”ഞാൻ നിങ്ങളോടു യാചിക്കുന്നു, എന്റെ സഹായത്തിനായി വേഗം വരിക”: ഫാദർ ടോം

ജീവൻ രക്ഷിക്കണമെന്ന് യാചിച്ച് യെമനിൽ നിന്ന് തട്ടിക്കൊണ്ടു പോയ മലയാളി വൈദികൻ ഫാ. ടോം ഉഴുന്നാലിൽ. ആരോഗ്യസ്‌ഥിതി മോശമാണെന്നത് ഉൾപ്പടെയുള്ള കാര്യങ്ങൾ വിശദീകരിക്കുന്ന അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ സന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്. വീഡിയോ സന്ദേശത്തിന്റെ പൂർണ്ണരൂപം:

ഞാൻ ഫാദർ ടോമി ജോർജ്. ഫാദർ ടോം എന്നും ഞാൻ അറിയപ്പെടുന്നു. ഞാൻ ഇന്ത്യയിലെ കേരളാ സംസ്ഥാനത്തു നിന്നുള്ള വ്യക്തിയാണ്. ഞാൻ കഴിഞ്ഞ കുറെ വർഷങ്ങളായി ഏഡനിൽ ഒരു പള്ളിയിൽ പുരോഹിതനായി ജോലി ചെയ്യുന്നു. ക്രിസ്തുമതത്തിനു വേണ്ടി ഞാൻ ശുശ്രൂഷ ചെയ്തതുകൊണ്ട് മാർച്ചു മാസത്തിൽ എന്നെ തട്ടിക്കൊണ്ടുപോയി. ഇപ്പോൾ പല മാസങ്ങൾ കടന്നു പോയി. എന്നെ തട്ടിക്കൊണ്ടു പോയവർ എന്റെ മോചനത്തിനായി ഭാരത സർക്കാരുമായി പലതവണ ബന്ധപ്പെട്ടു. ബഹുമാന്യരായ രാഷ്ട്രപതി, പ്രധാനമന്ത്രി, എന്റെ മോചനത്തിനായി കാര്യമായതൊന്നും ചെയ്യാത്തതിൽ ഞാൻ ദു:ഖിതനാണ്. വാർത്ത റിപ്പോർട്ടുകളിൽ എന്റെ മോചനം എളുപ്പത്തിലാക്കാൻ എല്ലാം ചെയ്യുന്നുണ്ടെന്നാണ് പുറത്തുവന്നത്. പക്ഷേ യാഥാർതത്തിൽ ഒന്നും നടന്നതായി കാണുന്നില്ല. ഞാൻ വളരെയധികം ദു:ഖിതനും നിരാശനുമാണ്. ഞാൻ എന്റെ സഹോദരന്മാരായ ഇന്ത്യയിലുള്ള ക്രിസ്ത്യാനികളോടും, മെത്രാൻമാരോടും വൈദീകരോടും നിങ്ങളുടെ ശക്തി ഉപയോഗിച്ചു എന്റെ മോചനത്തിനു വേണ്ടി ശ്രമിക്കാനും എന്റെ ജീവൻ രക്ഷിക്കാനും ഞാൻ അപേക്ഷിക്കുന്നു.

എന്റെ പ്രിയപ്പെട്ട ക്രിസ്ത്യൻ സഹോദരങ്ങളെ, യെമനിൽ ജോലി ചെയ്ത ഒരു പുരോഹിതൻ എന്ന നിലയിൽ ഞാൻ ബന്ധനസ്ഥനായി, പക്ഷേ എന്റെ മോചനത്തിനായി എന്നെ തട്ടിക്കൊണ്ടു പോയവർ പലതവണ ബന്ധപ്പെട്ടിട്ടും ഫ്രാൻസീസ് പാപ്പായോ അബുദാബിയിലെ മെത്രാനോ ഒന്നും ചെയ്തില്ല. ഈ സാഹചര്യത്തിൽ ഞാൻ ദു:ഖിതനാണ്. എന്റെ സ്ഥാനത്ത് യൂറോപ്പിൽ നിന്നുള്ള ഒരു വൈദീകനായിരുന്നെങ്കിൽ എന്റെ കാര്യം കുറച്ചു കൂടെ ഗൗരവ്വമായി അവിടുത്തെ അധികാരികളും ജനങ്ങളും കാണുകയും എന്നെ മോചിപ്പിക്കുകയും ചെയ്തേനേ. ഞാൻ ഇന്ത്യാക്കാരനായതുകൊണ്ട് എന്റെ മോചനം മൂല്യമുള്ളതായി ഒരു പക്ഷേ കാണുന്നില്ലായിരിക്കും. ഞാൻ ഇതിൽ ദു:ഖിതനാണ്. നോറാൻ എന്നു പേരുള്ള ഒരു ഫ്രഞ്ചു വനിതാ പ്രസ് റിപ്പോർട്ടറെ സനായിൽ വച്ചു തട്ടിക്കൊണ്ടു പോയതു എനിക്കറിയാം. അവൾ ഫ്രാൻസിസിൽ നിന്നുള്ളവളായിരുന്നതിനാൽ കുറച്ചു നാളുകൾക്കു മുമ്പ് അവൾ സ്വതന്ത്രയായി. ഞാൻ ഇന്ത്യക്കാരനായതിനാൽ എന്നെ പരിഗണിച്ചില്ല.

പ്രിയ ജനങ്ങളെ, ഞാൻ നിങ്ങൾക്കു എല്ലാവർക്കുവേണ്ടി പ്രാർത്ഥിക്കുന്നു. നിങ്ങളുടെ ശക്തി ഉപയോഗിച്ചു എന്റെ ജീവനെ രക്ഷിക്കാൻ ഞാൻ നിങ്ങളോടു അപേക്ഷിക്കുന്നു. നിങ്ങളോടു യാചിക്കുന്നു.

പ്രിയ ഫ്രാൻസീസ് പാപ്പായെ, പ്രിയ പരിശുദ്ധ പിതാവേ, ഒരു പിതാവ് എന്ന നിലയിൽ എന്റെ ജീവന്റെ കാര്യത്തിൽ ദയവായി ശ്രദ്ധിക്കുക. ലോകമെമ്പാടുമുള്ള മറ്റെല്ലാ ബിഷപ്പുമാരോടും എന്റെ സഹായത്തിനായി, എന്റെ ജീവൻ രക്ഷിക്കാനായി വരാൻ ആവശ്യപ്പെടുന്നു. ഞാൻ വളരെയധികം നിരാശനാണ്, എന്റെ ആരോഗ്യം ക്ഷയിച്ചുകൊണ്ടിരിക്കുന്നു. ഉടൻ തന്നെ എന്നെ ആശുപത്രിയിൽ പ്രവേശിക്കേണ്ടി വരും. എന്റെ സഹായത്തിനായി വേഗം വരിക.

എന്റ എല്ലാ സഹ മനുഷ്യരോടും, വിവിധ സർക്കാരുകളോടും എന്നെ ഒരു മനുഷ്യ വ്യക്തിയായി പരിഗണിക്കണമെന്നു അപേക്ഷിക്കുന്നു. മനുഷ്യതപരമായ തലത്തിൽ എന്റെ മോചനത്തിനും എന്റെ ജീവൻ രക്ഷിക്കാനുമായി എന്റെ സഹായത്തിനായി വരിക. എനിക്കു നിങ്ങുടെ സഹായം ആവശ്യമാണ്. ദയവായി എന്നെ സഹായിക്കുക.

അബുദാബിയിലുള്ള ബന്ധു വഴിയാണ് തങ്ങള്‍ക്ക് വീഡിയോ ലഭിച്ചിരിക്കുന്നതെന്ന് ഫാദര്‍ ടോം ഉഴുന്നാലിലിന്റെ കേരളത്തിലുള്ള ബന്ധുക്കള്‍ പറഞ്ഞു.  ഡിസംബര്‍ 24ന് സലേഹ് സലെം എന്നയാളുടെ യൂട്യൂബില്‍ അക്കൗണ്ടിലും വീഡിയോ പോസ്റ്റു ചെയ്തിട്ടുണ്ട്. എന്നാല്‍ ബന്ധുക്കള്‍ക്ക് വീഡിയോ ലഭിച്ച ശേഷമാണ് വിവരം പുറത്തുവന്നിരിക്കുന്നത്.  യൂട്യൂബില്‍ പോസ്റ്റു ചെയ്തിരിക്കുന്നയാള്‍ ആരെന്ന് വ്യക്തമല്ല. ഈ അക്കൗണ്ടില്‍ ഈ ഒരൊറ്റ വീഡിയോ മാത്രമാണുള്ളത്.

ഫാ. ടോമിന്റെ മോചനത്തിനായി നമ്മുക്ക് കൈകോര്‍ക്കാം

ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.