ഒരു കത്തോലിക്കാ യുവതിയുടെ ബാഗില്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട വസ്തുക്കള്‍

ഒരു സ്ത്രീയുടെ ബാഗില്‍ അല്ലെങ്കില്‍ പേഴ്‌സില്‍ അത്യാവശ്യം വേണ്ട കാര്യങ്ങള്‍ എന്താണെന്ന് ചോദിച്ചാല്‍ അതിന് ഉത്തരമായി ഒരു നീണ്ടനിര തന്നെ ഉണ്ടാവും. അത്യാവശ്യ സാധനങ്ങള്‍ മുതല്‍ മേക്കപ്പ് സാധനങ്ങള്‍ വരെ അതില്‍ ഉള്‍പ്പെടും. എങ്കില്‍ ഒരു കത്തോലിക്കാ വനിതയുടെ പേഴ്‌സിലോ? മേക്കപ്പ് സാധനങ്ങളുടെ ലിസ്റ്റിനൊപ്പം ആത്മീയമായ സംരക്ഷണം നല്‍കാന്‍ ഉതകുന്ന ചില വസ്തുക്കള്‍ കൂടി ഉള്‍പ്പെടുത്തണം.

ആത്മീയമായ സംരക്ഷണത്തിനൊപ്പം ക്രിസ്തുവിന്റെ സ്‌നേഹം പകര്‍ന്നു നല്‍കുന്നതിനും ക്രൈസ്തവയുവതികളെ സഹായിക്കുന്നതും നിര്‍ബന്ധമായും അവരുടെ യാത്രകളില്‍ കൂടെ കരുതേണ്ടതുമായ സാധനങ്ങള്‍ ഇതാ:

1. നാണയത്തുട്ടുകള്‍

നാണയത്തുട്ടുകളും സംരക്ഷണവും തമ്മിലുള്ള ബന്ധം എന്താണ്? അത് നമ്മുടെ സംരക്ഷണത്തിനല്ല. മറിച്ച്, മറ്റുള്ളവരുടെ സംരക്ഷണത്തിനാണ്. നാം കടന്നുപോകുന്ന വഴിയരികില്‍ ധാരാളം ഭിക്ഷക്കാര്‍, പാവപ്പെട്ട മനുഷ്യര്‍ തുടങ്ങിയവരുണ്ടാകാം. അവരെ അവഗണിക്കാതെ ചെറിയ സഹായങ്ങള്‍ നല്‍കി ഒരു പുഞ്ചിരി സമ്മാനിച്ച് കടന്നുപോകുമ്പോള്‍ അത് ഒരു നന്മപ്രവര്‍ത്തിയും ഒപ്പം ക്രിസ്തുവിന്റെ സ്‌നേഹത്തിന്റെ പകര്‍ന്നുകൊടുക്കലും കൂടിയാണ്.

2. ടിഷ്യു പേപ്പര്‍

പ്രധാനമായും കണ്ണീര് തുടയ്ക്കുക എന്നതാണ് ഇതിന്റെ ദൗത്യം. അത് ഒരു ഓര്‍മ്മപ്പെടുത്തലാണ്. മറ്റുള്ളവരുടെ കണ്ണീര് തുടയ്ക്കാന്‍ നമുക്കും കടമയുണ്ടെന്ന ഓര്‍മ്മപ്പെടുത്തല്‍. അതിനാല്‍ വേദനിക്കുന്നവരുടെ ഇടയിലേക്ക് കടന്നുചെല്ലാന്‍ മടിക്കേണ്ട. വേദനിക്കുന്നവരെ കഴിയുംവിധത്തില്‍ സഹായിക്കാന്‍ ശ്രമിക്കാം.

3. പ്രാര്‍ത്ഥനാ കാര്‍ഡ്

നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഒരു പ്രാര്‍ത്ഥനാ കാര്‍ഡ് ബാഗില്‍ കരുതുന്നത് നിങ്ങളുടെ പ്രാര്‍ത്ഥനാജീവിതത്തെ നയിക്കുന്നതിന് കാരണമാകും. അതിനായി പേഴ്‌സില്‍ വയ്ക്കാന്‍ കഴിയുന്ന വലിപ്പത്തിലുള്ള പ്രാര്‍ത്ഥനാ കാര്‍ഡുകള്‍ കൈയില്‍ കരുതാം. യാത്രയില്‍ ചെയ്യുമ്പോഴും സ്വസ്ഥമായിരിക്കുമ്പോഴും ആ പ്രാര്‍ത്ഥനകള്‍ ചൊല്ലി നമുക്ക് ആ ദിവസത്തെയും നമ്മുടെ പ്രവര്‍ത്തികളെയും അനുഗ്രഹപ്രദമാക്കാം.

4. ചെറിയ നോട്ട്ബുക്ക്

ഒരു ഫോണ്‍ കയ്യില്‍ കരുതുന്നതുപോലെ തന്നെ കയ്യില്‍ കരുതേണ്ട ഒന്നാണ് ഒരു ചെറിയ നോട്ട്ബുക്കും പേനയും. ചില സമയങ്ങളില്‍ ചില കാര്യങ്ങള്‍ ദൈവം നമ്മില്‍ തോന്നിപ്പിക്കും. അത് ചില ആശയങ്ങളായും ചിന്തകളായും നമ്മില്‍ കടന്നുവരാം. അത് അപ്പോള്‍ത്തന്നെ ബുക്കില്‍ എഴുതി സൂക്ഷിക്കുന്നത് നന്നാവും.

5. ജപമാല

ക്രിസ്ത്യാനികളായ എല്ലാ യുവതികളുടെയും ബാഗില്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട ഒന്നാണ് ജപമാല. അത് വലിയ ഒരു സംരക്ഷണമാണ് നല്‍കുന്നത്. പ്രത്യേകിച്ച് ഒറ്റയ്ക്ക് ദൂരസ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്ന യുവതികള്‍ നിര്‍ബന്ധമായും ജപമാല കയ്യില്‍ കരുതണം. ജപമാല കയ്യില്‍ കരുതുക മാത്രമല്ല പ്രാര്‍ത്ഥിക്കുകയും വേണം. അങ്ങനെ ചെയ്യുമ്പോള്‍ പ്രതിസന്ധികളെ അതിജീവിക്കുവാനും പേടികൂടാതെ ഇരിക്കുവാനും സ്വസ്ഥമാകുവാനും നമുക്ക് കഴിയും. ആവശ്യഘട്ടങ്ങളില്‍ പരിശുദ്ധ അമ്മയുടെ സംരക്ഷണവും സഹായവും ലഭിക്കുകയും ചെയ്യും.

6. വെഞ്ചരിച്ച വെള്ളം

വെഞ്ചരിച്ച വെള്ളം കയ്യില്‍ കരുതുന്നതും ഉപയോഗിക്കുന്നതും ആത്മീയമായ സംരക്ഷണം നമുക്ക് നല്‍കും. ചില പാപസാഹചര്യങ്ങളില്‍ നിന്ന് അകന്നിരിക്കുവാനും പ്രലോഭനങ്ങളില്‍ നിന്ന് സംരക്ഷണം നേടുവാനും വെഞ്ചരിച്ച വെള്ളം തളിച്ച് പ്രാര്‍ത്ഥിക്കുന്നതിലൂടെയും ആ വെള്ളം ഉപയോഗിക്കുന്നതിലൂടെയും കഴിയും.

7. ഒരു ആത്മീയഗുരുവിന്റെ നമ്പര്‍

ആത്മീയമായ സംഘര്‍ഷങ്ങള്‍ നമുക്ക് ഉണ്ടാവുക സാധാരണമാണ്. ഇത്തരം പ്രതിസന്ധികളില്‍ ഒരു ആത്മീയഗുരുവിന്റെ ഉപദേശവും പ്രാര്‍ത്ഥനയും നമുക്ക് ഏറെ സഹായകരവും ആശ്വസപ്രദവുമായിരിക്കും. അതിനാല്‍ അത്യാവശ്യ ഘട്ടങ്ങളില്‍ വിളിക്കുവാന്‍ കഴിയുന്ന ഒരു ആത്മീയഗുരുവിന്റെ (പ്രായം ചെന്ന വൈദികന്‍റെയോ/ ഒരു സന്യാസിനിയുടെയോ) നമ്പര്‍ കയ്യില്‍ കരുതുക ഉചിതമാണ്.

8. ചെറിയ ബൈബിള്‍

ചെറിയ ഒരു ബൈബിള്‍ കയ്യില്‍ കരുതുന്ന ശീലം വലിയ ഒരു ധൈര്യമാണ് നമുക്ക് പകരുക. ഒറ്റയ്ക്കായി എന്നു തോന്നുന്ന നിമിഷങ്ങളില്‍, മനസിനെ വേദനിപ്പിക്കുന്ന അനുഭവങ്ങളിലൂടെ കടന്നുപോകുമ്പോള്‍, ബൈബിള്‍ തുറന്നു വായിക്കുവാനും ധ്യാനിക്കുവാനും ശ്രമിക്കുക. അപ്പോള്‍ വലിയ ഒരു ആശ്വാസം മനസിന് ലഭിക്കും. ഇത്തരം അവസ്ഥകളില്‍ മാത്രമല്ല ഇടയ്ക്കിടെ ബൈബിള്‍ വായിക്കുന്നതും അതിനെക്കുറിച്ച് ചിന്തിക്കുന്നതും ക്രിസ്തുവിനോട് കൂടെ ആയിരിക്കുവാന്‍ നമ്മെ സഹായിക്കും.