മിഷന്‍ വചനവിചിന്തനം: ഒക്‌ടോബര്‍ 16, ലൂക്കാ 11: 42-46

ജയ്സൺ കുന്നേൽ

യേശു ഫരിസേയരെയും, നിയമജ്ഞരെയും കുറ്റം ചുമത്തുന്ന ഇന്നത്തെ സുവിശേഷഭാഗം അതിരുവിട്ട നിയമവാദത്തിന്റെയും (Legalism) രൂപഭദ്രതാ വാദത്തിന്റെയും (Formalism) മതാനുഷ്ഠാനങ്ങളിലെ ആചാരപ്രമാണ്യത്തിന്റെയും (Ritualism) പ്രലോഭനങ്ങളില്‍ ഇന്നലെകളിലും ഇന്നുമുള്ള ക്രിസ്ത്യന്‍ സമൂഹങ്ങള്‍ വീഴാതിരിക്കാനുള്ള ശക്തമായ താക്കീതാണ്. ക്രിസ്തുവിന്റെ രക്ഷാകരപ്രവൃത്തിക്ക് ഏറ്റവും തടസ്സമായി നില്‍ക്കുന്ന വ്യക്തികേന്ദ്രീകൃതയാണ് ഇത്തരം ‘ഇസ’ങ്ങള്‍ പരിപോഷിക്കുന്നത്.

വെറും ബാഹ്യമായ അനുഷ്ഠാനങ്ങളിലേയ്ക്കു മാത്രം നിയമങ്ങള്‍ ശ്രദ്ധയൂന്നുമ്പോള്‍, തിരഞ്ഞെടുക്കപ്പെട്ട ജനതയുടെ ആനുകൂല്യങ്ങള്‍ വിജാതീയര്‍ക്ക് നിഷേധിക്കുമ്പോള്‍, രക്ഷയുടെ സാര്‍വ്വത്രികതയും യേശുവിന്റെ ശിഷ്യന്മാരുടെ ദൗത്യവും ദുര്‍ബലപ്പെടുവാന്‍ കാരണമാകുന്നു. യേശു ഇവിടെ ഫരിസേയരുടെ മനോഭാവത്തെയാണ് എതിര്‍ക്കുക.മനസാക്ഷിക്കുത്ത് ഒഴിവാക്കാന്‍ നിയമങ്ങളുടെ ഏറ്റവും ലഘുവായ ആചരണത്തില്‍പ്പോലും അവര്‍ ശ്രദ്ധിക്കുന്നു. യേശു അവരെ എതിര്‍ക്കുന്നത് നിയമാനുഷ്ഠാനം തെറ്റായതു കൊണ്ടല്ല മറിച്ച്, ഏറ്റവും പ്രധാനപ്പെട്ട നിയമങ്ങളായ ദൈവസ്‌നേഹവുംസഹോദരസ്‌നേഹവും കൊച്ചു നിയമങ്ങളുടെ പാലനത്തിനുവേണ്ടി ബോധപൂര്‍വ്വം മറയ്ക്കുന്നതു കൊണ്ടാണ്. പദവി നിലനിര്‍ത്താനായി വെപ്രാളപ്പെടുന്ന അവര്‍ സിനഗോഗുകളില്‍ പ്രമുഖസ്ഥാനവും പൊതുസ്ഥലങ്ങളില്‍ അഭിവാദനവും അഭിലഷിക്കുന്നു. അവരുടെ ചെയ്തികള്‍ തന്നെ അവര്‍ക്ക് ദുരന്തം കൊണ്ടുവരും എന്ന് യേശു താക്കീത് നല്‍കുന്നു (ലൂക്കാ 11:43).

ഫരിസേയരെ, കുഴിമാടങ്ങളോടാണ് യേശു താരതമ്യപ്പെടുത്തുന്നത്. ‘കാണപ്പെടാത്ത കുഴിമാടങ്ങള്‍ പോലെയാണ് നിങ്ങള്‍’ (ലൂക്കാ 11:44). സാധാരണഗതിയില്‍, എല്ലാവരും ശ്രദ്ധിക്കുന്നതിനുവേണ്ടി കല്ലറകളെ പ്രത്യേക അടയാളങ്ങള്‍ കൊണ്ട് മാര്‍ക്ക് ചെയ്യാറുണ്ട്. എന്നാല്‍, ഫരിസേയര്‍ കാണപ്പെടാത്ത കുഴിമാടങ്ങളാണ്. യഹൂദ പശ്ചാത്തലത്തില്‍, കുഴിമാടത്തില്‍ ചവിട്ടിയാല്‍ സ്വയം അശുദ്ധനാകും. കാണപ്പെടാത്ത കുഴിമാടങ്ങളായ ഫരിസേയരുമൊത്തുള്ള സമ്പര്‍ക്കം ജനങ്ങളെ അശുദ്ധരാക്കും എന്ന് യേശു പറയാതെ പറയുകയാണിവിടെ. പ്രേഷിതര്‍ക്കുള്ള ശക്തമായ സന്ദേശം കൂടിയാണിത്. ദൈവസ്‌നേഹവും പരസ്‌നേഹവും പ്രേഷിതന്റെ/ പ്രേഷിതയുടെ ഹൃദയത്തിലില്ലെങ്കില്‍ കാണപ്പെടാത്ത കുഴിമാടങ്ങള്‍ പോലെയാകും അവരും. ദൈവസ്‌നേഹവും പരസ്‌നേഹവും പ്രേഷിതരുടെ ഹൃദയങ്ങളിലും അധരങ്ങളിലുമില്ലെങ്കില്‍ അവരെ സമീപിക്കുന്നവര്‍, അവരുമായി സമ്പര്‍ക്കം സ്ഥാപിക്കുന്നവര്‍ അശുദ്ധരാകാനുള്ള വലിയ അപകടസാധ്യത തള്ളിക്കളയാനാവില്ല.

മറ്റുള്ളവരില്‍ നിന്ന് ബഹുമാനവും പദവിയും മാത്രം ലക്ഷ്യമാക്കി പ്രേഷിതമേഖലകളില്‍ പ്രവര്‍ത്തിച്ചാല്‍ അത്തരം ജീവിതങ്ങള്‍ ദുരന്തമായി മാറും. യേശുവിലൂടെ കരഗതമായ സാര്‍വ്വത്രികരക്ഷ ലോകം മുഴുവന്‍ പ്രഘോഷിക്കുക- അതാണ് പ്രേഷിതരായ നമ്മുടെ യഥാര്‍ത്ഥ കടമ. നമ്മിലുള്ള ഫരിസേയ-നിയമജ്ഞ മനോഭാവത്തെ ശുദ്ധീകരിക്കാനുള്ള നല്ല അവസരമാണ് അസാധാരണമായ ഈ പ്രേഷിതമാസം. ശുദ്ധീകരിക്കപ്പെട്ടാലേ, യേശു നല്‍കുന്ന സാര്‍വ്വത്രികരക്ഷ മറ്റുള്ളവര്‍ക്കു കൂടി അവകാശപ്പെട്ടതാണെന്ന ബോധ്യം നമ്മില്‍ രൂഢമൂലമാകൂ. യേശുവുമായുള്ള വ്യക്തിപരമായ സമ്പര്‍ക്കത്തിലൂടെ മാത്രമേ വിശുദ്ധീകരണം കരഗതമാവുകയുള്ളൂ.

എല്ലാത്തിനെയും വിമര്‍ശനബുദ്ധിയോടും ദോഷൈകദൃക്കോടും കൂടി നോക്കിക്കാണുന്നത് ഫരിസേയ മനോഭാവം നമ്മിലുള്ളതിനാലാണ്. അത്തരക്കാര്‍ക്ക് സ്‌നേഹിക്കാനോ മറ്റുള്ളവരെ അംഗീകരിക്കാനോ കഴിയുകയില്ല. അതുവഴി അവരുടെയും അവരുമായി ബന്ധപ്പെടുന്നവരുടെയും ജീവിതം ദുരന്തമാകും. ഒക്ടോബര്‍ 16-ാം തീയതി യേശുവിന്റെ തിരുഹൃദയഭക്തിയുടെ പ്രചാരകയായ വി. മാര്‍ഗരറ്റ് മേരി അലകോക്കിന്റെ ഓര്‍മ്മദിനമാണ്. ഫരിസേയ മനോഭാവത്തില്‍ നിന്ന് യേശുവിന്റെ തിരുഹൃദയ മനോഭാവത്തിലേയ്ക്കുള്ള ഒരു രൂപാന്തരീകരണം നമുക്കാവശ്യമാണ്. 1672-ല്‍ വി. മാര്‍ഗ്ഗരറ്റ് മേരി അലകോക്കിന് ദര്‍ശനം നല്‍കി ഈശോ ഇപ്രകാരം പറഞ്ഞു: ‘കുരിശില്‍ മുറിവേറ്റ എന്റെ ഹൃദയം മനുഷ്യരുടെ നിന്ദാപമാനങ്ങളാല്‍ ഇന്നും മുറിവേല്‍ക്കുന്നു. അതിനു പരിഹാരമായി എന്റെ ഹൃദയത്തില്‍ നിന്നൊഴുകുന്ന ദൈവീക കാരുണ്യവും സ്‌നേഹവും നീ എല്ലായിടത്തും ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യണം.’

ഫരിസേയ-നിയമജ്ഞ മനോഭാവം യേശുവിന്റെ ഹൃദയത്തെ മുറിവേല്‍പിക്കും. യേശുവിന്റെ ‘തിരുഹൃദയം’ നാം സ്വന്തമാക്കിയാല്‍ പ്രേഷിതമേഖലകളില്‍ വിജയം സുനിശ്ചയം.

വി. മാര്‍ഗരറ്റ് മേരിക്ക് യേശുവിന്റെ തിരുഹൃദയം നല്‍കിയ പന്ത്രണ്ട് വാഗ്ദാനങ്ങളില്‍ അഞ്ചാമത്തേത് ഇപ്രകാരമാണ്: ‘തിരുഹൃദയഭക്തരുടെ എല്ലാ പ്രയത്‌നങ്ങളിലും ഞാന്‍ അനവധി ആശീര്‍വാദങ്ങള്‍ നല്‍കും.’ പ്രേഷിതന്റെ/ പ്രേഷിതയുടെ ഹൃദയം ഫരിസേയ-നിയമജ്ഞ ഹൃദയത്തില്‍ നിന്നുമാറി ഈശോയുടെ തിരുഹൃദയം പോലെ ആകുമ്പോള്‍ പ്രേഷിതര്‍ അനുഗ്രഹമാകും; പ്രേഷിതമേഖലകള്‍ സ്വര്‍ഗ്ഗം വിളയുന്ന മണ്ണാകും.

ഫാ. ജെയ്‌സണ്‍ കുന്നേല്‍ MCBS