മിഷന്‍ വചനവിചിന്തനം – ഒക്‌ടോബര്‍ 13 ലൂക്കാ 17: 11-19

ജയ്സൺ കുന്നേൽ

‘നന്ദി ഹൃദയത്തിന്റെ ഓര്‍മ്മയാണ്.’ യേശു സുഖപ്പെടുത്തിയ പത്ത് കുഷ്ഠരോഗികളില്‍ ഒരാള്‍ മാത്രമേ നന്ദി പറയാനായി തിരികെ വന്നുള്ളൂ എന്ന വസ്തുത അല്‍പം വേദനിപ്പിക്കുന്നതാണ്. നന്ദിയുള്ളവനാകുക എന്നത് ഒരു സാമൂഹിക കടമ മാത്രമല്ല. മറിച്ച്, നമ്മുടെ ആത്മീയതയും കൂടി ഉള്‍പ്പെടുന്ന ആന്തരികതയുടെ പ്രകാശനമാണ്. പത്ത് കുഷ്ഠരോഗികളെ സുഖപ്പെടുത്തുന്ന സുവിശേഷകഥ പഴയനിയമത്തിലെ സിറിയാ രാജാവിന്റെ സൈന്യാധിപനായിരുന്ന നാമാനെ സുഖപ്പെടുത്തുന്ന പഴയനിയമ കഥയുടെ പ്രതിരൂപമാണ് (2 രാജാ. 5:1-27).

ജറുസലേമിലേയ്ക്കുള്ള യേശുവിന്റെ യാത്രാമധ്യേയാണ് ഈ സംഭവം നടക്കുക. യാത്രയുടെ ഭൂമിശാസ്ത്രപരമായ ലക്ഷ്യം ജറുസലേം ആണെങ്കിലും ഈ യാത്രയുടെ അസ്തിത്വപരമായ ലക്ഷ്യം സാര്‍വ്വത്രിക രക്ഷയ്ക്കു വേണ്ടിയുള്ള ദൈവപുത്രന്റെ പരിധികളില്ലാത്ത സംലഭ്യതയുടെ അടയാളമായ കുരിശിലെ ബലിദാനമാണ്. വിശുദ്ധ നഗരമായ ജറുസലേമിലേയ്ക്കാണ് യേശുവിന്റെ യാത്ര. പക്ഷേ, അവിടെ എത്തിച്ചേരുന്നതിന്, ‘വിജാതീയരുടെ ഗലീലി’ എന്നറിയപ്പെടുന്ന പ്രദേശങ്ങളിലൂടെ അവന്‍ യാത്ര ചെയ്യണം. കൃത്യമായി പറഞ്ഞാല്‍ ദുര്‍ഘടമായ വഴിയിലൂടെയാണ് അവന്റെ യാത്ര. ഈ യാത്രയില്‍ യേശു, അക്കാലത്ത് സമൂഹത്തില്‍ ഏറ്റവും ദുര്‍ബലരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുമായ ഒരുപറ്റം ജനങ്ങളെ കാണുന്നു -കുഷ്ഠരോഗികളെ. കുഷ്ഠരോഗം ഒരു ത്വക്ക് രോഗമാണെങ്കിലും അക്കാലത്ത് പാപികള്‍ക്കു കിട്ടുന്ന ശിക്ഷ ആയിട്ടാണ് കരുതപ്പെട്ടിരുന്നത്. ഉദാഹരണത്തിന് രണ്ടാം ദിനവൃത്താന്ത പുസ്തകത്തില്‍ നാം കാണുന്ന ഉസിയാ രാജാവ് (2 ദിന. 26:20).

അവര്‍ ദൈവാരാധനയ്ക്കും സമൂഹത്തില്‍ ജീവിക്കുന്നതിനും അര്‍ഹതയില്ലാത്തവരായിരുന്നു. അതിനാല്‍, സമൂഹത്തില്‍ നിന്നും കുടുംബത്തില്‍ നിന്നും വേറിട്ടു ജീവിക്കുവാന്‍ അവര്‍ നിര്‍ബദ്ധിതരുമായിരുന്നു (ലേവ്യ. 13:46). സമൂഹത്തില്‍ നിന്നു പുറന്തള്ളപ്പെട്ടവരും ഏകാന്തമായി സഞ്ചരിക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടവരുമായ അവര്‍, മനുഷ്യവാസമുള്ള സ്ഥലങ്ങളിലെത്തുമ്പോള്‍ സ്വയം, ‘തങ്ങള്‍ കുഷ്ഠരോഗികളാണ്’ എന്ന് ഉച്ചത്തില്‍ വിളിച്ചുപറയുവാന്‍ ബാദ്ധ്യസ്ഥരുമായിരുന്നു. പരുപരുപ്പായ വസ്ത്രം ധരിച്ചിരുന്ന അവരുടെ ശിരസ്സ് എപ്പോഴും മൂടപ്പെട്ടിരുന്നു.

ഇപ്പോളിതാ യേശുവിന്റെ വഴിത്താരയില്‍ പത്ത് കുഷ്ഠരോഗികള്‍ സഹായം അഭ്യര്‍ത്ഥിച്ചു വന്നിരിക്കുന്നു. അവര്‍ സ്വരമുയര്‍ത്തി അവനെ വിളിച്ചു. ‘യേശുവേ, ഗുരോ, ഞങ്ങളില്‍ കനിയണമേ’ (ലൂക്കാ 17:13). യേശുവിനെ ശിഷ്യന്മാര്‍ വിളിക്കുന്നതുപോലെ ‘ഗുരു’ എന്നാണ് അവരും സംബോധന ചെയ്യുന്നത്. യേശു അവരെ കാണുന്നു; അവരുടെ വാക്കുകള്‍ക്ക് വേണ്ടത്ര ശ്രദ്ധ നല്‍കുന്നു. അതിനുശേഷം ഒരു പ്രത്യേക കാര്യം ചെയ്യാന്‍ ആവശ്യപ്പെടുന്നു: ‘പോയി നിങ്ങളെത്തന്നെ പുരോഹിതന്മാര്‍ക്ക് കാണിച്ചുകൊടുക്കുവിന്‍’ (ലൂക്കാ 17:14). ഇസ്രായേലില്‍, ഒരാള്‍ക്ക് കുഷ്ഠരോഗമാണോ എന്നു രോഗനിര്‍ണ്ണയം നടത്തേണ്ടതും രോഗം സുഖപ്പെട്ടാല്‍ അത് സൗഖ്യമായി എന്നു സാക്ഷ്യപ്പെടുത്തേണ്ടതും പുരോഹിതന്റെ ഉത്തരവാദിത്വമായിരുന്നു (ലേവ്യ. 13:9-10;14:2).

സഹായത്തിനായി യേശുവിനെ സമീപിക്കുമ്പോഴും പത്ത് കുഷ്ഠരോഗികള്‍ ഒരു അകലം പാലിക്കുന്നു. ഇത് പഴയനിയമ കാലത്ത് നിലനിന്നിരുന്ന ശുദ്ധിനിയമങ്ങളെ അനുസരിച്ചാണ്: ‘കുഷ്ഠമുള്ളവന്‍ കീറിയ വസ്ത്രം ധരിക്കുകയും, മുടി ചീകാതിരിക്കുകയും, മേല്‍ച്ചുണ്ട് തുണി കൊണ്ടു മറയ്ക്കുകയും ‘അശുദ്ധന്‍ അശുദ്ധന്‍’ എന്നു വിളിച്ചുപറയുകയും വേണം. രോഗമുള്ള കാലമെല്ലാം അവന്‍ അശുദ്ധനാണ്. അവന്‍ പാളയത്തിനു വെളിയില്‍ ഒരു പാര്‍പ്പിടത്തില്‍ ഏകനായി വസിക്കണം’ (ലേവ്യ. 13:45-46). എങ്കിലും അവരുടെ പ്രയാസകരമായ അവസ്ഥ കൂട്ടാക്കാതെ ദൈവത്തെ വിളിക്കാനായി കാത്തിരിക്കുന്നു. യേശു പഠിപ്പിക്കുന്ന വലിയൊരു ഉള്‍ക്കാഴ്ച ഇവിടെ ഒളിഞ്ഞുകിടപ്പുണ്ട് – അകല്‍ച്ചകള്‍ കുറയ്ക്കാന്‍ മുന്‍കൈയെടുക്കുന്നവനും പാലം പണിയുന്നവനുമാണ് ദൈവം. കുഷ്ഠരോഗികള്‍ യേശുവിനെ വിളിക്കുന്നത് ‘ഗുരു’ എന്നാണ്. അല്ലാതെ,’ദൈവം’ എന്നല്ല. ഈ സമയത്ത് യേശുവിലുള്ള അവരുടെ വിശ്വാസം പ്രാഥമിക ഘട്ടത്തില്‍ മാത്രമാണെന്ന് ഈ സംഭവം വെളിവാക്കുന്നു. കരുണയ്ക്കു വേണ്ടി അവര്‍ അവനോട് അപേക്ഷിക്കുന്നു. അവര്‍ അവന്റെ കല്‍പന അനുസരിക്കുന്നു. അവര്‍ സുഖം പ്രാപിക്കുന്നു. എന്നാല്‍, അവര്‍ അവരുടെ സൗഖ്യത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം ദര്‍ശിക്കുന്നതില്‍ പരാജയപ്പെടുന്നു.

കരുണയ്ക്കായി യാചിച്ചപ്പോള്‍ യേശു പത്തു പേരേയും ‘കണ്ടു’ (ലൂക്കാ 17:14) എന്ന വസ്തുതയ്ക്ക് ലൂക്കാ സുവിശേഷകന്‍ പ്രാധാന്യം കൊടുക്കുന്നു. ഈ സുവിശേഷത്തില്‍ തന്നെ മറ്റൊരു ഭാഗത്ത് ലൂക്കാ ‘കാണലിനെ’ ‘രക്ഷ നല്‍കലുമായി’ ബന്ധിപ്പിക്കുന്നു (ലൂക്കാ 13:12). പഴയനിയമത്തില്‍ നാമാന് സൗഖ്യം ലഭിക്കുന്നതുപോലെ ഇവിടെ കുഷ്ഠരോഗികള്‍ക്ക് പൊടുന്നനെ സൗഖ്യം ലഭിക്കുന്നില്ല. തോറായോട് വിശ്വസ്തത പുലര്‍ത്തിക്കൊണ്ട് യേശു അവരോട്: ‘നിങ്ങളെത്തന്നെ പുരോഹിതന്മാര്‍ക്ക് കാണിച്ചു കൊടുക്കുവിന്‍’ (ലൂക്കാ 17:14) എന്നു കല്‍പിക്കുന്നു.

യഥാര്‍ത്ഥ സൗഖ്യം യേശുവിന്റെ വചനത്തെ ശ്രവിക്കുന്നതിലും സൗഖ്യം നല്‍കിയവനോട് നന്ദിയുള്ളവനായിരിക്കുന്നതിലും അടങ്ങിയിരിക്കുന്നു. പത്ത് കുഷ്ഠരോഗികള്‍ക്കും യേശുവിന്റെ നിര്‍ദ്ദേശം അനുസരിക്കാനുള്ള നല്ല ഉദ്ദേശ്യം ഉണ്ടായിരുന്നെങ്കിലും അവനെ കാണാനുള്ള ഭാഗ്യം ഉണ്ടായിരുന്നെങ്കിലും ഒരുവനൊഴികെ മറ്റാര്‍ക്കും അവരുടെ ജീവിതത്തിലെ ഏറ്റവും വലിയ ഉത്തരവാദിത്വം- യേശുവിലേയ്ക്ക് തിരികെ വരാന്‍- ഏറ്റെടുക്കാന്‍ കഴിയുന്നില്ല. യഹൂദരുടെ ശത്രുവായ ഒരു സമരിയാക്കാരനു മാത്രമേ അത് സാധിക്കുന്നുള്ളൂ. ‘അവരിലൊരുവന്‍, താന്‍ രോഗവിമുക്തനായി എന്നു കണ്ട് ഉച്ചത്തില്‍ ദൈവത്തെ സ്തുതിച്ചുകൊണ്ട് തിരിച്ചുവന്നു’ (ലൂക്കാ 17:15). ലൂക്കായുടെ അഭിപ്രായത്തില്‍, സമരിയാക്കാരന്റെ ‘കാണല്‍’ അവന്റെ വിശ്വാസത്തിന്റെ കണ്ണ് തുറപ്പിക്കുന്നു. ഇപ്പോള്‍ ആ വിശ്വാസത്തിനു വേണ്ടി വ്യക്തിപരമായ തീരുമാനം എടുക്കേണ്ട സമയമാണെന്ന് സമരിയാക്കാരന്‍ തിരിച്ചറിയുന്നു. അവന്‍ യേശുവിലേയ്ക്കു മടങ്ങുന്നു.

ദൈവത്തെ സ്തുതിച്ചുകൊണ്ട് നന്ദിപ്രകാശനമായി യേശുവിന്റെ കാല്ക്കല്‍ സാഷ്ടാംഗം പ്രണമിക്കുമ്പോള്‍ സമരിയാക്കാരന്‍ കേവലം നന്ദി പറയുക മാത്രമല്ല ചെയ്യുന്നത്. അവന് ഒരു സമ്പൂര്‍ണ്ണസൗഖ്യവും ആന്തരീകപരിവര്‍ത്തനവും സംഭവിക്കുന്നു. നന്ദി സാധാരണയായി, ദൈവപിതാവിനോടാണ് പ്രകടിപ്പിക്കുക. എന്നാല്‍, പുതിയനിയമത്തില്‍ യേശുവിനെ സംബോധന ചെയ്തുള്ള ഏക നന്ദിയര്‍പ്പണമാണിത്. അവസാനം യേശുവിലുള്ള വിശ്വാസം രൂപാന്തരപ്പെടുത്തിയ ആ സമരിയാക്കാരനെ അവന്‍ പ്രേഷിതദൗത്യത്തിന് അയയ്ക്കുന്നു: ‘അനന്തരം, യേശു അവനോടു പറഞ്ഞു: എഴുന്നേറ്റു പൊയ്‌ക്കൊാള്ളുക’ (ലൂക്കാ 17:19).
ദൈവവുമായുള്ള വ്യക്തിപരമായ സമാഗമത്തിലൂടെ മാത്രമേ ആന്തരിക മാനസാന്തരം സംഭവിക്കുകയുള്ളൂ എന്ന പ്രമേയത്തിലാണ് പത്ത് കുഷ്ഠരോഗികളുടെ കഥ അടിസ്ഥാനമിട്ടിരിക്കുന്നത്. ഈ സമാഗമത്തിന്റെ ആരംഭം ഒരുപക്ഷെ, വ്യക്തിപരമായ പ്രശ്‌നങ്ങളോ, രോഗങ്ങളോ അല്ലെങ്കില്‍ ദൈവീകപ്രേരണകളോ ആകാം. അടുത്തപടി, ഓരോ വ്യക്തിയും ഈ സമാഗമത്തെ തിരിച്ചറിഞ്ഞ് അവയെ സ്വീകരിച്ച് മാനസാന്തരത്തിലേയ്ക്ക് നടക്കുന്നതിനെ ആശ്രയിച്ചിരിക്കുന്നു. കുഷ്ഠരോഗിയായിരുന്ന സമരിയാക്കാരനെപ്പോലെ ശുദ്ധീകരണത്തിന്റെയും യേശുവുമായുള്ള ഐക്യത്തിലേയ്ക്കുള്ള തിരിച്ചുവരവിന്റെയും അനുഭവം ഉള്ളവര്‍ക്കേ സഭാസമൂഹത്തിന്റെ ഭാഗമായി നിന്നുകൊണ്ട് പ്രേഷിതപ്രവര്‍ത്തനം നടത്താന്‍ കഴിയൂ.

പാപത്തിന്റെ നശീകരണത്തില്‍ നിന്ന് ദൈവമക്കളെ വീണ്ടെടുക്കുന്ന, മരണത്തില്‍ നിന്ന് അവരെ വേര്‍പെടുത്തുന്ന ദൈവത്തിന്റെ രക്ഷണീയകൃപ എല്ലാവരിലേയ്ക്കും എത്തിക്കുക;അത് പങ്കുവയ്ക്കുക എന്നത് സഭ യുടെ ദൗത്യമാണ്. സുവിശേഷത്തെ സ്വാഗതം ചെയ്യുക എന്നാല്‍, ക്രിസ്തുവിന്റെ പെസഹാ രഹസ്യങ്ങളില്‍ പ്രവേശിക്കുക, പുനര്‍നിര്‍മ്മിക്കുന്ന അവന്റെ മരണത്തെ സ്വീകരിക്കുക, അവന്റെ ഉത്ഥാനത്തിലുള്ള വിശ്വസ്തത ധ്യാനിക്കുക എന്നാണ്. സഭയുടെ പുതിയ ജോര്‍ദ്ദാന്‍ നദിയായ മാമ്മോദീസായില്‍ വീണ്ടും ജനിച്ച്, അനര്‍ഹമായ രക്ഷയ്ക്ക് നന്ദിയുള്ളവരായി, സാധാരണ ജീവിതത്തിന്റെ അനുഭവങ്ങളില്‍ നമുക്ക് മിഷനറിമാരായിത്തീരാം, എഴുന്നേല്‍ക്കുക, നിന്റെ കടമയുടെ വഴിയെ പോവുക, അവസാനം തിരികെ വീട്ടില്‍ വരിക.

ഫാ. ജെയ്‌സണ്‍ കുന്നേല്‍ MCBS