മാര്‍ച്ച് 27: ഈജിപ്റ്റിലെ വി. ജോണ്‍

നാലാം നൂറ്റാണ്ടില്‍ ഈജിപ്റ്റില്‍ ജീവിച്ചിരുന്ന ഒരു വിശുദ്ധനാണ് ജോണ്‍. ഒരു തച്ചന്റെ മകനായിരുന്ന ജോണ്‍ ഇരുപത്തിയഞ്ചു വയസു വരെ പിതാവിനോടൊത്ത് മരപ്പണി ചെയ്തുപോന്നു. അതിനു ശേഷം അവന്‍ ദൈവിക വെളിപാട് അനുസരിച്ച് വനത്തില്‍ താമസിച്ചിരുന്ന ഒരു സന്യാസിയുടെ കീഴില്‍ ജീവിച്ചു. പതിനാറു വര്‍ഷങ്ങള്‍ അദ്ദേഹം തന്റെ ഗുരുവിനോടൊപ്പം ചിലവഴിച്ചു.

പലപ്പോഴും യുക്തിക്കു നിരക്കാത്ത കാര്യങ്ങളായിരുന്നു ഗുരു ജോണിനോട് കല്പിച്ചിരുന്നത്. വലിയ കല്ലുകള്‍ ഉരുട്ടിക്കൊണ്ടു പോവുക, ഉണങ്ങിയ മരങ്ങളെ വെള്ളമൊഴിച്ചു സംരക്ഷിക്കുക ഇങ്ങനെ പലതും. എന്നാല്‍, ഇവയെല്ലാം ജോണ്‍ അസാധാരണമായ അനുസരണത്തോടും വിനയത്തോടും കൂടി ചെയ്തുപോന്നു. പതിനാറു വര്‍ഷത്തെ പരിശീലനത്തിനു ശേഷം അദ്ദേഹം ലിക്കോപ്പോളിസിലെ ഒരു ഉയര്‍ന്ന മലയില്‍ കയറി ചെറിയൊരു അറയില്‍ താമസം ആരംഭിച്ചു. സ്വആത്മാവിനെയും ദൈവത്തെയും മാത്രം ചിന്തിച്ചുകൊണ്ടുള്ള ഒരു ജീവിതമായിരുന്നു അത്. കഠിനമായ ഉപവാസവും പ്രായശ്ചിത്തവും അനുഷ്ഠിച്ചിരുന്ന അദ്ദേഹം സൂര്യാസ്തമയ ശേഷം വളരെ കുറച്ചു മാത്രമേ ഭക്ഷിച്ചിരുന്നുള്ളൂ. ഇങ്ങനെ ഏകദേശം അമ്പതു വര്‍ഷത്തോളം അദ്ദേഹം അവിടെ ജീവിച്ചു. ഈ അമ്പതു വര്‍ഷത്തിനിടയില്‍ ഒരു സ്ത്രീയെപ്പോലും ഇദ്ദേഹം കണ്ടിട്ടില്ല.

ദീര്‍ഘനാളത്തെ പ്രാര്‍ഥനയുടെയും ഉപവാസത്തിന്റെയും ഫലമായി രോഗികളെ സുഖപ്പെടുത്തുന്നതിനും പ്രവചനത്തിനുമുള്ള വരങ്ങള്‍ ദൈവം അദ്ദേഹത്തിനു നല്‍കി. അനേകം അത്ഭുതങ്ങള്‍ വിശുദ്ധന്‍ പ്രവര്‍ത്തിച്ചിട്ടുള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട്. ശനി, ഞായര്‍ ദിവസങ്ങളില്‍ തന്റെ അടുക്കല്‍ വന്നിരുന്ന പുരുഷന്മാര്‍ക്ക് ഒരു വാതായനത്തിലൂടെ അദ്ദേഹം ഉപദേശങ്ങള്‍ നല്‍കിയിരുന്നു. സദാ പ്രാര്‍ഥനയില്‍ സമയം ചെലവഴിച്ചിരുന്ന ജോണ്‍ 394-ല്‍ തന്റെ തൊണ്ണൂറാമത്തെ വയസില്‍ നിത്യസമ്മാനത്തിനായി ദൈവസന്നിധിയിലേക്കു യാത്രയായി.

വിചിന്തനം: “കര്‍ത്താവേ, അങ്ങയെപ്രതി എല്ലാറ്റിനെയും ഉപേക്ഷിക്കുകയും സ്വഭാവികവാസനകളെ പ്രതിരോധിക്കുകയും ആദ്ധ്യാത്മീക തീക്ഷ്ണതയാല്‍ ജഡമോഹങ്ങളെ കുരിശില്‍ തറയ്ക്കുകയും ചെയ്യുന്നവര്‍ ഭാഗ്യവാന്‍.”

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.