മിഷന്‍ വചനവിചിന്തനം: ഒക്‌ടോബര്‍ 20, ലൂക്കാ 18:1-8

ജയ്സൺ കുന്നേൽ

ഭഗ്നാശരാകാതെ എപ്പോഴും പ്രാര്‍ത്ഥിക്കണം എന്നു കാണിക്കാന്‍ യേശു പറഞ്ഞ ഉപമയാണ് ഇന്നത്തെ നമ്മുടെ ധ്യാനവിഷയം. ഇടവിടാതെ പ്രാര്‍ത്ഥിക്കുക എന്നത് പുതിയനിയമത്തില്‍ പലപ്പോഴായി നാം കാണുന്ന ആഹ്വാനമാണ്. (1 തെസ. 5:17; റോമാ 12:12; എഫേ. 6:18). ആദിമ ക്രൈസ്തവ സമൂഹങ്ങളിലെ അദ്ധ്യാത്മികതയുടെ ഏറ്റവും വലിയ സവിശേഷതയായിരുന്നു നിരന്തരമായ പ്രാര്‍ത്ഥന. ലൂക്കാ സുവിശേഷകന്‍ തന്റെ സുവിശേഷത്തിലും അപ്പസ്‌തോലന്മാരുടെ നടപടികളിലും പ്രാര്‍ത്ഥനയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നുണ്ട്. എല്ലാ അര്‍ത്ഥത്തിലും പ്രാര്‍ത്ഥനയുടെ സുവിശേഷമാണ് ലൂക്കായുടെ സുവിശേഷം.

പലതരം പ്രാര്‍ത്ഥനകള്‍ ഉള്ളതായി നമുക്കറിയാം. സ്തുതി, കൃതജ്ഞത, മദ്ധ്യസ്ഥ പ്രാര്‍ത്ഥന, യാചനാപ്രാര്‍ത്ഥന എന്നിവ അവയില്‍ ചിലതാണ്. പ്രധാനമായും യാചനാപ്രാര്‍ത്ഥനയാണ് ഇന്നത്തെ സുവിശേഷഭാഗത്തിലെ മുഖ്യപ്രമേയം. ചിലപ്പോള്‍ നിശബ്ദമായും മറ്റു ചിലപ്പോള്‍ ഉച്ചസ്വരത്തിലും നാം പ്രാര്‍ത്ഥിക്കാറുണ്ട്. ധ്യാനാത്മകമായ പ്രാര്‍ത്ഥനയും സ്വയംപ്രേരിത പ്രാര്‍ത്ഥനയും വിശ്വാസികളുടെ ഇടയിലുണ്ട്. രഹസ്യ പ്രാര്‍ത്ഥനകളും സഭയുടെ പൊതുവായ പ്രാര്‍ത്ഥനകള്‍ – ലിറ്റര്‍ജി അഥവാ ആരാധനക്രമ പ്രാര്‍ത്ഥനകളും തിരുസഭയിലുണ്ട്. എന്നാല്‍, പ്രാര്‍ത്ഥനകള്‍ക്കും അതിന്റേതായ പ്രാധാന്യവും അര്‍ത്ഥവുമുണ്ട്. ഇന്നത്തെ സുവിശേഷഭാഗത്ത് യേശു യാചനാപ്രാര്‍ത്ഥനയെക്കുറിച്ചാണ് നമ്മോട് സംസാരിക്കുക. അതായത്, നമുക്കാവശ്യമുള്ളത് ദൈവത്തോടു പറയുന്ന പ്രാര്‍ത്ഥനാരീതി.

പുറപ്പാടിന്റെ പുസ്തകത്തില്‍ നിന്നുള്ള ഇന്നത്തെ ഒന്നാമത്തെ വായനയില്‍ (പുറ. 17:8-13), അമലേക്യരുമായി യുദ്ധത്തിലേര്‍പ്പെടുന്ന ഇസ്രായേല്‍ ജനതയ്ക്കു വേണ്ടി കരങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു പ്രാര്‍ത്ഥിക്കുന്ന മോശയെ നാം കാണുന്നു. മോശ കരങ്ങളുയര്‍ത്തിപ്പിടിച്ചിരുന്നപ്പോഴെല്ലാം ഇസ്രായേല്‍ വിജയിച്ചുകൊണ്ടിരുന്നു. കരങ്ങള്‍ താഴ്ത്തിയപ്പോള്‍ അമലേക്യര്‍ക്കായിരുന്നു വിജയം (പുറ. 17:11). മോശയുടെ കൈകള്‍ കുഴഞ്ഞപ്പോള്‍ സഹായികളായ അഹറോനും ഹൂറും അവന്റെ കൈകള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഇരുവശങ്ങളിലും നിന്നു. അവസാനം ഇസ്രായേല്‍ ജനത വിജയം കരസ്ഥമാക്കി. ദൈവത്തിലുളള സമ്പൂര്‍ണ്ണ സമര്‍പ്പണത്തിന്റെ പ്രകടനമാണിത്. ദൈവത്തെ കൂടാതെ ഒരു വിജയവുമില്ല.

ന്യായാധിപനും വിധവയും

യഥാര്‍ത്ഥ ജീവിതത്തിലെ രണ്ടു വ്യക്തികളെ യേശു ഇവിടെ അവതരിപ്പിക്കുന്നു. ദൈവത്തെ ഭയപ്പെടുകയോ മനുഷ്യരെ മാനിക്കുകയോ ചെയ്യാത്ത ഒരു ന്യായാധിപനെയും, എതിരാളിക്കെതിരെ തനിക്ക് നീതി നടത്തിത്തരണമേ എന്ന് അവനോട് അപേക്ഷിക്കുകയും ചെയ്യുന്ന ഒരു വിധവയെയും. ദൈവഭക്തിയോ മനുഷ്യനോട് ബഹുമാനമോ ഇല്ലാത്ത മനുഷ്യന്‍ പോലും വിധവയുടെ നിരന്തരമായ യാചനകള്‍ക്കു മുമ്പില്‍ കീഴടങ്ങി അവള്‍ക്ക് നീതി നടത്തിക്കൊടുക്കുന്നു. എങ്കില്‍, മക്കളെ സ്‌നേഹിക്കുന്ന ദൈവം അവരുടെ ആവശ്യങ്ങള്‍ക്കു മുമ്പില്‍ മുഖം തിരിക്കുമോ എന്ന പ്രസക്തമായ ചോദ്യം യേശു ചോദിക്കുന്നുണ്ട്. ഈ പ്രത്യാശയോടെ നമ്മള്‍ നിരന്തരം ചോദിച്ചുകൊണ്ടേയിരിക്കണം.

ഒരു പ്രേഷിതന്‍, തന്റെ ആവശ്യങ്ങള്‍ ആദ്യം ഉണര്‍ത്തേണ്ടത് ദൈവത്തിന്റെ പക്കലാണ്. അത് നിരന്തരം ഉണര്‍ത്തണം. നമുക്ക് എന്തും ദൈവത്തോടു ചോദിക്കാമോ? നമ്മുടെ അത്യാഗ്രഹ പൂര്‍ത്തീകരണത്തിന് അല്ലാത്തതെന്തും യേശുവിനോടു ചോദിക്കാം. ഇന്നത്തെ വചനഭാഗത്ത് വിധവ അപേക്ഷിച്ചത് അവള്‍ക്കു കിട്ടണമെന്ന് ദൈവം തീര്‍ച്ചയായും ആഗ്രഹിച്ച നീതിക്കു വേണ്ടിയായിരുന്നു. ലൂക്കായുടെ സുവിശേഷത്തില്‍തന്നെ പതിനൊന്നാം അധ്യായത്തില്‍ യേശു, ദൈവത്തെ ഒരു നല്ല പിതാവുമായി താരതമ്യം ചെയ്തുകൊണ്ടു ചോദിക്കുന്നു: ‘നിങ്ങളില്‍ ഏതൊരു പിതാവാണ് മകന്‍ മീന്‍ ചോദിച്ചാല്‍ പകരം പാമ്പിനെ കൊടുക്കുക? മുട്ട ചോദിച്ചാല്‍ പകരം തേളിനെ കൊടുക്കുക? മക്കള്‍ക്ക് നല്ല ദാനങ്ങള്‍ നല്‍കാന്‍ ദുഷ്ടരായ നിങ്ങള്‍ക്ക് അറിയാമെങ്കില്‍, സ്വര്‍ഗ്ഗസ്ഥനായ പിതാവ് തന്നോടു ചോദിക്കുന്നവര്‍ക്ക് എത്രയധികമായി പരിശുദ്ധാത്മാവിനെ നല്‍കുകയില്ല! (ലൂക്കാ 11: 11-13).

ആ സന്ദര്‍ഭത്തില്‍, നല്ല കാര്യങ്ങള്‍ പിതാവിനോട് അപേക്ഷിച്ചാല്‍ അത് എപ്പോഴും സാധിച്ചു തരും എന്ന് യേശു പഠിപ്പിക്കുന്നു. എന്താണ് നല്ല കാര്യങ്ങള്‍? ദൈവത്തോടു നമ്മെ അടുപ്പിക്കുന്ന, അവനെ കൂടുതലായി അറിയുവാനും സ്‌നേഹിക്കുവാനും ശുശ്രൂഷിക്കുവാനും സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍. അവന്റെ പഠനങ്ങള്‍ ആഴത്തില്‍ മനസ്സിലാക്കാന്‍ സഹായിക്കുന്ന വഴികള്‍. ഇതിനെല്ലാം ഉപരിയായി എന്നെക്കുറിച്ചുള്ള ദൈവീകപദ്ധതി എന്താണെന്നറിയുവാനും അവ നിര്‍വ്വഹിക്കാന്‍ ശക്തിപ്പെടുത്തുകയും ചെയ്യുന്ന കാര്യങ്ങള്‍. ഞാന്‍ ചെയ്യാനായി ദൈവം ആഗ്രഹിക്കുന്ന കാര്യങ്ങള്‍, ആ നല്ല കാര്യങ്ങള്‍ ഞാന്‍ നിര്‍വ്വഹിച്ചാല്‍ ദൈവഹിതത്തോട് ഞാന്‍ ഒന്നായി മാറുന്നു. ദൈവഹിതവും എന്റെ ഹിതവും ഒന്നാകുന്നു. അവസാനം ദൈവഹിതം എന്റെ ഹിതമായി നിര്‍വ്വഹിക്കുന്നു. എത്ര വിസ്മയകരമായ സംഗതിയാണത്! ദൈവഹിതം പ്രേഷിതന്റെ ഹിതമാക്കുമ്പോഴാണ് പ്രേഷിതപ്രവര്‍ത്തനം വിജയത്തിലെത്തുക. സ്വാര്‍ത്ഥഹിതങ്ങള്‍ക്കു പിന്നാലെ നടക്കുമ്പോഴാണ് മിഷനറി ജീവിതം ഭാരം വഹിക്കലാവുക.

മറിച്ചൊന്നു ചിന്തിച്ചാലോ?

സാധാരണ രീതിയില്‍, സ്ഥിരപരിശ്രമത്തെക്കുറിച്ചുള്ള ഈ ഉപമ വായിക്കുമ്പോള്‍, ദൈവത്തെ ന്യായാധിപനായും നമ്മളെ വിധവയായും കാണുന്നു. അതായത്, ദൈവത്തില്‍ നിന്ന് അനുഗ്രഹം പ്രാപിക്കാനായി നാം നിരന്തരം യാചിച്ചുകൊണ്ടിരിക്കണം എന്ന വസ്തുതയ്ക്കു ഊന്നല്‍ നല്‍കുന്നു. അമേരിക്കയിലെ നോത്രാദാം സഭയിലെ സന്യാസിനിയായ സി. മെലാനി സ്വബോഡ വര്‍ഷങ്ങള്‍ക്കു മുന്‍പ് ഈ വചനഭാഗത്തിന് ദൈവത്തെ വിധവയും മനുഷ്യരെ ന്യായാധിപനുമായി ചിത്രീകരിച്ച് വേറൊരു വ്യാഖ്യാനം നല്‍കി.

ന്യായാധിപനെപ്പോലെ നമ്മള്‍ ചിലപ്പോള്‍ അനീതിയോടെ ദൈവഭയമില്ലാതെ മനുഷ്യനെ മാനിക്കാതെ പെരുമാറുകയും, പാവപ്പെട്ടവരുടെയും ദുര്‍ബലരുടെയും ദീനരോദനങ്ങള്‍ നിരന്തരം നിരസിക്കുകയും ചെയ്യായാറുണ്ട്. എന്നാല്‍, ദൈവം ഒരിക്കലും പിന്മാറാത്ത വിധവയെപ്പോലെ നമ്മുടെ കൂടെയുണ്ട്. ആ ദൈവം അവസാനം സ്‌നേഹത്തിലേയ്ക്കും നീതിയിലേയ്ക്കും നമ്മള്‍ തിരിയുന്നതു വരെ നമ്മെ അസഹ്യപ്പെടുത്തുക തന്നെ ചെയ്യും. നമ്മള്‍ നീതിയോടെ വിധിക്കും വരെ അവന്‍ അതു നിരന്തരം തുടരും. ബൈബിളിലെ ആദ്യ പുസ്തകമായ ഉല്‍പത്തിയില്‍ നമ്മള്‍ ‘ദൈവത്തിന്റെ ഛായയില്‍ സൃഷ്ടിക്കപ്പെട്ടവരായി (ഉല്‍. 1:27) രേഖപ്പെടുത്തിയിരിക്കുന്നു.

രണ്ടു രീതിയില്‍ ചിന്തിച്ചാലും ഇന്നത്തെ സുവിശേഷഭാഗം പ്രേഷിതര്‍ക്കുള്ള ഒരു മാഗ്‌നാകാര്‍ട്ടയാണ്, സ്ഥിരോത്സാഹത്തോടെ പ്രാര്‍ത്ഥിക്കുക, പ്രവര്‍ത്തിക്കുക. സ്ഥിരോത്സാഹിയായ എന്റെ ദൈവമേ, എന്നെ നിന്നെപ്പോലെയാക്കണമേ എന്നതായിരിക്കട്ടെ പ്രേഷിതന്റെ/ പ്രേഷിതയുടെ ഇന്നത്തെ പ്രാര്‍ത്ഥന.

ഫാ. ജെയ്‌സണ്‍ കുന്നേല്‍ MCBS