എപ്രില്‍ 06: വി. സെലസ്റ്റിന്‍ ഒന്നാമന്‍ (422-432)

422 സെപ്റ്റംബര്‍ 10-ന് പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട വി. സെലസ്റ്റിന്‍ റോമിലാണ് ജനിച്ചത്. വി. സെലസ്റ്റിന്‍ മാര്‍പാപ്പായുടെ വിനയവും കുലീനതയും ബുദ്ധിസാമര്‍ഥ്യവും പ്രശസ്തമാണ്. പാശ്ചാത്യസഭയുടെ ഏറ്റവും പ്രശസ്തനായ വേദപാരംഗതനായിരുന്ന വി. അഗസ്റ്റിന്റെ ഉറ്റസുഹൃത്തായിരുന്നു പാപ്പാ.

സെലസ്റ്റിന്‍ പാപ്പായുടെ കാലഘട്ടത്തില്‍ സഭയ്ക്കകത്തും പുറത്തും സംഘര്‍ഷം നിലനിന്നിരുന്നു. അദ്ദേഹം ഇവയെ വിവേകപൂര്‍വം ധൈര്യമായി നേരിടുകയും സഭയെ നേരായ മാര്‍ഗത്തിലൂടെ നയിക്കുകയും ചെയ്തു. മരണാസന്നരായ പാപികള്‍ അനുതാപത്തോടെ പാപമോചനം ആവശ്യപ്പെട്ടാല്‍ അത് നിഷേധിക്കുന്നത് തെറ്റാണെന്ന് പാപ്പാ വിയെന്നയിലെയും നര്‍ബോണിലെയും മെത്രാന്മാരെ ഉപദേശിച്ചു. ഇതിനെതിരെയുള്ള അവരുടെ പഠനങ്ങളെക്കുറിച്ച് പാപ്പാ അവര്‍ക്ക് താക്കീത് നല്കുകയും തന്റെ സ്വതസിദ്ധമായ നയചാതുരിയോടും സ്‌നേഹവാത്സല്യത്തോടും കൂടി അവര്‍ക്ക് എഴുതുകയും ചെയ്തു.

സെലസ്റ്റിന്‍ പാപ്പായുടെ കാലം വരെ യാതൊരു തയ്യാറെടുപ്പോ, ഒരുക്കമോ ഇല്ലാതെ അത്മായരെ നേരിട്ട് മെത്രാന്‍സ്ഥാനത്തേക്ക് ഉയര്‍ത്തുന്ന പതിവുണ്ടായിരുന്നു. ഈ രീതി നിരോധിച്ചത് അദ്ദേഹമായിരുന്നു. മെത്രാന്‍പദവി അര്‍ഹരായവര്‍ക്കു മാത്രം തക്ക ഒരുക്കത്തോടെ നല്കണമെന്ന് പാപ്പാ നിഷ്‌കര്‍ഷിച്ചു. മെത്രാന്‍ തിരഞ്ഞെടുപ്പിനുണ്ടായിരുന്ന മറ്റൊരു പ്രവണതയാണ് ഒരു സ്ഥലത്തെ ജനങ്ങള്‍ നേരിട്ട് മെത്രാനെ തിരഞ്ഞെടുക്കുന്നത്. ഇതും പാപ്പാ വിലക്കി. കാരണം, ഭൂരിപക്ഷം ജനങ്ങള്‍ ഒറ്റക്കെട്ടായി പറഞ്ഞതുകൊണ്ടു മാത്രം ഒരാള്‍ മെത്രാന്‍പദവിക്ക് യോഗ്യനാകണമെന്നില്ല.

അദ്ദേഹം സഭയുടെ മൂന്നാമത്തെ സാര്‍വ്വത്രിക സൂഹനദോസ് എഫേസൂസില്‍ വിളിച്ചുകൂട്ടി. പരിശുദ്ധ പിതാവിന്റെ പ്രതിനിധികള്‍ സൂനഹദോസ് പിതാക്കന്മാര്‍ക്ക് വിധിനിര്‍ണ്ണായകമായ നേതൃത്വവും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നല്കി. സൂനഹദോസ് നെസ്‌തോറിയനിസത്തിന്മേല്‍ ആരോപിച്ചിരുന്ന സിദ്ധാന്തങ്ങളെ അബദ്ധമെന്ന് ശപിച്ചുതള്ളി. സഭയുടെ പ്രേഷിതപ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ സങ്കേതങ്ങളും സാഹചര്യങ്ങളും പരിശുദ്ധ പിതാവ് ഒരുക്കി. പുതിയ ജനപദങ്ങള്‍ക്കും സുവിശേഷമെത്തിക്കാനുള്ള ഒരുക്കങ്ങള്‍ ചെയ്തു.

വി. പാട്രിക്കിനെ അയര്‍ലണ്ടിലേക്ക് അയച്ചു. അവിടെ വിശുദ്ധനും സംഘവും അതിശക്തമായ ഒരു വിശ്വാസസമൂഹത്തിന് അടിത്തറ പാകി. ഇന്നും അയര്‍ലണ്ട് സഭ കത്തോലിക്കാ സഭയുടെ ഭാഗമായി വിരാജിക്കുന്നു.

വിചിന്തനം: ”സന്ധ്യ വരെ ജീവിച്ചിരിക്കയില്ലെന്നു പ്രഭാതത്തില്‍ വിചാരിക്കുക. സന്ധ്യയാകുമ്പോള്‍  അടുത്ത പ്രഭാതം കാണുമെന്ന് നീ വിചാരിക്കരുത്. ആകയാല്‍ സദാ ഒരുങ്ങിയരിക്കുക. ഒരുക്കമില്ലാത്ത നേരത്ത് മരണം വന്നു പിടികൂടാതിരിക്കാന്‍ ഇടയാകാതിരിക്കത്തക്കവിധം ജീവിക്കുക.”

ഫാ. ജെ. കൊച്ചുവീട്ടിൽ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.