മാര്‍ച്ച് 12: വി. ഇന്നസെന്റ് ഒന്നാമന്‍ (401-417)

റോമിലെ ‘അല്‍ബാനോ’ എന്ന സ്ഥലത്താണ് ഇന്നസെന്റ് ഒന്നാമന്റെ ജനനം. 401 ഡിസംബര്‍ 22-ന് പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടു. ഇദ്ദേഹമാണ് റോമന്‍ റീത്താചരണം പ്രാവര്‍ത്തികമാക്കിയത്. ഗോദാകളില്‍ നടത്തിയിരുന്ന മല്ലയുദ്ധങ്ങള്‍ നിര്‍ത്തല്‍ചെയ്യാന്‍ പാപ്പ അന്നത്തെ ചക്രവര്‍ത്തിയായിരുന്ന ഹൊണോറിയൂസിനെ പ്രേരിപ്പിച്ചിരുന്നു.

കലങ്ങിമറിഞ്ഞ രാഷ്ട്രീയപശ്ചാത്തലത്തിലാണ് വി. ഇന്നസെന്റ് പാപ്പ ഭരണമേല്‍ക്കുന്നത്. അന്ന് റോമന്‍ പൗരന്മാരെല്ലാം ക്രിസ്ത്യാനികളായിരുന്നു. പലരും നാമമാത്ര ക്രൈസ്തവര്‍. പക്ഷേ, അവര്‍ പഴയ അക്രൈസ്തവ വിനോദങ്ങളില്‍ ആനന്ദം കണ്ടെത്തി. മല്ലയുദ്ധത്തില്‍ ഒരുവന്റെ രക്തം കണ്ടു രസിക്കാന്‍ ദാഹിച്ചിരുന്ന ജനക്കൂട്ടം കോപാവേശത്താല്‍ ഒരു സന്യാസിയെ കല്ലെറിഞ്ഞു കൊന്നു. അങ്ങനെ റോമിലെ ക്രൈസ്തവരുടെ ക്രൂരമായ വികാരാവേശത്തിന്റെ ഫലമായി ഒരു സന്യാസിക്ക് രക്തം ചിന്തേണ്ടിവന്നു.സഭയിലെ രക്തസാക്ഷിയായ ആ സന്യാസിയാണ് വി. ടെലമാക്കസ്.

ഈ സന്യാസിയുടെ ജഡം റോമന്‍ ജനതയുടെ മനഃപരിവര്‍ത്തനത്തിനു കാരണമായി. അങ്ങനെ പഴയ റോമില്‍ നടമാടിയിരുന്ന ഇത്തരം കാട്ടാളവിനോദങ്ങള്‍ക്ക് എന്നന്നേക്കുമായി തിരശീല വീണു. പതിനേഴു വര്‍ഷത്തെ സഭാഭരണത്തിനു ശേഷം പാപ്പ 417-ല്‍ മരണമടഞ്ഞു.

വിചിന്തനം: ”ആരെങ്കിലും എന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അവന്‍ തന്നെത്തന്നെ പരിത്യജിച്ച് അനുദിനം തന്റെ കുരിശുമെടുത്തുകൊണ്ട് എന്നെ അനുഗമിക്കട്ടെ” – ലൂക്കാ 9:23.

ഫാ. ജെ .കൊച്ചുവീട്ടിൽ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.