കുടിവെള്ളമെത്തിക്കുന്ന വൈദികന്‍

ആഫ്രിക്കന്‍ ഗ്രാമങ്ങളില്‍ കാറ്റാടിയന്ത്രത്തിന്റെ സഹായത്തോടെ കുടിവെള്ളമെത്തിച്ച് ഒരു പുരോഹിതന്‍

1930-ല്‍ മിനസോട്ടോയിലെ ഒരു ഗ്രാമത്തിലായിരുന്നു ഡാനിയേല്‍ ഓഹ്മാന്‍ ജനിച്ചത്. കാറ്റാടിയന്ത്രങ്ങളുടെ നിര്‍മ്മാണമായിരുന്നു ഡാനിയലിന്റെ പിതാവിന്റെ ജോലി. ആ ഗ്രാമത്തില്‍ വൈദ്യുതി എത്തുന്നതിന് മുമ്പ് ഡാനിയേലിന്റെ പിതാവായിരുന്നു ഓരോ വീട്ടിലും കാറ്റാടിയന്ത്രങ്ങള്‍ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്ത് കൊടുത്തിരുന്നത്.

വര്‍ഷങ്ങള്‍ക്ക് ശേഷം താന്‍സാനിയയിലെ മേരിനോള്‍ സഭയിലെ പുരോഹിതനായി ഡാനിയേല്‍ മാറി. ഒരിക്കല്‍ ദേവാലയത്തില്‍ ദിവ്യബലി അര്‍പ്പിച്ചുകൊണ്ടിരുന്ന ഫാദര്‍ ഡാനിയേല്‍ ഒരു കാഴ്ച കണ്ടു. നദിയില്‍ നിന്നും അഞ്ച് ഗാലന്‍ വെള്ളവുമായി ഒരു സ്ത്രീ നടന്നു പോകുന്നു. അവരുടെ വീട്ടില്‍ നിന്ന് ആറ് മൈല്‍ ദൂരത്താണ് നദി. ഫാദര്‍ ഡാനിയേലിന് അപ്പോള്‍ തന്റെ കുട്ടിക്കാലം ഓര്‍മ്മവന്നു. ആഫ്രിക്കന്‍ ജനത ഏറ്റവു കൂടുതല്‍ കഷ്ടത അനുഭവിക്കുന്നത് കുടിവെള്ളത്തിന്റെ കാര്യത്തിലാണ്. കിലോമീറ്ററുകള്‍ക്കപ്പുറം നിന്ന് തലച്ചുമടായിട്ടാണ് വെള്ളം ശേഖരിക്കുന്നത്.

കാറ്റാടിയന്ത്രങ്ങളെക്കുറിച്ചുള്ള അറിവും താത്പര്യവും പണ്ട് മുതലേ ഫാദര്‍ ഡാനിയേലിന്റെ രക്തത്തിലുള്ള കാര്യങ്ങളാണ്. തന്റെ ഇടവകയിലെ ജനങ്ങളുടെ ജലക്ഷാമം പരിഹരിക്കാന്‍ തനിക്കറിയാവുന്ന വിധത്തില്‍ പ്രവര്‍ത്തിക്കാന്‍ അദ്ദേഹം തീരുമാനിച്ചു. 18 ഗ്രാമങ്ങളിലായി 20 കാറ്റാടിയന്ത്രങ്ങള്‍ സ്ഥാപക്കുകയാണ് അദ്ദേഹം ആദ്യം ചെയ്തത്. 2000 ഗാലന്‍ വെള്ളം ശേഖരിക്കാവുന്ന കോണ്‍ക്രീറ്റ് ടാങ്കുകളും നിര്‍മ്മിച്ചു. കാറ്റാടിയന്ത്രങ്ങള്‍ ഉപയോഗിച്ച് ടാങ്കിലേക്ക് വെള്ളം പമ്പ് ചെയ്യുകയാണ് പിന്നീട് ചെയ്തത്. ഗ്രാമവാസികള്‍ കാല്‍നടയായിട്ടും കഴുതപ്പുറത്തും എത്തി വെള്ളം ശേഖരിച്ച്  മടങ്ങും. അഞ്ച് ഗാലന്‍ വെള്ളത്തിനായി വളരെ ചെറിയ തുകയും ഈടാക്കും.

ഫാദര്‍ ഡാനിയേലിന്റെ ജന്മദേശമായ ഡോലേലിജിയില്‍ നിന്നാണ് ആദ്യത്തെ രണ്ട് കാറ്റാടിയന്ത്രങ്ങള്‍ എത്തിച്ചത്. പിന്നീടുള്ളവ ഓസ്‌ട്രേലിയ, ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്തു. ആദ്യകാലങ്ങളില്‍ വൈദ്യുതിക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായി സഹായം നല്‍കിയിരുന്നത് പ്രദേശവാസികള്‍ തന്നെയായിരുന്നു. കാരണം ജലക്ഷാമം ഇവിടെ അത്രയേറെ രൂക്ഷമാണ്. ലളിതമായ സാങ്കേതികവിദ്യയാണ് ഈ യന്ത്രങ്ങളില്‍ ഉപയോഗിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ ഇവയുടെ അറ്റകുറ്റപ്പണികള്‍ വേഗത്തില്‍ പഠിക്കാന്‍ സാധിക്കും. 32 ഗ്രാമങ്ങളാണ് ഇപ്പോള്‍ തങ്ങളുടെ ഗ്രാമത്തിലും ഇവ സ്ഥാപിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഒരു മൈല്‍ മുതല്‍ നാല് മൈല്‍ വരെ ദൂരത്തിലുള്ള പ്ലാസ്റ്റിക് പൈപ്പുകള്‍ ഭൂമിക്കടിയിലൂടെ കടത്തിവിട്ടിരിക്കുന്നു. നിശ്ചിത സ്ഥലത്ത് കുഴികള്‍  കുഴിച്ച് അതില്‍ നിന്നാണ് ജലം ശേഖരിക്കുന്നത്. അനവധി ആളപകളുടെ സാമ്പത്തിക പിന്തുണയാലാണ് ഈ പദ്ധതി വിജയകരമായി തുടരുന്നത്. നദിയില്‍ നിന്നും ശുദ്ധി ചെയ്‌തെടുത്ത ജലമാണ് പൈപ്പിലൂടെ എത്തുന്നത്. അതിനാല്‍ ശുദ്ധമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. മാത്രമല്ല, കാറ്റാടിയന്ത്രങ്ങള്‍ സ്ഥാപിച്ചതോടെ നിരവധി പേര്‍ക്ക് ജോലിയും വരുമാനവും ഉണ്ടായി. നാല്‍പത് വര്‍ഷമായി ഫാദര്‍ ഡാനിയേല്‍ ഓഹ്മാന്‍ ഈ ഗ്രാമത്തിലെ പുരോഹിതനാണ്‌. ഒരു ഗ്രാമത്തിന്റെ ഏറ്റവും വലിയ പ്രതിസന്ധി പരിഹരിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് അദ്ദേഹം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.