ജനുവരി 17: ഈജിപ്തിലെ വി. അന്തോണി 

സന്യാസികളുടെ പിതാവായ വി. അന്തോണി, ക്രിസ്തുവര്‍ഷം 251-ല്‍ ഈജിപ്തിലെ ഒരു ധനിക കുടുംബത്തില്‍ ജനിച്ചു. ഒരിക്കല്‍ പരിശുദ്ധ കുര്‍ബാനയില്‍ പങ്കുകൊണ്ടിരുന്ന അന്തോണി സുവിശേഷത്തില്‍ ഇപ്രകാരം വായിക്കുന്നതു കേട്ടു: “നീ പരിപൂര്‍ണ്ണനാകാന്‍ ആഗ്രഹിക്കുന്നെങ്കില്‍ നിനക്കുള്ള സമസ്തവും വിറ്റ് ദരിദ്രര്‍ക്കു കൊടുക്കുക.”

ഈ വചനം അന്തോണിയുടെ ഹൃദയത്തെ വല്ലാതെ സ്വാധീനിച്ചു. ഏകദേശം ഇരുപതു വയസ്സുണ്ടായിരുന്ന അന്തോണി, ഉടന്‍തന്നെ തന്റെ സമ്പാദ്യമെല്ലാം വിറ്റ് ദരിദ്രര്‍ക്കു കൊടുത്തു. അതിനുശേഷം വയോവൃദ്ധനായ ഒരു സന്യാസശ്രേഷ്ഠനോട്, ആത്മീയജീവിതം നയിക്കുന്നതിന് തന്നെ സഹായിക്കണമെന്ന് അപേക്ഷിച്ചു. അദ്ദേഹത്തിന്റെ ഉപദേശങ്ങള്‍ സ്വീകരിച്ച അന്തോണി നിരവധി വനവാസികളെ സന്ദര്‍ശിച്ചു. ഓരോരുത്തരിലും വിളങ്ങിനിന്നിരുന്ന പുണ്യങ്ങളെ അനുകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹം ഇങ്ങനെ ചെയ്തത്.

ദൈവത്തെ പരിപൂര്‍ണ്ണമായി സേവിക്കുന്നതിനായി അദ്ദേഹം വനത്തിലേക്കു പോയി ജീര്‍ണ്ണിച്ച ഒരു കുടിലില്‍ താമസമാക്കി. മൂന്നും നാലും ദിവസങ്ങള്‍ കൂടുമ്പോഴാണ് അദ്ദേഹം അല്പം ഭക്ഷണം കഴിച്ചിരുന്നത്. മിക്കദിവസങ്ങളിലും സൂര്യാസ്തമയം മുതല്‍ ഉദയംവരെ മുട്ടില്‍ന്മേല്‍ നിന്നു പ്രാർഥിച്ചിരുന്ന വിശുദ്ധനെ പൈശാചികശക്തികള്‍ അതിക്രൂരമായി പീഡിപ്പിച്ചിരുന്നു എന്നാണ് അദ്ദേഹത്തിന്റെ ജീവചരിത്രകാരന്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ചിലപ്പോള്‍ അവര്‍ രാക്ഷസവേഷത്തില്‍ പ്രത്യക്ഷപ്പെടുകയും കഠിനമായി മുറിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍, ദൈവത്തില്‍ ശരണപ്പെട്ട് കുരിശടയാളം വരച്ച് വിശുദ്ധന്‍ പിശാചുക്കളെ ആട്ടിയോടിച്ചു. ഈ കാലത്ത് അനേകര്‍ അദ്ദേഹത്തിന്റെ ഉപദേശം സ്വീകരിക്കുന്നതിനായി എത്തിയിരുന്നു. ഇരുപതു വര്‍ഷത്തെ ഏകാന്തവാസം പൂര്‍ത്തിയാക്കിയശേഷം അവരുടെ മാര്‍ഗനിര്‍ദേശിയാകാമെന്നു സമ്മതിച്ച അന്തോണി 305-ല്‍ ഒന്നാമത്തെ ആശ്രമം സ്ഥാപിച്ചു.

ദൈവം വിശുദ്ധനിലൂടെ പ്രവര്‍ത്തിച്ച നിരവധി അത്ഭുതങ്ങള്‍മൂലം ധാരാളം ജനങ്ങള്‍ അദ്ദേഹത്തിന്റെ അടുത്ത് എത്തിക്കൊണ്ടിരുന്നു. അതിനാല്‍ ഏകാന്തവാസം നയിക്കുന്നതിനായി അന്തോണി അവിടെനിന്ന് മറ്റൊരിടത്തേക്കു മാറി. ഈ ഏകാന്തജീവിതത്തിനിടയിലും മതമര്‍ദനം നേരിട്ട ക്രിസ്ത്യാനികളെ ആശ്വസിപ്പിക്കുന്നതിനും ആര്യന്‍ പാഷണ്ഡികളെ മാനസാന്തരപ്പെടുത്തുന്നതിനും വിശുദ്ധന്‍ പരിശ്രമിച്ചിരുന്നു. എ.ഡി. 356-ല്‍ തന്റെ 105 -ാമത്തെ വയസ്സിലാണ് വിശുദ്ധന്‍ ഇഹലോകവാസം വെടിഞ്ഞ് ദൈവത്തിന്റെ സന്നിധിയിലേക്കു യാത്രയായത്.

വി. ജൂലിയന്‍ സാബസ്

മെസപ്പെട്ടോമിയായിലെ യൂഫ്രട്ടീസ് നദീതീരത്തു താമസിച്ചിരുന്ന ഒരു സന്യാസിയാണ് ജൂലിയന്‍ സാബസ്. ആര്യന്‍ പാഷണ്ഡതയെ ശക്തമായി എതിര്‍ത്ത വിശുദ്ധന് നിരവധിയായ പീഡകള്‍ ഏല്‍ക്കേണ്ടിവന്നു. 377-ല്‍ അദ്ദേഹം മരണമടഞ്ഞു.

വിചിന്തനം: ദൈവത്തെക്കുറിച്ചു  സംസാരിക്കുന്നതിനേക്കാള്‍ ശ്രേഷ്ഠമാണ് ദൈവത്തെ കേള്‍ക്കുന്നത് (വി. കൊച്ചുത്രേസ്യ).

ഇതര വിശുദ്ധര്‍: മില്‍ഡ്ജിത്ത് (+676) ബനഡിക്റ്റന്‍ സന്യാസിനി / അക്കില്ലസ് (4-ാം നൂറ്റാണ്ട്) / നെന്നിയൂസ് / പയോര്‍ (+395) / സല്‍പീഷ്യൂസ് (ഏഴാം നൂറ്റാണ്ട്)

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.