മിഷൻ വചനവിചിന്തനം ഒക്ടോബർ 3: ലൂക്കാ 10:1-12

ഫാ. ജെയ്സൺ കുന്നേൽ MCBS

ലൂക്കാ 10:1-12 – എഴുപത്തിരണ്ടുപേരെ അയയ്ക്കുന്നു

1 അനന്തരം, കര്‍ത്താവ് വേറെ എഴുപത്തിരണ്ടു പേരെ തെരഞ്ഞെടുത്ത്, താന്‍ പോകാനിരുന്ന എല്ലാ പട്ടണങ്ങളിലേക്കും നാട്ടിന്‍ പുറങ്ങളിലേക്കും ഈരണ്ടുപേരായി അവരെ തനിക്കു മുമ്പേ അയച്ചു. 2 അവന്‍ അവരോടു പറഞ്ഞു: കൊയ്ത്തു വളരെ; വേലക്കാരോ ചുരുക്കം. അതിനാല്‍ കൊയ്ത്തിനു വേലക്കാരെ അയയ്ക്കുവാന്‍ കൊയ്ത്തിന്റെ നാഥനോടു നിങ്ങള്‍ പ്രാര്‍ഥിക്കുവിന്‍. 3 പോകുവിന്‍, ഇതാ, ചെന്നായ്ക്കളുടെ ഇടയിലേക്കു കുഞ്ഞാടുകളെ എന്നപോലെ ഞാന്‍ നിങ്ങളെ അയയ്ക്കുന്നു. 4 മടിശ്ശീലയോ സഞ്ചിയോ ചെരിപ്പോ നിങ്ങള്‍ കൊണ്ടുപോകരുത്. വഴിയില്‍വച്ച് ആരെയും അഭിവാദനം ചെയ്യുകയും അരുത്. 5 നിങ്ങള്‍ ഏതു വീട്ടില്‍ പ്രവേശിച്ചാലും, ഈ വീടിന് സമാധാനം എന്ന് ആദ്യമേ ആശംസിക്കണം. 6 സമാധാനത്തിന്റെ പുത്രന്‍ അവിടെയുണ്ടെങ്കില്‍ നിങ്ങളുടെ സമാധാനം അവനില്‍ കുടികൊള്ളും. ഇല്ലെങ്കില്‍ അതു നിങ്ങളിലേക്കു തിരിച്ചുപോരും. 7 അവരോടൊപ്പം ഭക്ഷിക്കുകയും പാനംചെയ്യുകയുംചെയ്തുകൊണ്ട് ആ വീട്ടില്‍ തന്നെ വസിക്കുവിന്‍. വേലക്കാരന്‍ തന്റെ കൂലിക്ക് അര്‍ഹനാണല്ലോ. നിങ്ങള്‍ വീടുതോറും ചുറ്റിനടക്കരുത്. 8 ഏതെങ്കിലും നഗരത്തില്‍ നിങ്ങള്‍ പ്രവേശിക്കുകയും അവര്‍ നിങ്ങളെ സ്വീകരിക്കുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ക്കു വിളമ്പുന്നതു ഭക്ഷിക്കുവിന്‍. 9 അവിടെയുള്ള രോഗികളെ സുഖപ്പെടുത്തുവിന്‍. ദൈവരാജ്യം നിങ്ങളെ സമീപിച്ചിരിക്കുന്നുവെന്ന് അവരോടു പറയുകയും ചെയ്യുവിന്‍. 10 നിങ്ങള്‍ ഏതെങ്കിലും നഗരത്തില്‍ പ്രവേശിക്കുമ്പോള്‍ അവര്‍ നിങ്ങളെ സ്വീകരിക്കാതിരുന്നാല്‍ തെരുവിലിറങ്ങിനിന്നുകൊണ്ടു പറയണം: 11 നിങ്ങളുടെ നഗരത്തില്‍നിന്ന് ഞങ്ങളുടെ കാലുകളില്‍ പറ്റിയിട്ടുള്ള പൊടിപോലും നിങ്ങള്‍ക്കെതിരേ ഞങ്ങള്‍ തട്ടിക്കളയുന്നു. എന്നാല്‍, ദൈവരാജ്യം സമീപിച്ചിരിക്കുന്നുവെന്നു നിങ്ങള്‍ അറിഞ്ഞുകൊള്ളുവിന്‍. 12 ഞാന്‍ നിങ്ങളോടു പറയുന്നു, ആദിവസം സോദോമിന്റെ സ്ഥിതി ഈ നഗരത്തിന്റേതിനെക്കാള്‍ സഹനീയമായിരിക്കും.

ഇസ്രായേലിലെ പന്ത്രണ്ടു ഗോത്രങ്ങളെ പ്രതിനിധാനം ചെയ്യാൻ പന്ത്രണ്ടു ശിഷ്യന്മാരെ വിളിച്ച യേശു (ലൂക്കാ 9:1-6) ഇന്നത്തെ വചനഭാഗത്തു എഴുപത്തിരണ്ടു ശിഷ്യന്മാരെ ദൗത്യത്തിനായി തിരഞ്ഞെടുത്തയക്കുന്നു. രണ്ടു ദൗത്യങ്ങളുടെയും ലക്ഷ്യം ഒന്നു തന്നെയാണ് യേശുവിനു വഴിയൊരുക്കുക. പ്രേഷിത പ്രവർത്തനത്തിനുള്ള ഏറ്റവും പ്രധാനമായ മുന്നൊരുക്കം യേശുവിന്റെ ശിഷ്യസമൂഹത്തിന്റെ ഭാഗമായിരിക്കുക എന്നതാണ്. യേശു തന്റെ ശിഷ്യന്മാരെ പ്രേഷിത ദൗത്യത്തിനു അയക്കും മുമ്പു പ്രേഷിത വഴിത്താരയിൽ അവരെ കാത്തിരിക്കുന്ന വെല്ലുവിളികൾ, തടസ്സങ്ങൾ, അപകടങ്ങൾ എന്നിവ ഒരു മറയുമില്ലാതെ അവരോടു തുറന്നു പറയുകയും, സാഹചര്യങ്ങൾ അനുകൂലമാണങ്കിലും പ്രതികൂലമാണങ്കിലും ദൈവരാജ്യ പ്രഘോഷണത്തിൽ നിന്നു പിന്മാറരുതെന്നു ഉദ്ബോധിപ്പിക്കുകയും ചെയ്യുന്നു.

ജയ്സൺ കുന്നേൽ

ആദിമ  ശിഷ്യസമൂഹത്തിൽ യേശു തന്നെ വിശുദ്ധ ലിഖിതങ്ങൾ അവർക്കു വിശദീകരിച്ചു കൊടുക്കുകയും (ലൂക്കാ 24:44-48), വിശുദ്ധ ലിഖിതം വായിക്കുന്നതും വ്യാഖ്യാനിക്കുന്നതും യേശു തന്നെ ശിഷ്യസമൂഹത്തിന്റെ അടിസ്ഥാന പ്രമാണമായി  മനസ്സിലാക്കുകയും ചെയ്തു (ലൂക്കാ 24:25-35). ദൈവരാജ്യം പ്രഘോഷിക്കാനായി ശിഷ്യന്മാരെ ചുമതലപ്പെടുത്തുക വഴി, യേശു ഈ പ്രഘോഷണത്തിന്റെ രീതി ശാസ്ത്രത്തെക്കുറിച്ചു –  സജ്ജീകരണങ്ങളും പ്രായോഗികതയും പറഞ്ഞു കൊടുക്കുന്നു (ലൂക്കാ 10:1-11). അക്കാലത്തെ യഹൂദ- പാലസ്തീന സംസ്കാരത്തിൽ നിലനിന്ന ചില “ആതിഥ്യ മര്യാദകളുടെ  കീഴ്‌വഴക്കങ്ങൾ” മനസ്സിൽ സൂക്ഷിച്ചാണ് യേശു പ്രായോഗിക നിർദേശങ്ങൾ നൽകുന്നതെങ്കിലും (ലൂക്കാ 10:4-7; ഉല്പത്തി 18:1-8), അക്കാലത്തെ സംസ്കാരത്തെ വിലമതിച്ചു കൊണ്ടു തന്നെ ദൈവരാജ്യം പ്രഘോഷിക്കേണ്ടതിന്റെ ആവശ്യകത യേശു ഊന്നിപ്പറയുന്നു (ലൂക്കാ 10:4). പ്രേഷിതവേലയ്ക്കു ആളുകൾ കുറവായതിനാൽ വിളവിന്റെ നാഥനോടു പ്രാർത്ഥിക്കാൻ യേശു ആവശ്യപ്പെടുന്നു (ലൂക്കാ 10:2).

പ്രേഷിതവേലയിൽ ശിഷ്യൻ അദ്യം ഉച്ചരിക്കേണ്ട വാക്കു “സമാധാനം” എന്നതാണ്. “നിങ്ങള്‍ ഏതു വീട്ടില്‍ പ്രവേശിച്ചാലും, ഈ വീടിന്‌ സമാധാനം എന്ന്‌ ആദ്യമേ ആശംസിക്കണം” (ലൂക്കാ 10:5). സമാധാനം ആശംസിക്കുമ്പോൾ ഭിന്നതയുടെ അതിർവരമ്പുകൾ ശിഷ്യർ പൊട്ടിച്ചെറിഞ്ഞു ദൈവരാജ്യത്തിന്റെ  സംസ്ഥാപനത്തിൽ സഹകാർമ്മികനാകുന്നു. സമാധാനം സ്ഥാപിക്കുമ്പോൾ പ്രേഷിതർ ഭാഗ്യവാന്മാരും ദൈവപുത്രന്മാരും ആയി രൂപാന്തരപ്പെടുന്നു. “സമാധാനം സ്‌ഥാപിക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍; അവര്‍ ദൈവപുത്രന്‍ മാരെന്നു വിളിക്കപ്പെടും”(മത്തായി 5:9).

പ്രേഷിത മേഖലകളിൽ ആതിഥ്യമര്യാദയിൽ തിരസ്കരണങ്ങൾ നേരിട്ടാലും  ദൈവരാജ്യ പ്രഘോഷണത്തിനുള്ള പ്രഥമസ്ഥാനം (priority) (ലൂക്കാ 10:10-11) പ്രേഷിതൻ ഒരിക്കലും മറക്കരുത്. യഹൂദ സമൂഹത്തിൽ നിന്നു പൗലോസിനും ബർണാബാസിനും എതിർപ്പുകൾ ഉണ്ടായെങ്കിലും അവർ ദൈവവചനം പ്രസംഗിക്കുന്നതിൽ നിന്നു പിന്മാറിയില്ല (അപ്പ. പ്ര. 13:44-51). ദൈവത്തിന്റെ ശക്തി അവരിൽ ഉള്ളതിനാൽ ഏതു പ്രതിസന്ധികളിലും അവർ വിജയം വരിക്കും.  ദൈവവചനമനുസരിച്ചു അവർ എഴുപത്തിരണ്ടുപേരും സന്തോഷത്തോടെ തിരിച്ചുവന്നു (ലൂക്കാ 10:17) എന്നാണ് പറഞ്ഞിരിക്കുന്നത്. ദൈവം നമ്മോടു ചെയ്യാൻ ആവശ്യപ്പെടുന്ന കാര്യങ്ങൾ ചെയ്യുമ്പോൾ എഴുപത്തിരണ്ടു പേർക്കുണ്ടായ സന്തോഷം നമുക്കനുഭവപ്പെടുന്നുണ്ടോ? അയച്ചവന്റെ ജോലി നിർവ്വഹിച്ചതിനു ശേഷം തിരികെ വരുമ്പോൾ സന്തോഷിക്കാൻ സാധിച്ചാൽ ഞാനും പ്രേഷിതനാണ്, ക്രിസ്തുവിന്റെ നല്ല പ്രേഷിതൻ.

സഭ സ്വഭാവത്താലേ പ്രേഷിതയായതിനാൽ ദൈവരാജ്യം പ്രഘോഷിക്കുക എന്ന ദൗത്യത്തിൽ നിന്നു ആർക്കും ഒഴിഞ്ഞു മാറാൻ കഴിയുകയില്ല. മാമ്മോദീസാ  സ്വീകരണത്തിലൂടെ നമ്മളെ എല്ലാവരെയും ഒരു വലിയ ഉത്തരവാദിത്വവും ആനുകുല്യവും യേശു ഏല്പിപിച്ചിരിക്കുന്നു. യേശുവിന്റെ ശിഷ്യസമൂഹത്തിന്റെ ഭാഗമായിരുന്നുകൊണ്ടു ദൈവത്തിന്റെ കരുണയും സ്നേഹവും ലോകത്തിനു പകർന്നു കൊടുക്കുക. ഈ മഹത്തായ പ്രേഷിതവേല നിർവ്വഹിക്കാൻ വേണ്ട ജ്ഞാനവും ധൈര്യവും ശക്തിയും വചനത്തിൽ നിന്നും വിശുദ്ധ ബലി അർപ്പണത്തിൽ നിന്നും നമ്മൾ സ്വന്തമാക്കണം.

എന്തിനാണു ദൈവവചനത്തിനു സാക്ഷ്യം വഹിക്കേണ്ട ശുശ്രൂഷ നമ്മൾ ചെയ്യേണ്ടതെന്നു ആവിലായിലെ വിശുദ്ധ അമ്മ ത്രേസ്യാ ഓർമ്മിപ്പിക്കുന്നു: “നിങ്ങളല്ലാതെ ക്രിസ്തുവിനു ലോകത്തിൽ മറ്റു ശരീരമില്ല, നിങ്ങളുടെ കരങ്ങളല്ലാതെ മറ്റു കരങ്ങളോ, നിങ്ങളുടെ കാലുകളല്ലാതേ മറ്റു കാലുകളോ ഇല്ല. ക്രിസ്തു ലോകത്തെ അനുകമ്പയോടെ നോക്കുന്ന കണ്ണുകൾ നിങ്ങളുടേതാണ്. നന്മ ചെയ്തുകൊണ്ടു അവൻ ചുറ്റി നടക്കുന്ന പാദങ്ങൾ നിങ്ങളുടേതാണ്, മറ്റുള്ളവരെ അനുഗ്രഹിക്കാനായി അവൻ ഉയർത്തുന്ന കരങ്ങൾ നിങ്ങളുടേേതാണ്.”

മിഷൻ മാസത്തിന്റെ മൂന്നാം ദിനം ദൈവരാജ്യം നാം ആയിക്കുന്ന സ്ഥലങ്ങളിൽ പ്രഘോഷിക്കേണ്ടതിന്റെ വലിയ ഉത്തരവാദിത്വത്തെക്കുറിച്ചു നമുക്കു ബോധവാന്മാരാകാം. ദൈവവചനം പഠിക്കുന്നതിലും ജീവിക്കുന്നതിലും വൈമനസ്യം കാണിക്കാതിരിക്കാം. ഇന്നു യേശുവിനെ പ്രഘോഷിക്കപ്പെടേണ്ട ഏറ്റവും വലിയ മേഖല നമ്മുടെ ജീവിതം തന്നെയാണന്നു മറക്കാതിരിക്കാം.

ഫാ. ജെയ്സൺ കുന്നേൽ MCBS