16000 – ത്തില്‍ അധികം കാന്‍സര്‍ ശസ്ത്രക്രിയകള്‍ നടത്തിയ ഡോ. ജോജോ ജോസഫ്

കീര്‍ത്തി ജേക്കബ്

16000 – ത്തില്‍ അധികം കാന്‍സര്‍  ശസ്ത്രക്രിയകള്‍ നടത്തിയ ഡോ. ജോജോ ജോസഫ് സംസാരിക്കുന്നു – ‘അതിജീവനത്തിനുവേണ്ടി ആഗ്രഹിക്കുന്നവര്‍ ജീവിതം തിരിച്ചുപിടിക്കും.’   

‘എവിടെപ്പോയാലും, കണ്ണുകളില്‍ തിളക്കവും ചുണ്ടുകളില്‍ നിറപുഞ്ചിരിയുമായി ചിലര്‍ അടുത്തെത്തും. പരിചയം പുതുക്കും. അവരുടെ സ്‌നേഹവും പ്രാര്‍ത്ഥനയും അറിയിക്കും. ഒടുവില്‍ എന്റെ വിശേഷങ്ങളും തിരക്കി, എല്ലാ നന്മകളും ആശംസിച്ച് യാത്രയാക്കും’. രണ്ടു പതിറ്റാണ്ടുകാലത്തെ തന്റെ ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും സന്തോഷം തോന്നിയിട്ടുള്ള നിമിഷങ്ങളെ ചേര്‍ത്തുവച്ച് ഒറ്റ ഫ്രേമിലാക്കാന്‍ പറഞ്ഞാല്‍, കോട്ടയം, കാരിത്താസ് കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ സീനിയര്‍ സര്‍ജിക്കല്‍ ഓങ്കോളജിസ്റ്റ് ഡോ. ജോജോ ജോസഫിന്റെ മനസില്‍ വിരിയുന്ന ചിത്രമിതാണ്.

16000 ത്തിനു മുകളില്‍ കാന്‍സര്‍ ശസ്ത്രക്രിയകള്‍ ഉള്‍പ്പെടെ പ്രൊഫഷനില്‍ അസാധാരണമായ നേട്ടങ്ങള്‍ കൈവരിക്കാനും അത്ഭുതാവഹമായ മികവ് പ്രകടിപ്പിക്കാനും തനിക്ക് കഴിഞ്ഞതിന്റെ കാരണമായി ഡോ. ജോജോ ജോസഫ് ചൂണ്ടിക്കാട്ടുന്നതും ഇത്തരം ചിലരുടെ മനസു നിറഞ്ഞുള്ള പുഞ്ചിരികളിലൂടെ തനിക്ക് ലഭിക്കുന്ന ഊര്‍ജത്തെയാണ്. ലോകം ഇന്നും ഭയപ്പാടോടെ മാത്രം നോക്കിക്കാണുന്ന കാന്‍സര്‍ ചികിത്സാ മേഖലയിലെ, പതിറ്റാണ്ടുകളുടെ പിന്‍ബലമുള്ള തന്റെ അനുഭവങ്ങളും അതില്‍ നിന്ന് ലഭിച്ച ചില തിരിച്ചറിവുകളും ലൈഫ്‌ഡേയുമായി പങ്കുവയ്ക്കുകയാണ് ഡോ. ജോജോ ജോസഫ്.

ഞാന്‍ തനി നാട്ടിന്‍പുറത്തുകാരന്‍

സാധാരണക്കാരില്‍ സാധാരണക്കാരനായി ജനിച്ചു വളര്‍ന്ന തനി നാട്ടിന്‍പുറത്തുകാരനാണ് ഞാന്‍. മലയിഞ്ചിപ്പാറ സെന്റ് ജോസഫ്‌സ്, പാലാ സെന്റ് വിന്‍സെന്റ് ഇംഗ്ലീഷ് മീഡിയം എന്നിവിടങ്ങളിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. പ്രീഡ്രിഗ്രി അരുവിത്തുറ സെന്റ് ജോര്‍ജ് കോളജില്‍. ഡോക്ടറാവണമെന്ന ദൃഢനിശ്ചയമൊന്നും ഇല്ലായിരുന്നെങ്കിലും അധ്യാപകരുടേയും മറ്റും പ്രോത്സാഹനം കൊണ്ട് എന്‍ട്രന്‍സ് എഴുതി പാസാവുകയും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജില്‍ എംബിബിഎസിന് ചേരുകയുമായിരുന്നു. പക്ഷേ ഈ പ്രൊഫഷനില്‍ ജോലി തുടങ്ങിക്കഴിഞ്ഞ് പല അവസരങ്ങളിലും ഞാന്‍ ചിന്തിച്ചിട്ടുണ്ട്, ഒരു ഡോക്ടറായില്ലായിരുന്നെങ്കില്‍ വേറേത് ജോലിയായിരുന്നു ഞാന്‍ ചെയ്യുക, എനിക്കിണങ്ങുക എന്നൊക്കെ. പക്ഷേ അതിനൊരുത്തരം കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.

ശസ്ത്രക്രിയാ മേഖലയിലേയ്ക്കുള്ള വഴിത്തിരിവ്

എംബിബിഎസ് കഴിയുന്ന സമയത്ത് മെഡിക്കല്‍ മേഖലയോ സര്‍ജിക്കല്‍ മേഖലയോ തെരഞ്ഞെടുക്കാന്‍ അവസരമുണ്ട്. അന്ന് ഞാന്‍ സര്‍ജിക്കല്‍ മേഖലയിലേയ്ക്ക് തിരിയാന്‍ തീരുമാനിച്ചു. രോഗം പൂര്‍ണമായും ഭേദമാക്കാന്‍ കഴിയുന്നത് സര്‍ജിക്കല്‍ ചികിത്സയിലൂടെയാണ് എന്ന ചിന്തയായിരുന്നു അതിന് കാരണം. മരുന്നുകള്‍ കൊടുത്ത് രോഗത്തെ നിയന്ത്രിച്ച് നിര്‍ത്തുന്നതിനേക്കാള്‍ തകരാറ് സംഭവിച്ച ശരീരഭാഗത്ത് ആവശ്യമായ ശസ്ത്രക്രിയ നടത്തി രോഗിയ്ക്ക് പരിപൂര്‍ണ ആശ്വാസം നല്‍കാന്‍ ഒരു സര്‍ജന് കഴിയും എന്നത് എന്നെ സംബന്ധിച്ച് വളരെ വലിയ കാര്യമായി തോന്നിയിരുന്നു. ‘ഓള്‍ ഇന്ത്യാ എന്‍ട്രന്‍സ്’ പാസായശേഷം അഹമ്മദാബാദിലെ ബി. ജെ. മെഡിക്കല്‍ കോളജില്‍ നിന്നാണ് എംഎസ് ജനറല്‍ സര്‍ജറി ബിരുദം നേടിയത്.

കാന്‍സര്‍ സര്‍ജറിയില്‍ നിലയുറപ്പിക്കാനുള്ള കാരണം

സര്‍ജിക്കല്‍ മെഡിസിന്‍ പഠിച്ച കോളജില്‍ തന്നെ ‘ഗുജറാത്ത് കാന്‍സര്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്’ എന്ന പേരില്‍ ഒരു മികച്ച കാന്‍സര്‍ സെന്റര്‍ ഉണ്ടായിരുന്നു. അവിടെ നിന്നാണ് കാന്‍സര്‍ സര്‍ജറിയില്‍ പോസ്റ്റ് ഡോക്ടറല്‍ ബിരുദവും ഫെലോഷിപ്പും സ്വന്തമാക്കിയത്. അവിടുത്തെ ചികിത്സകള്‍ കണ്ടും കേട്ടും പരിചയപ്പെട്ടതിനൊപ്പം, കേരളത്തില്‍ കാന്‍സര്‍ സര്‍ജറിയ്ക്കുവേണ്ടി ഒരു പ്രത്യേക വിഭാഗം  ഇല്ല എന്ന തിരിച്ചറിവും കൂടിയായപ്പോള്‍ കാന്‍സര്‍ സര്‍ജറി വിഭാഗത്തില്‍ തന്നെ നിലയുറപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. അന്ന് മധ്യകേരളത്തിലെ നല്ലൊരു വിഭാഗം കാന്‍സര്‍ രോഗികളും വെല്ലൂര്‍ക്കായിരുന്നു ചികിത്സ തേടി പോയിരുന്നത്. അതുകൊണ്ട് പഠനം കഴിഞ്ഞ് തിരിച്ചെത്തുമ്പോള്‍ നമ്മുടെ നാട്ടില്‍ തന്നെ രോഗികള്‍ക്ക് കാന്‍സര്‍ സര്‍ജറിയ്ക്കുള്ള സാധ്യതകള്‍ ഒരുക്കി നല്‍കാമെന്ന ചിന്ത മനസില്‍ ഉറപ്പിച്ചു.

കാരിത്താസിനോടു ചേര്‍ന്നുള്ള ജീവിതം

പഠനത്തിനുശേഷം ആദ്യം എത്തിയത് കോട്ടയം കാരിത്താസ് ആശുപത്രിയിലാണ്. അവിടെ കാന്‍സര്‍ സര്‍ജറി ഡിപ്പാര്‍ട്ട്‌മെന്റ് തുടങ്ങി. ഭാവിയില്‍ അത് കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടായി രൂപാന്തരം പ്രാപിച്ചു. ഇടയ്ക്ക് ധാക്കയിലെ അപ്പോളോ ആശുപത്രിയില്‍ ആറുമാസത്തെ പഠനത്തിനായി പോയി. പഠനശേഷം ആശുപത്രി അധികൃതരുടെ അഭ്യര്‍ത്ഥനപ്രകാരം അവിടെ ഒരു കാന്‍സര്‍ സെന്ററിന് തുടക്കം കുറിച്ചു. വീണ്ടും കാരിത്താസില്‍ തിരിച്ചെത്തി, പതിനെട്ടു വര്‍ഷമായി സര്‍ജിക്കല്‍ ഓങ്കോളജിയില്‍ സീനിയര്‍ കണ്‍സള്‍ട്ടന്റായി ജോലി ചെയ്തു വരുന്നു. സര്‍ജറി കൂടാതെ റേഡിയോതെറാപ്പി, കീമോതെറാപ്പി, പാലിയേറ്റീവ് ഡിപ്പാര്‍ട്ട്‌മെന്റുകളും കാരിത്താസ് കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലുണ്ട്.

പതിനായിരങ്ങള്‍ പിന്നിട്ട് ശസ്ത്രക്രിയ

16000 – ത്തിലധികം കാന്‍സര്‍ ശസ്ത്രക്രിയകള്‍ ഇതിനോടകം ഞാന്‍ ചെയ്തു. ആദ്യ കാലഘട്ടങ്ങളില്‍ അത് ആളുകള്‍ക്ക് കോണ്‍ഫിഡന്‍സ് ബില്‍ഡിംഗിന്റെ ഭാഗം കൂടിയായിരുന്നു. ആ സമയത്ത് കേരളത്തില്‍ രണ്ടിടങ്ങളില്‍, തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററിലും തൃശൂരില്‍, ഡോ. ശ്രീകുമാര്‍ പിള്ളയുടെ നേതൃത്വത്തിലും, മാത്രമായിരുന്നു കാന്‍സര്‍ സര്‍ജറി ഉണ്ടായിരുന്നത്. കാന്‍സര്‍ സര്‍ജറിയെക്കുറിച്ച് പിന്നീട് പല വേദികളിലും സംസാരിച്ച് ഡോക്ടര്‍മാര്‍ക്കും രോഗികള്‍ക്കുമെല്ലാം ഇതേക്കുറിച്ച് കൂടുതല്‍ അറിവും വിശ്വാസവും നല്‍കി. അങ്ങനെയാണ് കാന്‍സര്‍ സര്‍ജറിയ്ക്കായി ഡോക്ടര്‍മാര്‍ രോഗികളെ റെഫര്‍ ചെയ്യാനും രോഗികള്‍ ആത്മവിശ്വാസത്തോടെ സര്‍ജറിയ്ക്ക് തയാറാവാനും തുടങ്ങിയത്. ഡോ. വി. പി. ഗംഗാധരന്‍ മെഡിക്കല്‍ ഓങ്കോളജിസ്റ്റായി കാരിത്താസില്‍ ഉണ്ടായിരുന്ന സമയത്ത് അദ്ദേഹത്തിന്റെ അടുത്ത് ചികിത്സ തേടി എത്തുന്ന കാന്‍സര്‍ രോഗികളില്‍ ആവശ്യമായവരുടെ സര്‍ജറിക്കല്‍ ആവശ്യങ്ങള്‍ ഞാനാണ് നിറവേറ്റിയിരുന്നത്. പിന്നീട് തമിഴ്‌നാട്, കര്‍ണാടകം തുടങ്ങിയ അന്യസംസ്ഥാനങ്ങളില്‍ നിന്നും സര്‍ജറിക്കായി രോഗികള്‍ എത്തിത്തുടങ്ങി. പലപ്പോഴും വിശ്രമത്തിനു പോലും സമയം കിട്ടാത്ത തരത്തില്‍ സര്‍ജറികള്‍ ചെയ്യേണ്ടി വന്നിട്ടുണ്ട്.

ജോലിയോട് ഇഷ്ടവും സ്‌നേഹവും മാത്രം

എത്രയേറെ തിരക്കുകളുണ്ടായാലും ആവര്‍ത്തന വിരസത ഉള്ളതായാലും ജോലിയോട് ഒരിക്കലും ഇഷ്ടക്കുറവോ ബോറടിയോ തോന്നിയിട്ടില്ല. മുമ്പ് സൂചിപ്പിച്ചതുപോലെ ഇതല്ലെങ്കില്‍ മറ്റെന്ത് ജോലി ചെയ്യുമായിരുന്നു എന്നതിന് ഉത്തരവുമില്ല. മറ്റൊരു പ്രത്യേകത, ഈ ജോലിയില്‍ നിന്ന് കിട്ടുന്ന ചില ഫീഡ്ബാക്കുകളാണ്. വേറെ ഏത് സര്‍ജറിയായാലും ആളുകള്‍ നന്ദി പറഞ്ഞ് പോകും. പിന്നീട് അവര്‍ നമ്മളെ ഓര്‍ത്തിരിക്കണമെന്നില്ല. പക്ഷേ കാന്‍സര്‍ സര്‍ജറി കഴിഞ്ഞു പോകുന്ന ഒരു രോഗി ഒരിക്കലും ആ സര്‍ജനെ മറക്കില്ല. കാരണം ജീവനും കൈയ്യില്‍ പിടിച്ച് ആശങ്കള്‍ നിറഞ്ഞ മനസോടെ നമ്മുടെ അടുക്കല്‍ വരുന്നവരാണ് അവരില്‍ പലരും. അതുകൊണ്ടു തന്നെ ചികിത്സ കഴിഞ്ഞ് പോയാലും പിന്നീട് എവിടെ വച്ച് കണ്ടാലും അവരുടെ മുഖത്തു നിന്നു തന്നെ അവര്‍ക്ക് നമ്മളോടുള്ള നന്ദിയും സ്‌നേഹവും വായിച്ചെടുക്കാന്‍ കഴിയും.

വിലമതിക്കാനാവാത്ത ചില പ്രതിഫലങ്ങള്‍

ഒരു ഡോക്ടറെന്ന നിലയില്‍ എന്നെ സംബന്ധിച്ച് വിലമതിയ്ക്കാനാവാത്തതാണ് രോഗമുക്തരായവരുടെ നന്ദി പ്രകടനങ്ങളും കരുതലും സ്‌നേഹവും. അത്തരം അനുഭവങ്ങളും ധാരാളമുണ്ട്. രോഗികളുടെ മുഖങ്ങള്‍ നമ്മള്‍ ഓര്‍ത്തിരിയ്ക്കണമെന്നില്ല. പക്ഷേ സര്‍ജറിയ്ക്കുശേഷം മടങ്ങുന്ന പലരും ഇടയ്ക്കിടെ വിളിച്ച് അന്വേഷിക്കുകയും വിശേഷങ്ങള്‍ തിരക്കുകയും പ്രാര്‍ത്ഥനകള്‍ അറിയിക്കുകയുമൊക്കെ ചെയ്യാറുണ്ട്. പലപ്പോഴും വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് സര്‍ക്കാര്‍ ഓഫീസുകളിലെത്തുമ്പോള്‍ കാര്യങ്ങള്‍ ഉദ്ദേശിക്കാത്ത രീതിയില്‍ പെട്ടെന്ന് സാധിച്ചു കിട്ടും. അത്ഭുതത്തോടെ നില്‍ക്കുമ്പോള്‍ ഒരു പുഞ്ചിരിക്കുന്ന മുഖം മുന്നിലെത്തി പറയും, ഡോക്ടര്‍ ഞാന്‍ ഈ ഓഫീസിലാണ് ജോലി ചെയ്യുന്നത്, ഡോക്ടറാണ് എന്റെ അമ്മയെ/അച്ഛനെ ഓപ്പറേഷന്‍ ചെയ്തത്, അവര്‍ സുഖമായിരിക്കുന്നു എന്നെല്ലാം. അതുപോലെ തന്നെ കല്ല്യാണങ്ങളില്‍ പങ്കെടുക്കുമ്പോള്‍, മാളുകളില്‍ പോകുമ്പോള്‍, എയര്‍പോര്‍ട്ടില്‍ വച്ച് എല്ലാം ആളുകളുടെ സ്‌നേഹം തിരിച്ചറിഞ്ഞിട്ടുണ്ട്.

ജോലിയുടെ തുടക്ക കാലത്ത് ഞാന്‍ ഒരു സ്ത്രീയ്ക്ക് ബ്രസ്റ്റ് സര്‍ജറി നടത്തിക്കൊടുത്തു. പ്രസവിച്ച് മൂന്നു മാസം മാത്രമായ, കുഞ്ഞിനെ മുലയൂട്ടുന്ന സമയത്താണ് അവര്‍ക്ക് സ്തനാര്‍ബുദം സ്ഥിരീകരിച്ചത്. അവരുടെ ആവശ്യപ്രകാരം ബ്രസ്റ്റ് എടുത്തു കളയാതെ തന്നെ ഓപ്പറേഷനും നടത്തി. പിന്നീട് അവരെ ഞാന്‍ കണ്ടിട്ടില്ല. വര്‍ഷങ്ങള്‍ക്കുശേഷം ഒരു വിദേശ യാത്രയ്ക്കിടെ ഏതാനും മലയാളികളെ പരിചയപ്പെട്ട കൂട്ടത്തില്‍ അവിടെ ജോലി ചെയ്യുന്ന ഒരു പെണ്‍കുട്ടിയേയും പരിചയപ്പെട്ടു. ആ പെണ്‍കുട്ടി എന്നോടു പറഞ്ഞു, ഡോക്ടര്‍ക്ക് എന്നെ അറിയില്ലായിരിക്കും എന്റെ ചെറുപ്പത്തില്‍ മുഴുവന്‍ ഞാന്‍ ഡോക്ടറുടെ ആശുപത്രി ചുറ്റിപ്പറ്റിയാണ് കഴിഞ്ഞിരുന്നത് എന്ന്. പിന്നീട് അവള്‍ പറഞ്ഞപ്പോഴാണ് മനസിലായത് അവളുടെ അമ്മയ്ക്കാണ് അന്ന് പ്രസവശേഷം ഉടനെ ബ്രസ്റ്റ് ഓപ്പറേഷന്‍ നടത്തിയതെന്ന്. അമ്മ ഇപ്പോഴും സുഖമായിരിക്കുന്നെന്നും ഡോക്ടറുടെ കാര്യം പറയാറുണ്ടെന്നും അവള്‍ കൂട്ടിച്ചേര്‍ത്തു. ഇത്തരത്തിലുള്ള ചെറിയ ചെറിയ അനുഭവങ്ങള്‍ എന്നെ സംബന്ധിച്ച് ജോലിയില്‍ നിന്ന് ലഭിക്കുന്ന വിലമതിക്കാനാവാത്ത പ്രതിഫലങ്ങളും അംഗീകാരങ്ങളുമാണ്.

ഓരോ ശസ്ത്രക്രിയയും പുതിയതും വെല്ലുവിളി നിറഞ്ഞതും

ആയിരക്കണക്കിന് ശസ്ത്രക്രിയകള്‍ ചെയ്തിട്ടുണ്ടെങ്കിലും ഓരോ ശസ്ത്രക്രിയയും പുതിയതും ആദ്യത്തേതും എന്ന പോലെയാണ് ഞാന്‍ കരുതാറുള്ളത്. അതുകൊണ്ടു തന്നെ ഓരോ ശസ്ത്രക്രിയയും വെല്ലുവിളി തന്നെയാണ്. കാരണം ഓരോ രോഗിയും വ്യത്യസ്തരാണ്, അവരുടെ ശരീരവും വ്യത്യസ്തമാണ്. പുസ്തകത്തില്‍ പഠിച്ച ഒരു കോമണ്‍ ഗൈഡ്‌ലൈന്‍ ഉണ്ടെന്നല്ലാതെ, ഒരു രോഗിയുടെയും ശരീരശാസ്ത്രത്തിന് മറ്റൊരാളുടേതുമായി സാമ്യം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഓങ്കോ സര്‍ജറിയിലെ ഒരു പ്രൊഫസര്‍ എന്നെ പഠിപ്പിച്ച ഒരു കാര്യമുണ്ട്. ‘നിനക്കിത് പതിനായിരാമത്തെ ശസ്ത്രക്രിയ ആയിരിക്കും. പക്ഷേ നിന്റെ അടുത്തു വരുന്ന രോഗിയെ സംബന്ധിച്ച് അയാളുടെ ജീവിതത്തിലെ ആദ്യത്തെ ശസ്ത്രക്രിയ ആണ്. ആ ചിന്തയോടെ വേണം അയാളെ സമീപിക്കാന്‍’ എന്ന്. ഇക്കാര്യങ്ങള്‍ മനസില്‍ സൂക്ഷിച്ചുകൊണ്ടാണ് ഓരോ സര്‍ജറിയ്ക്കായും തയാറെടുപ്പുകള്‍ നടത്തുന്നത്.

തലേദിവസം തന്നെ അടുത്ത ദിവസത്തേയ്ക്കുള്ള ലിസ്റ്റുകള്‍ പരിശോധിച്ച് ഓരോന്നിനും ആവശ്യമായ പ്രൊസീജ്യറുകള്‍ പരിശോധിക്കും. ഓരോ ഘട്ടത്തിനുമുള്ള ഏകദേശ സമയവും കണക്കുകൂട്ടും. ആവശ്യമായ പുസ്തകങ്ങള്‍ വീണ്ടും വായിക്കും. അതുപോലെ തന്നെ എപ്പോഴും അപ്പ്ടുഡേറ്റ് ആയിരിക്കാനും ശ്രദ്ധിക്കാറുണ്ട്. കാരണം ഓരോ ദിവസവും വളര്‍ന്നുകൊണ്ടിരിക്കുന്ന മേഖലയാണ് വൈദ്യശാസ്ത്രം. ചികിത്സാ മേഖലയിലെ ചെറിയ വളര്‍ച്ചയ്ക്കു പോലും വലിയ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും.

രോഗിയുടെ ആത്മവിശ്വാസം ചികിത്സയില്‍ അത്യാന്താപേക്ഷിതം

രണ്ടു തരത്തിലുള്ള രോഗികളുണ്ട്. ഒരു കൂട്ടര്‍ രോഗത്തെക്കുറിച്ചും ചികിത്സയെക്കുറിച്ചും എല്ലാ കാര്യങ്ങളും മനസിലാക്കി മാനസികമായ തയാറെടുപ്പുകളോടെ വരുന്നവര്‍. രണ്ടാമതൊരു കൂട്ടര്‍ ഭയാശങ്കളോടെ വരുന്നവര്‍. ഇരുകൂട്ടരെയും ആദ്യം തന്നെ ചികിത്സയ്ക്ക് പറഞ്ഞുവിടില്ല. പതിയെ സംസാരത്തിലൂടെ അവരില്‍ വിശ്വാസം വളര്‍ത്തും. ചികിത്സിക്കുന്നവരിലും ചികിത്സയിലും രോഗിയില്‍ തന്നെയും. പിന്നീടാണ് ആവശ്യമായ ചികിത്സാരീതിയിലേയ്ക്ക് പ്രവേശിപ്പിക്കുന്നത്. യാഥാര്‍ത്ഥ്യം തീരെ അംഗീകരിക്കാന്‍ സാധിക്കാത്തവര്‍ക്കായി രോഗത്തെ അതിജീവിച്ചവരുമായി സംസാരിക്കാന്‍ അവസരം ഉണ്ടാക്കി കൊടുക്കും. അവര്‍ അനുഭവം പങ്കുവയ്ക്കുമ്പോള്‍ രോഗിയ്ക്ക് കുറേക്കൂടി ആത്മവിശ്വാസം കൈവരും. രോഗിയുടെ ആത്മവിശ്വാസം കാന്‍സര്‍ ചികിത്സയില്‍ വളരെ പ്രധാനപ്പെട്ടതാണ്.

അതിജീവനത്തിനുവേണ്ടി അമിതമായി ആഗ്രഹിക്കുന്നവര്‍ അത്ഭുതകരമായ തിരിച്ചുവരവ് നടത്തുന്നത് കാണാറുണ്ട്. ഈ വ്യക്തി തിരിച്ചു വരാനുള്ള സാധ്യത കുറവാണല്ലോ എന്ന് തിരിച്ചറിഞ്ഞ് അവരോടു തന്നെ അക്കാര്യം സൂചിപ്പിച്ചാലും ആത്മവിശ്വാസത്തിന്റെ കരുത്തില്‍ ജീവിതം തിരിച്ചു പിടിക്കും അവര്‍. ചിലപ്പോള്‍ അവര്‍ നമ്മളെ പോലും ധൈര്യപ്പെടുത്തും – ‘ഡോക്ടര്‍ ഒട്ടും സംശയിക്കേണ്ട. ധൈര്യമായി ചികിത്സ തുടങ്ങിക്കോളൂ, ബാക്കി ദൈവം നോക്കിക്കൊള്ളും, എനിക്ക് നല്ല പ്രതീക്ഷയുണ്ട്’ എന്നൊക്കെ പറഞ്ഞ്. അത്തരക്കാര്‍ക്ക് റിക്കവറി വളരെ വേഗം സാധ്യമാകുകയും ചെയ്യും.

പ്രാര്‍ത്ഥന ശുഭാപ്തിവിശ്വാസത്തിന്റെ ഉറവിടം

ഞാനൊരു കത്തോലിക്കാവിശ്വാസിയാണ്. പ്രാര്‍ത്ഥനയുടെ ശക്തിയിലും വിശ്വസിക്കുന്നുണ്ട്. എന്റെ അടുത്ത് രോഗികളായി എത്തുന്നത് പല വിശ്വാസങ്ങളില്‍ നിന്നുള്ളവരാണ്. ഏതു വിശ്വാസത്തില്‍ നിന്നുകൊണ്ടായാലും ദൈവത്തില്‍ ആശ്രയം വയ്ക്കുന്ന വ്യക്തികളില്‍ ശുഭാപ്തിവിശ്വാസവും കൂടുതലുള്ളതായാണ് എനിക്ക് മനസിലാക്കാന്‍ കഴിഞ്ഞിട്ടുള്ളത്. യാഥാര്‍ത്ഥ്യം പെട്ടെന്ന് ഉള്‍ക്കൊള്ളാനും അത്തരക്കാര്‍ക്ക് വേഗത്തില്‍ സാധിക്കും. ആശ്രയം വെക്കാന്‍ ഒരിടം ഉള്ളത് മനുഷ്യനെ സംബന്ധിച്ച് വലിയ കാര്യമാണല്ലോ. അതുകൊണ്ടു തന്നെയാവണം ദൈവത്തില്‍ ആശ്രയം അര്‍പ്പിക്കുന്നവരെ സംബന്ധിച്ചിടത്തോളം അവരുടെ ഉള്ളില്‍ പ്രതീക്ഷ വറ്റാതെ നിലനില്‍ക്കുന്നത്. അതവര്‍ക്ക് ഗുണമായി ഭവിക്കുകയും ചെയ്യും. ഇനി ചികിത്സ ഫലപ്രദമായില്ലെങ്കിലും ഞാനിതിനെ പോസിറ്റീവായി നേരിടും എന്നൊരു ധൈര്യം അവരില്‍ എപ്പോഴുമുണ്ട്.

ചില ശസ്ത്രക്രിയകളുടെ സമയത്ത് ഇത്തരം അദൃശ്യകരങ്ങളുടെ സാന്നിധ്യവും തിരിച്ചറിയാന്‍ കഴിഞ്ഞിട്ടുണ്ട്. ടെക്‌നിക്കലായി ചെയ്യാവുന്നതെല്ലാം ചെയ്തു കഴിഞ്ഞും ബ്ലീഡിംഗ് നില്‍ക്കാതെ വരികയും ഓപ്പറേഷനിടയില്‍ രോഗി മരിച്ചേക്കുമല്ലോ എന്ന് ചിന്തിക്കുകയും ചെയ്യുന്ന സമയത്ത് പെട്ടെന്ന് നമ്മള്‍ പ്രത്യേകിച്ച് ഒന്നും ചെയ്യാതെ തന്നെ ഏതോ അദൃശ്യശക്തിയുടെ ഇടപെടല്‍ കൊണ്ട് ബ്ലീഡിംഗ് നിലയ്ക്കുകയും ഓപ്പറേഷന്‍ വിജയകരമായി പൂര്‍ത്തിയാക്കുകയും ചെയ്ത അനുഭവങ്ങളുണ്ട്.

കാന്‍സര്‍ രോഗികള്‍ നേരിടുന്ന ചില ‘വേദനകള്‍’

ആധുനിക ചികിത്സാ രീതിയുടെ മികവുകൊണ്ട് ശാരീരിക വേദന കാന്‍സര്‍ രോഗികളെ സംബന്ധിച്ച് ഇന്ന് വലിയ വെല്ലുവിളി ഉയര്‍ത്തുന്നില്ല. രോഗം തിരിച്ചറിഞ്ഞു കഴിഞ്ഞാല്‍ ഇനിയെന്ത് സംഭവിക്കും എന്ന ആശങ്കയും നീണ്ട കാലത്തെ ചികിത്സ ആവശ്യമായി വന്നാലുള്ള സാമ്പത്തിക ബുദ്ധിമുട്ടും ഒഴിച്ചു നിര്‍ത്തിയാല്‍ തീവ്രമായ മറ്റൊരു വേദന അവര്‍ക്ക് മാനസികമായി അനുഭവിക്കേണ്ടി വരാറുണ്ട്. കാന്‍സര്‍ എന്ന രോഗത്തോടും രോഗികളോടുമുള്ള സമൂഹത്തിന്റെ ചില മനോഭാവങ്ങളാണ് അവരില്‍ ഈ വേദനയും ഭയവും ഉളവാക്കുന്നത്. ചെറുപ്രായത്തില്‍ കാന്‍സര്‍ വന്ന്, ചികിത്സിച്ച് ഭേദമായെന്ന് ഡോക്ടര്‍മാര്‍ സര്‍ട്ടിഫൈ ചെയ്താലും പിന്നീടും സമൂഹം അവനെ അല്ലെങ്കില്‍ അവളെ ഒരു രോഗിയായി മാത്രമാണ് കണക്കാക്കുന്നത്. എത്രമാത്രം പോസിറ്റീവായും ആരോഗ്യത്തോടെയും ആ വ്യക്തി ജീവിച്ചാലും സ്വാഭാവിക ജീവിതത്തിന് അവരെ സമൂഹം അനുവദിക്കാറില്ല. ജീവിതത്തിലെ പല ഘട്ടങ്ങളിലും ചെറുപ്പത്തില്‍ ഉണ്ടായ ആ രോഗം അയാള്‍ക്ക് ഭീഷണിയായി തീരുന്നു.

സമൂഹത്തിന്റെ ഈ ചിന്താഗതി കുറച്ചു കൊണ്ടുവരാന്‍ വേണ്ടിയാണ് എല്ലാ വര്‍ഷവും ജൂണ്‍ ഏഴാം തിയതി കാന്‍സറിനെ അതീജീവിച്ചവരുടെ ദിനാഘോഷം സംഘടിപ്പിക്കുന്നത്. ലോക ജനസംഖ്യയുടെ അഞ്ച് ശതമാനം കാന്‍സറിനെ തോല്‍പ്പിച്ചവരാണ്. അതു തന്നെ എത്ര വലിയ സംഖ്യയാണെന്ന് ഊഹിക്കാമല്ലോ. അവര്‍ക്കുവേണ്ടി ഒരു ദിനം മാറ്റിവച്ച് അത് ആഘോഷമാക്കുന്നതു വഴി പുതുതായി കാന്‍സറിനെ തോല്‍പ്പിച്ചെത്തുന്നവര്‍ക്ക് മുഖ്യധാരയിലേയ്ക്ക് മടങ്ങിവരാനും സ്വാഭാവിക ജീവിതം തിരിച്ചു പിടിക്കാനും ധൈര്യം ലഭിക്കും.

കാന്‍സറിനെ ഭയപ്പെടുന്നവരോട് പറയാനുള്ളത്

മരണത്തിനുള്ള സമയം നിശ്ചയിക്കപ്പെട്ടു എന്നാണ് കാന്‍സര്‍ തിരിച്ചറിഞ്ഞതായി കേള്‍ക്കുമ്പോള്‍ പലരും ചിന്തിക്കുന്നത്. ചികിത്സയില്ലാത്ത അസുഖമാണെന്നും ഈ രോഗം വന്നാല്‍ മരണം തീര്‍ച്ചയാണെന്നുമുള്ള തെറ്റായ ധാരണയാണ് അവരെ അങ്ങനെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത്. ഈ ചിന്ത മാറ്റിയാല്‍ കാന്‍സറിനെ മറ്റേത് രോഗത്തേയും പോലെ നേരിടാനും രോഗികള്‍ക്ക് ആത്മവിശ്വാസം പകരാനും കഴിയും. അനുദിനം പുതിയ സാങ്കേതികവിദ്യകളും ചികിത്സാരീതികളും കടന്നു വരുന്ന മേഖലയാണ് കാന്‍സര്‍ ചികിത്സാരംഗം. പണ്ട് കാന്‍സര്‍ ബാധിച്ച ശരീരഭാഗം നീക്കം ചെയ്താണ് ചികിത്സ നടത്തിയിരുന്നതെങ്കില്‍ ഇപ്പോള്‍ ശരീരഭാഗം നിലനിര്‍ത്തിക്കൊണ്ടു തന്നെയുള്ള ചികിത്സകളാണ് നടക്കുന്നത്. നിലവില്‍ പഠനം നടന്നുകൊണ്ടിരിക്കുന്നത്, സര്‍ജറി പോലും കൂടാതെ എങ്ങനെ രോഗം ഭേദമാക്കാം എന്നാണ്. മരുന്നുകളുടെ കാര്യത്തിലും അതിവേഗ വളര്‍ച്ച നടക്കുന്നുണ്ട്. കീമോതെറാപ്പി ചെയ്താലും ശര്‍ദ്ദി, മുടികൊഴിച്ചില്‍ പോലുള്ള പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാത്ത രീതിയില്‍ ചികിത്സ നടത്താന്‍ സമീപഭാവിയില്‍ കഴിഞ്ഞേക്കും.

ജീവിതശൈലിയില്‍ ശ്രദ്ധ വേണം

കാന്‍സറും ജീവിതശൈലി രോഗത്തില്‍ ഉള്‍പ്പെടുന്നതാണ്. പുകയില, മയക്കുമരുന്ന് പോലുള്ളവയുടെ ഉപയോഗം, ഭക്ഷണക്രമത്തില്‍ വരുന്ന വ്യത്യാസം, വ്യായാമക്കുറവ്, അമിതവണ്ണം, മാനസിക സംഘര്‍ഷം തുടങ്ങിയവയാണ് പ്രധാനമായും കാന്‍സറിന് കാരണമാകുന്നത്. ബോധവത്കരണ ക്ലാസുകള്‍, ക്യാമ്പുകള്‍, സോഷ്യല്‍മീഡിയ എന്നിവ വഴിയെല്ലാം ജീവിതശൈലിയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും രോഗം വരാതെ സൂക്ഷിക്കേണ്ടതിനെക്കുറിച്ചും ആളുകള്‍ക്ക് അറിവ് നല്‍കാറുണ്ട്.

ഒഴിവു സമയം കുടുംബത്തോടൊപ്പം

ഒഴിവു സമയം കിട്ടുമ്പോഴെല്ലാം ഭാര്യയും മകനും ഉള്‍പ്പെടുന്ന കുടുംബത്തോടൊപ്പം ആയിരിക്കാനാണ് ഇഷ്ടം. ഭാര്യ ജിന്‍സി മാത്യു കാരിത്താസില്‍ തന്നെ റേഡിയോളജിസ്റ്റാണ്. മകന്‍ നിഖില്‍ ജോജോ എംബിബിഎസ് വിദ്യാര്‍ത്ഥിയാണ്. തിരക്കുകളില്‍ നിന്ന് ഒഴിഞ്ഞ് വൈകുന്നേരങ്ങളില്‍ വീട്ടില്‍ ഒന്നിച്ചിരുന്ന് സംസാരിക്കുമ്പോള്‍ മനസ് വീണ്ടും ശാന്തമാവും. അടുത്ത ദിവസവും കൂടുതല്‍ ഉന്മേഷത്തോടെ, ചിരിക്കുന്ന മുഖത്തോടെ ജോലിക്കെത്താന്‍ സാധിക്കുന്നതും കുടുംബത്തില്‍ നിന്ന് ലഭിക്കുന്ന പിന്തുണ കൊണ്ടാണ്. ആഗോള തലത്തില്‍ നടക്കുന്ന പുതിയ സംഭവങ്ങളും വാര്‍ത്തകളും ശ്രദ്ധിക്കുക, അവയെക്കുറിച്ച് പഠിക്കുക എന്നിവയാണ് മറ്റൊരു ഇഷ്ട വിനോദം.

സ്വപ്നം

ഏറ്റവും മികച്ച കാന്‍സര്‍ ചികിത്സ എല്ലാവര്‍ക്കും പ്രാപ്യമായ രീതിയില്‍ ലഭ്യമാക്കുക എന്നതാണ് എന്റെ എക്കാലത്തേയും ഏറ്റവും വലിയ സ്വപ്നം. കേരളത്തിലെ തന്നെ ഏറ്റവും ചെലവുകുറഞ്ഞ കാന്‍സര്‍ ചികിത്സ ലഭ്യമാക്കുന്ന ഇടം എന്ന നിലയില്‍ ഞാന്‍ ജോലി ചെയ്യുന്ന കാരിത്താസ് കാന്‍സര്‍ സെന്ററിന്റെ പിന്തുണ ഇക്കാര്യത്തില്‍ എനിക്കുണ്ട്. വലിയ പ്രതിഫലത്തിന്റെ സാധ്യത തേടി മറ്റിടങ്ങളിലേക്ക് ചേക്കേറാമെങ്കിലും അതിന് തയാറാകാത്തത് ഈയൊരു ആഗ്രഹത്തിന്റെ ഭാഗമായാണ്. കാരണം മരണക്കയത്തില്‍ നിന്ന് കൈപിടിച്ച് കയറ്റുമ്പോള്‍ രോഗമുക്തി നേടിയവര്‍ സമ്മാനിക്കുന്ന പുഞ്ചിരിയോളം വിലയുള്ളതല്ലല്ലോ മറ്റൊന്നും. ഡോക്ടര്‍ ജോജോ പറഞ്ഞു നിര്‍ത്തുന്നു.

കീര്‍ത്തി ജേക്കബ് 

11 COMMENTS

  1. കാൻസറിനെ കുറിച്ച് ഒരുപാട് കാര്യം ഷെയർ ചെയ്തതിന് ഡോക്ടറിന് ബിഗ്‌ സല്യൂട് ?

  2. ഡോക്ടർ ജോജൊയുടെ എംബിബിഎസ് കാല സഹപാഠി ആയിരുന്നു എന്നത് വലിയൊരു ഭാഗ്യമായി ഞാൻ കരുതുന്നു.ഈ അത്ഭുതകരങ്ങൾ കൊണ്ട് അനേകായിരങ്ങൾക്ക് ആശ്വാസം പകരാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ

  3. Ezhuthiyathu muzhuvanum vayichu. Othiri santhosham thonni. Aadmarthamayi doctorinuvendiyum kudumbathinuvendiyum prarthikkunnu. Deivam thanna ee anugraham pavappetta cancer rogikalkum oru thangum thanalumayirikkanameyennum prarthikkunnu. God bless you doctor ?

  4. 2012 ൽ എന്റെ ഭാര്യക്ക് കാൻസർ ശസ്ത്രക്രിയ കാരിത്താസ് ഹോസ്പിറ്റലിൽ വെച്ച് ഡോക്ടർ നടത്തിയിരുന്നു. ഡോക്ടറുടെ പുഞ്ചിരിയോട് കൂടിയുള്ള സമീപനം മരുന്നുകളെ കാളും പ്രയോജനപ്പെട്ടിരുന്നു. 7വർഷങ്ങൾക്ക് ശേഷം രോഗം ഉണ്ടായപ്പോൾ ഡോക്ടറെ തേടി കാരിത്താസിൽ ചെന്നിരുന്നു. എന്നാൽ ഞങ്ങൾക്ക് നിരാശയോടെ മടങ്ങേണ്ടി വന്നു. ഈ post കണ്ടപ്പോൾ അതിയായ സന്തോഷം തോന്നി. എന്നും ഞങ്ങളുടെ പ്രാർത്ഥനയിൽ ഡോക്ടറെ ഉൾപെടുത്താറുണ്ട്.

  5. ദീർഘായുസ്സുണ്ടാവട്ടെ!
    വേദനിക്കുന്നവർക്ക് ആശ്രയമാകാൻ
    സാധിക്കട്ടെ!

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.