നവംബര്‍ 18: വി. ഓഡോ

ക്ലൂണിയിലെ വിശ്രുതമായ സന്യാസ സഭയുടെ നിയന്താക്കളായ ആദ്യത്തെ ഏഴ് ആചാര്യന്മാരില്‍ രണ്ടാമനാണ് ഓഡോ. പത്തൊമ്പതാമത്തെ വയസില്‍ ഓഡോ ഒരു ദൈവാലയശുശ്രൂഷകന്‍ എന്നനിലയില്‍ സഭയെ സേവിക്കാന്‍ സ്വയം സമര്‍പ്പിച്ചു. കുറേക്കാലം പാരീസില്‍ വേദശാസ്ത്രപഠനത്തില്‍ ഏര്‍പ്പെട്ടു. അക്കാലത്ത് ഒരുദിവസം വി. ബനഡിക്ടിന്റെ പ്രബോധനങ്ങള്‍ വായിച്ചുകൊണ്ടിരിക്കെ, പരിപൂര്‍ണ്ണതയിലേക്കുള്ള വഴിത്താരയില്‍ താന്‍ എത്രയോ പിന്നിലാണെന്നു മനസിലാക്കിയ അദ്ദേഹം ഉടനെതന്നെ സന്യാസംവരിക്കാന്‍ തീര്‍ച്ചയാക്കി.

അദ്ദേഹം 909 -ല്‍ ബോംലെസ് മെസ്സുവേഴ്‌സിലെ ബനഡിക്ടന്‍ സന്യാസാശ്രമത്തില്‍ ചേര്‍ന്ന് ആശ്രമാധിപനായിരുന്ന വി. ബര്‍ണോയില്‍നിന്ന് സഭാവസ്ത്രം സ്വീകരിച്ചു. ക്ലൂണി ആശ്രമം 910 -ല്‍ സ്ഥാപിതമായി. വി. ബര്‍ണോ ആദ്യത്തെ ആശ്രമാധിപനായും ഓഡോ ആശ്രമവിദ്യാലയത്തിലെ മുഖ്യാധ്യാപകനായും നിയമിക്കെപ്പട്ടു. നാല്പത്തിയെട്ടാമത്തെ വയസില്‍ ഓഡോ ബര്‍ണോക്കുശേഷം ക്ലൂണി ആശ്രമാധിപനായി നിയമിക്കെപ്പട്ടു. സന്യാസജീവിതചര്യകള്‍ പൂര്‍വാധികം ചൈതന്യമാക്കുക എന്ന ലക്ഷ്യത്തോടുകൂടി ബര്‍ണോ തുടങ്ങിവച്ച പ്രവര്‍ത്തനങ്ങള്‍ ധീരമായി തുടര്‍ന്നു. ഇത് നിരവധി എതിര്‍പ്പുകള്‍ക്കു കാരണമായി.

സന്യാസചര്യകള്‍ പരിഷ്‌ക്കരിക്കാനുള്ള തീവ്രശ്രമങ്ങള്‍ അദ്ദേഹം തുടര്‍ന്നു. യാഥാസ്ഥിതികരായ സന്യാസിമാര്‍ അപ്പോഴും ഓഡോയ്ക്കെതിരെ മുറുമുറുക്കുകയും നവീകരണസംരംഭങ്ങള്‍ക്ക് ശക്തമായ പ്രതിബന്ധം സൃഷ്ടിക്കുകയുംചെയ്തു. ചില ആശ്രമങ്ങളിലെ സന്യാസിമാര്‍ അദ്ദേഹത്തെ വാളും കല്ലും ഉപയോഗിച്ച് ആക്രമിക്കാന്‍ മുതിര്‍ന്നു. തങ്ങളുടെ ആശ്രമത്തില്‍ കാലുകുത്തിയാല്‍ ജീവന്‍ നഷ്ടെപ്പടുമെന്ന് ചിലര്‍ ഭീഷണിെപ്പടുത്തി. പക്ഷേ, അദ്ദേഹം സ്‌നേഹംകൊണ്ട് ദ്വേഷത്തെ കീഴടക്കി, അനുനയവാക്കുകളാല്‍ വിമതരെ സ്വന്തം പക്ഷത്താക്കി. 942 നവംബർ 18 -ാം തീയതി അദ്ദേഹം മരണമടഞ്ഞു.

വിചിന്തനം: സ്‌നേഹപൂര്‍ണ്ണതയിലെത്തുന്ന ആത്മാവ് ദ്രോഹിച്ചവരെ തെല്ലും മാറ്റിനിർത്താതെ ശുശ്രൂഷചെയ്യുന്നു. സ്വന്തമെന്നപോലെ അവരെ സ്വീകരിക്കുന്നു – വിശുദ്ധിയുടെ വിജയരഹസ്യങ്ങള്‍.

ഇതരവിശുദ്ധര്‍: അന്ത്യോക്യായിലെ ഹെസ്‌ക്കൂസ് (+303)/ കെവേണ്‍ (ആറാം നൂറ്റാണ്ട്) കോര്‍ണിഷ്/ ആന്‍സെലം +(750) ബനഡിക്‌റ്റെന്‍ ആബട്ട്/ റോസ് ഫിലിപ്പെന്‍ (+1852)/ നസാരിയൂസ്-സന്യാസി/ അന്ത്യോക്യായിലെ തോമസ് (+782) ഒറിക്കുലൂസും കൂട്ടരും (+430) രക്തസാക്ഷികള്‍/ മാക്‌സിമൂസ് (+378) പത്തൊമ്പതാം മെത്രാന്‍

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.