തങ്ങളുടെ ഗവൺമെന്റിന്റെ നിഷ്ക്രിയത്വത്തെ അപലപിച്ച് നൈജീരിയൻ കർദിനാൾ

കഴിഞ്ഞ ഏപ്രിൽ 24 ാം തിയതി നൈജീരിയയിലെ ബാലം എന്ന സ്ഥലത്ത്  രണ്ട് വൈദികർ ഉൾപ്പെടെ 19 വിശ്വാസികളെ ക്രുദ്ധരായ അക്രമികൾ വെടിവച്ച് കൊലപ്പെടുത്തുകയുണ്ടായി. വെസ്റ്റ് ആഫ്രിക്കയിൽ തുടർച്ചയായി നടന്നുവരുന്ന, ക്രൈസ്തവർക്ക് നേരെയുള്ള അക്രമങ്ങളിൽ അവസാനത്തേതായിരുന്നു അത്.

ആക്രമണത്തെ തുടർന്ന്, രാജ്യത്ത് സമാധാനം പുനഃസ്ഥാപിക്കണമെന്നും അക്രമങ്ങളെ തടയാൻ വേണ്ടത് ചെയ്യണമെന്നും പൂർണ്ണമായ തകർച്ചയിൽ നിന്ന് രാജ്യത്തെ രക്ഷിക്കണമെന്നും നൈജീരിയൻ മെത്രാൻ സമിതി പ്രസിഡന്റിനോട് ആവശ്യപ്പെട്ടിരുന്നു.

നൈജീരിയയുടെ പല ഭാഗങ്ങളും ശവപ്പറമ്പാക്കി മാറ്റിയ അക്രമികൾക്കെതിരെ രാജ്യത്തെ സുരക്ഷാ വിഭാഗം ഉണർന്ന് പ്രവർത്തിക്കണമെന്നും നിരപരാധികളും നിഷ്കളങ്കരുമായ ജനതയെ സംരക്ഷിക്കണമെന്നുമാണ് മെത്രാൻ സമിതി ആവശ്യപ്പെട്ടത്.

എന്നാൽ  അധികാരികളുടെ മൗനം തങ്ങളെ ഏറെ വിഷമിപ്പിക്കുന്നുവെന്ന് അബൂജ ആർച്ചുബിഷപ്പ്൪ കർദിനാൾ ജോൺ ഒനായികൻ പറഞ്ഞു. പരാതി പറഞ്ഞപ്പോൾ മുതൽ ഇതുവരെ യാതൊന്നും ചെയ്യാൻ അധികാരികൾ തയാറായിട്ടില്ല. അന്നത്തെ സാഹചര്യത്തിനും മാറ്റം വന്നിട്ടില്ല.

ഒന്നുകിൽ അവർക്കതിന് സാധിക്കില്ല, അല്ലെങ്കിൽ സമാധാനം സ്ഥാപിക്കാൻ താത്പര്യമില്ല. ഇതാണ് ഇപ്പോൾ നൈജീരിയൻ സഭ അനുമാനിക്കുന്നത്. കർദിനാൾ ഒനായികൻ പറയുന്നു. 2019 ഫെബ്രുവരി പതിനാറിന് നടക്കുന്ന പൊതു തെരഞ്ഞെടുപ്പെങ്കിലും സുതാര്യമാക്കണമെന്നാണ് ആഗ്രഹിക്കുന്നത്. അദ്ദേഹം കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.