ദരിദ്രരാജ്യങ്ങൾക്ക് കടം ഇളച്ചുകൊടുക്കണം; പാപ്പയുടെ ആഹ്വാനത്തിന് പിന്തുണയുമായി ഫ്രഞ്ച് പ്രസിഡണ്ട്

കൊവിഡ്-19 മഹാമാരി പടരുന്ന സാഹചര്യത്തിൽ ദരിദ്രരാജ്യങ്ങൾക്ക് കടാശ്വാസം നൽകണമെന്ന ഫ്രാൻസിസ് പാപ്പയുടെ ആഹ്വാനത്തെ പിന്തുണച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. കടങ്ങൾക്ക് വലിയ തോതിൽ ഇളവുനൽകിയും ആവശ്യമായ സാമ്പത്തിക പിന്തുണ ലഭ്യമാക്കിയും കൊറോണയെ ഏറ്റവും ഫലപ്രദമായി നേരിടാൻ നമ്മുടെ അയൽക്കാരായ ആഫ്രിക്കൻ രാജ്യങ്ങളെ സഹായിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

“നമുക്ക് തനിച്ച് ഒന്നും നേടാനാവില്ല. എന്തെന്നാൽ മാഡ്രിഡ്, ലണ്ടൻ, ബെയ്ജിങ്, ന്യൂയോർക്ക് തുടങ്ങി എല്ലാ പ്രമുഖസ്ഥലങ്ങളിൽ നിന്നും കൊറോണ വൈറസ് മൂലമുള്ള മരണവാർത്തകൾ മാത്രമാണ് നാം കേൾക്കുന്നത്. നമ്മുടെ ലോകം ഇത്തരത്തിൽ തകർക്കപ്പെട്ടുകൊണ്ടിരിക്കുമ്പോൾ സാഹോദര്യത്തിന്റെയും സഹകരണത്തിന്റെയും പുതിയ മാതൃക തീർക്കുക എന്നത് നമ്മുടെ ഉത്തരവാദിത്വമാണ്. ഈ പ്രത്യേക സാഹചര്യത്തിൽ ദരിദ്രരാജ്യങ്ങളെ സഹായിക്കണമെന്നത് എല്ലാവർക്കും മനസ്സിലാകുന്ന കാര്യമാണ്. ഈ നടപടിയെ ആരും ചോദ്യം ചെയ്യാനിടയില്ല” – അദ്ദേഹം കൂട്ടിച്ചേർത്തു.

ദരിദ്രരാജ്യങ്ങളിൽ പലിശയ്ക്കു പണം കൊടുത്തിട്ടുള്ളവർ ഇളവു നൽകണമെന്ന് ആഗോളസമൂഹത്തോട് പാപ്പ കഴിഞ്ഞ ദിവസം അഭ്യർത്ഥിച്ചിരുന്നു. ഈ അഭ്യർത്ഥനയെ സ്വീകരിച്ചുകൊണ്ടു സംസാരിക്കുകയായിരുന്നു മാക്രോൺ.