തിരുഹൃദയ തിരുനാള്‍

ജൂണ്‍ 23; തിരുഹൃദയ തിരുനാള്‍ (യോഹ 19:30-37)

”ശാന്തശീലനും വിനീതഹൃദയനുമായ എന്റെ അടുക്കലേക്ക് വരുവിന്‍. നിങ്ങളെ ഞാന്‍ ആശ്വസിപ്പിക്കാം.” ഇന്ന് ഈശോയുടെ തിരുഹൃദയ തിരുനാള്‍. ശ്ലീഹാക്കാലം 3-ാം ഞായറാഴ്ച കഴിഞ്ഞ് വരുന്ന വെള്ളിയാഴ്ചയാണ് ഈശോയുടെ തിരുഹൃദയ തിരുനാളായി തിരുസഭ കൊണ്ടാടുന്നത് ഏവര്‍ക്കും ഈ തിരുനാളിന്റെ നല്ല മംഗളങ്ങള്‍ നേരുന്നു.

കാലത്തിന്റെ തികവില്‍ നസ്രത്തിലെ ഈശോ മനുഷ്യനായി തീര്‍ന്നപ്പോള്‍ മനുഷ്യഹൃദയത്തോടു കൂടി തന്റെ സൃഷ്ടിയായ മനുഷ്യനെ സ്‌നേഹിക്കാന്‍ തുടങ്ങി. അതെ, ഈശോയുടെ ഓരോ വാക്കും സ്‌നേഹത്തില്‍ ചാലിച്ചതായിരുന്നു. ഈശോയുടെ ഓരോ പ്രവര്‍ത്തനവും സ്‌നേഹത്തില്‍ കേന്ദ്രീകൃതമായിരുന്നു. ഈശോയുടെ ജീവിതം, അത് സ്‌നേഹത്തില്‍ നിറഞ്ഞു തുളുമ്പുന്നതായിരുന്നു. എന്നാല്‍, ആ നിര്‍മ്മല സ്‌നേഹം അതിന്റെ പരിസമാപ്തിയിലെത്തുന്നത് കാല്‍വരിയിലെ കുരിശിലാണ്.

നമ്മുടെ ഹൃദയവും തിരുഹൃദയവും തമ്മിലുള്ള അകലം അങ്ങ് ദൂരെയല്ല. മറിച്ച്, നഷ്ടപ്പെടലിന്റെയും, കുത്തിപ്പിളര്‍ക്കലിന്റെയും എല്ലാം നിമിഷങ്ങളില്‍ പരിഭവങ്ങളും, പരാതികളും മൊഴിയാതെ അത് സ്‌നേഹത്തിന്റെയും സ്വയം ദാനത്തിന്റെയും നല്ല നിമിഷങ്ങളാക്കി മാറ്റുക. അപ്പോള്‍ നിന്റെ ഹൃദയവും ഒരു തിരുഹൃദയമായിത്തീരും.

കൂടാരത്തിരുനാളിന്റെ അവസാനത്തെ മഹാദിനത്തില്‍ ജറുസെലം ദേവാലയത്തില്‍ വച്ച് ഈശോ ശബ്ദമുയര്‍ത്തിപ്പറഞ്ഞു. ”ആര്‍ക്കെങ്കിലും ദാഹിക്കുന്നെങ്കില്‍ അവര്‍ എന്റെ അടുക്കല്‍ വന്നു കുടിക്കട്ടെ. എന്നില്‍ വിശ്വസിക്കുന്നവന്റെ ഹൃദയത്തില്‍ നിന്ന് വിശുദ്ധ ലിഖിതം പ്രസ്താവിക്കുന്നതുപോലെ ജീവജലത്തിന്റെ അരുവികള്‍ ഒഴുകും” (യോഹ: 7:37:38). ഈശോ ഇതുപറഞ്ഞത് തന്റെ ഉത്ഥാനത്തിന്റെ ഫലമായി അവിടുന്ന് അയക്കുന്ന പരിശുദ്ധാത്മാവിനെപ്പറ്റിയാണ്. എന്നാല്‍ യോഹന്നാന്‍ 19, 34 അനുസരിച്ച് പടയാളികളിലൊരുവന്‍ ഈശോയുടെ ഹൃദയം കുന്തംകൊണ്ട് കുത്തി. ഉടനെ അവിടെ നിന്ന് രക്തവും വെള്ളവും പുറപ്പെട്ടു.” ദാഹിക്കുന്നെങ്കില്‍ നാം ചെല്ലേണ്ടതും സമീപിക്കേണ്ടതും ഈശോയിലേക്കാണ്. ഈ വചനം അര്‍ത്ഥവത്താകുന്നത് ഈശോയുടെ മരണത്തിലാണ്. ”അവിടുത്തെ പാര്‍ശ്വത്തില്‍ നിന്നും രക്തവും വെള്ളവും പുറപ്പെട്ടു” എന്ന വചനത്തില്‍ നിന്ന്.

ഈശോയുടെ ഹൃദയത്തില്‍ നിന്നും രക്തം പുറപ്പെട്ടു എന്ന് പറയുന്നതില്‍ നാം ഒന്ന് മനസ്സിലാക്കാം. ഹൃദയം തുളച്ചപ്പോള്‍ രക്തം വന്നു എന്നു പറയുന്നത് മാനുഷികമായി മനസ്സിലാക്കാം. എന്നാല്‍ ജലം വന്നു എന്ന് പറയുന്നതിന്റെ സത്യാവസ്ഥ എന്താണ്? വൈദ്യശാസ്ത്രമനുസരിച്ച്, എല്ലാ മനുഷ്യരുടെയും ഹൃദയം ഒരു ബാഹ്യാവരണങ്ങള്‍ക്കുള്ളിലാണ്. ഈ ആവരണത്തിനുള്ളില്‍ ഒരല്പം വെള്ളം ഉണ്ടായിരിക്കും. ഇതിനെ ‘പെരികാര്‍ഡിയന്‍ ഫ്‌ളൂയിഡ്’ എന്നു വിളിക്കുന്നു. വളരെയധികം പീഡകള്‍ സഹിച്ചതുവഴി ഈശോയുടെ ഹൃദയത്തിലെ ഫ്‌ളൂയിഡിന്റെ അളവ് ക്രമാതീതമായി വര്‍ദ്ധിച്ചു. ഇതിന്റെ ഫലമായി ഹൃദയമിടുപ്പിന്റെ തന്നെ താളം തെറ്റും. മനുഷ്യകുലത്തെ അത്രയധികമായി സ്‌നേഹിച്ച ഈശോ അങ്ങനെ ഹൃദയംപൊട്ടി മരിക്കുന്നു. മരിച്ച ഉടനെ രക്തം കട്ടപിടിക്കയില്ല. ഒരു പക്ഷെ, ഈശോ മരിച്ച് അധികനേരം ആകുന്നതിന് മുമ്പേ ആ പടയാളി കുന്തം കൊണ്ട് കുത്തി എന്ന് മനസ്സിലാക്കാം. അതുകൊണ്ട് ആ പെരികാര്‍ഡിയല്‍ ഫ്‌ളൂയിഡ് ജലമായി പുറത്തുവന്നു. ഇതു മെഡിക്കല്‍ വിവരണം.

സഭാപിതാക്കന്മാര്‍ വളരെ അര്‍ത്ഥപൂര്‍ണ്ണമായ പ്രതീകങ്ങളുപയോഗിച്ച് ഇതിനെ വ്യാഖ്യാനിക്കുന്നു. വിശുദ്ധ യോഹന്നാന്‍ ഭാഷ്യമനുസരിച്ച് ഈ ജലം പരിശുദ്ധാത്മാവിനെ സൂചിപ്പിക്കുന്നു. യോഹ 7:39, ഇത് സ്പഷ്ടമായി വ്യാഖ്യാനിക്കുന്നു. ഇതിനെല്ലാം ദൃക്‌സാക്ഷിയായ യോഹന്നാന്‍ ശ്ലീഹായ്ക്ക് ഇത് അസാധാരണ പ്രതിഭാസത്തെക്കാള്‍ ഉപരി ഇത് ഒരു ദൈവിക അടയാളമായിരിന്നു, ആത്മാവിന്റെ സമൃദ്ധിയായിരുന്നു.

വിശുദ്ധ ഗ്രന്ഥം പശ്ചാത്തലത്തില്‍ ചിന്തിച്ചാല്‍, ആത്മാവും ഹൃദയവും തമ്മിലുള്ള ബന്ധം പെട്ടെന്ന് മനസ്സിലാകും. മനുഷ്യന്റെ ആന്തരികതയെ ചൂണ്ടിക്കാട്ടുന്നതാണ് ഹൃദയം. അതുപോലെതന്നെ, ആത്മാവും മനുഷ്യന്റെ പ്രാണവായുവായി, മനുഷ്യന് ജീവന്‍ നല്‍കുന്ന ചൈതന്യമായി ഉള്ളില്‍ നിന്ന് വരുന്നു. കുരിശില്‍ മരിച്ച ഈശോയുടെ ഹൃദയത്തില്‍ നിന്ന് ഒഴുകിയ ജലം പരിശുദ്ധാത്മാവിന്റെ വരവിന്റെ അടയാളമായി വ്യാഖ്യാനിച്ചുതരുന്ന സഭാപിതാക്കന്മാരും ഏറെ.

ഒരുപടി കൂടി കടന്ന്, ഈ വെള്ളവും, രക്തവും തിരുസഭയുടെ കൂദാശകളെ പ്രതിധ്വനിപ്പിക്കുന്നു എന്ന് സഭാപിതാക്കന്മാര്‍ പഠിപ്പിക്കുന്നു. യഥാര്‍ത്ഥത്തില്‍, മാമ്മോദീസായും പരിശുദ്ധ കുര്‍ബാനയും അന്യോന്യം ബന്ധപ്പെട്ടവയാണ്. മാമ്മോദീസായില്‍ ഉപയോഗിക്കുന്ന ജലം പ്രസാദവരത്തിന്റെ അടയാളമായി കാണാന്‍ എളുപ്പമുണ്ട്. എന്നാല്‍, പാപമോചനത്തിനായി ചിന്തപ്പെട്ട ക്രിസ്തുവിന്റെ രക്തത്തോട് സമന്വയിപ്പിച്ചാലെ മാമ്മോദീസായുടെ ശക്തി നമുക്ക് ബോധ്യമാവൂ. ”കര്‍ത്താവിന്റെ രക്തത്തില്‍ തങ്ങളുടെ വസ്ത്രങ്ങള്‍ കഴുകി വെളുപ്പിച്ചവന്‍” (വെളിപാട് 7:14), അത് ക്രിസ്തുവിന്റെ രക്തത്തില്‍ വീണ്ടെടുക്കപ്പെട്ട വിശുദ്ധരാണല്ലോ. മാമ്മോദീസായിലെ ദൃശ്യാടയാളമായ വെള്ളത്തിന് മൂല്യമേകുന്നത് ക്രിസ്തുവിന്റെ തിരുരക്തമാണ്.
എന്നാല്‍, വിശുദ്ധ കുര്‍ബാനയില്‍, നേരെ മറിച്ചാണ് സംഭവിക്കുക. ക്രിസ്തുവിന്റെ രക്തമാണ് നാം പാനം ചെയ്യുക. ഈ രക്തം പരിശുദ്ധാത്മാവിനെ നമ്മുടെ ഹൃദയത്തില്‍ നിക്ഷേപിക്കുന്നു. തന്റെ മരണത്തിലൂടെ നേടിത്തന്നതും, ഉത്ഥാനശേഷം ശിഷ്യരുടെമേല്‍ അയച്ച പിരുശുദ്ധാത്മാവ് തന്നെ.

സ്‌നേഹമുള്ളവരെ, യോഹ 19:37-ല്‍ പറയുന്നതുപോലെ ”തന്നെ കുത്തിമുറിവേല്‍പ്പിച്ചവനെ അവന്‍ നോക്കി നില്‍ക്കും” എന്ന വചനം ഒരു പുതുദര്‍ശനങ്ങളിലേക്ക് നമ്മെ കൊണ്ടെത്തിക്കണം. അതാണ്, തന്റെ സുവിശേഷം വായിക്കുന്ന ഓരോ വായനക്കാരനില്‍ നിന്നും, ഓരോ വിശ്വാസിയില്‍ നിന്നും യോഹന്നാന്‍ ശ്ലീഹാ ആഗ്രഹിക്കുന്നതും. ഇത്തരം ഒരു പുതുദര്‍ശനം കിട്ടിയ ഒരു വ്യക്തിയെ യോഹന്നാന്‍ സുവിശേഷകന്‍ തന്നെ അവതരിപ്പിക്കുന്നു. അത് മറ്റാരുമല്ല, വിശുദ്ധ തോമാശ്ലീഹാതന്നെ. ”ഉത്ഥാനത്തിന്റെ 8 ദിനങ്ങള്‍ക്കു ശേഷം ശിഷ്യര്‍ക്ക് പ്രത്യക്ഷപ്പെട്ട ഈശോ തോമായോട് പറഞ്ഞു. ”നിന്റെ വിരല്‍ ഇവിടെ കൊണ്ട് വരുക, എന്റെ കൈകള്‍ കാണുക, നിന്റെ കൈനീട്ടി എന്റെ പാര്‍ശ്വത്തില്‍ വയ്ക്കുക” (യോഹ 20:27). അല്‍പവിശ്വാസിയായിരുന്ന തോമസ് പിന്നീട് ഒരു വിശ്വാസപ്രഘോഷകനായി മാറാന്‍ ഒരുപാട് നേരം വേണ്ടിവന്നില്ല. അവന്‍ വിളിച്ചു പ്രഘോഷിച്ചു. ”എന്റെ കര്‍ത്താവേ, എന്റെ ദൈവമേ” എന്ന്. കര്‍ത്താവിന്റെ തിരുഹൃദയം കണ്ട ആദ്യഭക്തന്‍ എന്ന വിശേഷണം തോമാശ്ലീഹായ്ക്ക് ഏറെ അനുയോജ്യം തന്നെ.

”ദാഹിക്കുന്നവര്‍ എന്റെ അടുക്കല്‍ വരട്ടെ” (യോഹ 7:37). ഇത് ഈശോയുടെ ക്ഷണമാണ്. മനുഷ്യര്‍ക്ക് ദാഹമുണ്ട്. പൂര്‍ണ്ണതയ്ക്കുവേണ്ടിയുള്ള ദാഹം, സ്‌നേഹത്തിന് വേണ്ടിയുള്ള ദാഹം, സന്തോഷത്തിനുവേണ്ടിയുള്ള ദാഹം എന്നിങ്ങനെ ഏറെ ദാഹങ്ങള്‍. എന്നാല്‍ നമ്മുടെ ഏകാന്തതയില്‍ നിന്നും, സ്‌നേഹത്തിനായുള്ള ഭിക്ഷാടനത്തില്‍ നിന്നും നമുക്ക് മോചനം പ്രാപിക്കാം. എളുപ്പവഴി എപ്പോഴും നമ്മെ കൈനീട്ടി സ്വീകരിക്കുന്ന ഈശോയിലേക്ക് എത്തുക എന്നതുമാത്രം.

ഇരുകൈനീട്ടി, ഹൃദയം തുറന്ന് നമുക്കായി ദാഹിക്കുന്ന തിരുഹൃദയ രൂപം ഇനിയെങ്കിലും മനസ്സില്‍ ആഞ്ഞുപതിയട്ടെ. മനസാക്ഷിയില്ലാത്ത ഇന്നത്തെ ലോകര്‍ക്ക് മുമ്പില്‍ ഈശോയുടെ തിരുഹൃദയം ഒരു ചോദ്യചിഹ്നമാവട്ടെ. വചനം പറയുന്നു. ”അദ്ധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ എല്ലാവരും എന്റെ അടുക്കല്‍ വരട്ടെ ഞാന്‍ നിങ്ങളെ സമാശ്വസിപ്പിക്കാം (മത്താ: 11:20-29). വിനീതവും, ശാന്തവുമായ അവിടുത്തെ തിരുഹൃദയത്തില്‍ നമുക്ക് ആശ്വാസം കണ്ടെത്താം.

ഫാ. സിറിയക് മുപ്പാത്തിയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.