ഡിസംബര്‍ 15: വി. മെസ്മിന്‍

എളിയപ്രവൃത്തികളിലൂടെ ദൈവത്തെ മഹത്വപ്പെടുത്തിയ വിശുദ്ധനാണ് വി. മെസ്മിന്‍; ‘മാക്‌സിമൂസ്’ എന്ന പേരിലും അദ്ദേഹം അറിയപ്പെടുന്നു. വെര്‍ഡൂണ്‍ എന്ന സ്ഥലത്താണ് മെസ്മിന്‍ ജനിച്ചത്. അദ്ദേഹത്തിന്റെ അമ്മാവനായിരുന്നു ക്ലോവൂസ് രാജാവ്. രാജാവിനോടൊപ്പമാണ് മെസ്മിന്‍ താമസിച്ചിരുന്നത്. ഈ കാലയളവില്‍ ക്ലാവൂസ് രാജാവും പ്രജകളുംതമ്മില്‍ വലിയ അനൈക്യം ദൃശ്യമായിരുന്നു. ഈ അവസരത്തില്‍ രാജാവിനെയും പ്രജകളെയുംതമ്മില്‍ യോജിപ്പിച്ച് രാജ്യത്ത് ശാന്തിയും സമാധാനവും നിലനിർത്തിയത് ‘യൂസ്പിസ്’ എന്ന ഒരു വൈദികനായിരുന്നു. രാജാവിന്റെ അപേക്ഷപ്രകാരം യൂസ്പിസ് പിന്നീട് രാജാവിനും മെസ്മിനുമൊപ്പം കൊട്ടാരത്തിലാണ് വസിച്ചിരുന്നത്.

ഒരിക്കല്‍ രാജാവിനൊപ്പം യൂസ്പിസ് യാത്ര ചെയ്യുമ്പോള്‍ പ്രാര്‍ഥനയ്ക്കും ധ്യാനത്തിനും പറ്റിയതായ ഒരു പ്രദേശം കാണാനിടയായി. ഉടന്‍തന്നെ അദ്ദേഹം രാജാവില്‍നിന്നും ആ സ്ഥലം കരസ്ഥമാക്കുകയും അവിടെ ഒരു ആശ്രമം സ്ഥാപിക്കുകയുംചെയ്തു. മെസ്മിനും മറ്റു കുറേ സന്യാസികളും ആ ആശ്രമത്തില്‍ ചേര്‍ന്നു. അവര്‍ കഠിനമായ ഉപവാസത്തിലും പ്രാര്‍ഥനയിലും ദൈവത്തെ മഹത്വപ്പെടുത്തി.

രണ്ടു വര്‍ഷങ്ങള്‍ക്കുശേഷം യൂസ്പിസ് മരണമടഞ്ഞു. അതിനാല്‍ മെസ്മിനെ പുതിയ ആബട്ടായി തിരഞ്ഞെടുത്തു. ഈ കാലത്താണ് ആ നാട്ടില്‍ അതിഭീകരമായ ഒരു ക്ഷാമമുണ്ടായത്. പട്ടിണിയാല്‍ വലഞ്ഞ ജനങ്ങള്‍ക്കെല്ലാം മെസ്മിന്‍ ആശ്രമത്തില്‍നിന്നും ധാന്യങ്ങള്‍ നല്‍കിക്കൊണ്ടിരുന്നു. എന്നാല്‍ ആശ്രമത്തിലെ ധാന്യശേഖരത്തിന് യാതൊരു കുറവും സംഭവിച്ചില്ല. പത്തു വര്‍ഷത്തെ ആശ്രമഭരണത്തിനുശേഷം 520 -ല്‍ മെസ്മിന്‍ തന്റെ നിത്യസമ്മാനം നേടുന്നതിനായി സ്വര്‍ഗത്തിലേക്കു യാത്രയായി.

വിചിന്തനം: സ്‌നേഹിതര്‍ക്കുവേണ്ടി ജീവൻ അര്‍പ്പിക്കുന്നതിനേക്കാള്‍ വലിയ സ്‌നേഹമില്ല (യോഹ. 15:13).

ഇതരവിശുദ്ധര്‍: ഫൗസ്തീനൂസും കൂട്ടരും- ആഫ്രിക്കയിലെ രക്തസാക്ഷികള്‍/ ഫ്‌ളോറെന്‍സിയൂസ് (ഏഴാം നൂറ്റാണ്ട്)/ലത്രോസിലെ പോള്‍ (+956) ബിഥിനീയ/ അഡല്‍ബ്രോ (+1005) മെത്രാന്‍/ അസെന്‍സ്സായിലെ വലേറിയന്‍ (377-457) അസെന്‍സായിലെ മെത്രാന്‍/ ഉര്‍ബിത്തൂസ് (+805)/ മാക്‌സിമൂസ് (+520)/ വിര്‍ജീനിയാ (1587-1651).

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.