ഡിസംബര്‍ 27: വി. യോഹന്നാന്‍ ശ്ലീഹാ

‘ഈശോ സ്‌നേഹിച്ചിരുന്ന ശിഷ്യന്‍’ എന്ന വിശേഷണത്താല്‍ സുവിശേഷത്തില്‍ അറിയപ്പെടുന്ന യോഹന്നാന്‍ ശ്ലീഹാ, സെബദിയുടെയും സലോമിയുടെയും പുത്രനായി ഗ്ലീലാ എന്ന സ്ഥലത്ത് ജനിച്ചു. അപ്പസ്‌തോലനായ യാക്കോബിന്റെ സഹോദരനാണ് യോഹന്നാന്‍. ഇരുവരും ആദ്യം സ്‌നാപകയോഹന്നാന്റെ ശിഷ്യന്മാരായിരുന്നു എന്ന് വിശ്വസിക്കപ്പെടുന്നു. ‘ഇടിമുഴക്കത്തിന്റെ പുത്രന്മാര്‍’ എന്നാണ് ഇവര്‍ അറിയപ്പെട്ടിരുന്നത്.

അപ്പസ്‌തോലസമൂഹത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ ആള്‍ യോഹന്നാനായിരുന്നു. ആജീവനാന്തം ഒരു ബ്രഹ്മചാരിയായി ജീവിച്ച യോഹന്നാന്‍, ക്രിസ്തുവിന്റെ പ്രത്യേകസ്‌നേഹത്തിനു പാത്രമായിരുന്നു. ഈശോ രൂപാന്തരപ്പെട്ടപ്പോഴും ജെയ്‌റോസിന്റെ മകളെ ഉയിര്‍പ്പിച്ചപ്പോഴും ഗദ്‌സമനില്‍ രക്തം വിയര്‍ത്തപ്പോഴുമെല്ലാം ഈശോയോടൊത്തായിരിക്കാന്‍ യോഹന്നാന് ഭാഗ്യംലഭിച്ചു. മാത്രമല്ല, അന്ത്യത്താഴവേളയില്‍ ക്രിസ്തുവിന്റെ വക്ഷസ്സില്‍ ചാരിക്കിടന്ന ഈ ശിഷ്യന്റെ സംരക്ഷണത്തിലാണ് ഈശോ തന്റെ അമ്മയെ ഗാഗുല്‍ത്തായില്‍വച്ച് ഏല്പിച്ചത്.

പീഡാനുഭവസമയത്ത് ഭയന്നുവിറച്ച് എല്ലാ അപ്പസ്‌തോലന്മാരും ഓടിരക്ഷപെട്ടപ്പോഴും ക്രിസ്തുവിനെ അനുഗമിച്ച ഒരേയൊരു ശിഷ്യന്‍ യോഹന്നാന്‍ മാത്രമായിരുന്നു. ക്രിസ്തുവിന്റെ ശരീരം കുരിശില്‍ നിന്നിറക്കിയതും ദൈവജനനിയുടെ മടിയില്‍കിടത്തിയതും പിന്നീട് സംസ്‌കരിച്ചതുമെല്ലാം ഈ ശിഷ്യന്റെ സാന്നിധ്യത്തിലായിരുന്നു.

വിശുദ്ധ ഗ്രന്ഥത്തിലെ നാലാമതു സുവിശേഷവും മൂന്ന് ലേഖനങ്ങളും വെളിപാടും ഈ പ്രിയശിഷ്യന്റേതാണ്. സുവിശേഷത്തില്‍, ശ്ലീഹാ തന്നെപ്പറ്റി പ്രസ്താവിക്കുന്ന അവസരങ്ങളില്‍ ‘ഈശോ സ്‌നേഹിച്ചിരുന്ന ശിഷ്യന്‍’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ വിശേഷണം അദ്ദേഹം പലപ്രാവശ്യം ആവര്‍ത്തിക്കുന്നുണ്ട്. മറ്റുള്ളവരേക്കാള്‍ തനിക്കു പ്രാധാന്യം നല്‍കുന്നതിനല്ല മറിച്ച്, ദിവ്യഗുരുവിനോടുള്ള നിഷ്‌കളങ്കമായ സ്‌നേഹാദരങ്ങളും കൃതജ്ഞതയും പ്രദര്‍ശിപ്പിക്കാൻവേണ്ടിയാണ് അദ്ദേഹം ഇപ്രകാരം ചെയ്തത്. യേശുവിന്റെ ഉത്ഥാനശേഷം വി. പത്രോസ് ദൈവാലയാങ്കണത്തില്‍വച്ച് മുടന്തനെ സുഖപ്പെടുത്തിയപ്പോള്‍ വി. യോഹന്നാനും ഉണ്ടായിരുന്നു. ഇവരെ ഒരുമിച്ചാണ് യഹൂദന്മാര്‍ കാരാഗൃഹത്തിലടച്ചത്.

ഗാഗുല്‍ത്താ മലയില്‍വച്ച് തനിക്ക് അമ്മയായി നല്‍കപ്പെട്ട മറിയത്തെ ശുശ്രൂഷിക്കുന്നതില്‍ ബദ്ധശ്രദ്ധനായിരുന്നതുകൊണ്ടാണ് ശ്ലീഹായെ വളരെക്കാലത്തേക്ക് പ്രേഷിതരംഗത്ത് കാണാതിരുന്നത്. എങ്കിലും ഇതിനിടെ ക്രിസ്തുമത പ്രചരണത്തിനായി പലസ്ഥലങ്ങളിലും അദ്ദേഹം പോയിരുന്നു. പാര്‍ത്തിയാ ആയിരുന്നു അദ്ദേഹത്തിന്റെ പ്രേഷിതപ്രവൃത്തിയുടെ പ്രധാനരംഗമെന്ന് വിശ്വസിക്കുന്നു. ദൈവമാതാവിന്റെ സ്വര്‍ഗാരോഹണംവരെ വി. യോഹന്നാന്‍ ജറുസലേമില്‍ വസിച്ചുവെന്നാണ് പൊതുവേയുള്ള അഭിപ്രായം.

അനന്തരം ഏഷ്യാ മൈനറിലെത്തിയ ശ്ലീഹാ എഫേസൂസ് ആസ്ഥാനമാക്കി പ്രേഷിതപ്രവര്‍ത്തി തുടര്‍ന്നു. ഇവിടെ വിശുദ്ധന്‍ അനവധി അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുകയും അനേകരെ മാനസാന്തരപ്പെടുത്തുകയും ധാരാളം ദൈവാലയങ്ങള്‍ സ്ഥാപിക്കുകയുംചെയ്തു. ക്രിസ്തുവര്‍ഷം 95 -ല്‍ ഡൊമീഷ്യന്‍ നടത്തിയ മതപീഡനത്തില്‍ ശ്ലീഹാ ബന്ധിക്കപ്പെടുകയും ചമ്മട്ടികളാല്‍ ക്രൂരമായി അടിക്കപ്പെട്ടശേഷം തിളച്ച എണ്ണയില്‍ കിടത്തി വധിക്കാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ അദ്ദേഹത്തിന് യാതൊരു ഉപദ്രവവും ഏറ്റില്ലെന്നുകണ്ട ഡെമീഷ്യന്‍ ശ്ലീഹായെ വീണ്ടും പീഡിപ്പിക്കാന്‍ ധൈര്യപ്പെടാതെ അദ്ദേഹത്തെ പാത്മോസ് എന്ന ദ്വീപിലേക്ക് നാടുകടത്തി. അവിടെവച്ചാണ് ‘വെളിപാടുകള്‍’ എന്ന ഗ്രന്ഥം ശ്ലീഹാ എഴുതിയത്. ക്രിസ്തുവര്‍ഷം നൂറില്‍, അതായത് ക്രിസ്തുവിന്റെ മരണത്തിനുശേഷം അറുപത്തിയാറു വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ശ്ലീഹാ മരിച്ചതെന്നു വി. എവുസേിയസ് രേഖപ്പെടുത്തിയിട്ടുണ്ട്.

വിചിന്തനം: ക്രിസ്തുവില്‍നിന്ന് നാം നിര്‍ബന്ധമായും പഠിക്കേണ്ട പുണ്യം ‘പരാതിപ്പെടരുത്’ എന്നതാണ് – വി. യോഹന്നാന്‍ പാപ്പാ.

ഇതരവിശുദ്ധര്‍ : ഫബിയോളാ (400)/ മാക്‌സിമൂസ്(+282)/ നിക്കറേത്ത് (+405)/ തെയഡോര്‍ (+841)/തെയോഫെറസ്സ ് (+845)

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.