എട്ട് നോമ്പ് ഏഴാം ദിവസം: പരിശുദ്ധ മറിയം – ശക്തയായ സ്ത്രീ

ഫാ. ആല്‍വിന്‍ കൊട്ടുപ്പള്ളില്‍ എം.സി.ബി.എസ്.

ശക്തി തീരുമാനിക്കപ്പെടുന്നത് കായികബലത്തിന്റെ അടിസ്ഥാനത്തിലായിരിക്കരുത്, മറിച്ച് പ്രതിസന്ധികളിൽ പാദമിടറാതെ ഉറച്ച കാൽവയ്പുമായി ലക്ഷ്യത്തിലേക്കുള്ള മുന്നേറ്റത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം. ഇത്തരണത്തിൽ ചരിത്രത്തിലെ ശക്തരായവരെ അന്വേഷിച്ചു പോകുമ്പോൾ പരിശുദ്ധ മറിയത്തിന് പ്രഥമസ്ഥാനം നൽകേണ്ടിവരും.

പരിശുദ്ധ മറിയം ഇന്നോളം ലോകം കണ്ടതിൽ ഏറ്റവും ശക്തയായ സത്രീയാണ്. എടുത്ത തീരുമാനം പാലിക്കുന്നതിലും, പ്രതിസന്ധികൾ സൃഷ്ടിക്കുന്ന അരക്ഷിതാവസ്ഥയിൽ മനോധൈര്യം കാത്തുസൂക്ഷിക്കുന്നതിലും, ഭാവിയെ പ്രതീക്ഷാനിർഭരമായി കാണുന്നതിലും മറിയം പുലർത്തിയ നിശ്ചയദാർഢ്യമാണ് അമ്മയെ ശക്തയായ സ്ത്രീയാക്കിയത്. ശക്തയായ മറിയം – സർവ്വശക്തനായ ദൈവത്തിൽ ആശ്രയിച്ചവളായിരുന്നു. ദൈവത്തിന്റെ മുമ്പിൽ വാഗ്ദാനം നടത്താൻ മാത്രം ആത്മവിശ്വാസമുള്ളവളായിരുന്നു. ദൈവത്തിന്റെ മുമ്പിൽ നടത്തിയ വാഗ്ദാനം പാലിക്കാൻ ഏത് പ്രതിസന്ധിയും ഏറ്റെടുക്കാനും തരണം ചെയ്യാനും ധൈര്യമുള്ളവളായിരുന്നു. മകന്റെ മരണമുഖത്തും കരഞ്ഞ് തളരാതെ പ്രതീക്ഷയുടെ വെളിച്ചം മുൻകൂട്ടി കണ്ടവളായിരുന്നു. പ്രതീക്ഷ കൈവിട്ട് ധൈര്യം ചോർന്ന ശിഷ്യരെ കൂടെയിരുന്ന് ശക്തിപ്പെടുത്തിയവളായിരുന്നു.

മറിയത്തിന്റെ ഈ ശക്തിപ്രകൃതി നമുക്ക് മാതൃകയാക്കാം. ഈ ജീവിതം ശക്തി തെളിയിക്കാനുള്ളതാണ്. അത് കായിക ബലം കൊണ്ട് മറ്റുള്ളവരെ അടിച്ചിരുത്തിക്കൊണ്ടാകാതെ പ്രതിസന്ധികളെ ദൈവാശ്രയബോധത്താലും എളിമയാലും പരാജയപ്പെടുത്തിക്കൊണ്ടാകട്ടെ.

ഫാ. ആല്‍വിന്‍ കൊട്ടുപ്പള്ളില്‍ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.