ഡിസംബര്‍ 28: വി. കാതറീനാ വൊള്‍പിസെല്ലി

1839 ജനുവരി 21 -ന് ഒരു നിയോപോലിറ്റന്‍ കുടുംബത്തിലായിരുന്നു കാതറീനായുടെ ജനനം. ഉത്തമമായ കത്തോലിക്കാവിശ്വാസം അവള്‍ക്കു നല്‍കാന്‍ മാതാപിതാക്കള്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. കുമ്പസാരക്കാരനായ ബര്‍ണ്ണബൈറ്റ് പുരോഹിതന്‍ ലിയോ നാര്‍ദോമത്തേരായുടെ ഉപദേശപ്രകാരം 1859 മെയ് 28 -ാം തീയതി കാതറീന പരിശുദ്ധ ദിവ്യകാരുണ്യത്തിന്റെ നിത്യാരാധകരുടെ സമൂഹത്തില്‍ ചേര്‍ന്നു. പക്ഷേ, ആരോഗ്യപ്രശ്നങ്ങള്‍നിമിത്തം അധികം വൈകാതെ തിരികെ പോരേണ്ടിവന്നു.

ഈശോയോടുള്ള സ്‌നേഹം ഹൃദയങ്ങളിലും കുടുംബങ്ങളിലും സമൂഹങ്ങളിലും പുനരുദ്ധരിക്കാന്‍വേണ്ടി അപ്പസ്‌തോലിക പ്രവര്‍ത്തനങ്ങളിലേര്‍പ്പെടാന്‍ കാതറീനാ ചിന്തിച്ചുതുടങ്ങി. സഹപ്രവര്‍ത്തകരോടുചേര്‍ന്ന് 1874 ജൂലൈ ഒന്നാം തീയതി സെര്‍വന്റ് ഓഫ് സേക്രട്ട്ഹാര്‍ട്ടിന്റെ പുതിയ സഭ കാതറീനാ സ്ഥാപിച്ചു. നേപ്പിള്‍സിലെ കര്‍ദിനാളിന്റെയും പിന്നീട് ലെയോ 13 -ാമന്‍ മാര്‍പാപ്പായുടെയും അംഗീകാരം അധികം വൈകാതെ സഭയ്ക്കു ലഭിച്ചു. വൈകാതെ കാതറീനാ മാര്‍ഗരറ്റുകളുടെ അനാഥാലയം ആരംഭിച്ചു. പിന്നീട് ഒരു ഗ്രന്ഥശാലയും മറ്റു ഭവനങ്ങളും നേപ്പിള്‍സില്‍ തുടങ്ങി. സഭാംഗങ്ങള്‍ കോളറാ ബാധിച്ചവരെ ശുശ്രൂഷിച്ചതുവഴി പ്രശസ്തരായി.

1884 മെയ് 14 -ന് നേപ്പിള്‍സിലെ പുതിയ മെത്രാപ്പോലീത്താ തന്റെ സ്ഥാപനങ്ങളുടെ മാതൃഭവനത്തിനടുത്ത് കാതറീനാ പണികഴിപ്പിച്ച തീർഥാടകദൈവാലയം ഈശോയുടെ തിരുഹൃദയത്തിനു സമര്‍പ്പിച്ചു. കാതറീന 1894 ഡിസംബര്‍ 24 -ന് നേപ്പിള്‍സില്‍വച്ച് നിര്യാതനായി. 2009 ഏപ്രില്‍ 26 -ാം തീയതി ബനഡിക്ട് 16 -ാമന്‍ പാപ്പാ കാതറീനായെ വിശുദ്ധരുടെ പട്ടികയില്‍ ചേര്‍ത്തു.

വിചിന്തനം: ദൈവത്തിനായി അര്‍പ്പിച്ചവന് സ്വന്തം ഇഷ്ടങ്ങളില്ല. അവകാശവാദങ്ങളില്ല. എല്ലാ അവകാശവാദങ്ങളും നഷ്ടമാകുമ്പോഴും അവന്‍ ശാന്തത കൈവിടുന്നില്ല – വി. അല്‍ഫോന്‍സ് ലിഗോരി.

ഇതരവിശുദ്ധര്‍ : സെസാരിയൂസ് (+309) അര്‍മീനിയായിലെ രക്തസാക്ഷി/ റോമൂളൂസും കൊനിന്ത്രിസൂം (+450) രക്തസാക്ഷികള്‍/ ആന്റണി (അഞ്ചാം നൂറ്റാണ്ട്)/ ഡോമിനോ (നാലാം നൂറ്റാണ്ട്)/ ത്രോദിയൂസ് (+250) രക്തസാക്ഷി

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.