മറ്റുള്ളവരുടെ കാര്യത്തിൽ അനാവശ്യമായി ഇടപെട്ട് സമയം പാഴാക്കരുതെന്ന് മാർപ്പാപ്പ

മറ്റുള്ളവരുടെ ജീവിതത്തിൽ അനാവശ്യമായി ഇടപെട്ട് സമയം പാഴാക്കരുതെന്നും മറിച്ച്, എല്ലാവരെയും സ്നേഹിച്ച്, അവർക്ക് നല്ലിടയന്മാരായി, കുരിശിലേയ്ക്കുള്ള യാത്ര പൂർത്തിയാക്കുക എന്നും മെത്രാന്മാരുടെയും വൈദികരുടെയും സംഘത്തോട് മാർപ്പാപ്പ.

വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിൽ യേശുവും പത്രോസും തമ്മിലുള്ള അവസാന കൂടിക്കാഴ്ചയുടെ ഭാഗം വായിച്ചുകൊണ്ടാണ് കാസാ സാന്താ മാർട്ടയിൽ വെള്ളിയാഴ്ചത്തെ സന്ദേശം മാർപ്പാപ്പ നൽകിയത്.

എന്നെ അനുഗമിക്കുക

മാനസികമായ ഒരു യാത്രയിലൂടെയാണ് ഈശോ പത്രോസിനെ കൊണ്ടുപോയത്. നാമും അതുതന്നെ ചെയ്യണമെന്നാണ് ഈശോ ആഗ്രഹിക്കുന്നത്. വിളി തിരിച്ചറിഞ്ഞ് യാത്ര ചെയ്യണം. എന്നെ അനുഗമിക്കുക എന്ന വാചകത്തിലൂടെ ഈശോ ഉദ്ദേശിച്ചത് ഇതൊക്കെയാണ്, എന്നെ സ്നേഹിക്കുക, എന്റെ ആടുകളെ മേയ്ക്കുക, നിങ്ങളെത്തന്നെ ഒരുക്കുക. മാർപ്പാപ്പ വ്യക്തമാക്കി.

ഇടയന്റെ സവിശേഷത, സ്നേഹം

ദൈവപുത്രന്റെ യഥാർത്ഥ അനുയായി ആകുന്നതിന് അവശ്യം വേണ്ട ഒന്നാണ് സ്നേഹം. ദൈവജനത്തിന് ഇടയനാവുക, അവരെ സ്നേഹിക്കുക. മെത്രാന്മാരും വൈദികരും പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണിത്. മാർപ്പാപ്പ കൂട്ടിച്ചേർത്തു.

അനാവശ്യ കാര്യങ്ങളിൽ കൈകടത്തരുത്

അവസാനമായി മാർപ്പാപ്പ ഒരു കാര്യം കൂടി ഓർമ്മിപ്പിച്ചു. ഇടയന്മാരെന്ന നിലയിൽ മറ്റുള്ളവരുടെ കാര്യത്തിൽ അനാവശ്യ ഇടപെടലുകൾ നടത്തി സമയം പാഴാക്കരുതെന്ന കാര്യം. അതേസമയം സ്വാർത്ഥരായി ഒതുങ്ങുകയുമരുത്. യേശുവിന്റെ നിർദ്ദേശങ്ങൾ സ്വീകരിച്ചും പാലിച്ചും മുന്നോട്ടുപോവുക. മാർപ്പാപ്പ കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.