കുഞ്ഞുമക്കളെ ആദ്യകുര്‍ബാന സ്വീകരണത്തിനായി ആത്മീയമായി ഒരുക്കാം; അനുഗ്രഹിക്കാം

മിനു മഞ്ഞളി

ഇന്ന് കളിക്കാന്‍ വരുന്നില്ലേ എന്ന് ചോദിച്ചെത്തുന്ന അവധിക്കാല സുഹൃത്തുക്കളെയും ചക്കയും മാങ്ങയും നിറഞ്ഞു നില്‍ക്കുന്ന തറവാടുകളിലെക്കുള്ള യാത്രകളെയും എല്ലാം വേണ്ടെന്നു വച്ചു ഈശോയെ സ്വീകരിക്കാന്‍ ഒരു മാസക്കാലമായി പ്രാര്‍ത്ഥനയിലും പഠനത്തിലും ചിലവഴിക്കുന്ന കുഞ്ഞുമക്കളിതാ ഒരുക്കത്തിന്‍റെ അവസാനഘട്ടത്തിലേക്ക് നടന്നടുക്കുന്നു. ആ സുവര്‍ണ്ണ നിമിഷത്തിനു സാക്ഷ്യം വഹിക്കാന്‍ രക്ഷിതാവെന്ന രീതിയില്‍ മക്കളോടൊപ്പം നമുക്കും ഒരുങ്ങാം.

വിശുദ്ധിയുടെ പൊന്‍തൂവലേന്തി നമ്മുടെ കുഞ്ഞുങ്ങള്‍ ഈശോയെ ആദ്യമായി സ്വീകരിക്കുന്നത്, മക്കളുടെ വിവാഹം പോലെ തന്നെ ഏതൊരു അപ്പച്ചന്‍റെയും അമ്മയുടെയും മനസ്സിലെ സ്വപ്നമാണ്. തിരിച്ചറിവിന്‍റെ കാലത്തിലേക്ക് കാലെടുത്തു വച്ച നമ്മുടെ കുഞ്ഞുമക്കള്‍ക്ക് ഇനി ജീവിതത്തില്‍ താങ്ങായി തണലായി പോന്നുണ്ണീശോ കൂട്ടിനുണ്ടാകും എന്നത് മാതാപിതാക്കള്‍ക്ക് ഒരു ബലമാണ്‌. വൈദികന്‍ തൂകിയ  വെഞ്ചരിച്ച വെള്ളത്തില്‍, തലവെട്ടിച്ചു കരച്ചിലിന്‍റെ ആരവത്തോടെ ഈശോയിലേക്ക് തങ്ങള്‍ അടുപ്പിച്ചു വച്ച കുരുന്നുകള്‍, ഇന്ന് തിരിച്ചറിവോടെ, പുഞ്ചിരി തൂകി ഈശോയെ ഏറ്റുവാങ്ങുന്ന ആ ധന്യനിമിഷം.

ഒത്തിരി ആകാംഷയോടുകൂടി ഈശോയെ സ്വീകരിക്കാന്‍ കാത്തിരിക്കുന്ന നമ്മുടെ മക്കള്‍ക്ക്‌, ആ വലിയ നിമിഷത്തിന്‍റെ ആത്മീയനിര്‍വൃതി ജീവിതത്തിലുടനീളം കൂട്ടായി, ഒരു സാന്ത്വനപുഷ്പമായി ഒരിക്കലും വാടാതെ വിടര്‍ന്നുനില്‍ക്കാന്‍ നമുക്കും അവരെ സഹായിക്കാം. ഒരുക്കാം. അതിനായി ഇതാ ചില കാര്യങ്ങള്‍.

1. ദൈവത്തിന് നമ്മുടെ ജീവിതത്തില്‍ ഉള്ള പ്രാധാന്യത്തെക്കുറിച്ച് മക്കളോട് സംസാരിക്കാം

ഞായറാഴ്ച്ച ദിവസം അല്ലെങ്കിലും വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കെണ്ടതിന്‍റെ ആവശ്യകതയെപ്പറ്റിയും, അതുമൂലം ജീവിതത്തിലും ആ ദിവസത്തിലും അനുഭവിക്കുന്ന ദൈവത്തിന്‍റെ അദൃശ്യ കരത്തിന്‍റെ ശക്തിയെപറ്റിയും മക്കളോട് പങ്കുവയ്ക്കാം. വയസ്സ്കാലത്തും ചട്ടയും മുണ്ടും ഉടുത്ത് കിഴക്ക് വെള്ളകീറും മുന്‍പേ എത്ര ദൂരമായാല്‍ പോലും പള്ളിയിലേക്ക് നടന്നു പോകുന്ന പൂര്‍വികരുടെ ആ നഗ്ന പാദങ്ങളുടെ കാല്പാടുകള്‍ പിന്തുടരാന്‍ കുഞ്ഞുമക്കളെ ഉദ്ബോധിപ്പിക്കാം. വിശുദ്ധിയില്‍ ജീവിച്ച് ഈശോയെ വിശുദ്ധകുര്‍ബാനയിലൂടെ ഏറ്റുവാങ്ങി ഒരു സഞ്ചരിക്കുന്ന അള്‍ത്താരയായി ദൈവികസ്നേഹത്തെ പകര്‍ന്നുനല്‍കുന്നവരായി മാറാന്‍ അനുഗ്രഹിക്കാം.

2. ആദ്യകുര്‍ബാന സ്വീകരിക്കാന്‍ ഒരുങ്ങുന്ന കുഞ്ഞുങ്ങളെ സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കാം

ദിവസംതോറുമുള്ള കുടുംബപ്രാര്‍ത്ഥനയില്‍ ഈശോയെ സ്വീകരിക്കാന്‍ ഒരുങ്ങുന്ന നമ്മുടെ മക്കളെ സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കാം. പരിചയത്തിലോ കുടുംബത്തിലോ ഉള്ള മറ്റു കുട്ടികളെയും ഈ സമയം ഓര്‍ത്ത്‌ പ്രാര്‍ത്ഥിക്കുന്നതും ഉചിതമാണ്. അങ്ങനെ ചെയ്യുന്നത് വഴി കുര്‍ബാനസ്വീകരണത്തിന്‍റെ പ്രാധാന്യം മക്കളോട് പറയാതെ പറയാന്‍ നമുക്ക് സാധിക്കുന്നു.

3. വിശുദ്ധ കുര്‍ബാന എഴുന്നള്ളിച്ചു വച്ചുള്ള ആരാധനയില്‍ മക്കളോടൊപ്പം പങ്കുചേരാം

ആദ്യകുര്‍ബാന സ്വീകരണത്തിനായി മക്കളെ ആത്മീയമായി ഒരുക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗമാണ് കുഞ്ഞുമക്കളുടെ ഒപ്പം വിശുദ്ധ കുര്‍ബാന എഴുന്നള്ളിച്ചു വച്ചുള്ള ആരാധനയിലുള്ള പങ്കുചേരല്‍ എന്ന് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയും ബനഡിക്റ്റ് പതിനാറാമന്‍ മാര്‍പ്പാപ്പയും അഭിപ്രായപ്പെടുന്നു. അതിനോടൊപ്പം രക്ഷിതാക്കളുടെ സാന്നിധ്യവും സാമീപ്യവ്യും മക്കള്‍ക്ക്‌ കൂടുതല്‍ അനുഗ്രഹദായകവുമാണ്. ആരാധനയില്‍ മക്കള്‍ ഭക്തിപൂര്‍വ്വം പങ്കെടുക്കുമോ എന്ന ആശങ്ക വേണ്ട. അവരോട് ഇത്ര മാത്രം പറഞ്ഞു കൊടുക്കാം: “ഈശോയോടൊത്ത് കുറച്ചു നേരം നമുക്ക് സമയം ചിലവഴിക്കാം. ശാന്തമായി ഇരുന്ന് ഈശോയോട് ഒരു നല്ല അപ്പച്ചനോട് സംസാരിക്കുന്ന പോലെ സംസാരിക്കാം. ഈശോയ്ക്കു നമ്മോടു പറയാനുള്ളതും കാതോര്‍ക്കാം. വീട്ടിലെ തിരക്കിനിടയില്‍ നമുക്ക് അതിനു സാധിക്കില്ലെന്ന് വന്നേക്കാം. ആരാധനക്കായി ചിലവഴിക്കുന്ന സമയം നമുക്ക് അതിനായി പ്രയോജനപ്പെടുത്താം.”

മക്കള്‍ എല്ലാം പെട്ടെന്ന് ഗ്രഹിക്കുവാനും വിശ്വസിക്കുവാനും കഴിവുള്ളവരാണ്. അതിനാല്‍ നാം അവരോട് പങ്കുവയ്ക്കാന്‍ തയ്യാറായാല്‍ മാത്രം മതിയാകും എന്ന് ഓര്‍ക്കുക.

അനുഗ്രഹിച്ച്, ആശീര്‍വദിച്ച് നമുക്ക് മക്കളെ അള്‍ത്താരയിലേക്ക് ആനയിക്കം.  കുമ്പസാരിച്ച് ഒരുങ്ങി,  തൂവെള്ള വസ്ത്രമണിഞ്ഞു എല്ലാ ആത്മീയചൈതന്യത്തോടും കൂടി നില്‍ക്കുന്ന മക്കളെ ദൈവത്തിന് സമര്‍പ്പിക്കാം.

ആ ധന്യ നിമിഷത്തില്‍ നമുക്ക് പ്രാര്‍ത്ഥിക്കാം: പൊന്നുതമ്പു രാനെ, കൂട്ടായിരിക്കേണമേ, എന്നും എപ്പോഴും. മക്കളുടെ വസ്ത്രത്തിന്‍റെ നിറം മാറിപ്പോയാലും, അങ്ങയുടെ ചൈതന്യവും മനസ്സാക്ഷിയിലെ അങ്ങയുടെ സ്വരവും മായാതെ മങ്ങാതെ അവനും അവള്‍ക്കും കൂട്ടായിരിക്കേണമേ. ആമ്മേന്‍.

മിനു മഞ്ഞളി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.