‘ജോമോന്റെ സുവിശേഷങ്ങൾ’ വായിക്കാന്‍ നല്ലതാണ്

എയ്മി ഗ്ലാഡി
എയ്മി ഗ്ലാഡി

“പണിക്കാർ ഉപേക്ഷിച്ചു കളഞ്ഞ കല്ല് മൂലക്കല്ലായിത്തീർന്നു” (ലൂക്കാ 20:17). ‘ജോമോന്റെ സുവിശേഷങ്ങൾ’ എന്ന സിനിമയെ ഒറ്റ വാക്യത്തിൽ ഇങ്ങനെ സംഗ്രഹിക്കാം. മനുഷ്യജീവിതത്തിൽ എല്ലാ കാലഘട്ടങ്ങളിലും പ്രസക്തമായ ചില യാഥാർത്ഥ്യങ്ങളുടെ തന്മയത്വമാർന്ന ദൃശ്യാവിഷ്ക്കാരമാണ് “ജോമോന്റെ സുവിശേഷങ്ങൾ.”

മലയാള സിനിമയ്ക്ക് എക്കാലവും നല്ല സിനിമകൾ സമ്മാനിച്ചിരിക്കുന്ന സത്യൻ അന്തിക്കാട് സംവിധാനം ചെയ്തിരിക്കുന്ന ഈ സിനിമയുടെ കഥാരചന ഇക്ബാൽ കുറ്റിപ്പുറവും നിർമ്മാണം സേതു മണ്ണാർക്കാടും ആണ്. എല്ലാവർക്കും അറിയാവുന്ന, എന്നാൽ പലപ്പോഴും പ്രാവർത്തികമാക്കാൻ സാധിക്കാതെ പോകുന്ന ചില ജീവിതയാഥാർത്ഥ്യങ്ങളുടെ കാഴ്ചകളിലൂടെ ഈ സിനിമ നമ്മെ കൊണ്ടു പോകുന്നു. ഒരു അപ്പനും മകനും തമ്മിലുളള ആത്മബന്ധത്തിൻറെയും സ്നേഹത്തിൻറെയും അടിത്തറയിലൂന്നിയുളള പ്രഘോഷണങ്ങളാണ് ‘ജോമോന്റെ സുവിശേഷങ്ങൾ.’

നായക കഥാപാത്രമായ ജോമോനായി ദുൽഖർ സൽമാനും അയാളുടെ അപ്പനായ വിൻസെന്റായി മുകേഷും ഏറ്റവും സ്വാഭാവികമായിത്തന്നെ അഭിനയിച്ചിരിക്കുന്നു.

ഉത്തരവാദിത്തമില്ലായ്മയുടെ മയക്കത്തിലാണ്ടു പോയ യുവതലമുറയെ കുലുക്കിയുണർത്തുന്ന സിനിമയാണിത്. അതേപോലെ തന്നെ തലമുറവ്യത്യാസമില്ലാതെ സകലർക്കും വേണ്ടി ചില നിത്യ സത്യങ്ങളുടെ ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ സിനിമ.

ഭൗതിക സമ്പത്തുകളുടെയും സുഖസൗകര്യങ്ങളുടെയും സൂര്യൻ കൺമുൻപിൽ അസ്തമിക്കുവാൻ ഒരു നിമിഷം മാത്രം മതി എന്ന സത്യം ഈ ചിത്രം നമുക്കു മുൻപിൽ തുറന്നു കാട്ടുമ്പോൾ കഥാപാത്രങ്ങളുടെ വേദനയിൽ പ്രേക്ഷകരും പങ്കു ചേർന്നു പോകുന്നു. ദൈവത്തിൻറെ ദാനമായ ഭൗതിക സമ്പത്തുകൾ നിലനിൽക്കണമെങ്കിൽ വിവേകപൂർണ്ണമായ ആലോചനയും കരുതലും ഉണ്ടായിരിക്കണം എന്ന പാഠം ഈ ചിത്രത്തിലെ വിൻസെന്റ് എന്ന കഥാപാത്രം നമ്മെ ഓർമ്മിപ്പിക്കുന്നു.

വിൻസെന്റും ജോമോനും തമ്മിലുളള ബന്ധത്തിലൂടെ, മക്കളോട് അകമഴിഞ്ഞ സ്നേഹവും സമ്പത്തും ഉണ്ടായിരിക്കുമ്പോളും, അവർ ഉത്തരവാദിത്തമുളളവരായി വളരുവാൻ മാതാപിതാക്കളുടെ കർശനമായ നിയന്ത്രണവും ശ്രദ്ധയും ഉണ്ടായിരിക്കണമെന്നും ഈ സിനിമ നമ്മെ പഠിപ്പിക്കുന്നു. അതേപോലെതന്നെ മാതാപിതാക്കൾ അദ്ധ്വാനിച്ചുണ്ടാക്കി നൽകുന്ന സൗകര്യങ്ങളെല്ലാം ഉത്തരവാദിത്തത്തോടെ യഥാസമയം ഉപയോഗപ്പെടുത്തേണ്ടതിൻറെ കാര്യഗൗരവം ജോമോൻ എന്ന കഥാപാത്രത്തിലൂടെ യുവതലമുറയ്ക്കു മുൻപിൽ വെളിപ്പെടുന്നു.

വർത്തമാനകാലത്തിൽ മാനുഷികമൂല്യങ്ങളേക്കാൾ ഉയർന്ന പ്രാധാന്യം നശ്വരമായ സമ്പത്തിനു നൽകുകയും ധനസമ്പാദനത്തിനു വേണ്ടി മനഃസ്സാക്ഷി മറന്നു പ്രവർത്തിക്കുകയും ചെയ്യുന്ന പ്രവണതകളെയും ഈ ചിത്രം തുറന്നു കാട്ടുന്നു. മനുഷ്യത്വവും കാരുണ്യവും ഏറ്റവുമധികം പ്രകടമാകേണ്ട ആരോഗ്യമേഖലയിലെ വാണിജ്യവത്കരണ മനോഭാവങ്ങളെ അൽപം ഹാസ്യത്തിൻറെ മേമ്പൊടിയോട് കൂടെയും, എന്നാൽ ഗൗരവത്തോടെയും അവതരിപ്പിച്ചിരിക്കുന്നു.

“സഹോദരങ്ങൾ തമ്മിൽ ഒത്തൊരുമയോടെ കഴിയുന്നത് എത്ര സുന്ദരം” എന്ന സത്യം ഈ സിനിമ നമുക്കു കാണിച്ചു തരുമ്പോളും, ഒരു നിമിഷം കൊണ്ട് അവരെ പലയിടങ്ങളിൽ ചിതറിക്കുവാനുളള പണത്തിൻറെ ശക്തിയും നാം കാണുന്നു. മാതാപിതാക്കളായാലും, മക്കളായാലും, സഹോദരങ്ങളായാലും, എല്ലാവരും അടിസ്ഥാനപരമായ വിവേകത്തിലും നൻമയിലും ഉറച്ചു നിന്നുകൊണ്ട് അവനവൻറെ ഉത്തരവാദിത്തങ്ങൾ നിറവേറ്റിയാൽ മാത്രമേ ഏതൊരു വിധ സൗഭാഗ്യങ്ങൾക്കും നിലനിൽപ്പുളളൂ എന്ന് ഈ സിനിമ നമ്മെ വിളിച്ചറിയിക്കുന്നു.

എല്ലാറ്റിലുമുപരിയായി “ആരെയും വിധിക്കരുത്” എന്ന ദൈവവചനത്തിൻറെ പ്രസക്തി ഈ സിനിമയിലൂടെ നമുക്ക് ബോദ്ധ്യപ്പെടുന്നതാണ്. പാഴെന്നു പറഞ്ഞ് നാം തളളിക്കളയുന്ന ജന്മങ്ങളിൽ പലരും,അനേകം നന്മകൾ മറഞ്ഞുകിടക്കുന്ന നിധികളാണെന്ന് വേണം നാം മനസ്സിലാക്കുവാൻ. സാഹചര്യങ്ങളുടെ കനൽക്കാറ്റുകൾ പലരുടെയും നൻമകളുടെ മറ നീക്കുന്നു.

ഈ സിനിമയിൽ ദുൽഖർ സൽമാൻ അവതരിപ്പിച്ച ജോമോൻ എന്ന കഥാപാത്രം “പണിക്കാർ ഉപേക്ഷിച്ചു കളഞ്ഞ കല്ല് മൂലക്കല്ലായിത്തീർന്നു” (ലൂക്കാ: 20:17) എന്ന ദൈവവചനം അന്വർത്ഥമാക്കുന്നു; അഥവാ നമ്മെ അനുസ്മരിപ്പിക്കുന്നു.

ചുരുക്കത്തില്‍, മനുഷ്യ ഹൃദയങ്ങളെ കൂടുതല്‍ നന്മയാല്‍ നിറയ്ക്കുന്ന സിനിമകളുടെ ഗണത്തില്‍ ഈ സിനിമയെയും ഉള്‍പ്പെടുത്താന്‍ സാധിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.