മിഷൻ വചനവിചിന്തനം ഒക്ടോബർ 1: ലൂക്കാ 9:51-56

ഫാ. ജെയ്സൺ കുന്നേൽ MCBS

51 തന്റെ ആരോഹണത്തിന്റെ ദിവസങ്ങള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കവേ, അവന്‍ ജറുസലെമിലേക്കു പോകാന്‍ ഉറച്ചു. 52 അവന്‍ തനിക്കു മുമ്പേ ഏതാനും ദൂതന്‍മാരെ അയച്ചു. അവനുവേണ്ട ഒരുക്കങ്ങള്‍ ചെയ്യാന്‍ അവര്‍ സമരിയാക്കാരുടെ ഒരു ഗ്രാമത്തില്‍ പ്രവേശിച്ചു. 53 അവന്‍ ജറുസലെമിലേക്കു പോവുകയായിരുന്നതുകൊണ്ട് അവര്‍ അവനെ സ്വീകരിച്ചില്ല. 54 ഇതു കണ്ടപ്പോള്‍ ശിഷ്യന്‍മാരായ യാക്കോബും യോഹന്നാനും പറഞ്ഞു: കര്‍ത്താവേ, സ്വര്‍ഗത്തില്‍നിന്ന് അഗ്നി ഇറങ്ങി ഇവരെ നശിപ്പിക്കട്ടെ എന്ന് ഞങ്ങള്‍ പറയട്ടെയോ?55 അവന്‍ തിരിഞ്ഞ് അവരെ ശാസിച്ചു. 56 അവര്‍ മറ്റൊരു ഗ്രാമത്തിലേക്കുപോയി.

തിരസ്കരണത്തെ ക്ഷമ കൊണ്ടും സ്നേഹം കൊണ്ടു നേരിടുന്ന യേശു ശൈലി

ആഗോള മിഷൻ മധ്യസ്ഥരിൽ ഒരാളായ വി. കൊച്ചുത്രേസ്യായുടെ തിരുനാൾ ദിനത്തിലാണ് കത്തോലിക്കാ സഭ അസാധാരണമായ മിഷൻ മാസത്തിനു (Extra ordinary Mission Month) തുടക്കമിടുന്നത്. സമരിയാക്കാരുടെ ഇടയിൽ യേശുവിനും ശിഷ്യന്മാർക്കും നേരിട്ട തിരസ്കരണവും അതിനോടുള്ള യേശുവിന്റെ പ്രതികരണവുമാണ് ഇന്നത്തെ സുവിശേഷത്തിലെ പ്രതിപാദ്യ വിഷയം.

ജയ്സൺ കുന്നേൽ

ലൂക്കായുടെ സുവിശേഷത്തിലെ തന്റെ ആരോഹണത്തിന്റെ ദിവസങ്ങള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കവേ (ലൂക്കാ 9:51) എന്ന പ്രയോഗം യേശുവിന്റെ സ്വർഗ്ഗത്തിലേക്കുള്ള ആരോഹണം മാത്രമല്ല (ലൂക്കാ  24:50-51; അപ്പ: 7:46) ജറുസലേമിൽ വച്ചു സംഭവിക്കാനിരുന്ന അവന്റെ പീഡാസഹനവും മരണവും ഉൾക്കൊള്ളുന്നു. പത്രോസിന്റെ വിശ്വാസ പ്രഖ്യാപന സമയത്തു യേശു തന്റെ പീഡാസഹനത്തെക്കുറിച്ചും മരണത്തേക്കുറിച്ചും ഇതിനകം ശിഷ്യന്മാരോടു പറഞ്ഞതാണ്. “മനുഷ്യപുത്രന്‍ വളരെയേറെ സഹിക്കുകയും, ജനപ്രമാണികള്‍, പുരോഹിതപ്രമുഖന്‍മാര്‍, നിയമജ്‌ഞര്‍ എന്നിവരാല്‍ തിരസ്‌കരിക്കപ്പെടുകയും വധിക്കപ്പെടുകയും മൂന്നാം ദിവസം ഉയിര്‍പ്പിക്കപ്പെടുകയും ചെയ്യേണ്ടിയിരിക്കുന്നു”(ലൂക്കാ 9:22). ഇതു തന്നെ രൂപാന്തരീകരണത്തിനു ശേഷവും യേശു ശിഷ്യന്മാരോടു പറയുന്നു (ലൂക്കാ 9:44). മൂന്നാമതായി യേശു ജറുസലേമിലേക്കു പോകുമ്പോൾ  അവന്‍ പന്ത്രണ്ടു പേരെയും അടുത്തുവിളിച്ചു പീഡാനുഭവത്തെക്കുറിച്ചു പറയുന്നു (ലൂക്കാ 18 : 31-33). മൂന്നവസരങ്ങളിലും  ഈ വാക്കുകളുടെ അർത്ഥം അവർ മനസ്സിലാക്കാൻ കഴിയില്ലന്നു യേശു ശിഷ്യന്മാരോടു പറയുന്നുണ്ട്.

സാർവ്വത്രിക രക്ഷയെക്കുറിച്ചുള്ള ദൈവത്തിന്റെ പദ്ധതി, യേശു ഭൂമിയില്‍നിന്ന്‌ ഉയര്‍ത്തപ്പെട്ട (യോഹന്നാന്‍ 12:32) ജറുസലേമിലൂടെയാണ് സംഭവിക്കുന്നത്. പുതിയ ജറുസലേം ആണു സഭ. ഈ സഭയിലേക്കുള്ള വരവു വളരെ തീവ്രവും ചെറുക്കാനാവാത്തതും ദൈവീകവും യേശു കുരിശിൽ ജീവിച്ചതും സാക്ഷ്യം നൽകിയതും രൂപാന്തരപ്പെടുത്തിയതുമായ ദൈവിക രഹസ്യത്തിന്റെ ആകർഷണം മൂലമാണ് സംഭവിക്കുക. എല്ലാദേശങ്ങളും ജറു സലേമിലേക്കു – രക്ഷാകര രഹസ്യം പൂർത്തിയാക്കാൻ ദൈവം തിരഞ്ഞെടുത്ത സ്ഥലമായ – ജറുസലേമിലേക്കു പരിവർത്തനം ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തിയാണിത്.

യേശു തന്റെ ദൗത്യം ആദ്യം ആരംഭിച്ചതു പന്ത്രണ്ടു ശിഷ്യന്മാടെ ഇടയിലാണ്.  പിന്നിടു  സവിശേഷമായ വിളി ഉൾക്കൊള്ളുന്ന സഭയായി അതു വളർന്നു. ശിഷ്യന്മാർക്കും മനസ്സിലാക്കാൻ ബുദ്ധിമുട്ട് ഉണ്ടെങ്കിലും യേശുവിനെ അനുഗമിക്കാതെ നിവൃത്തിയില്ല. ഇതു മാനസാന്തരത്തിന്റെ ഒരു യാത്രയാണ്, ഒരു വിളിയോടു കൂടി ആരംഭിക്കുന്നതും ഒരുവന്റെ ജീവിതം മുഴുവൻ തുടരുന്നതുമായ പ്രവർത്തിയാണത്. സമരിയായിൽക്കൂടി യേശു ജറുസലേമിലേക്കു പോകുന്ന സംഭവം, സുവിശേഷവത്കരണവും സാർവ്വത്രിക രക്ഷയും ദൗത്യമായി സ്വീകരിച്ച ഒരു ക്രിസ്തു ശിഷ്യൻ  തീർച്ചയായും കടന്നു പോകേണ്ട മാനസാന്തരത്തിന്റെ സൂചനകളാണ് നൽകുന്നത്.

യേശു  തനിക്കു മുമ്പേ ഏതാനും ദൂതന്‍മാരെ  സമരിയാക്കാരുടെ ഒരു ഗ്രാമത്തിലേക്കു അയക്കുന്നു (ലൂക്കാ 9:52). യഹൂദരും സമരിയാക്കാരും തമ്മിലുള്ള ശത്രുത്രയെക്കുറിച്ചു യേശുവിനു നല്ലതുപോലെ അറിയാം (യോഹ 4:20). പക്ഷേ അതു അവനെ പിൻതിരിപ്പിക്കുന്നില്ല. ശിഷ്യമാർ ശത്രുതയെ വ്യത്യസ്തമായ രീതിയിൽ എങ്ങനെ കൈകാര്യം ചെയ്യണമെന്നു യേശുവിനു പഠിപ്പിക്കണമായിരുന്നു. ഇടിമുഴക്കത്തിന്റെ പുത്രന്മാരായ യാക്കോബിൻെറയും യോഹന്നാന്റെയും ഉള്ളിൽ സമരിയാക്കാരേക്കുറിച്ചു നിഷേധാത്മകമായ ചിന്തയാണ് ആദ്യം വന്നത്.  “കര്‍ത്താവേ, സ്വര്‍ഗത്തില്‍നിന്ന്‌ അഗ്‌നി ഇറങ്ങി ഇവരെ നശിപ്പിക്കട്ടെ എന്ന്‌ ഞങ്ങള്‍ പറയട്ടെയോ?” (ലൂക്കാ 9:54.) ഞങ്ങൾ ഞങ്ങളുടെ മതത്തിന്റെ യഥാർത്ഥ കാവൽക്കാരണന്നുള്ള വിവേകശൂന്യമായ ബോധ്യത്തിൽ നിന്നാണ് ഇത്തരമൊരു പ്രത്യുത്തരം അവരിൽ നിന്നു വരുന്നത്. യേശുവിനു അവരുടെ വികലമായ കാഴ്ചപ്പാടുകളെ ഒരിക്കലും ഉൾകൊള്ളാനാകില്ല, യേശു അവരെ ശകാരിക്കുന്നു.  “അവന്‍ തിരിഞ്ഞ്‌ അവരെ ശാസിച്ചു” (ലൂക്കാ 9:55). രാജാക്കന്മാരുടെ രണ്ടാം പുസ്തകത്തിൽ ഏലിയായെ അഹസിയാ രാജാവിന്റെ സവിധത്തിലേക്കു കൂട്ടികൊണ്ടു പോകാൻ ദൂതന്മാരെ അയച്ചപ്പോൾ ഏലിയാ ആകാശത്തു നിന്നു അഗ്നി ഇറക്കി അവരെ ദഹിപ്പിക്കുന്നു (2 രാജാ 1: 9 – 16). ഈ സംഭവവും മനസ്സിൽ സൂക്ഷിച്ചാണ് യേശു അവരോടു ശാസിക്കുന്നത്.

പഴയ നിയമത്തിന്റെ പൂർത്തീകരണമായ യേശു പഠിപ്പിക്കുന്ന ഒന്നാമത്തെ സുവിശേഷവത്കരണ മാർഗ്ഗം സ്നേഹത്തിന്റെതാണ്, ശത്രുതയുടേതല്ല.  ഈ വചന ഭാഗം യേശുവിന്റെ ദൗത്യത്തെക്കുറിച്ചുള്ള വ്യക്തമായ ക്രിസ്തീയ മതബോധനമാണ്. അതു പ്രതികാരം അടിച്ചേൽപ്പിക്കുന്നതല്ല. യാക്കോബിലും യോഹന്നാനിലുള്ള പ്രതികാരത്തിന്റെ ആത്മാവിനെ യേശു ശാസിക്കുന്നു. പ്രതികാരം അതു എന്തിനാണങ്കിലും ആരോടാണങ്കിലും പ്രേഷിത പ്രവർത്തനത്തിന്റെ ഭാഗമല്ല എന്നു യേശു അസന്നിദ്ധമായി പ്രഖ്യാപിക്കുന്നു. ഈ സുവിശേഷ കഥയിൽ  സമരിയാക്കാർ തിരസ്കരിക്കുമ്പോൾ പ്രതികാരം കാട്ടാതെ  യേശു മറ്റൊരു ഗ്രാമത്തിലേക്കു പോകുന്നു (ലൂക്കാ 9:56). ഇതു വലിയൊരു അജപാലന നൈപുണ്യമാണ്. പിന്നിടുള്ള സുവിശേഷ ഭാഗത്തും  (ലൂക്കാ 10:10-11)  പത്രോസിന്റെയും ബർണാബാസിന്റയും  അന്ത്യോക്യായിലേക്കുള്ള ആദ്യ പ്രേഷിത യാത്രയിലും (അപ്പ 13:46) ഇതു തന്നെ കാണുന്നു. സമരിയാക്കാർ  സ്വീകരിക്കാത്തതിനെപ്പറ്റി യേശു ഒരു വാക്കു പോലും സംസാരിക്കുന്നില്ല, എന്നാലും ജറുസലേമിലെ സഭയുടെ ആദ്യ പ്രേഷിത രംഗങ്ങളിലൊന്നു സമരിയായിലായിരുന്നു. ഫിലിപ്പോസ് ആത്മാവിനാൽ പ്രേരിതനായി സമരിയായിൽ ശുശ്രൂഷ ചെയ്യുകയും (അപ്പ. 8:5), പത്രോസും യോഹന്നാനും അതു പൂർത്തിയാക്കുകയും ചെയ്യുന്നു (അപ്പ:  8:14-17).

സഭയുടെ ദൗത്യം യേശുവിന്റെ വ്യക്തിത്വവും രഹസ്യവുമായി അനുരൂപപ്പെടുക എന്നതാണ്. ഇതു ഒരുവന്റെ ജീവിതം മുഴുവൻ ഉൾക്കൊള്ളുന്ന മാനസാന്തര പ്രക്രിയയാണ്. പ്രേഷിത മേഖലകളുടെ പുതിയ വാതായനങ്ങൾ തുറക്കുവാനും ജനതകളുടെ ഹൃദയങ്ങളെ ചലിപ്പിക്കാനും അപ്പോഴേ സാധിക്കു. ജനതകളേ മാനസാന്തരത്തിലേക്കും നയിക്കേണ്ട സമയവും വഴികളും അത്യന്ത്യകമായി കർത്താവിന്റേതാണ്. സഭയുടെ ദൗത്യം യേശുവിന്റെ വ്യക്തിത്വത്തിലേക്കും ആത്മചൈതന്യത്തിലേക്കും സ്വയം പരിവർത്തനം ചെയ്യുക എന്നതാണ്.

ലിസ്യുവിലെ വി. കൊച്ചുത്രേസ്യ മിഷൻ പ്രവർത്തനത്തിനായി തന്റെ  ആശ്രമത്തിന്റെ പടിവാതില്‍പോലും കടന്നിട്ടില്ല. സ്നേഹം കൊണ്ടു അവൾ മിഷനറിയായി. ആ വലിയ “കുഞ്ഞു മിഷനറി”യുടെ ഓർമ്മ ദിനത്തിൽ സ്നേഹമാണ് ആദ്യ പ്രേഷിത മാർഗ്ഗമെന്ന തിരിച്ചറിവിൽ നമുക്കു വളരാം.

ഫാ. ജെയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.