ഡിസംബര്‍ ഒരു ഓര്‍മ്മ

അനിത

മഞ്ഞുപെയ്യുന്ന മകരമാസ തണുപ്പില്‍ നക്ഷത്രങ്ങള്‍ക്കും തോരണങ്ങള്‍ക്കും ഒപ്പം കരോള്‍ഗാനം മുഴങ്ങുന്ന തെരുവീഥികള്‍, പുല്‍ക്കൂടും ഉണ്ണീശോയും പാതിരാ കുര്‍ബാനയും ഓര്‍മ്മകളുടെ മഞ്ഞു പെയ്യ്തുകള്‍ സമ്മാനിക്കുന്ന ഡിസംബര്‍ മാസം . ഒരു വര്‍ഷക്കാലത്തെ നിര്‍മ്മലതയും നീറ്റലുകളും നിര്‍മ്മാല്യവും സമ്മാനിക്കുന്ന ഒരു പിടി ഓര്‍മ്മകളും.

കഴിഞ്ഞ ക്രിസ്തുമസിനു നമ്മുടെ കൂടെ ഉണ്ടായിരുന്നവര്‍ പലരും ഇന്ന് കൂടെ ഇല്ല. നഷ്ടപ്പെട്ടു എന്ന് കരുതിയ പലരും തിരികെ വന്നു. പകരം പുതിയ ചുറ്റുപാടും പങ്കുവയ്ക്കലും വര്‍ഷാവസാനത്തിന്റെയും പുതിയ വര്‍ഷത്തിന്റെയും നിശാഗന്ധികള്‍ വിരിയുന്ന ഡിസംബര്‍. നമുക്ക് ഈശോയുടെ അരികില്‍ പുല്‍ക്കൂട് വരെ ഒന്ന് പോയാലോ എനിക്ക് അവിടുത്തെ കുഞ്ഞു നാവില്‍ നിന്ന് ഒരുപാട് കേള്‍ക്കാനുണ്ട് അങ്ങോട്ടേക്ക് പറയാനും.

താരാപദം താരാട്ടുകള്‍ അവസാനിപ്പിക്കുമ്പോള്‍ മാതാവ് ക്ഷീണിച്ചുറങ്ങുമ്പോള്‍ ഔസേപ്പിതാവ് കാവല്‍ നില്‍ക്കുമ്പോള്‍ ഞാനും ഉണ്ണീശോയെ മാത്രം ഉള്ള ഒരിടം ഞങ്ങളുടെ ഹൃദയങ്ങള്‍ പരസ്പരം തുറക്കുന്ന ഒരിടം അതാണ് പുല്‍ക്കൂട് . ഇന്നോളം എന്നെ കരങ്ങള്‍ക്കുള്ളില്‍ കൊടിയ മഞ്ഞില്‍ തണുപ്പിലും ശിശിരത്തിലെ ഇലകൊഴിചിലുകള്‍ക്കിടയിലും വേനല്‍ അറുതിയിലും ഊഷ്മളത നഷ്ടപ്പെടാതെ അറ്റുപോകാതെ കാത്തതിന് നന്ദി .

എല്ലായിടങ്ങളിലും ഞാന്‍ നിന്നെ നഷ്ടപ്പെടുത്തിയിരുന്നു. മൂന്ന്മുപ്പത് തവണ തള്ളിപ്പറഞ്ഞു ഞാന്‍ നിന്നെ ഒറ്റി കൊടുത്തു.എന്നിട്ടും എന്നെ അറിയില്ല എന്ന് നീ ഒരിക്കല്‍ പോലും പറഞ്ഞിട്ടില്ല .പറുദീസയിലേക്ക് ഉള്ള നിന്റെ യാത്രയില്‍ എന്നെ കൂട്ട് യാത്രക്കാരി ആക്കുകയാണ് നീ ചെയ്തത് . വീണ്ടും പിറവിയുടെ ഈ ഡിസംബറില്‍ ഞാനൊരുകാത്ത, ഞാന്‍ വൃത്തിയാക്കാത്ത എന്റെ കാലിത്തൊഴുത്തില്‍ വന്നു പിറന്നു എന്നെ വീണ്ടും മറ്റുള്ളവര്‍ക്കിടയില്‍ മഹത്വപ്പെടുത്തുകയാണ് നീ ചെയ്തത്.

ഇതിനൊക്കെയുള്ള യോഗ്യത നീ എന്നില്‍ കണ്ടത് എന്താണെന്ന് എനിക്കിപ്പോഴും അറിയില്ല ദൈവമേ. ഒറ്റപ്പെടലുകള്‍ക്കിടയില്‍ എന്റെ കൂടെ കരം പിടിച്ചു നടന്നതും ,ഞാന്‍ കാലിടറിയ ഇടങ്ങളില്‍ അങ്ങേ കാലുകള്‍ക്കു മുകളില്‍ എന്നെ കയറ്റിനിറുത്തി ഒരു കൊച്ചു കുഞ്ഞിനെ നടത്തുന്ന പോലെ എന്നെ നടത്തി ജീവിതത്തിലെ ചില നാഴികക്കല്ലുകള്‍ നമ്മള്‍ ഒരുമിച്ചു കൂട്ടി ഉറപ്പിച്ചതും. പോകാന്‍ ഒരു ഇടവും അന്വേഷിച്ചു വരാന്‍ ഒരു കൂട്ടും,ചില സാമിപ്യങ്ങള്‍ അറിഞ്ഞു തന്ന് എന്റെ ധമനികളെ ശക്തിപ്പെടുത്തിതും ഈര്‍പ്പമുള്ള നയനങ്ങളോടെ ഞാനോര്‍ക്കുന്നു .

ജീവിതത്തിലെ ചില തീരുമാനങ്ങള്‍ നമ്മള്‍ ഒരുമിച്ച് എടുത്തതും അവിടേക്ക് നമ്മള്‍ ഒരുമിച്ച് യാത്ര ചെയ്തതും ഞാനോര്‍ക്കുന്നു .അന്നത്തെ എന്റെ നിലവിളികളോട് താരതമ്യം ചെയ്യുമ്പോള്‍ ഇന്നത്തെ നിലവിളികള്‍ക്ക് ഒട്ടും കാഠിന്യം ഇല്ലെന്നു പറഞ്ഞ് അങ്ങനെ കളിയാക്കിയതും ഞാനോര്‍ക്കുന്നു .എന്റെ ചില ആഗ്രഹങ്ങള്‍ക്കും സ്വപ്നങ്ങള്‍ക്കും ഞാന്‍ കൊടുക്കാത്ത പ്രാധാന്യം നീ കൊടുത്ത് എന്റെ ആകാശത്തിലേക്ക് പറക്കാന്‍ എന്നെ നീ തള്ളിവിട്ടതും തളരാത്ത ചിറകുകള്‍ മുളപ്പിച്ചു തന്നതും ഞാനോര്‍ക്കുന്നു

തോല്‍പ്പിക്കാന്‍ മാത്രം തേടി വന്നവരെ നോക്കി പുഞ്ചിരിക്കാന്‍ അങ്ങ് പഠിപ്പിച്ചതും ഒടുവില്‍ എന്റെ നേട്ടങ്ങള്‍ക്ക് അവര്‍ നിശബ്ദരായി സാക്ഷിയാകേണ്ടി വന്നതും അവിടുത്തെ അനുഗ്രഹം ഒന്നു മാത്രമാണെന്ന് സ്‌നേഹത്തോടെ ഞാന്‍ അറിയുന്നു. ഈശോയെ അങ്ങ് കരുതിയോളം ആരും ഇതുവരെ കരുതിയിട്ടില്ല.

നാം ദൈവവുമായി വളരെ അടുത്ത് നടക്കണം, അവിടുത്തെ വചനത്തെ അനുസരിക്കുന്നതിലൂടെ, പരിശുദ്ധാത്മാവിനെ ആശ്രയിച്ച് ജീവിക്കുമ്പോള്‍ അവിടുത്തെ മാര്‍ഗനിര്‍ദേശം നാം മനസ്സിലാക്കുന്നു… മറിയത്തെ പോലെ അവിടുത്തെ ഹിതം നാം മനസ്സിലാക്കുക. പ്രാര്‍ത്ഥനാപൂര്‍വ്വം ദൈവത്തെ ആശ്രയിച്ച് കൂടെ ചേര്‍ന്ന് നില്‍ക്കുക .നമുക്ക് മാറാം, നമ്മള്‍ ആയിരിക്കുന്നതില്‍ നിന്ന് വ്യത്യസ്തമായ ഒരു വ്യക്തിയായിതീരാം. എല്ലാവര്‍ക്കും ക്രിസ്തുമസ് അനുഗ്രഹങ്ങള്‍….വരും വര്‍ഷങ്ങള്‍ എല്ലാം നക്ഷത്ര ശോഭ പടര്‍ത്തട്ടെ!

അനിത