ഏപ്രില്‍ 19: വിശുദ്ധ ഉര്‍സ്മാര്‍

ബല്‍ജിയത്തില്‍, വി. ലാന്‍ഡലിന്‍ സ്ഥാപിച്ച സുപ്രസിദ്ധമായ ലോബ്ബസ് ആശ്രമത്തിന്റെ അധിപനായി 689-നോടടുത്ത് ഉര്‍സ്മാര്‍ നിയമിക്കപ്പെട്ടു. വിശുദ്ധനെ സംബന്ധിച്ചുള്ള കൃത്യമായ ചരിത്രവസ്തുതകള്‍ ഇന്ന് വ്യക്തമായി ഗ്രഹിക്കാന്‍ വഴിയില്ല. എങ്കിലും ഉര്‍സ്മാറിന്റെ ജീവിതപരിശുദ്ധിയും വിശ്വാസതീക്ഷ്ണതയും താപസചൈതന്യവും സംബന്ധിച്ചുള്ള സ്മരണകള്‍ ഇപ്പോഴും ജനഹൃദയങ്ങളില്‍ മങ്ങാതെ നില്‍ക്കുന്നതായി കാണുന്നു.

697-ല്‍ ഉര്‍സ്മാര്‍, ലോബ്ബസ് ആശ്രമം വി. പത്രോസ് – പൗലോസ് ശ്ലീഹന്മാര്‍ക്കു പ്രതിഷ്ഠിക്കുകയും സന്യാസാര്‍ത്ഥികള്‍ക്കു വേണ്ടി പിന്നെയും ഒട്ടേറെ ആശ്രമങ്ങള്‍ സ്ഥാപിക്കുകയും സമീപസ്ഥമായ ഒരു കുന്നില്‍ മനോഹരമായ ഒരു ദൈവാലയം പണികഴിപ്പിക്കുകയും ചെയ്തു.

വി. അല്ഫീജ് (എല്‌ഫേജ്) കാന്റര്‍ബറി

ഇംഗ്ലണ്ടിലെ ഗ്ലൂസെസ്റ്റര്‍ഷയറില്‍ സന്യാസവൈദികനായി സഭാസേവനം അനുഷ്ഠിച്ചിരുന്ന അല്ഫീജ്, ഏകാന്തത ആഗ്രഹിച്ച് വിജനമായ ബാത്ത് എന്ന സ്ഥലത്തേക്ക് താമസം മാറ്റി. അവിടെ വി. ഡന്‍സ്റ്റണ്‍ പുനഃസംവിധാനം ചെയ്ത ഒരു സന്യാസാശ്രമത്തിന്റെ നിയന്താവായി.

984-നോടടുത്ത് വിഞ്ചൊസ്റ്റര്‍ രൂപതയുടെ മെത്രാനായി അല്ഫീജ് നിയമിതനായി. 1011-ല്‍ ഡന്മാര്‍ക്ക് ഇംഗ്ലണ്ടിനെ ആക്രമിച്ചു. കാന്റര്‍ബറിയിലേക്കു കടന്നുവന്ന ഡാനീഷ്‌ സൈന്യം കണ്ണില്‍ക്കണ്ട മനുഷ്യരെയെല്ലാം കൊന്നൊടുക്കി. സ്ത്രീകളും കുട്ടികളുമടക്കം നിരവധി ആളുകള്‍ അവരുടെ വാളിന് ഇരയായി മരിച്ചുവീഴുന്നതു കണ്ടപ്പോള്‍ അല്ഫീജിന്റെ മനസ്സുരുകി. കൂട്ടക്കൊല നടന്ന സ്ഥലങ്ങളിലേക്ക് അല്ഫീജെത്തി. യാതൊരു കുറ്റവും ചെയ്യാത്ത സാധുമനുഷ്യരെ കൊല്ലരുതെന്നും അവര്‍ക്കു പകരം എന്തു ശിക്ഷയും സ്വീകരിക്കാന്‍ താന്‍ തയ്യാറാണെന്നും സൈന്യാധിപന്മാരോടു പറഞ്ഞു. ഉടനെ തന്നെ അവര്‍ അല്ഫീജിനെ ക്രൂരമായി ഉപദ്രവിക്കുകയും ബന്ധിച്ചുകൊണ്ടു പോയി ഒരു ഇരുട്ടറയില്‍ അടക്കുകയും ചെയ്തു.

കുറേ നാള്‍ കഴിഞ്ഞപ്പോള്‍ ഡാനിഷ് ജനതയുടെ ഇടയില്‍ ദൈവശിക്ഷയെന്നവണ്ണം മാരകമായ ഒരു മഹാമാരി പടര്‍ന്നുപിടിച്ചു. ആ അവസരത്തില്‍ അല്ഫീജ് അനേകം രോഗികളെ അത്ഭുതകരമായി സുഖപ്പെടുത്തി. അതോടു കൂടി അല്ഫീജിനെ മോചിപ്പിക്കാമെന്ന് സൈന്യാധിപന്മാര്‍ സമ്മതിച്ചു. മൂവായിരം സ്വര്‍ണ്ണനാണയം ജാമ്യത്തുകയായി നല്കണമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍, ആ സംഖ്യ നല്കാൻ കഴിയാതെ വന്നതുകൊണ്ട് അല്ഫീജ് ഗ്രീന്‍വിച്ചില്‍ വച്ച് ദാരുണമായി കൊല്ലപ്പെട്ടു.

വിശ്വാസം സംരക്ഷിക്കുന്നതിനു വേണ്ടിയല്ലെങ്കിലും പീഡിതര്‍ക്കു വേണ്ടി ശത്രുക്കളോട് ന്യായവാദം നടത്തിയതുകൊണ്ടാണ് അല്ഫീജ് ബന്ധിക്കപ്പെടുകയും മരണശിക്ഷ അനുഭവിക്കുകയും ചെയ്തത്. തന്മൂലം അല്ഫീജിനെ ഇംഗ്ലണ്ടിലെ സഭ ഭക്ത്യാദരപൂര്‍വ്വം സ്മരിച്ചുപോരുന്നു.

വിചിന്തനം: ‘ദൈവവചനങ്ങള്‍ നിന്റെ ഹൃദയത്തിലെഴുതി ഉത്സാഹപൂര്‍വം അവയേപ്പറ്റി ചിന്തിക്കുക. പ്രലോഭന സന്ദര്‍ഭങ്ങളില്‍ അവ വളരെ പ്രയോജനപ്പെടും.’

ഫാ. ജെ. കൊച്ചുവീട്ടിൽ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.