ഡിസംബര്‍ 13: വി. ഒഡീലിയാ (ഒട്ടീലിയാ)

ഏഴാം നൂറ്റാണ്ടില്‍ ഒരു പ്രഭുകുമാരിയായി ജനിച്ച ഒഡിലീയാ അന്ധയായിരുന്നു. കുട്ടിയുടെ അംഗവൈകല്യം പിതാവ് അഡല്‍റിക്കിനെ അസ്വസ്ഥനാക്കുകയും ജന്മാന്ധയായ സന്താനം കുടുംബത്തിന് അപമാനഹേതുവാണെന്നുകരുതി കുട്ടിയെ കൊല്ലാനും തീരുമാനിച്ചു. എന്നാല്‍ മാതാവിന്റെ നിരന്തരമായ യാചനകള്‍ക്കൊടുവില്‍ കുട്ടിയെ ആരുമറിയാതെ കൊട്ടാരത്തില്‍നിന്നും മാറ്റി ദൂരെ എവിടെയെങ്കിലും വളര്‍ത്തിക്കൊള്ളാനും അയാള്‍ സമ്മതിച്ചു. അങ്ങനെ ദൂരെയുള്ള ഒരു സന്യാസിനീമഠത്തില്‍ അവളെ പാര്‍പ്പിച്ചു.

കുട്ടിക്ക് പന്ത്രണ്ടു വയസ്സായപ്പോള്‍, റീജന്‍സ്ബര്‍ഗിലെ മെത്രാനായിരുന്ന വി. എര്‍ഹാര്‍ഡിന് ഒരു ദര്‍ശനമുണ്ടായി. ബോമിലെ സന്യാസിനീമഠത്തില്‍ പാര്‍ക്കുന്ന അന്ധയായ പെണ്‍കുട്ടിയെ സന്ദര്‍ശിക്കണമെന്നും അവള്‍ക്ക് കാഴ്ച ലഭിക്കുന്നതിനുവേണ്ടി ജ്ഞാനസ്‌നാനം നല്‍കണമെന്നും തന്നോട് ആരോ പറയുന്നതായി അദ്ദേഹത്തിനുതോന്നി. എര്‍ഹാര്‍ഡ് ഉടനെതന്നെ വി. ഹിഡല്‍ഫിനോടൊത്ത് മഠത്തില്‍ചെന്ന് അന്ധയായ ആ പെണ്‍കുട്ടിയെ കണ്ടു. അവള്‍ക്ക് ജ്ഞാനസ്‌നാനവും ഒഡീലിയാ എന്ന നാമധേയവുംനല്‍കി. അതോടുകൂടി അവള്‍ക്ക് അത്ഭുതകരമായി കാഴ്ചലഭിക്കുകയും ചെയ്തു.

സ്വതവേ ബുദ്ധിമതിയായിരുന്ന ഒഡീലിയായ്ക്ക് കാഴ്ചകൂടി ലഭിച്ചപ്പോള്‍ പഠനത്തില്‍ അതിവേഗം അസാമാന്യമായ ഉന്നതിനേടാൻ കഴിഞ്ഞു. ഇത് പലരുടെയും അസൂയയ്ക്കും ഉപദ്രവത്തിനും കാരണമായി. തന്റെ അനുഭവങ്ങള്‍ വിവരിച്ചുകൊണ്ട് അവള്‍ തന്റെ സഹോദരന്‍ ഹ്യൂഗിന് ഒരു കത്തെഴുതി. ആവുംവിധം തനിക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കണമെന്ന് ആ കത്തില്‍ അവൾ ആവശ്യപ്പെട്ടിരുന്നു. പക്ഷേ, അവളുടെ പിതാവ് അഡല്‍റിക്ക് അവളെ സ്വീകരിക്കാന്‍ തയ്യാറായിരുന്നില്ല. ഹ്യൂഗിന്റെ നിരന്തരമായ ശ്രമങ്ങളുടെ ഫലമായി അവസാനം പിതാവ് മകളെ സ്വീകരിക്കാന്‍ തയ്യാറായി. കൊട്ടാരത്തിലെത്തിയ ഒഡീലിയ ഏതാനും സുഹൃത്തുക്കളോടൊത്ത് ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതയായി തപശ്ചര്യകളോടുകൂടി അവിടെ കഴിഞ്ഞുകൂടി.

അനേകം വിശിഷ്ടസിദ്ധികളാല്‍ അനുഗൃഹീതയായിരുന്ന ഒഡീലിയായ്ക്ക് വി. സ്‌നാപകയോഹന്നാന്‍ പ്രത്യക്ഷനായെന്നും അവള്‍ പണിയാന്‍ ഉദ്ദേശിച്ചിരുന്ന ദൈവാലയത്തിന് യുക്തമായ ശില്പമാതൃകയും സ്ഥാനവും നിര്‍ദേശിച്ചെന്നും പറയെപ്പടുന്നു. 720 -നോടടുത്ത് അവള്‍ നിര്യാതയായി.

വിചിന്തനം: അങ്ങയെകൂടാതെ സമ്പന്നനാകുന്നതിനേക്കാള്‍ അങ്ങയെപ്രതി ദരിദ്രനാകുന്നതാണ് എനിക്കിഷ്ടം.

ഇതരവിശുദ്ധര്‍ : ലൂസി (+340)രക്തസാക്ഷിയായ കന്യക/ഔട്ട്ബര്‍ട് (+669) അറാസുവിലെ മെത്രാന്‍/ഔക്‌സെന്‍സിയൂസ് (+302) രക്തസാക്ഷി/എലിസബത്ത് (+1130)/എയിന്‍ഹില്‍ദിസും റോസ്‌വിന്റായും (8-ാം നൂറ്റാണ്ട്)/ ജോഡാക് (7-ാംനൂറ്റാണ്ട്)

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.