വി.യൗസേപ്പിതാവ് – തിരുനാൾ പ്രസംഗം

തിരുക്കുടുംബത്തിന്റെ തലവനായ വി. യൗസേപ്പിതാവിന്റെ തിരുനാളാണിന്ന്. യൗസേപ്പിന് ദൈവം കൊടുത്ത നിരവധി കൃപാവരങ്ങളെക്കുറിച്ച് ഓർക്കുന്നതിനും ദൈവത്തിനു നന്ദിപറയുന്നതിനുമായി പ്രത്യേകമായുള്ള ഒരു ദിവസം. സാധാരണക്കാരനായ ഒരു മനുഷ്യന്റെ ജീവിതത്തിൽ ദൈവം കടന്നുവരുമ്പോൾ, ദൈവത്തെ ശ്രദ്ധിക്കുകയും അവിടുത്തെ വചനത്തെ സർവാത്മനാ സ്വീകരിക്കുകയും ചെയ്യുന്ന ആ മനുഷ്യന്റെ ജീവിതം എത്ര സുന്ദരമായി തീരും എന്നതിന് ഒരുദാഹരണമാണ് വി.യൗസേപ്പ്.

വി.മത്തായിയുടെ സുവിശേഷം ആരംഭിക്കുന്നത് ഈശോ മിശിഹായുടെ വംശാവലി വിവരണത്തോടെയാണ്. അബ്രാഹം മുതൽ മിശിഹാവരെയുള്ള കാലഘട്ടത്തെ മൂന്നായി തിരിച്ചിരിക്കുന്നു. അബ്രാഹം മുതൽ ദാവീദ് വരെ, ദാവീദ് മുതൽ ബാബിലോണിയ പ്രവാസം വരെ, ബാബിലോണിയ പ്രവാസം മുതൽ മിശിഹാവരെ. 16-ാം വാക്യം പറയുന്നു. യാക്കോബ് യൗസേപ്പിനെ ജനിപ്പിച്ചു. യൗസേപ്പ് മറിയത്തിന്റെ ഭർത്താവായിരുന്നു. മറിയത്തിൽ നിന്നാണ് ഈശോ പിറന്നത്. വംശാവലിയുടെ ആഖ്യാനരീതിക്ക് നാടകീയമായ മാറ്റം വരുത്തിക്കൊണ്ടാണ് മറിയത്തിൽ നിന്ന് ഈശോ ജനിപ്പിക്കപ്പെട്ടു എന്നു പറഞ്ഞിരിക്കുന്നത്.

യഹൂദരീതിയനുസരിച്ച് വിവാഹത്തിന് രണ്ട് ഘട്ടങ്ങളാണ് ഉള്ളത്. ആദ്യത്തേത് വിവാഹ സമ്മതമാണ്. യൗസേപ്പും മറിയവും വിവാഹ സമ്മതം നടത്തിയവരാണ്. അതിന്റെ രണ്ടാം ഘട്ടമായ വിവാഹാഘോഷവും തുടർന്നുള്ള സഹവാസവും ആരംഭിക്കുന്നതിനുമുമ്പ്. നിയമാനുസൃതം തന്റെ ഭാര്യയായിത്തീർന്ന മറിയം ഗർഭിണിയായി കാണപ്പെട്ടു. നീതിമാൻ എന്ന് സുവിശേഷം വിശേഷിപ്പിക്കുന്ന യൗസപ്പ് എങ്ങനെയാണ് മറിയത്തോട് നീതിപൂർവ്വം പെരുമാറുന്നതെന്ന് അറിഞ്ഞിരിക്കമം. യൗസേപ്പിന്റെ മനസ്സിൽ അസ്വസ്ഥതകളും കാർമേഘങ്ങളും ചാബല്യങ്ങളുമൊക്കെയുണ്ട്. താൻ നിറവേറ്റാൻ ബാധ്യസ്ഥനായിരിക്കുന്നത് ദൈവത്തിന്റെയാണ്. മനുഷ്യരുടെയല്ല എന്ന ബോധ്യമാണ് യൗസേപ്പിന്. സമൂഹത്തിന്റെ മുമ്പിൽ മറിയത്തെ അവഹേളന പാത്രമാക്കാൻ ഒരിക്കലും ചിന്തിച്ചില്ല. അല്ലെങ്കിൽ വിവാഹമോചന ചീട്ടെഴുതികൊടുത്ത് മറിയത്തെ ഒഴിവാക്കാനും ഒരുനിമിഷം പോലും ചിന്തിച്ചില്ല. യൗസേപ്പിന്റെ പ്രശ്‌നം മറ്റൊന്നാണ്. മറിയം ഗർഭിണിയായി കാണപ്പെടുന്നു. അതിനാൽ നിയമമനുസരിച്ച് ഗർഭിണിയായ ഒരുവളെ ഭാര്യയായി സ്വീകരിക്കുക അനുവദനീയമല്ല. ഇതിനെക്കുറിച്ചാണ് യൗസേപ്പിന്റെ ചിന്തകൾ ”ഇത്തരം കാര്യങ്ങളെക്കുറിച്ച് അവൻ ചിന്തിക്കവേ” എന്ന സുവിശേഷവചനം യൗസേപ്പിന്റെ പ്രാർത്ഥനയാണ്. ദൈവത്തിന്റെ വഴികളിൽ എങ്ങനെ തുടരാൻ സാധിക്കും. എങ്ങനെ ഉറച്ചുനിൽക്കാൻ കഴിയും എന്നതാണ് യൗസേപ്പിന്റെ ധ്യാനചിന്തകൾ. അന്വേഷണത്തിന്റെ പാതയാണത്. മൗനം ചൊല്ലലാണത്. ജീവിത പ്രശ്‌നങ്ങളിൽ നമ്മളും കൈക്കൊള്ളേണ്ട ക്രിസ്തീയ രീതിയാണിത് എന്ന് ഈ വചനം നമ്മെ പഠിപ്പിക്കുന്നു.

ദൈവത്തോട് ആത്മാർത്ഥമായി ചോദിക്കുന്ന ഒരു ചോദ്യത്തിനും ഉത്തരം ലഭിക്കാതിരിക്കുകയില്ല എന്ന് യൗസേപ്പിന്റെ അനുഭവം നമ്മെ പഠിപ്പിക്കുന്നു. തന്റെ ദൈവവിളി തിരിച്ചറിഞ്ഞ ഒരു മനുഷ്യന്റെ ആനന്ദമാണ് പിന്നീട് യൗസേപ്പിന്. സ്വപ്നത്തിൽ മാലാഖ അത് യൗസേപ്പിന് വെളിപ്പെടുത്തി. ദൈവംകാണിച്ച് കൊടുത്ത ജീവിതവഴിയിൽ അന്ത്യംവരെ നിലനിൽക്കാനായ് പിന്നീട് യൗസേപ്പിന്റെ ശ്രദ്ധമുഴുവൻ. എങ്ങനെ മറിയത്തിന്റെ ദൈവവിളിയോട് സഹകരിക്കാം എന്നതായിരുന്നു യൗസേപ്പിന്റെ ആലോചനകൾ. ഈശോയുടെ ജനനശേഷം എങ്ങനെ ബാലനായ ഈശോയെ സംരക്ഷിക്കാം എന്നായി യൗസേപ്പിന്റെ ചിന്തകൾ.

പ്രശ്‌നങ്ങൾ നിറഞ്ഞതായിരുന്നു യൗസേപ്പിന്റെ ജീവിതം. ബെത്‌ലഹേമിലെ ഇല്ലായ്മകൾ. ഈജിപ്തിലേക്കുള്ള പാലായനം, തിരിച്ച് യൂദയായിലേക്ക് വരുമ്പോൾ  ഹേറോദേസിനെക്കുറിച്ചുള്ള പേടിപ്പെടുത്തുന്ന വാർത്തകൾ. കൊള്ളക്കാരിൽ നിന്നു മറിയത്തേയും ഈശോയേയും സംരക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്വം, കുടുംബം പുലർത്താൻ ബുദ്ധിമുട്ടു നിറഞ്ഞ ആശാരിപ്പണി ചെയ്യുക എന്നതെല്ലാം ഒട്ടും എളുപ്പമായിരുന്നില്ല. ഇങ്ങനെയൊക്കെയായിരുന്നെങ്കിലും ഈ ഭൂമിയിൽ ജീവിച്ച ഏതൊരു കുടുംബ നാഥനെക്കാളും നിർവ്യാജമായ ആനന്ദം അനുഭവിച്ച വ്യക്തിയാണ് വി.യൗസേപ്പ് എന്ന് നിസ്സംശയം പറയാം. മറിയത്തിന്റെ ഭർത്താവായിരിക്കുക. ഉണ്ണീശോയ്ക്ക് പേരിടുക, ഈശോയോടും മറിയത്തോടും അഗാധമായ സ്‌നേഹബന്ധത്തിൽ ജീവിക്കുക- ഇതൊക്കെയല്ലേ ജീവിതത്തിൽ ആരും കൊതിക്കുന്ന ഭാഗ്യങ്ങൾ. ജീവിതത്തിന്റെ പൂർണ്ണത കണ്ടറിഞ്ഞവനാണ് യൗസേപ്പ്. ബാഹ്യത്യാഗങ്ങൾ പലരും ഏറ്റെടുക്കേണ്ടിവന്ന മറിയത്തിന്റെ ഭർത്താവാണോ, അല്ലയോ? ഈശോയുടെ പിതാവിന്റെ ഉത്തരവാദിത്വങ്ങളെല്ലാമുണ്ട്. എന്നാൽ പിതാവാണോ? ഈ ത്യാഗങ്ങളൊക്കെയും യൗസേപ്പിതാവിന്റെ സ്‌നേഹത്തിന്റെ അഗാധതയിൽ ഒന്നുമല്ലാതായി. നാം മനസ്സിലാക്കുന്ന ത്യാഗങ്ങൾ സ്‌നേഹത്തെ കൊല്ലുന്നില്ല. മറിച്ച് അതിനെ ഉന്നതത്തിലെത്തിക്കുന്നു.

യൗസേപ്പിന്റെ നിർമ്മല സ്‌നേഹം സ്വന്തം സന്തോഷം തേടുന്നില്ല. പിന്നെയോ സ്‌നേഹിക്കുന്ന ആളിനുവേണ്ട ശുശ്രൂഷ ചെയ്യുന്നു. മറിയത്തിന്റെ നേർക്കുള്ള യൗസേപ്പിന്റെ സ്‌നേഹം മറിയത്തിന്റെ ദൈവവിളിയെ പ്രോത്സാഹിപ്പിക്കുന്നു. അങ്ങനെ യൗസേപ്പ് കുടുംബ ജീവിതക്കാർക്ക് മാതൃകയായി. ഈശോയുടെ നേർക്കുള്ള സ്‌നേഹം ഈശോയുടെ വിളിയെയും ദൗത്യത്തെയും സഹായിക്കാനാണ്. അങ്ങനെ യൗസേപ്പ് വിദ്യാപരിശീലകർക്ക് മാതൃകയായി. നിർഭാഗ്യവശാൽ ചില മാതാപിതാക്കളെങ്കിലും മക്കളെ തങ്ങളുടെ കുത്തക വസ്തുക്കളായി കാണുന്നുണ്ട്. തങ്ങളുടെ അധികാരം അവരിൽ സ്ഥാപിച്ചെടുക്കുന്നു. യൗസേപ്പിനറിയാം ഈശോ ആർക്കു വേണ്ടിയാണ് ഈ ഭൂമിയിൽ വന്നതെന്നും അവനെ എങ്ങനെയാണ് ഒരുക്കേണ്ടതെന്നും മാലാഖ അറിയിച്ചതുപോലെ തന്നെ.

ഇതൊക്കെ വിശ്വാസത്തിലെ സാധിക്കൂ. യൗസേപ്പ് അബ്രാഹമിനെപ്പോലെയാണ്. ദൈവത്തിൽ വിശ്വസിച്ച് തീർച്ചയില്ലാത്ത നിമിഷങ്ങളിലും ബുദ്ധിമുട്ട് നിറഞ്ഞ സാഹചര്യങ്ങളിലും തന്റെ തന്നെ സന്തോഷം ത്യജിക്കേണ്ടി വന്നപ്പോഴും ദൈവത്തിൽ എപ്പോഴും വലിയ വിശ്വാസമർപ്പിച്ചു.

ഫാ. സിറിയക് മുപ്പാത്തിയിൽ എം.സി.ബിഎസ്

1 COMMENT

  1. യൗസേപ്പിതാവ് ക്ഷമയുടെ പര്യായമാണ് ഒരുപാട് ക്ഷമയുള്ളവർക്ക് ഏതു പ്രതിസന്ധിയെയും മറികടക്കാൻ ദൈവസഹായമുണ്ടാകം എന്നതാണ് സത്യം

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.