മിഷൻ വചനവിചിന്തനം ഒക്ടോബർ 2: മത്താ 18:1-5,10

ഫാ. ജെയ്സൺ കുന്നേൽ MCBS

മത്താ 18:1-5,10

1 ശിഷ്യന്‍മാര്‍ യേശുവിനെ സമീപിച്ചുചോദിച്ചു: സ്വര്‍ഗരാജ്യത്തില്‍ വലിയവന്‍ ആരാണ്? 2 യേശു ഒരു ശിശുവിനെ വിളിച്ച് അവരുടെ മധ്യേ നിര്‍ത്തിക്കൊണ്ട് അരുളിച്ചെയ്തു: 3 സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, നിങ്ങള്‍ മാനസാന്തരപ്പെട്ട് ശിശുക്കളെപ്പോലെ ആകുന്നില്ലെങ്കില്‍, സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുകയില്ല. 4 ഈ ശിശുവിനെപ്പോലെ സ്വയം ചെറുതാകുന്നവനാണു സ്വര്‍ഗരാജ്യത്തിലെ ഏറ്റവും വലിയവന്‍. 5 ഇതുപോലുള്ള ഒരു ശിശുവിനെ എന്റെ നാമത്തില്‍ സ്വീകരിക്കുന്നവന്‍ എന്നെ സ്വീകരിക്കുന്നു. 10 ഈ ചെറിയവരില്‍ ആരെയും നിന്ദിക്കാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുക.

ഇന്നത്തെ വചനഭാഗത്തു ശിശുക്കളെപ്പോലെ ആകാൻ യേശു നമ്മെ വിളിക്കുന്നു. സഭയ്ക്കു തന്റെ ദൗത്യം നിർവ്വഹിക്കാൽ അനിവാര്യമായ മാറ്റമാണിത്. സഭയുടെ ദൗത്യത്തിനു വെല്ലുവിളിയായി അവളുടെ ഉള്ളിൽ നിന്നു നേരിടുന്ന പ്രലോഭനങ്ങൾ നിമിത്തം പലപ്പോഴും മങ്ങലേൽക്കുന്നുണ്ട്. മതാത്മകതയുടെ പുറംമോടി ധരിച്ച അഹങ്കാരത്തിന്റെയും അധികാരത്തിന്റെയും പ്രലോഭനങ്ങളിൽ സഭയ്ക്കു ക്ഷതമേൽക്കാറുണ്ട്. ഈ സുവിശേഷത്തിൽത്തന്നെ യേശുവിന്റെ ജറുസലേമിലേക്കുള്ള ആരോഹണത്തിനു അവനെ അനുഗമിക്കാതെ തടസ്സം നിൽക്കുന്ന പാപങ്ങളെക്കുറിച്ചു സൂചന നൽകുന്നുണ്ട്. അവയിൽ ഏറ്റവും കഠിനവും എതിർത്തു നിൽക്കുന്നതുമായ പ്രലോഭനങ്ങൾ ലൈഗീക അപഭ്രംശങ്ങളും (മത്താ. 19:1-12) ധനത്തോടുള്ള ആസക്തിയുമാണ് (മത്താ. 19:16-26). അധികാരസ്ഥാനത്തിനു വേണ്ടി പരസ്പരം വഴങ്ങി കൊടുക്കാത്ത അവസ്ഥ യേശുവിന്റെ ശിഷ്യന്മാരുടെ ഇടയിൽ പോലും ദൃശ്യമാണ് (മത്താ. 20:20-28).

ജയ്സൺ കുന്നേൽ

പാപം മൂലം ഒരുവന്റെ ദൗത്യം തകരാതിരിക്കാൽ യേശു ഒരു പുതിയ പ്രമാണം നൽകുന്നു: നിങ്ങൾ മാനസാന്തരപ്പെടു ശിശുക്കളെപ്പോലെയാകുവിൻ (മത്താ 18:2-4). സഭാ ദൗത്യത്തിനു വിളിക്കപ്പെട്ടവരിൽ ആഴത്തിൽ സംഭവിക്കേണ്ട മാനസാന്തരമാണിത്: ശിശുക്കളെപ്പോലെയാവുക. അതു പൂർണ്ണമായും മാനുഷികമായ അർത്ഥഥത്തിലല്ല മനസ്സിലാക്കേണ്ടത്. പ്രേഷിത ദൗത്യത്തിനായി വിളിക്കപ്പെട്ട ഓരോ  ക്രിസ്തു ശിഷ്യനും ദൈവത്തെ പൂർണ്ണണമായി വിശ്വസിക്കുകയും ആശ്രയിക്കുകയും വേണം. ഒരു ശിശുവിനു തന്റെ മാതാപിതാക്കളിലുള്ള പരിപൂർണ്ണ ആശ്രയവും അവരുടെ സ്നേഹത്തിലും സംരക്ഷണയിലുമുള്ള ഉറപ്പും സുരക്ഷിതത്വം പ്രദാനം ചെയ്യുന്നതുപോലെ ഒരു പ്രേഷിതനു സ്വന്തമാക്കി പ്രേഷിത ഭൂമിയിൽ ആത്മമവിശ്വാസത്തോടെ പ്രവർത്തിക്കണമെങ്കിൽ ദൈവതിരുമുമ്പിൽ ശിശുസഹജമായ ഒരു ആത്മസമർപ്പണം ആവശ്യമാണ്.

ദൈവപിതാവിന്റെ പുത്രനെന്ന നിലയിൽ യേശുവും ഈ അനുഭവത്തിലൂടെ കടന്നുപോയ വ്യക്തിയാണ്, സമ്പൂർണ്ണമായി പിതാവിനു കീഴ്‌വഴങ്ങിയ പുത്രൻ. യേശുവിനോടു അനുരൂപപ്പെടുന്ന ഈ വഴികളിലൂടെ മാത്രമേ നമ്മൾ വിളിക്കപ്പെട്ടിരിക്കുന്ന പ്രേഷിത മേഖലയെ നമുക്കു സമീപിക്കാനാവു. യേശു മനസ്സിലാക്കിയ രീതിയിൽ ശിശുവിനെപ്പോലെ ആയിത്തീരുന്ന ക്രൈസ്തവൻ, തന്റെ പ്രേഷിത മേഖലയിൽ മുപ്പതും അറുപതും നൂറുമേനിയും ഫലങ്ങൾ പുറപ്പെടുവിക്കും.

ഇന്നു കത്തോലിക്കാ സഭ കാവൽ മാലാഖമാരുടെ തിരുനാൾ ആഘോഷിക്കുന്ന ദിനമാണ്. ഈ ചെറിയവരില്‍ ആരെയും നിന്‌ദിക്കാതിരിക്കാന്‍ സൂക്‌ഷിച്ചുകൊള്ളുക. സ്വര്‍ഗത്തില്‍ അവരുടെ ദൂതന്‍മാര്‍ എന്റെ സ്വര്‍ഗസ്‌ഥനായ പിതാവിന്റെ മുഖം എപ്പോഴും ദര്‍ശിച്ചുകൊണ്ടിരിക്കുകയാണെന്ന് ഞാന്‍ നിങ്ങളോടു പറയുന്നു (മത്തായി 18:10-11).

പ്രേഷിതരിൽ ശിശു സഹജമായ നൈർമല്യം കാത്തു സൂക്ഷിക്കാൻ കാവൽ മാലാഖമാരുടെ സാന്നിധ്യം നമുക്കു ശക്തി പകരും. വിശുദ്ധ ബർണാർഡ് ഇപ്രകാരം ഓർമ്മിപ്പിക്കുന്നു: “നീ എപ്പോഴും നിന്റെ കാവൽ മാലാഖയുടെ സാന്നിധ്യത്തിലാണന്നു ഓർക്കുക. നീ എവിടെ ആയിരുന്നാലും, എന്തെല്ലാം രഹസ്യങ്ങൾ നിനക്കു മറയ്ക്കാൻ ഉണ്ടെങ്കിലും നിന്റെ കാവൽ മാലാഖയെക്കുറിച്ചു ചിന്തിക്കുക. എന്റെ സാന്നിധ്യത്തിൽ നീ ചെയ്യാൻ മടിക്കുന്നവ നിന്റെ കാവൽ മാലാഖയുടെ സാന്നിധ്യത്തിലും ഒരിക്കലും ചെയ്യരുത്.”

ശിശുവിനെപ്പോലെ ആകുന്ന ഒരു പ്രേഷിതൻ രക്ഷകനും നാഥനമായ യേശു ക്രിസ്തുവുമായി ഒരു പ്രത്യേക ബന്ധത്തിലേക്കു കടന്നു വരുന്നു. അവനിൽ ഓരോ ശിഷ്യനും ശിഷ്യയും ദൈവപിതാവിന്റെ മകനും മകളുമാണെന്ന യാഥാർത്ഥ്യം കണ്ടെത്തുകയും വ്യവസ്ഥകളില്ലാത്ത അനുസരണം വിശ്വാസത്തിലും ദൗത്യബോധത്തിലും നിലനിൽക്കുന്നതിന്റെ ഫലമായും മനസ്സിലാക്കുന്നു.  പിതാവിന്റെ മകനും മകളും എന്ന നിലയിൽ ഓരോ ശിഷ്യനും ശിഷ്യയും പ്രേഷിതനും പ്രേഷിതയുമാണ് കാരണം സദ് വാർത്ത അറിയിക്കാൻ അയ്ക്കപ്പെട്ടവരാണ് അവർ. ഈ പ്രേഷിത യാത്രയിൽ വെല്ലുവിളികളെ തരണം ചെയ്യാൻ ദൈവദൂതന്മാരുടെ അകമ്പടി അവരെ സഹായിക്കും. ചുരുക്കത്തിൽ പ്രേഷിത മാസത്തിന്റെ രണ്ടാം ദിനം സഭ നമ്മളോടു ആവശ്യപ്പെടുന്നതു ക്രിസ്തു ആഗ്രഹിക്കുന്ന ശിശുസഹജമായ നൈർമല്യം സ്വന്തമാക്കുക എന്നതാണ്.  കളങ്കമില്ലാത്ത ക്രിസ്തു ശിഷ്യൻ സഭയുടെ അഭിമാനമാണ്. കാവൽ മാലാഖമാരുടെ സംരക്ഷണയിൽ വളരുന്ന അവർ തിരുസഭാ ഗാത്രത്തിന്റെ മുന്നിണി പോരാളിയാണ്.

ഫാ. ജെയ്സൺ കുന്നേൽ MCBS