധിയിൽ വച്ച് രക്ഷാപ്രവർത്തനത്തിനു പോയ മത്സ്യത്തൊഴിലാളികളെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ആദരിച്ചത്. അതിലൊരു കാഴ്ചക്കാരനായി നിന്നിരുന്ന നേരത്ത് മത്സ്യത്തൊഴിലാളികളെ കാണാൻ ജനം അവിടെയ്ക്ക് ഇടിച്ചു കയറി. ചടങ്ങിൽ മുഖ്യമന്ത്രി മത്സ്യത്തൊഴിലാളികളുടെ ധീരതയ്ക്ക് വാക്കുകൾ കൊണ്ട് ഉഗ്രൻ ബിഗ് സല്യൂട്ട് നൽകി. തുടർന്ന് പ്രതീകാത്മകമായി ഒരു ജില്ലയിൽ നിന്നും തിരെഞ്ഞടുക്കപ്പെട്ട രണ്ടു മത്സ്യത്തൊഴിലാളികളെ വീതം മുഖ്യമന്ത്രി നേരിട്ട് പൊന്നാടയും പ്രശംസ പത്രവും സർട്ടിഫിക്കറ്റും നൽകി ആദരിച്ചു. തുടർന്ന് മന്ത്രിമാരും എംഎൽഎമാരും ചേർന്ന് ചടങ്ങിൽ പങ്കെടുത്ത എല്ലാ മത്സ്യത്തൊഴിലാളികളെയും ആദരിച്ചു. ചടങ്ങുകളൊക്കെ സമാപിച്ച് വീട്ടിലേക്ക് മടങ്ങുമ്പോൾ മത്സ്യത്തൊഴിലാളികളെ കണ്ട് ആവേശഭരിതമായി.

 എന്നാൽ രാത്രിയിൽ അടുത്ത സൗഹൃദം പുലർത്തുന്ന ഒരു മാധ്യമപ്രവർത്തകൻ വിളിച്ചു. ആദരിക്കൽ ചടങ്ങിനെപ്പറ്റി ഒത്തിരി നേരം സംസാരിച്ചു. ഇടയ്ക്കു തനിക്കുണ്ടായ ഒരു അനുഭവം പറഞ്ഞു. ചടങ്ങ് റിപ്പോർട്ട് ചെയ്യാൻ ചെന്ന വേളയിൽ വന്ന മത്സ്യത്തൊഴിലാളികളുടെ കയ്യിൽ ഒരു കവർ കണ്ടു. അവരിൽ ഒരാൾ അതിനെ പൊതിഞ്ഞു കയ്യിൽ പിടിച്ചു നിൽക്കുന്നു. ഒരു പഴഞ്ചൻ കവറുകണ്ടിട്ട് ചോദിക്കണമെന്നു തോന്നി. അവരോടു ചോദിച്ചു. പുതിയതുറയിൽ നിന്നും രക്ഷാപ്രവർത്തനത്തിനു പോയവരുടെ സംഘമായിരുന്നു. അതിൽ റോബിൻ എന്നയാൾ സംസാരിച്ചു. മുഖ്യമന്ത്രി ഞങ്ങൾക്കായി പ്രഖാപിച്ച 3000 രൂപ ഞങ്ങൾ ദുരിതാശ്വാസ നിധിയിൽ നൽകി. ഞങ്ങൾക്ക് ആ കാശ് വേണ്ട. അതിനോടപ്പം ഞങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ കടലിൽ പോയി കിട്ടി വീതം വച്ച പങ്കുകളുടെ ആകെ തുകയായ 30000രൂപ മുഖ്യമന്ത്രിയുടെ കയ്യിൽ നൽകണം. ചടങ്ങ് തുടങ്ങി മുഖ്യമന്ത്രി മത്സ്യത്തൊഴിലാളികളെ പ്രശംസിച്ചു സംസാരിച്ചു. തുടർന്ന് അവരോടപ്പം നിന്ന് ഫോട്ടോയെടുത്ത് എടുത്ത് മടങ്ങി. ആ തിരക്കിനിടയിലും അവർ ശ്രമിക്കുന്നുണ്ടായിരുന്നു. ആ കരങ്ങളിൽ ഏൽപ്പിക്കുവാൻ. പക്ഷേ അവർക്കു സാധിച്ചില്ല. ആദരിക്കൽ ചടങ്ങിനിടയിൽ ആർക്കു നൽകണമെന്നറിയാതെ പള്ളിയിൽ കൊണ്ടു കൊടുക്കാമെന്ന് പറഞ്ഞ് അവർ മടങ്ങി.

ഒരു പക്ഷേ അവരുടെ ബാങ്ക് അക്കൗണ്ടുകൾ സമ്പന്നമല്ലായിരിക്കാം. വറുതിയുടെ നാളുകളിലും കണ്ണീരിന്റെ സന്തോഷം പങ്കുവയ്ക്കുന്നവരാകാം. എന്നിരുന്നാലും തങ്ങളുടെ പങ്കുമായി വന്ന അവർ ഒരുപാട് പേരെ തോൽപ്പിച്ചു കളഞ്ഞു. മാധ്യമ പ്രവർത്തകൻ പറഞ്ഞു നിർത്തി. ഫോൺവിളി അവസാനിച്ചിടുമ്പോൾ ഉള്ളിൽ രോമാഞ്ചിതനായി നിന്നു. ഇല്ലായ്മകളിൽ നിന്നും അവർ നൽകീടുന്ന പങ്ക് ഒരു വലിയ മാതൃകയാണ്…..

ക്ലിന്റൺ എൻ. സി. ഡാമിയൻ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.